ശൗലിൻ്റെ കുന്തമോ ? ദാവീദിൻ്റെ കിന്നരമോ ?

June-2023

ശൌൽ ദാവീദിനുവേണ്ടി തൻ്റെ കയ്യിൽ കരുതിയിരുന്നത് അവനെ കുത്തി കൊല്ലുവാനുള്ള ഒരു കുന്തമായിരുന്നു, ദാവീദ് ശൌലിനുവേണ്ടി തൻ്റെ കയ്യിൽ കരുതിയിരുന്നത് അവൻ്റെ നന്മയ്ക്കുവേണ്ടിയുള്ള ഒരു കിന്നരമായിരുന്നു, എങ്കിൽ ഇന്ന് നമ്മുടെ സഹോദരനുവേണ്ടി, നമ്മുടെ കൂട്ടുവിശ്വാസിക്കുവേണ്ടി, നമ്മുടെ വിരോധികൾക്കുവേണ്ടി, നമ്മെ പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവർക്കുവേണ്ടി നമ്മുടെ കയ്യിൽ കരുതിയിരിക്കുന്നത് എന്താണ്? അവരെ കൊല്ലേണ്ടതിനുവേണ്ട കുന്തമാണോ ? അതോ, അവരെ സൗഖ്യമാക്കേണ്ട കിന്നരമാണോ ?


        “അവൻ (ശൌൽ) കയ്യിൽ കുന്തവും പിടിച്ചു തൻ്റെ അരമനയിൽ ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു.;”  (1 ശമുവേൽ 18:10,11 19:9,10)
       ശൌൽ രാജാവിന് ദാവീദിനെ കൊല്ലുവാൻ തക്കവണ്ണം വിരോധം ഉണ്ടാകുവാനുള്ള കാരണം നമുക്കറിയാമല്ലോ. ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം മടങ്ങിവന്നപ്പോൾ, ജനമെല്ലാം അവനെ പാട്ടോടും വാദ്യാഘോഷങ്ങളോടുമായിരുന്നു എതിരേറ്റത്. ‘ശൌൽ ആയിരത്തെകൊന്നു ദാവീദോ പതിനായിരത്തെ’ എന്നു പാടുന്നതുകേട്ടപ്പോൾ, ശൌലിന് ദാവീദിനോട് കണ്ണുകടി തുടങ്ങുകയും ഏറ്റവും കോപം ഉണ്ടാവുകയും ചെയ്തു. യഹോവയായ ദൈവം യിസ്രായേലിൻ്റെ രാജസ്ഥാനത്തുനിന്ന് ശൌലിനെ നീക്കുകയും, അടുത്ത രാജാവായി ദാവീദിനെ അഭിഷേകം ചെയ്തതു മുതൽ ശൌലിന് ദാവീദിനോടുള്ള വിരോധം തുടങ്ങിയിരുന്നു.
       മുകളിൽ സൂചിപ്പിച്ചിരിക്കുന്ന രണ്ടു വാക്യങ്ങളിലും നമ്മൾ കാണുന്ന ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശൌൽ ദാവീദിനുവേണ്ടി തൻ്റെ കയ്യിൽ ഒരു കുന്തം കരുതിയിരുന്നപ്പോൾ, ദാവീദ് ശൌലിനുവേണ്ടി തൻ്റെ കയ്യിൽ കരുതിയിരുന്നത് ഒരു കിന്നരമായിരുന്നു.
     എത്ര വിചിത്രമാണ് ഇവർ രണ്ടുപേരുടെയും (സ്വഭാവം) മനോഭാവമെന്ന് അവർ പരസ്പരം കരുതിവെച്ചിരുന്ന വസ്തുവിൽനിന്ന് വ്യക്തമാണ്. ദാവീദിനെ കൊല്ലുവാനുള്ള കുന്തം ശൌലിൻ്റെ കയ്യിലിരിക്കുമ്പോൾ, ശൌലിനെ ശാന്തനാക്കുവാനും, സൗഖ്യമാക്കുവാനുമുള്ള കിന്നരമായിരുന്നു ദാവീദിൻ്റെ പക്കലുണ്ടായിരുന്നത് (1 ശമുവേൽ 16:23). സ്തോത്രം !
     

     ഇവർ രണ്ടുപേരും കരുതിവെച്ചിരുന്ന, കുന്തവും കിന്നരവും കൊണ്ട് പിന്നീട് അവർക്ക് എന്തു പ്രയോജനം ഉണ്ടായി എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. ദാവീദിനെ കുന്തംകൊണ്ട് കുത്തിക്കൊല്ലുവാൻ നടന്ന ശൌലിന് തൻ്റെ മരണംവരെ, ആരെങ്കിലും തന്നെ കുത്തിക്കൊല്ലും എന്ന ഭയം വിട്ടുമാറിയില്ല. എന്നാൽ ദാവീദ് തൻ്റെ ജീവകാലമെല്ലാം കയ്യിലുണ്ടായിരുന്ന കിന്നരംകൊണ്ട് ദൈവത്തിന് സ്തുതി സ്തോത്രങ്ങൾ പാടിക്കൊണ്ടിരുന്നു എന്ന് ഈ വാക്യങ്ങളിൽ നിന്ന് വ്യക്തമാണ്.
സങ്കീർ. 33:2 “കിന്നരംകൊണ്ടു യഹോവെക്കു സ്തോത്രം ചെയ്വിൻ;..”
സങ്കീർ. 71:22 “..യിസ്രായേലിൻ്റെ പരിശുദ്ധനായുള്ളോവേ, ഞാൻ കിന്നരംകൊണ്ടു നിനക്കു സ്തുതിപാടും“
സങ്കീർ. 57:8, 108:2, 147:7, 149:3, 150:3…

     ശൌൽ ദാവീദിനുവേണ്ടി തൻ്റെ കയ്യിൽ കരുതിയിരുന്നത് അവനെ കുത്തി കൊല്ലുവാനുള്ള ഒരു കുന്തമായിരുന്നു, ദാവീദ് ശൌലിനുവേണ്ടി തൻ്റെ കയ്യിൽ കരുതിയിരുന്നത് അവൻ്റെ നന്മയ്ക്കുവേണ്ടിയുള്ള ഒരു കിന്നരമായിരുന്നു, എങ്കിൽ ഇന്ന് നമ്മുടെ സഹോദരനുവേണ്ടി, നമ്മുടെ കൂട്ടുവിശ്വാസിക്കുവേണ്ടി, നമ്മുടെ വിരോധികൾക്കുവേണ്ടി, നമ്മെ പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവർക്കുവേണ്ടി നമ്മുടെ കയ്യിൽ കരുതിയിരിക്കുന്നത് എന്താണ്? അവരെ കൊല്ലേണ്ടതിനുവേണ്ട കുന്തമാണോ ? അതോ, അവരെ സൗഖ്യമാക്കേണ്ട കിന്നരമാണോ ?

കിന്നരം ഹൃദയത്തിലുള്ളവർ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കും, കഷ്ടതകളിലും അവർ ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കും.. സ്തോത്രം !

പ്രാർത്ഥനയോടെ,
ക്രിസ്തുവിൽ സ്നേഹപൂർവ്വം..
ഷൈജു ബ്രദർ(9424400654)

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*

വിലകൊടുത്തവർ

മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ ചെയ്തവർ. മറ്റുള്ളവരെക്കാൾ കൂടുതൽ വിശ്വാസ തീക്ഷ്ണത കാണിച്ചവർ. ശാസനകൾ വകവെക്കാതെ യേശുവിനെ വിളിച്ചു കരഞ്ഞവർ. ദേശത്തിൻ്റെ അതിർകടന്നും കർത്താവിൻ്റെ അടുക്കൽ വരുവാൻ ധൈര്യം കാണിച്ചവർ. *വിശ്വാസത്തിനുവേണ്ടി വിലകൊടുത്തവർ കർത്താവിൽനിന്നു അനുഗ്രഹങ്ങളും വിടുതലും പ്രാപിച്ചു*.      ആകയാൽ പ്രിയരേ, സാഹചര്യങ്ങളെ ഭയക്കാതെ, നിയന്ത്രണങ്ങളെ പേടിക്കാതെ, ശാസനകളെ മുഖവിലക്കെടുക്കാതെ, പരിധികളെ ഗൗനിക്കാതെ… വിശ്വാസത്തോടെ യേശുകർത്താവിൻ്റെ അടുക്കലേക്ക് വരിക. നിനക്കുവേണ്ടിമാത്രം വ്യത്യസ്തമായ ചിലത് കർത്താവ് ചെയ്യും ആമേൻ