ഇരുട്ടിലെ നിക്ഷേപങ്ങൾ

September-2023

“അവൻ വലിയവൻ ആകും; അത്യുന്നതൻ്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവൻ്റെ പിതാവായ ദാവീദിൻ്റെ സിംഹാസനം അവന്നു കൊടുക്കും” (ലൂക്കൊസ് 1:32). ഏതു സിംഹാസനത്തിനുവേണ്ടിയായിരുന്നോ ദാവീദ് തുരത്തപ്പെട്ടത്, ഉപദ്രവിക്കപ്പെട്ടത്, വേട്ടയാടപ്പെട്ടത്…കാട്ടിലും ഗുഹകളിലും പാർക്കേണ്ടിവന്നത്, ജീവിതം കൂരിരുട്ടിനു സമമായിത്തീർന്നത്. സ്വർഗ്ഗത്തിലെ ദൈവം ആ ഇരുട്ടിൽ ദാവീദിനുവേണ്ടി ഒരു നിക്ഷേപം കരുതിയിട്ടുണ്ടായിരുന്നു. സമയമായപ്പോൾ അവനെ യിസ്രായേലിൻ്റെ മഹാരാജാവാക്കുക മാത്രമല്ലായിരുന്നു ആ നിക്ഷേപം, കാലത്തികവിങ്കൽ ദൈവപുത്രനായ ക്രിസ്തുയേശുവിന് ദാവീദിൻ്റെ സിംഹാസനം കൊടുക്കുവാൻ ദൈവം പദ്ധതി ഒരുക്കിയതും ആ ഇരുട്ടിലെ അതിമഹത്തായ നിക്ഷേപമായിരുന്നു സ്തോത്രം !


    യെശ.45:3 “.. ഞാൻ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും..” (I will give thee the treasures of darkness)

     ഈ വചനം വായിക്കുമ്പോൾ അല്പം വിചിത്രമായ ഒരു വിഷയമായിട്ട് നമുക്കിത് തോന്നാം. ഇരുട്ട് ഭീകരവും ഭയാനകവുമായിട്ടാണല്ലോ എല്ലാവർക്കും അനുഭവപ്പെടാറുള്ളത്. ഇരുട്ടിനെ വല്ലാതെ ഭയക്കുന്നവരും നിരവധിയാണ്. ആ ഇരുട്ടിൽ എന്തു നിക്ഷേപമാണ് ഉള്ളത് ?
      രാത്രിയിലെ ഇരുട്ടല്ല, ജീവിതത്തിൽ ഉണ്ടാകുന്ന ചില ഇരുട്ടിൻ്റെ അനുഭവങ്ങളെക്കുറിച്ചാണ് വേദപുസ്തകം പറയുന്നത്. ഒന്നിനോടും താല്പര്യം തോന്നാതെ, മനസ്സ് മടുത്തുപോകുന്ന, ഇനി ഞാൻ എന്തിന് ജീവിക്കണം എന്നുവരെ തോന്നിപ്പോകുന്ന, ചിന്തകൾ കാടുകയറുന്ന ജീവിതാവസ്ഥയാണ് ഇരുട്ട് എന്ന് ആത്മീയമായി നിർവ്വചിക്കാം. ഇതുപോലുള്ള മാനസിക വ്യഥയിൽക്കൂടെ ഒരിക്കൽ ദാവീദ് കടന്നുപോയപ്പോൾ, ഇപ്രകാരമാണ് താൻ അത് രേഖപ്പെടുത്തിയിരിക്കുന്നത്; (സങ്കീർ. 143:3 “ശത്രു എൻ്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവൻ എന്നെ നിലത്തിട്ടു തകർത്തിരിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അവൻ എന്നെ *ഇരുട്ടിൽ* പാർപ്പിച്ചിരിക്കുന്നു. ആകയാൽ എൻ്റെ മനം എൻ്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; എൻ്റെ ഹൃദയം എൻ്റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു”)
       കൂടെ നിൽക്കേണ്ടവരും, സഹായിക്കേണ്ടവരും, പ്രിയപ്പെട്ടവരും തൻ്റെ രക്തത്തിനായി ദാഹിക്കുന്നതു കണ്ടപ്പോൾ, തൻ്റെ അന്ത്യം കാണുവാൻ ആഗ്രഹിക്കുന്നതുകണ്ടപ്പോൾ, പ്രാണരക്ഷാർത്ഥം ഒരു ഭ്രാന്തനായി അഭിനയിച്ച് അദുല്ലാംഗുഹയിലേക്ക് ഓടിപ്പോകുമ്പോൾ ദാവീദ് പാടിയ സങ്കീർത്തനങ്ങളാണ് 142 മുതൽ ഉള്ള സങ്കീർത്തനങ്ങൾ. ജീവിതത്തിലെ ആ ഇരുട്ടിൻ്റെ അനുഭവങ്ങളിൽ ദാവീദ് ചെയ്തത് എന്താണ് എന്ന് പിന്നീട് 150 വരെയുള്ള സങ്കീർത്തനങ്ങളിൽ കാണാം.
യഹോവയെ സ്തുതിപ്പിൻ… (സങ്കീർ.146:1),
യഹോവയെ സ്തുതിപ്പിൻ…(സങ്കീർ.147:1),
യഹോവയെ സ്തുതിപ്പിൻ…(സങ്കീർ.148:1),
യഹോവയെ സ്തുതിപ്പിൻ…(സങ്കീർ.149:1),
യഹോവയെ സ്തുതിപ്പിൻ…(സങ്കീർ.150:1).
      അതേ, ജീവിതത്തിൽ കൂരാകൂരിരുട്ടിൻ്റെ നാളുകൾ വന്നപ്പോൾ ദാവീദ് തൻ്റെ ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു, അവങ്കൽ പ്രത്യാശവെച്ചുകൊണ്ടിരുന്നു. അതിൻ്റെ ഫലമോ, ദൈവം ദാവീദിൻ്റെ സിംഹാസനത്തെ എന്നേക്കും സ്ഥിരമാക്കി, യേശുവിൻ്റെ ജനനത്തിങ്കൽ ദൈവദൂതൻ അമ്മ മറിയയോട് പറയുന്ന വാക്കുകൾ ശ്രദ്ധിച്ചാലും; “അവൻ വലിയവൻ ആകും; അത്യുന്നതൻ്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവൻ്റെ പിതാവായ ദാവീദിൻ്റെ സിംഹാസനം അവന്നു കൊടുക്കും” (ലൂക്കൊസ് 1:32).
ഏതു സിംഹാസനത്തിനുവേണ്ടിയായിരുന്നോ ദാവീദ് തുരത്തപ്പെട്ടത്, ഉപദ്രവിക്കപ്പെട്ടത്, വേട്ടയാടപ്പെട്ടത്…കാട്ടിലും ഗുഹകളിലും പാർക്കേണ്ടിവന്നത്, ജീവിതം കൂരിരുട്ടിനു സമമായിത്തീർന്നത്. സ്വർഗ്ഗത്തിലെ ദൈവം ആ ഇരുട്ടിൽ ദാവീദിനുവേണ്ടി ഒരു നിക്ഷേപം കരുതിയിട്ടുണ്ടായിരുന്നു. സമയമായപ്പോൾ അവനെ യിസ്രായേലിൻ്റെ മഹാരാജാവാക്കുക മാത്രമല്ലായിരുന്നു ആ നിക്ഷേപം, കാലത്തികവിങ്കൽ ദൈവപുത്രനായ ക്രിസ്തുയേശുവിന് ദാവീദിൻ്റെ സിംഹാസനം കൊടുക്കുവാൻ ദൈവം പദ്ധതി ഒരുക്കിയതും ആ ഇരുട്ടിലെ അതിമഹത്തായ നിക്ഷേപമായിരുന്നു സ്തോത്രം !

   പ്രിയപ്പെട്ടവരേ, ഈ സന്ദേശം വായിക്കുന്ന സമയത്ത് ഒരുപക്ഷേ നിങ്ങളും ഇതുപോലെ ജീവിതത്തിലെ ചില ഇരുട്ടിൻ്റെ അനുഭവങ്ങളിൽക്കൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാവാം,
*ചില ഉദാഹരണങ്ങൾ ഞാൻ പറയാം;*
*1)* കൺമുമ്പിൽ എല്ലാം ഉണ്ടെങ്കിലും, (അവ ഒന്നും പ്രയോജനപ്പെടാതെ) ഇരുട്ടിൽ തപ്പുന്ന പ്രതീതി
*2)* യോഗ്യതകൾ ഉണ്ടെങ്കിലും, പ്രതീക്ഷിക്കുന്നത് (അർഹമായത്) ലഭിക്കാത്ത സ്ഥിതി
*3)* മെഡിക്കൽ റിപ്പോർട്ടുകളെല്ലാം നോർമലായി കാണുമ്പോഴും, രോഗാവസ്ഥയുടെ അനുഭവം
*4)* എല്ലാവരും നമ്മുടെ ചുറ്റും ഉള്ളപ്പോഴും, നമ്മൾ ഒറ്റക്കാണ് എന്ന തോന്നൽ
*5)* എല്ലാ സാഹചര്യങ്ങളും അനുകൂലമായിട്ടും, കാര്യങ്ങൾക്ക് ഒരു നീക്കുപോക്കില്ലാത്ത അവസ്ഥ
*6)* വിദ്യാഭ്യാസവും, കുടുംബ പശ്ചാത്തലവും ഒക്കെ ഉണ്ടായിട്ടും, വിവാഹം നടക്കാത്ത പ്രശ്നം
*7)* ജീവിതത്തിൽ ഒന്നിനും മുട്ടില്ലെങ്കിലും, ഭാവിയെക്കുറിച്ച് ഓർക്കുമ്പോൾ വല്ലാത്ത വേവലാതി

ദൈവാത്മാവ് നിങ്ങൾക്കു നൽകുന്ന പ്രത്യാശയുടെ വാക്കുകളാണ് ഇത്, സ്വർഗ്ഗത്തിലെ ദൈവം നിങ്ങൾക്കായി കുടുംബത്തിനായി തലമുറകൾക്കായി ഇരുട്ടിലെ നിക്ഷേപങ്ങൾ കരുതിയിട്ടുണ്ട്. *തിരുവചനത്തിൽ നിന്ന് ചില വാക്യങ്ങൾ ഞാൻ ഓർമ്മിപ്പിക്കാം*;

*ഇയ്യോബ് 29:3* “അന്നു അവൻ്റെ ദീപം എൻ്റെ തലെക്കു മീതെ പ്രകാശിച്ചു; അവൻ്റെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽ കൂടി നടന്നു”
*സങ്കീർ. 91:6* “ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല”
*സങ്കീർ. 107:14* “അവൻ അവരെ ഇരുട്ടിൽനിന്നും അന്ധതമസ്സിൽനിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങളെ അറുത്തുകളഞ്ഞു.”
*സങ്കീർ. 112:4* “നേരുള്ളവർക്കു ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.”
*യെശ. 9:2* “ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു.”
*യെശ. 42:16* “..ഞാൻ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവും ദുർഘടങ്ങളെ സമഭൂമിയും ആക്കും..”
*മത്തായി 4:15* “..ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിൻ്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു”

ദാവീദിനുവേണ്ടി ദൈവം കരുതിയ ഇരുട്ടിലെ നിക്ഷേപം, (ദാവീദിൻ്റെ സിംഹാസനത്തിന് അവകാശിയായിപിറന്ന ദൈവപുത്രനായ ക്രിസ്തു തന്നെയാണ്), ലോകത്തിൻ്റെ വെളിച്ചമായി ശോഭിക്കുന്ന, *നമ്മുടെ കർത്താവായ യേശു ക്രിസ്തുവാണ് നമുക്കുവേണ്ടിയും ദൈവം കരുതിയ അതിമഹത്തായ ഇരുട്ടിലെ നിക്ഷേപം*. സ്തോത്രം, ഹല്ലേലൂയ്യാ..
ഇത് വിശ്വസിക്കുന്നവരുടെ ജീവിതങ്ങളിൽ ആ പ്രകാശം ഉദിക്കും, അവരുടെ അന്ധകാരം മാറും,
ഈ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ, *ആമേൻ*.
പ്രാർത്ഥനയോടെ,
ഭോപ്പാലിലെ വചനമാരിയിൽനിന്നും
ഷൈജു ബ്രദർ (9424400654)

*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047
Our website: www.vachanamari.com

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ