(സദൃശ്യവാ.27:1)
"നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുതു; ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്നു അറിയുന്നില്ലല്ലോ."
നമ്മുടെ ഒക്കെ ദൈനം ദിന ജീവിതത്തിൽ സാധാരണയായി സംഭവിക്കാറുള്ള ഒരു കുഴപ്പമാണ് ഇത്. ഇന്നു ചെയ്യാൻ കഴിയുന്ന ഒരു കാര്യം പിന്നത്തേക്കു (നാളത്തേക്കു) മാറ്റി വെക്കും. പലരും വലിയ ലാഭം മുമ്പിൽ കണ്ടുകൊണ്ടായിരിക്കും പലതും നാളത്തേക്കു മാറ്റുന്നത്. എന്നാൽ അവ മൂലം ഉണ്ടാകുന്ന അനന്തരഫലങ്ങൾ പലപ്പോഴും നമ്മൾ വിചാരിക്കുന്നതിലും
അപ്പുറമായിരിക്കും എന്ന് ചിലരുടെ ജീവിതങ്ങളിൽ നിന്ന് നമുക്ക് പഠിക്കുവാൻ കഴിയും.
സാരമില്ല, സമയമുണ്ടല്ലോ എന്നൊക്കെ വിചാരിച്ച് ചെയ്യുന്ന ഇത്തരം വൈകിപ്പിക്കലുകൾ ജീവിതത്തിലെ വലിയ നഷ്ടങ്ങൾക്ക് (പ്രശ്നങ്ങൾക്കു) കാരണമാകുന്നു.
വിശുദ്ധ വേദപുസ്തകത്തിൽനിന്നു രണ്ടു വ്യക്തികളെ ഇതിനു ഉദാഹരണമായി നമുക്ക് കാണാം.
1) ഒന്നാമത്തെ വ്യക്തിയാണ് ഫേലിക്സ് (അപ്പൊ. പ്ര. 24:22)
ഫേലിക്സിന്നു ..സൂക്ഷ്മമായ അറിവു ഉണ്ടായിരുന്നിട്ടും: .. അവധിവെച്ചു,
തനിക്കു ലഭിച്ച ഒരു നല്ല അവസരം അവൻ വെറുതെ നഷ്ടപ്പെടുത്തി, തനിക്കു ഉടനെ ചെയ്യുവാൻ (തീരുമാനമെടുക്കുവാൻ) കഴിയുമായിരുന്ന ഒരു കാര്യം താൻ അവധിക്കുവെച്ചു. അപ്പൊ. പ്ര. 24:25 വാക്യത്തിലും ഇതുതന്നെയാണ് അവൻ ആവർത്തിക്കുന്നത് എന്നു കാണാം. യേശുവിൻ്റെ സുവിശേഷം പിന്നീട് കേൾക്കാം എന്ന് അവധിക്കു വെച്ച അവന്നു പിന്നീട് അതിനുള്ള ഭാഗ്യം ഉണ്ടായതായി കാണുന്നില്ല. മന:പൂർവം വൈകിച്ചതുകൊണ്ട്, / പിന്നെത്തേക്കാകാം എന്ന് വെച്ചതുകൊണ്ട് അവന്നു നിത്യജീവൻ നഷ്ടമായി.
2) രണ്ടാമത്തെ വ്യക്തി അമാസാണ് (2 ശമുവേൽ. 20:4,5,12)
(അനന്തരം രാജാവു അമാസയോടു: നീ മൂന്നു ദിവസത്തിന്നകം യെഹൂദാപുരുഷന്മരെ വിളിച്ചുകൂട്ടി അവരുമായി ഇവിടെ വരിക എന്നു പറഞ്ഞു. അങ്ങനെ അമാസാ യെഹൂദാപുരുഷന്മരെ വിളിച്ചുകൂട്ടുവാൻ പോയി; എന്നാൽ കല്പിച്ച അവധിയിലധികം അവൻ താമസിച്ചുപോയി…
അമാസാ വഴിനടുവിൽ രക്തത്തിൽ മുഴുകി കിടന്നതുകൊണ്ടു..)
തനിക്കു ലഭിച്ച സമയം തക്കത്തിൽ ഉപയോഗിക്കാതെ താമസം വരുത്തിയ അമാസായ്ക്കു ജീവൻ നഷ്ടമായി. പറഞ്ഞ കാര്യം സമയത്ത് ചെയ്തിരുന്നു എങ്കിൽ, ഒരു കത്തിമുനയിൽ അവന്റെ ജീവിതം അവസാനിക്കുകയില്ലായിരുന്നു.
വേദപുസ്തകം നമുക്ക് തരുന്ന ഒരു മുന്നറിയിപ്പാണ് ഇത്. ഇന്ന് ചെയ്യാൻ കഴിയുന്ന ഒരു കാര്യം ഒരു കാരണവും കൂടാതെ നാളത്തേക്ക് മാറ്റിവെക്കരുത്. ജീവിതത്തിൽ ലഭിക്കുന്ന അവസരങ്ങൾ നഷ്ടപ്പെടുത്തിയാൽ നിത്യജീവൻ നഷ്ടമാകുമെന്ന് ഓർത്തുകൊൾക.
യേശുവിനെ ഹൃദയത്തിൽ സ്വീകരിക്കാൻ അവധിവെക്കരുത്
യേശുവിൻ്റെ കൽപ്പന അനുസരിക്കാൻ അവധിവെക്കരുത്
മറ്റുള്ളവരോട് ക്ഷമിക്കുവാൻ അവധിവെക്കരുത്
കുടുംബത്തെ കരുതാൻ അവധിവെക്കരുത്
മറ്റുള്ളവർക്കു നന്മചെയ്യുവാൻ അവധിവെക്കരുത്
പാപപ്രവർത്തികൾ ഉപേക്ഷിക്കാൻ അവധിവെക്കരുത്
ദുശീലങ്ങൾ വേണ്ടാന്ന് വെക്കാൻ അവധിവെക്കരുത്
മദ്യപാനം നിർത്താൻ അവധിവെക്കരുത്
പുകവലി ഉപേക്ഷിക്കാൻ അവധിവെക്കരുത്
.........
ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്യേണ്ടതുപോലെ ചെയ്തിരുന്നു എങ്കിൽ ഫേലിക്സിന്നു നിത്യജീവൻ നഷ്ടമാകില്ലായിരുന്നു. അമാസിനു അകാല മരണം സംഭവിക്കില്ലായിരുന്നു.
ഒരിക്കൽക്കൂടെ എൻ്റെ വാക്കുകൾ ഞാൻ ആവർത്തിക്കട്ടെ,
ഒരു ചെറിയ കാര്യമല്ലേ, നാളെ ആകാമല്ലോ, പിന്നീട് നോക്കാമല്ലോ ... എന്നൊക്കെ പറഞ്ഞു മാറ്റിവെക്കുന്നത് ജീവിതത്തിൽ വലിയ വലിയ നഷ്ടങ്ങൾ വരുത്തിവെക്കുമെന്നു മറക്കണ്ട.
നല്ല തീരുമാനമെടുക്കുവാൻ ദൈവം കൃപ തരുമാറാകട്ടെ
കുറിപ്പ്:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047