സ്വർഗ്ഗം ചാഞ്ഞ് ഇറങ്ങിവരുന്ന ദൈവം

October-2023

നമ്മൾ ദൈവത്തോട് പ്രാർത്ഥിച്ച്, കാത്തിരിക്കുന്ന ചില വിഷയങ്ങളിൽ സ്വർഗ്ഗത്തിലെ ദൈവം ഇറങ്ങിപ്രവർത്തിക്കുവാൻ പോകുകയാണ്, യെശയ്യാവ് 31:4 വാക്യത്തിൽ വായിക്കുന്നതുപോലെ, സൈന്യങ്ങളുടെ യഹോവയായ ദൈവം ഇറങ്ങിവന്ന് നമ്മുക്കുവേണ്ടി യുദ്ധം ചെയ്ത്, ചില മലകളെ ഉരുക്കുവാൻ പോകയാണ്, വിശ്വസിക്കുന്നവർക്ക് ‘ആമേൻ’ പറയാം


    യെശയ്യാവ് 64:3,4 “ഞങ്ങൾ വിചാരിച്ചിട്ടില്ലാത്ത ഭയങ്കരകാര്യങ്ങളെ നീ പ്രവർത്തിച്ചപ്പോൾ നീ ഇറങ്ങിവരികയും മലകൾ തിരുമുമ്പിൽ ഉരുകിപ്പോകയും ചെയ്തുവല്ലോ. നീയല്ലാതെ ഒരു ദൈവം തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവർത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല.”

വിശുദ്ധ വേദപുസ്തകത്തിലെ ഏറ്റവും ഈടുറ്റ പ്രവചനപുസ്തകമായി വിശേഷിപ്പിക്കപ്പെടുന്ന യെശയ്യാവ് പ്രവചനത്തിലെ ഒരു വാക്യമാണ് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബൈബിൾ പ്രവചനം എന്നുപറഞ്ഞാൽ ഭൂതകാലത്തെയും ഭാവികാലത്തെയും സംബന്ധിച്ചുള്ളതായ വിഷയങ്ങൾ വർത്തമാനകാലങ്ങളിൽ ദൈവം തൻ്റെ അഭിഷക്തന്മാർക്കു വെളിപ്പെടുത്തുന്നതാണ്. ആ പ്രവചനങ്ങൾ അവർ ദൈവത്തിൽനിന്ന് പ്രാപിക്കുന്നവയായതുകൊണ്ട് അതിൻ്റെ വിശ്വാസതയ്ക്ക് ഒരു കോട്ടവും സംഭവിക്കുവാൻ ദൈവം അനുവദിക്കുകയില്ല.

മുകളിൽ സൂചിപ്പിച്ചിരിക്കുന്ന വാക്യങ്ങളിൽ അടങ്ങിയിരിക്കുന്ന വിഷയങ്ങളെ നമുക്ക് ഇപ്രകാരം വിലയിരുത്താം;

1) ദൈവത്തെ കാത്തിരുന്നവർക്കുവേണ്ടി അവിടുന്ന് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്നു
2) മലകൾ ദൈവമുമ്പാകെ ഉരുകിപ്പോയി
3) അവർ കേട്ടിട്ടില്ലാത്ത, ഗ്രഹിച്ചിട്ടില്ലാത്ത, കണ്ണുകൊണ്ട് കണ്ടിട്ടില്ലാത്ത, വിചാരിച്ചിട്ടില്ലാത്ത ഭയങ്കരകാര്യങ്ങൾ ദൈവം പ്രവർത്തിച്ചു

144 ാം സങ്കീർത്തനത്തിൽ ദാവീദ് പ്രാർത്ഥിച്ചതും ഇതിനുവേണ്ടിയായിരുന്നു, വാക്യം 5 “യഹോവേ, ആകാശം ചായിച്ചു ഇറങ്ങിവരേണമേ; പർവ്വതങ്ങൾ പുകയുവാൻ തക്കവണ്ണം അവയെ തൊടേണമേ”. ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന പർവ്വതങ്ങൾ ആക്ഷരികമായ, ഭൂമിയിലെ മലകൾ അല്ല. 142 സങ്കീർത്തനത്തിൻ്റെ തലക്കെട്ടിൽനിന്ന്, ദാവീദ് അദുല്ലാംഗുഹയിൽ ആയിരുന്നപ്പോഴാണ് ഈ സങ്കീർത്തനങ്ങൾ രചിച്ചിരിക്കുന്നത് എന്നു മനസ്സിലാക്കാം. ഗത്ത്‌രാജാവായിരുന്ന അഖീശിൻ്റെ മുമ്പിൽ നിന്ന് രക്ഷപ്പെടുവാൻവേണ്ടി ഒരു ഭ്രാന്തനായി അഭിനയിച്ച്, അവിടെനിന്ന് ഓടിരക്ഷപ്പെട്ട് വന്നുതാമസിച്ച ഗുഹയാണ് ഇത്. അതായത്, തൻ്റെ പ്രാണനെടുക്കുവാൻ പുറകെകൂടിയിരിക്കുന്ന ശത്രുക്കളെക്കുറിച്ചാണ് ഇവിടെ ദാവീദ്, ‘പർവ്വതങ്ങൾ’ എന്നു പറഞ്ഞിരിക്കുന്നത്.

ആ പർവ്വതങ്ങളെ ഇളക്കുവാൻ, അഥവാ പർവ്വതസമമായ ചില വിഷയങ്ങളെ കൈാര്യം ചെയ്യുവാൻ ദൈവം ഇറങ്ങിവരും.
ദൈവം സ്വർഗ്ഗം ചായിച്ച് ഇറങ്ങിവന്ന നിരവധി അനുഭവങ്ങൾ വേദപുസ്തകത്തിൽ നമുക്കു കാണുവാൻ കഴിയും.
അപ്പൊസ്തല പ്രവർത്തികൾ 7:34 “മിസ്രയീമിൽ എൻ്റെ ജനത്തിൻ്റെ പീഡ ഞാൻ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാൻ ഇറങ്ങിവന്നിരിക്കുന്നു

ആരും സഹായിപ്പാനില്ലാതെ, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട്, കഷ്ടതയിലും കണ്ണുനീരിലും ഞരക്കത്തിലും പീഡയിലും ആയിരിക്കുന്ന, സത്യദൈവത്തെ വിളിച്ചപേക്ഷിക്കുന്ന, മനുഷ്യർക്കുവേണ്ടി അവിടുന്ന് ഇന്നും സ്വർഗ്ഗം ചാഞ്ഞ് ഇറങ്ങിവരുന്നു. സ്തോത്രം !

    ദൈവം ഇറങ്ങിവരുമ്പോൾ ചില മലകൾ ഉരുകിപ്പോകും, ചില പർവ്വതങ്ങൾ പുകയും, ചില കുന്നുകൾ ഇളകും. അങ്ങനെ ഉരുകിപ്പോകുന്ന ചില മലകളെക്കുറിച്ച്, വേദപുസ്തകത്തിൽ നിന്ന് ചില ഭാഗങ്ങൾ ഞാൻ ഓർമ്മിപ്പിക്കാം;

(1) ദൈവജനത്തിൻ്റെ യാത്രയ്ക്ക് തടസ്സമായി നിന്ന, വാഗ്ദത്ത നിവർത്തിക്ക് തടസ്സമായി നിന്ന യെരീഹോ നിവാസികളുടെ ഹൃദയത്തെ ദൈവം ഉരുക്കി. (യോശുവ 2:11 “കേട്ടപ്പോൾ തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവർക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു.”)


(2) അസൂയാലുക്കളായ ദുഷ്ടഹൃദയങ്ങളെ ദൈവം ഉരുക്കും. (സങ്കീർത്തനങ്ങൾ 112:10 “ദുഷ്ടൻ അതു കണ്ടു വ്യസനിക്കും; അവൻ പല്ലുകടിച്ചു ഉരുകിപ്പോകും; ദുഷ്ടൻ്റെ ആശ നശിച്ചുപോകും.”)


(3) കളവുപ്രചരിപ്പിക്കുന്ന, ദോഷവർത്തമാനം പറയുന്നവരെ ദൈവം ലജ്ജകൊണ്ട് ഉരുക്കും (യിരെമ്യാവ് 49:23 “…ലജ്ജിച്ചു ഉരുകിപ്പോയിരിക്കുന്നു;…”)

    പ്രിയരേ, നമ്മൾ ദൈവത്തോട് പ്രാർത്ഥിച്ച്, കാത്തിരിക്കുന്ന ചില വിഷയങ്ങളിൽ സ്വർഗ്ഗത്തിലെ ദൈവം ഇറങ്ങിപ്രവർത്തിക്കുവാൻ പോകുകയാണ്, യെശയ്യാവ് 31:4 വാക്യത്തിൽ വായിക്കുന്നതുപോലെ, സൈന്യങ്ങളുടെ യഹോവയായ ദൈവം ഇറങ്ങിവന്ന് നമ്മുക്കുവേണ്ടി യുദ്ധം ചെയ്ത്, ചില മലകളെ ഉരുക്കുവാൻ പോകയാണ്, വിശ്വസിക്കുന്നവർക്ക് ‘ആമേൻ’ പറയാം

*പ്രാർത്ഥിക്കാം*
പിതാവായ ദൈവമേ, അരുളിച്ചെയ്ത് ഈ വചനങ്ങൾക്കുമുമ്പിൽ എന്നെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. പർവ്വതസമമായ ചില വിഷയങ്ങളുടെ മുമ്പിൽ, തടസ്സമായി നിൽക്കുന്ന ചില ശക്തികൾക്കുമുമ്പിൽ, എനിക്കുവേണ്ടി ദൈവംതന്നെ സ്വർഗ്ഗം ചായിച്ച് ഇറങ്ങിവന്ന് പ്രവർത്തിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. മാറ്റമില്ലാത്ത ഈ വചനങ്ങൾ ഏറ്റെടുത്ത് ദൈവമഹത്വം കാണേണ്ടതിന്നായി ഞാൻ പ്രത്യാശയോടെ കാത്തിരിക്കുന്നു. യേശുവിൻ്റെ നാമത്തിൽ പ്രാർത്ഥന സ്വീകരിക്കേണമേ; ആമേൻ

പ്രാർത്ഥനയോടെ,
ഭോപ്പാലിലെ വചനമാരിയിൽനിന്ന്
ഷൈജു ബ്രദർ (Mob: 9424400654)

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായും കൃമമായും ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.