എനിക്കു വേണ്ടുവോളം ഉണ്ടു

October-2023

അബ്രഹാമിൻ്റെയും, യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവം നമ്മുടെ ദൈവമാണ്; അബ്രാം ബഹുസമ്പന്നനായിരുന്നു. (ഉല്പത്തി 13:2) യിസ്ഹാക്ക് മഹാധനവാനായിരുന്നു. (ഉല്പത്തി 26:13) യാക്കോബിന് വേണ്ടുവോളം ഉണ്ടായിരുന്നു. (ഉല്പത്തി 33:11) ദൈവം അവരോടുകൂടെ ഇരുന്നതുകൊണ്ട്, ദൈവം അവർക്ക് കൃപ ചെയ്തതുകൊണ്ട് അതു സാധ്യമായി. നമുക്കും വേണ്ടുവോളം നൽകുവാൻ ദൈവം വിശ്വസ്തനാണ്. ജീവിതത്തിൽ ഏറ്റവും ആവശ്യഭാരത്തോടിരിക്കുന്ന ഒരു സമയത്തായിരിക്കാം ഈ സന്ദേശം നിങ്ങൾ വായിക്കുന്നത്. കർത്താവ് വിശ്വസ്തനാണ് അവിടുത്തെ കൃപ വേണ്ടുവോളം നൽകുവാൻ പ്രാപ്തമാണ് എന്നു വിശ്വസിക്കുക.


     ഉല്പത്തി 33:11 “..ദൈവം എന്നോടുകൃപ ചെയ്തിരിക്കുന്നു; *എനിക്കു വേണ്ടുവോളം ഉണ്ടു*..”

    യാക്കോബ് തൻ്റെ സഹോദരനോടു പറയുന്ന വാക്കുകളാണ് ഈ തിരുവചനത്തിൽ നമ്മൾ കാണുന്നത്. എന്നാൽ ഏകദേശം ഇരുപതു വർഷങ്ങൾക്കുമുമ്പ് യാക്കോബിൻ്റെ അവസ്ഥ ഇങ്ങനെ ആയിരുന്നില്ല. അവൻ പരദേശിയായി ലാബാൻ്റെ വീട്ടിൽ വന്നു, അവന്നു സേവ ചെയ്യേണ്ടിവന്നു. വിശ്വസ്തനായി ജോലി ചെയ്തിട്ടും അർഹിച്ചത് കൊടുക്കാതെ അവഗണിക്കപ്പെട്ടു. എന്നാൽ സമയമായപ്പോൾ അവന്നു വേണ്ടുവോളം ഉണ്ടാകുവാൻ ദൈവം കൃപ ചെയ്തു. *സ്തോത്രം* !
      ജീവിതത്തിൽ എല്ലാ നന്മകളും വേണ്ടുവോളം ഉണ്ടാവണമെന്നാണ് സകല മനുഷ്യരുടെയും ആഗ്രഹം, അവർ അതിന്നുവേണ്ടി കഠിനപ്രയത്നം ചെയ്യുന്നു. ചിലപ്പോഴൊക്കെ വളഞ്ഞവഴിയിലൂടെയും, അന്യായ മാർഗ്ഗങ്ങളിലൂടെയും വേണ്ടുവോളം ഉണ്ടാക്കുവാൻ മനുഷ്യർ നടത്തുന്ന പ്രയത്നങ്ങൾ പലപ്പോഴും അവരെ വലിയ കുഴികളിൽ കൊണ്ടുചെന്നു ചാടിക്കുന്നതായും കാണാറുണ്ട്.
മനുഷ്യർ എത്ര സമ്പാദിച്ചാലും അത് അവർക്ക് വേണ്ടുവോളം ആകുന്നില്ല. കാരണം, എനിക്കിത് തികയില്ല, ഇനിയും വേണം, ഇനിയും സമ്പാദിക്കണം എന്ന ചിന്ത ആയിരിക്കും എപ്പോഴും അവൻ്റെ ഉള്ളിൽ ഉണ്ടാകുന്നത്.


ദൈവം കൃപ ചെയ്തിരിക്കുന്നവർക്കുമാത്രമേ എനിക്ക് വേണ്ടുവോളം ഉണ്ട് എന്നു പറയാൻ കഴിയുകയുള്ളൂ. അഥവാ ദൈവകൃപയാൽ സമ്പാദിക്കുന്നവർക്കുമാത്രമേ തങ്ങൾക്കുള്ളതിൽ സംതൃപ്തരായി സമാധാനത്തോടെ ജീവിക്കുവാൻ കഴിയുകയുള്ളൂ എന്നു സാരം.

*വേണ്ടുവോളം* ഉണ്ട് എന്നു പറഞ്ഞുകൊണ്ട് വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന നാലു കാര്യങ്ങൾ നമുക്കു കാണുവാൻ സാധിക്കും

*1) വേണ്ടുവോളം ആഹാരം*. യോവേൽ 2:26, സദൃശ്യ. 13:25, 20:13
“നിങ്ങൾ വേണ്ടുവോളം തിന്നു തൃപ്തരായി, നിങ്ങളോടു അത്ഭുതമായി പ്രവർത്തിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും; എൻ്റെ ജനം ഒരുനാളും ലജ്ജിച്ചുപോകയുമില്ല.”

*2) വേണ്ടുവോളം കൃപയും സമാധാനവും*. 2 പത്രൊസ് 1:2
“ദൈവത്തിൻ്റെയും നമ്മുടെ കർത്താവായ യേശുവിൻ്റെയും പരിജ്ഞാനത്തിൽ നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ”

*3) വേണ്ടുവോളം ദാരിദ്രം*. സദൃശ്യ. 28:19
“നിലം കൃഷിചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിൻചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും.”

*4) വേണ്ടുവോളം നിന്ദ*. വിലാപങ്ങൾ 3:30
“തന്നെ അടിക്കുന്നവന്നു അവൻ കവിൾ കാണിക്കട്ടെ; അവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ.”

ഇവയിൽ രണ്ടുകാര്യങ്ങൾ ദൈവകൃപയിൽ ദൈവജനത്തിന് ലഭിക്കുന്ന അനുഗ്രഹങ്ങളാണ്. വേണ്ടുവോളം ആഹാരവും, സമൃദ്ധിയായി സമാധാനവും. എന്നാൽ ബാക്കി രണ്ടുകാര്യങ്ങൾ ശത്രുവായ സാത്താനിൽ നിന്നുള്ളതാണ്, വേണ്ടുവോളം ദാരിദ്രവും നിന്ദയും. അതു നമുക്കുവേണ്ട.

അബ്രഹാമിൻ്റെയും, യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവം നമ്മുടെ ദൈവമാണ്;
അബ്രാം ബഹുസമ്പന്നനായിരുന്നു. (ഉല്പത്തി 13:2)
യിസ്ഹാക്ക് മഹാധനവാനായിരുന്നു. (ഉല്പത്തി 26:13)
യാക്കോബിന് വേണ്ടുവോളം ഉണ്ടായിരുന്നു. (ഉല്പത്തി 33:11)

ദൈവം അവരോടുകൂടെ ഇരുന്നതുകൊണ്ട്, ദൈവം അവർക്ക് കൃപ ചെയ്തതുകൊണ്ട് അതു സാധ്യമായി. നമുക്കും വേണ്ടുവോളം നൽകുവാൻ ദൈവം വിശ്വസ്തനാണ്. ജീവിതത്തിൽ ഏറ്റവും ആവശ്യഭാരത്തോടിരിക്കുന്ന ഒരു സമയത്തായിരിക്കാം ഈ സന്ദേശം നിങ്ങൾ വായിക്കുന്നത്. കർത്താവ് വിശ്വസ്തനാണ് അവിടുത്തെ കൃപ വേണ്ടുവോളം നൽകുവാൻ പ്രാപ്തമാണ് എന്നു വിശ്വസിക്കുക.

*പ്രാർത്ഥിക്കാം*
പരിശുദ്ധനായ ദൈവമേ, അവിടുന്ന് വെളിപ്പെടുത്തിതന്ന നല്ല ആലോചനയ്ക്കായി നന്ദി പറയുന്നു. അവിടുത്തെ കൃപയാൽ യാക്കോബിന് വേണ്ടുവോളം ഉണ്ടായതുപോലെ, അടിയൻ്റെ ജീവിതത്തിലും അവിടുത്തെ കൃപ വെളിപ്പെടുത്തേണമേ, അങ്ങയുടെ വിശ്വസ്തതയിൽ ഞാൻ ആശ്രയം വെക്കുന്നു, അങ്ങയുടെ വാഗ്ദത്തങ്ങളിൽ ഞാൻ ഉറെച്ചിരിക്കുന്നു, അങ്ങയുടെ വചനത്തിൽ ഞാൻ പ്രത്യാശ വെക്കുന്നു. യേശുവിൻ്റെ നാമത്തിൽ, *ആമേൻ*

പ്രാർത്ഥനയോടെ,
ഭോപ്പാലിലെ വചനമാരിയിൽനിന്ന്
ഷൈജു ബ്രദർ (Mob 9424400654 )

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*