ഇയ്യോബ് തൻ്റെ ദൈവത്തോട്, താൻ ഏതുമില്ല എന്ന് സമ്മതിച്ചുകൊണ്ട് വാപൊത്തി നിന്ന് ദൈവത്തിനു സകലവും കഴിയും എന്ന് പറഞ്ഞപ്പോഴാണ് യഹോവയായ ദൈവം ഇയ്യോബിൻ്റെ പിൻകാലത്തെ അവൻ്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചത്. (ഇയ്യോബ് 40:4 "ഞാൻ നിസ്സാരനല്ലോ, ഞാൻ നിന്നോടു എന്തുത്തരം പറയേണ്ടു? ഞാൻ കൈകൊണ്ടു വായി പൊത്തിക്കൊള്ളുന്നു") ഇയ്യോബ് 42:2,12)
ഞാൻ അയോഗ്യയാണ്, യജമാനൻ്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി മാത്രമാണ്, എന്ന് പറഞ്ഞ അബീഗയിൽ ദാവീദിൻ്റെ ഭാര്യയായിത്തീർന്നു എന്നു തിരുവചനത്തിൽ വായിക്കുന്നു . (1 ശാമുവേൽ 25:41 "അവൾ എഴുന്നേറ്റു നിലംവരെ തല കുനിച്ചു: ഇതാ, അടിയൻ യജമാനൻ്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി എന്നു പറഞ്ഞു.")
എൻ്റെ പിന്നാലെ എന്നിലും ബലമേറിയവൻ വരുന്നുണ്ട് അവൻ്റെ ചെരിപ്പിൻ്റെവാർ കുനിഞ്ഞഴിപ്പാൻ ഞാൻ യോഗ്യനല്ല (മർക്കോസ് 1:7) എന്ന് പറഞ്ഞ യോഹന്നാൻ സ്നാപകനെക്കുറിച്ചു യേശുകർത്താവ് പറയുന്നത് ഇപ്രകാരമാണ്; "സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നു ഞാൻ നിങ്ങളോടു പറയുന്നു" ലൂക്കോസ് 7:28.
യേശുവിൻ്റെ കാൽക്കൽ വീണു: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞ ശിമോൻ പത്രൊസ് അപ്പൊസ്തലന്മാരിൽ ഒന്നാമനായതിൽ അത്ഭുതപ്പെടാനില്ല (ലൂക്കോസ് 5:8, മത്തായി 10:2 "ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ..")
തൻ്റെ ബാല്യക്കാരന് സൗഖ്യം തേടി യേശുവിൻ്റെ അടുക്കൽ വന്ന ശതാധിപൻ കർത്താവിനോടു പറയുന്നത് "കർത്താവേ, നീ എൻ്റെ പുരെക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാൽ എൻ്റെ ബാല്യക്കാരന്നു സൗഖ്യെം വരും" (മത്തായി 8:8) എന്നാണ്. താഴ്മയുടെ ഈ വാക്കുകൾ കേട്ട കർത്താവു അവൻ്റെ വിശ്വാസത്തിങ്കൽ അതിശയിച്ചു, അവൻ്റെ ബാല്യക്കാരന് സൗഖ്യെം നൽകി. ഈ ശതാധിപൻ്റെ വിശ്വാസവും എളിമയുടെ വാക്കുകളും തലമുറകൾ ഓർത്തിരിക്കും.
പ്രിയരേ, ഇനിയും ഇതുപോലെ നിരവധി ഉദാഹരണങ്ങൾ വേദപുസ്തകത്തിൽ നമുക്ക്കാണുവാൻ കഴിയും, തങ്ങൾ ഏതുമില്ല എന്ന് സമ്മതിച്ചു ദൈവത്തോട് അടുത്തുവന്നവരെ ദൈവം മാനിച്ചു. ഇന്ന് നമുക്കും കർത്താവിനോടു പറയാം / സമ്മതിക്കാം / അംഗീകരിക്കാം, കർത്താവേ, ഞാൻ ഏതുമല്ല, എൻ്റെ കഴിവും യോഗ്യതയായും ഒന്നുമില്ല നിൻ്റെ ദയയും കരുണയുമാണ് എന്നെ നിർത്തുമാറാക്കിയത്. എന്നെ ഞാൻ സമ്പൂർണ്ണമായി സമർപ്പിക്കുന്നു. എന്നോടു ദയ തോന്നേണമേ..
ഈ സമർപ്പണ പ്രാർത്ഥന നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കു / അനുഗ്രഹങ്ങൾക്ക് കാരണമാകട്ടെ എന്ന പ്രത്യാശയോടെ,
ക്രിസ്തുവിൽ സ്നേഹപൂർവ്വം..
ഷൈജു ബ്രദർ
(വചനമാരി,ഭോപ്പാൽ)
കുറിപ്പ്:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Phവ: 0755 4297672, Mob: 7898211849, 9589741414, 7000477047