ഇവ നമ്മുടെ ഹൃദയങ്ങളിൽ സംഗ്രഹിക്കരുത്

August-2023

പകയും പ്രതികാരവും വഴക്കും ലഹളയും അക്രമവും ഹിംസയും ഒക്കെയാണ് ദുഷ്ടന്മാരുടെ ഹൃദയങ്ങളിൽ ഒളിഞ്ഞിരിക്കുന്നത്. ഹൃദയത്തിൽ ഒരു പക സംഗ്രഹിച്ചുവെച്ച് പ്രതികാരത്തിനായി വർഷങ്ങൾ കാത്തിരുന്നവരുടെ വാർത്തകൾ നമ്മൾ വായിച്ചിട്ടുണ്ടല്ലോ. എസ്ഥേർ 3:6 ൽ ദുഷ്ടനായ ഹാമാനെക്കുറിച്ച് നമ്മൾ വായിക്കുന്നുണ്ടല്ലോ, മൊർദ്ദെഖായി എന്ന രാജഭൃത്യൻ തന്നെ ദിവസവും കുമ്പിട്ടു നമസ്കരിക്കുന്നില്ല എന്നു മനസ്സിലായപ്പോൾ അവനോടുള്ള പക ഉള്ളിൽ സൂക്ഷിച്ച് തക്കം നോക്കിയിരുന്നു. മൊർദ്ദെഖായിയെ മാത്രമല്ല അവൻ്റെ ജനത്തെ മുഴുവനും കൊല്ലണമെന്ന് പ്ലാൻ ചെയ്ത ഹാമാനെ ദൈവം വെറുതെ വിട്ടില്ല, അവൻ ഉണ്ടാക്കിയ കഴുമരത്തിൽ അവനെ തൂക്കിക്കളഞ്ഞു. പകയും പ്രതികാരവും ഹൃദയത്തിൽ കൊണ്ടു നടക്കുന്ന എല്ലാവരുടെയും ഗതി ഇതുതന്നെയാണ്


      ഇയ്യോബ് 22:22 ".. *അവൻ്റെ വചനങ്ങളെ നിൻ്റെ ഹൃദയത്തിൽ സംഗ്രഹിക്ക* "


      ദൈവവചനവും, ദൈവ വാഗ്ദത്തങ്ങളും, ദൈവീക ആലോചനകളും നമ്മുടെ ഹൃദയങ്ങളിൽ സംഗ്രഹിച്ചു വയ്ക്കണമെന്ന വിഷയത്തെക്കുറിച്ചായിരുന്നല്ലോ കഴിഞ്ഞദിവസം നമ്മൾ ധ്യാനിച്ചത്. അപ്രകാരം, ദൈവീക വാഗ്ദത്തങ്ങൾ തങ്ങളുടെ ഹൃദയത്തിൽ സംഗ്രഹിച്ചു വെച്ച് സമയമായപ്പോൾ അവയെല്ലാം ജീവിതത്തിൽ നിറവേറുന്നത് കണ്ട് സന്തോഷിക്കുവാൻ ഭാഗ്യം ലഭിച്ച നാലു കൂട്ടരെക്കുറിച്ചും നമ്മൾ ധ്യാനിക്കുകയുണ്ടായി.
അങ്ങനെ ദൈവത്തിൻ്റെ പ്രമാണങ്ങളും വചനങ്ങളും വാഗ്ദത്തങ്ങളും സംഗ്രഹിച്ചു വയ്ക്കേണ്ട ദൈവമക്കളുടെ ഹൃദയങ്ങളിൽ, സംഗ്രഹിച്ചു വയ്ക്കാൻ പാടില്ല എന്ന് തിരുവചനത്തിൽ പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ള നാല് കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഞാൻ ഓർമ്മിപ്പിക്കുവാൻ ആഗ്രഹിക്കുന്നത്.

*1)* ഇയ്യോബ് 36:13 ദുഷ്ടമാനസന്മാർ *കോപം സംഗ്രഹിച്ചു വയ്ക്കുന്നു*
സാധാരണ മനുഷ്യർ ജീവിതത്തിലെ പ്രത്യേക സാഹചര്യങ്ങളിൽ കോപപ്പെടുന്നത് നമ്മൾ കാണാറുണ്ട്. സ്വാഭാവികമായ ഒരു കാര്യമായി പലരും അതിനെ കാണുകയും വലിയ പ്രാധാന്യം കൊടുക്കാതെയും ഇരിക്കുന്നു. എന്നാൽ കോപം ഒരിക്കലും നമ്മുടെ ഹൃദയത്തിൽ സംഗ്രഹിച്ചുവെക്കരുത് എന്നാണ് വചനം പറയുന്നത്. (കോപിച്ചാൽ പാവം ചെയ്യാതിരിപ്പിൻ സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുത്) എന്നാണ് എഫെ. 4:26 ൽ വായിക്കുന്നത്.
ഞാൻ കോപത്തിൽ പറഞ്ഞു പോയി, ഞാൻ കോപത്തിൽ ചെയ്തു പോയി എന്നൊക്കെ ചിലർ പറയുന്നത് നമ്മൾ കേൾക്കാറുണ്ടല്ലോ. കോപം വരുമ്പോൾ ആ കോപം നമ്മെ പാപത്തിലേക്കു നയിക്കാതെ, കോപത്തെ അടക്കാൻ നമ്മൾ പഠിക്കണം. 'മൂഢൻ തൻ്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു' എന്നാണ് ജ്ഞാനിയായ ശലോമോൻ സദൃശ്യവാക്യങ്ങൾ 29 :11 ൽ പറയുന്നത്.
അതുകൊണ്ട് കോപം ഒരിക്കലും നമ്മുടെ ഹൃദയങ്ങളിൽ സംഗ്രഹിച്ചു വെക്കാതെ നമ്മൾ സൂക്ഷിക്കണം. അങ്ങനെ സംഭവിച്ചാൽ ദൈവനീതി നമ്മളിൽ വെളിപ്പെടുവാൻ അത് തടസ്സമാകും എന്നോർത്തുകൊൾക. ("മനുഷ്യൻ്റെ കോപം ദൈവത്തിൻ്റെ നീതിയെ പ്രവർത്തിക്കുന്നില്ല" യാക്കോബ് 1:20)

*2)* സങ്കീർ. 41:6 “ഒരുത്തൻ എന്നെ കാണ്മാൻ വന്നാൽ അവൻ കപടവാക്കു പറയുന്നു. അവൻ്റെ ഹൃദയം *നീതികേടു സംഗ്രഹിക്കുന്നു* ; അവൻ പുറത്തുപോയി അതു പ്രസ്താവിക്കുന്നു.”
കളവു പറയുന്നവരുടെ ഹൃദയത്തിൽ നീതികേടു സംഗ്രഹിച്ചിരിക്കുകയാണ് എന്നാണ് ഈ തിരുവചനത്തിൽനിന്നു വ്യക്തമാകുന്നത്. നീതികേടു ഹൃദയത്തിൽ സംഗ്രഹിച്ചുവെക്കുന്നവരുടെ ഗതി എന്താകുമെന്ന് ഇയ്യോബ് പറയുന്നുണ്ട്. ഇയ്യോബ് 36:21, അവരുടെ ജീവിതം എന്നും അരിഷ്ടതയിൽ ആയിരിക്കും. ഗതിപിടിക്കില്ല, കിട്ടുന്നതൊന്നും തികയാതെ പരിവട്ടത്തിൽ ജീവിക്കാനായിരിക്കും അവരുടെ വിധി. ഹൃദയത്തിൽ നീതികേട് നിരൂപിക്കുന്നവർക്ക് അയ്യോ കഷ്ടം; ദൈവം അവർക്ക് പ്രതിയോഗിയായി നിൽക്കുമെന്നും, അവരെ നിവർന്നുനടക്കുവാൻ അനുവദിക്കില്ല എന്നുമാണ് മീഖ. 2:1 മുതലുള്ള വാക്യങ്ങളിൽ വായിക്കുന്നത്.

*ഹൃദയത്തിൽ നീതികേടു സംഗ്രഹിച്ചിരിക്കുന്നവരുടെ ചില ലക്ഷണങ്ങൾ ഇവയാണ്;*

(1) ദൈവം ഇല്ല എന്ന് അവർ അവർ പറയും (സങ്കീ. 53:1)
(2) അവർ ദൈവത്തോട് പ്രാർത്ഥിക്കുകയില്ല (സങ്കീ. 14:4, 53:4)
(3) അവർ അല്പകാലത്തേക്ക് മാത്രം തഴെച്ചുനിൽക്കും, (സങ്കീർ. 92:7)
(4) ദൈവത്തിനുവേണ്ടി തങ്ങൾ വ്യാജം പറയുന്നു എന്നുപറഞ്ഞ് അവർ ദൈവജനത്തെ കബളിപ്പിക്കും (ഇയ്യോബ് 13:7)
(5) അവർ പലിശക്കുകൊടുക്കുകയും ലാഭം വാങ്ങുകയും ചെയ്യുന്നു (യെഹെ. 18:8)
(6) അവർ വമ്പുപറയുകയും ധാർഷ്ട്യത്തോടെ സംസാരിക്കുകയും ചെയ്യുന്നു (സങ്കീർ. 94:4)
(7) അവർ സ്വന്തമഹത്വം തേടുന്നു (യോഹന്നാൻ 7:18)

യെഹെ.18:26, 3:20, 33:18 “നീതിമാൻ തൻ്റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതിനാൽ തന്നെ മരിക്കും”

സദൃശ്യവാക്യ. 22:8 “നീതികേടു വിതെക്കുന്നവൻ ആപത്തു കൊയ്യും..”

സങ്കീർ. 92:9 “..നീതികേടു പ്രവർത്തിക്കുന്ന ഏവരും ചിതറിപ്പോകും”

ആകയാൽ പ്രിയമുള്ളവരേ, നമ്മുടെ ഹൃദയത്തിൽ എവിടെയും നീതികേടു സംഗ്രഹിച്ചുവെക്കാതെ നമുക്കു സൂക്ഷിക്കാം.

*3)* സദൃശ്യവാക്യങ്ങൾ 26:24 “പകെക്കുന്നവൻ അധരംകൊണ്ട് വേഷം ധരിക്കുന്നു; ഉള്ളിലോ അവൻ *ചതിവു സംഗ്രഹിച്ചു വെക്കുന്നു* ”
ചിലരുടെ ഉള്ളിൽ അവർ സംഗ്രഹിച്ചുവെക്കുന്നത് ചതിവാണ് എന്നാണ് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരിക്കൽ മോശെ ഫറവോനോടു പറയുന്ന വാക്കുകൾ ഇപ്രകാരമാണ് പുറപ്പാട് 8:29 ൽ രേഖപ്പെടുത്തിയിരിക്കുന്നത്; “.. യഹോവെക്കു യാഗം കഴിപ്പാൻ ജനത്തെ വിട്ടയക്കാതിരിക്കുന്നതിനാൽ ഫറവോൻ ഇനി ചതിവു ചെയ്യരുത് എന്നു പറഞ്ഞു”
ചതിവ് ഫറവോൻ്റെ സ്വഭാവമാണ്, അത്ഒ രിക്കലും ഒരു ദൈവപൈതലിനു ചേർന്നതല്ല. ചതിവ് ഹൃദയത്തിൽ സൂക്ഷിച്ചുവെച്ചിരിക്കുന്നവരെ യഹോവെക്കു അറെപ്പാകുന്നു എന്നാണ് സങ്കീർ. 5:6 ൽ വായിക്കുന്നത്.

മറ്റുള്ളവരെ ചതിച്ചും വഞ്ചിച്ചും അന്യായമായ മുതലുണ്ടാക്കിയ ഒരു വ്യക്തിയായിരുന്നു സക്കായി. എന്നാൽ അവൻ കർത്താവിനെ കണ്ടുമുട്ടിയപ്പോൾ ഒരു പുതി സൃഷ്ടിയായി മാറി. അവൻ യേശുവിനോടു പറയുന്നത് ഇപ്രകാരമാണ്, “കർത്താവേ, …വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കി കൊടുക്കുന്നു എന്നു പറഞ്ഞു” (ലൂക്കൊസ് 19:8)

എല്ലാ ചതിവും നീക്കിക്കളഞ്ഞ് രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ചിപ്പിൻ എന്നാണ് 1 പത്രൊസ് 2:1 ൽ വായിക്കുന്നത്.

ആകയാൽ, നമ്മുടെ ഹൃദയകോണുകളിലെങ്ങും ചതിവിൻ്റെ അംശംപോലും സംഗ്രഹിച്ചുവെക്കാതിരിപ്പാൻ സൂക്ഷിക്കാം.

*4)* ആമോസ് 3:10 “… അന്യായവും സാഹസവും സംഗ്രഹിച്ചു വെക്കുന്നവർ ന്യായം പ്രവർത്തിപ്പാൻ അറിയുന്നില്ല…”
ഇതാണ് ചിലർ അവരുടെ ഉള്ളിൽ സംഗ്രഹിച്ചുവെച്ചിരിക്കുന്നത്, Violence എന്ന ഇംഗ്ലീഷ് പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. പകയും പ്രതികാരവും വഴക്കും ലഹളയും അക്രമവും ഹിംസയും ഒക്കെയാണ് ദുഷ്ടന്മാരുടെ ഹൃദയങ്ങളിൽ ഒളിഞ്ഞിരിക്കുന്നത്. ഹൃദയത്തിൽ ഒരു പക സംഗ്രഹിച്ചുവെച്ച് പ്രതികാരത്തിനായി വർഷങ്ങൾ കാത്തിരുന്നവരുടെ വാർത്തകൾ നമ്മൾ വായിച്ചിട്ടുണ്ടല്ലോ.
എസ്ഥേർ 3:6 ൽ ദുഷ്ടനായ ഹാമാനെക്കുറിച്ച് നമ്മൾ വായിക്കുന്നുണ്ടല്ലോ, മൊർദ്ദെഖായി എന്ന രാജഭൃത്യൻ തന്നെ ദിവസവും കുമ്പിട്ടു നമസ്കരിക്കുന്നില്ല എന്നു മനസ്സിലായപ്പോൾ അവനോടുള്ള പക ഉള്ളിൽ സൂക്ഷിച്ച് തക്കം നോക്കിയിരുന്നു. മൊർദ്ദെഖായിയെ മാത്രമല്ല അവൻ്റെ ജനത്തെ മുഴുവനും കൊല്ലണമെന്ന് പ്ലാൻ ചെയ്ത ഹാമാനെ ദൈവം വെറുതെ വിട്ടില്ല, അവൻ ഉണ്ടാക്കിയ കഴുമരത്തിൽ അവനെ തൂക്കിക്കളഞ്ഞു. പകയും പ്രതികാരവും ഹൃദയത്തിൽ കൊണ്ടു നടക്കുന്ന എല്ലാവരുടെയും ഗതി ഇതുതന്നെയാണ്.

സങ്കീർ. 140:11 “…സാഹസക്കാരനെ അനർത്ഥം നായാടി ഉന്മൂലനാശം വരുത്തും”

സങ്കീർ. 11:5 “…ദുഷ്ടനെയും സാഹസപ്രീയനെയും അവൻ്റെ ഉള്ളം വെറുക്കുന്നു”

സദൃശ്യവാക്യ. 16:29 “സാഹസക്കാരൻ കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു”
അന്യായവും സാഹസവും നമ്മുടെ ഹൃദയങ്ങളിൽ സംഗ്രഹിക്കരുത് എന്നു മാത്രമല്ല, അങ്ങനെയുള്ളവരുടെ കൂട്ടുകെട്ടിൽ അകപ്പെടാതെ സൂക്ഷിക്കുകയും വേണം.

ആകയാൽ പ്രിയപ്പെട്ടവരേ, നമ്മുടെ ഹൃദയങ്ങളിൽ സംഗ്രഹിച്ചുവെക്കേണ്ടത്, കോപവും, അനീതിയും, ചതിവും, സാഹസവും ഒന്നുമല്ല, ദൈവവചനങ്ങളും, ദൈവവാഗ്ദത്തങ്ങളുമായിരിക്കണം നമ്മുടെ ഹൃദയത്തിൽ സൂക്ഷിക്കേണ്ടത്, അതിനുവേണ്ട കൃപ ലഭിക്കേണ്ടതിനായി നമുക്കു കർത്താവിനോടു പ്രാർത്ഥിക്കാം.

ഈ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ,

പ്രാർത്ഥനാപൂർവ്വം..
ഷൈജു Pr. (9424400654)
വചനമാരി (ഭോപ്പാൽ)


*കുറിപ്പ്:*
മധ്യപ്രദേശിലുള്ള വചനമാരി സുവിശേഷ പ്രവർത്തനങ്ങളെ സഹായിക്കുവാൻ താല്പര്യമുള്ളവർക്ക്
VACHANAMARI
A/C No. 13500100172414, Federal Bank, M.P. Nagar, Bhopal
IFSC Code: FDRL0001350
എന്ന അക്കൗണ്ടിലേക്കോ

9424400654 എന്ന GooglePay നമ്പറിലേക്കോ സ്തോത്രക്കാഴ്ചകൾ അയക്കാവുന്നതാണ്.

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.