വചനമാരി(Bhopal) ഇന്നത്തെ സന്ദേശം
ഹോശേയ 2:14 “അതുകൊണ്ടു ഞാൻ അവളെ വശീകരിച്ചു മരുഭൂമിയിൽ കൊണ്ടുചെന്നു അവളോടു ഹൃദ്യമായി സംസാരിക്കും.”
സർവ്വശക്തനായ ദൈവം ഹൃദ്യമായിട്ടാണ് തൻ്റെ ജനത്തോട് സംസാരിക്കുന്നത്. 'ഹൃദ്യമായി' എന്ന മലയാള പദത്തിൻ്റെ അർത്ഥം; ഹാർദ്ദമായി / ഊഷ്മളമായി / ഹൃദയംഗമായി / സൗഹാർദ്ദമായി / നിഷ്കാപട്യമായി / സ്നേഹമായി എന്നൊക്കെയാണ്. വാസ്തവത്തിൽ ഈ വാക്കുകൾ എല്ലാം ശരിയാണ്, വിഷയത്തോട് യോജിച്ചവയുമാണ്. എന്നാൽ ഒരുപടി കൂടി കടന്ന് ചില വേദപണ്ഡിതർ മറ്റൊരു തർജ്ജമ കൂടി
ഈ വാക്യത്തിന് നൽകുന്നുണ്ട്. 'ഹൃദ്യമായി സംസാരിക്കും' എന്നതിന് 'ഹൃദയത്തോട് സംസാരിക്കും' എന്ന മറ്റൊരു അർത്ഥംകൂടെ അവർ നൽകുന്നു. ഇതും ശരിയാണ്, കാരണം, ദൈവം നമ്മുടെ ഹൃദയത്തോട് ഇടപെടുവാനാണ് എന്നും ഇഷ്ടപ്പെടുന്നത്, ദൈവശബ്ദം നമ്മൾ കേൾക്കേണ്ടത് കേവലം നമ്മുടെ കാതുകളിൽമാത്രം ആയിരിക്കരുത്, നമ്മുടെ ഹൃദയങ്ങളിലാവണം.
അവർ. 11:18.. "ആകയാൽ നിങ്ങൾ എൻ്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ചു നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായിരിക്കയും വേണം.."
സങ്കീർ. 119: 11 "ഞാൻ ... നിൻ്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു"
ഇയ്യോബ് 22:22 "..അവൻ്റെ വചനങ്ങളെ നിൻ്റെ ഹൃദയത്തിൽ സംഗ്രഹിക്ക"
സദൃശ്യവാ. 7:1 (4:4) "മകനേ, എൻ്റെ വചനങ്ങളെ പ്രമാണിച്ചു എൻ്റെ കല്പനകളെ നിൻ്റെ ഉള്ളിൽ സംഗ്രഹിച്ചുകൊൾക."
ലൂക്കോസ് 8:15 "...വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു.."
അങ്ങനെ സമയാസമയങ്ങളിൽ ദൈവം നമുക്ക് തരുന്ന ദർശനങ്ങൾ / വാഗ്ദത്തങ്ങൾ ഓരോന്നും നമ്മുടെ ഹൃദയങ്ങളിൽ സംഗ്രഹിച്ചു വയ്ക്കണം. മാത്രമല്ല, കർത്താവു നമ്മുടെ ഹൃദയത്തോട് സംസാരിക്കുന്നത് നമ്മുടെ ഹൃദയങ്ങളിൽ ഏറ്റെടുക്കണം, അവ ഹൃദയത്തിൽ ധ്യാനിച്ചുകൊണ്ടിരിക്കണം, സമയമാകുമ്പോൾ അവയെല്ലാം കൃത്യമായി നിറവേറുക തന്നെ ചെയ്യും ;
ചില ഉദാഹരണങ്ങൾ ദൈവവചനത്തിൽ നിന്ന് ഞാൻ ഓർമ്മിപ്പിക്കാം;
1) ഒരിക്കൽ യോസേഫ് കണ്ട ദർശനം അവൻ്റെ പിതാവ് ഹൃദയത്തിൽ സംഗ്രഹിച്ചു വെച്ചിരുന്നു എന്ന് ഉല്പത്തി 37:11 നമ്മൾ വായിക്കുന്നുണ്ട് പിന്നീട് അവ എല്ലാം അക്ഷരംപ്രതി നിറവേറി
2) ഒരിക്കൽ ദാനിയേൽ കണ്ട സ്വപ്നങ്ങൾ അവൻ തൻ്റെ ഹൃദയത്തിൽ സംഗ്രഹിച്ചു വെച്ചു എന്ന് (ദാനിയേൽ 7:28) നമ്മൾ വായിക്കുന്നുണ്ട്, കാലം തികഞ്ഞപ്പോൾ അവയിൽ പലതും നിറവേറുകയുണ്ടായി, ഇനിയും നിറവേറാൻ പോകുന്നു
3) യേശുവിൻ്റെ ജനനത്തിങ്കൽ ദൈവദൂതൻ പറഞ്ഞതും ഇടയന്മാർ കണ്ടതുമായ ദർശനങ്ങൾ എല്ലാം മറിയ തൻ്റെ ഹൃദയത്തിൽ സംഗ്രഹിച്ചു വെച്ചു എന്ന് (ലൂക്കോസ് 2:19) നമ്മൾ വായിക്കുന്നുണ്ട്, സമയമായപ്പോൾ അവയെല്ലാം കൃത്യമായി നിറവേറി
4) ഒരിക്കൽ പത്രോസും യാക്കോബും യോഹന്നാനും അവരുടെ കർത്താവ് മരിച്ചവരിൽ നിന്ന് ഉയർക്കും എന്ന വാക്ക് കേട്ടത് അവരുടെ ഹൃദയങ്ങളിൽ സംഗ്രഹിച്ചു വെച്ചു എന്ന് (മർക്കോസ് 9:10) നമ്മൾ വായിക്കുന്നുണ്ട്, സമയമായപ്പോൾ അത് സംഭവിച്ചു
പ്രിയരേ, ഇന്ന് നിങ്ങൾ ഹൃദയത്തിൽ സംഗ്രഹിച്ചുവെക്കുന്ന, (ഭാവിയെക്കുറിച്ച്/ കുടുംബത്തെക്കുറിച്ച്/ തലമുറയെക്കുറിച്ച്/ ജോലിയെക്കുറിച്ച്/ ബിസിനെസ്സിനെക്കുറിച്ച്...) വാഗ്ദത്ത ദർശനങ്ങൾ, നിശ്ചയമായും നിറവേറുകതന്നെ ചെയ്യും.
ആമേൻ ഹല്ലേലുയ്യ !!!
നിങ്ങൾക്കായി പ്രാർത്ഥിച്ചുകൊണ്ട്
ഷൈജു ബ്രദർ (ഭോപ്പാൽ)
Mob: 9424400654
കുറിപ്പ്:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047