ഗലാത്യർ 5:5 “ഞങ്ങളോ വിശ്വാസത്താൽ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാൽ കാത്തിരിക്കുന്നു.”
ഈ തിരുവചനം ധ്യാനിക്കുമ്പോൾ ഇതിനു മൂന്നു വശങ്ങളുണ്ട് എന്ന് മനസ്സിലാക്കാം
1) ഞങ്ങളോ വിശ്വാസത്താൽ
2) നീതിലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ
3) ആത്മാവിനാൽ കാത്തിരിക്കുന്നു
ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാഗ്ദത്ത അനുഗ്രഹങ്ങൾ ഓരോന്നും ലഭിക്കുന്നതിനുവേണ്ടിയിട്ടുള്ള ഒരു സൂത്രവാക്യമായിട്ടുവേണമെങ്കിൽ നമുക്ക് ഈ വചനത്തെ കരുതാം. ഒന്നുകൂടെ വ്യക്തമായി പറഞ്ഞാൽ, ലഭിക്കും എന്നുള്ള പ്രത്യാശയോടെ, നമ്മൾ വിശ്വാസമുള്ളവരായി ഒരു വിഷയത്തിനുവേണ്ടി ആത്മാവിൽ കാത്തിരിക്കുമ്പോഴാണ് അതു നമ്മുക്ക് ലഭിക്കുന്നത്. വചനത്തിൻ്റെ ഈ വ്യവസ്ഥയിൽ എവിടെ എങ്കിലും കുറവു / മാറ്റം സംഭവിച്ചാൽ അത് നമ്മുടെ ജീവിതത്തിലെ വാഗ്ദത്ത നിവർത്തികൾക്ക് തടസ്സമാകും.
‘ഞങ്ങളോ വിശ്വാസത്താൽ’ എന്നാണ് എഴുതിയിരിക്കുന്നത്. ആരാണ് ഈ ഞങ്ങൾ ?
ഈ ചോദ്യത്തിനുള്ള ഉത്തരം ഒന്നുമുതൽ നാലുവരെയുള്ള വാക്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്; ഒരിക്കൽ പാപത്തിൻ്റെ ബന്ധനത്തിൽ കിടന്നവരായിരുന്നവർക്ക് ദൈവകൃപലഭിച്ചപ്പോൾ യേശുക്രിസ്തുവിനാൽ സ്വതന്ത്രരാക്കപ്പെട്ടു. അവർ തങ്ങളുടെ ജീവിതത്തിൽ പരീക്ഷകൾ നേരിട്ടപ്പോഴും, പ്രതികൂലങ്ങളിൽക്കൂടെ കടന്നുപോയപ്പോഴും ദൈവകൃപയിൽനിന്ന് വീണുപോകാതെ ക്രിസ്തുവിനോട് ചേർന്നു നിന്നു. ഈ കൂട്ടരെയാണ് ഇവിടെ ‘ഞങ്ങൾ’ അഥവാ ‘വിശ്വാസികൾ’ എന്നു പറയുന്നത്.
ഇവർക്ക് ദൈവം ചില പ്രത്യാശകൾ നൽകിയിട്ടുണ്ട്. ആ പ്രത്യാശകൾ എന്തെല്ലാമാണ് എന്ന് ദൈവവചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രക്ഷ, നിത്യജീവൻ, ആശ്വാസം, ക്രിസ്തുവിനോടുകൂടെയുള്ള നിത്യവാസം….(1 യോഹ. 3:1..). ഫിലേമൊൻ. 1:22 ൽ വായിക്കുന്നത് നമ്മൾ പ്രാർത്ഥിക്കുന്ന വിഷയങ്ങളിൽ പ്രത്യാശയുള്ളവരായിരിക്കണമെന്നാണ്. എന്താണ് ഇന്നത്തെ നമ്മുടെ പ്രാർത്ഥനാവിഷയങ്ങൾ ?
ചിലരുടെ മാനസാന്തരത്തിനും മടങ്ങിവരവിനുംവേണ്ടി, സമാധാനത്തിനുവേണ്ടി, സൗഖ്യത്തിനുവേണ്ടി, തലമുറക്കുവേണ്ടി, ജോലിക്കുവേണ്ടി, കടഭാരം മാറുന്നതിനുവേണ്ടി, ഒരു ഭവനത്തിനുവേണ്ടി, നല്ല വിജയത്തിനുവേണ്ടി…. ആ വിഷയങ്ങൾ എന്തായാലും ‘ലഭിക്കും എന്ന പ്രത്യാശനിവൃത്തിക്കായി’ പരിശുദ്ധാത്മാവിനാൽ കാത്തിരിക്ക.
ഞാൻ എത്രയോ നാളുകളായി ചില വിഷയങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച് പ്രത്യാശയോടെ കാത്തിരിക്കുന്നു, എന്നിട്ടും ഇതുവരെ ഒന്നും നിവൃത്തിയായിട്ടില്ലല്ലോ എന്ന് ചിലർ പറയാറുണ്ട്. ദൈവത്തിൻ്റെ വിശ്വസ്തതയെ സംശയിക്കണ്ട, ദൈവവാഗ്ദത്തങ്ങളെ അവിശ്വസിക്കേണ്ട.
രണ്ടുവേദവാക്യങ്ങൾ ഞാൻ ഓർമ്മിപ്പിക്കാം;
റോമർ 8:25 “നാം കാണാത്തതിന്നായി പ്രത്യാശിക്കുന്നു എങ്കിലോ അതിന്നായി ക്ഷമയോടെ കാത്തിരിക്കുന്നു.”
എബ്രായർ 6:18, 19, 10:23 “പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.”
ക്ഷമയോടെ കാത്തിരിക്ക, കാണാത്ത ചിലകാര്യങ്ങൾ ഈ ദിവസങ്ങളിൽ കർത്താവ് കാണിച്ചുതരും. സ്തോത്രം !
*പ്രാർത്ഥിക്കാം*
പരിശുദ്ധനായ ദൈവമേ, ഈ നല്ല ദിവസത്തിൽ എന്നോട് അരുളിച്ചെയ്ത തിരുവചനങ്ങൾക്കായി നന്ദി പറയുന്നു. ജീവിതത്തിലെ പല സന്ദർഭങ്ങളിൽ അവിശ്വാസത്തിൻ്റെ ചിന്തകളും വാക്കുകളും എന്നിൽ കടന്നുവന്നിട്ടുണ്ട് എന്നു സമ്മതിക്കുന്നു. എന്നോട് ക്ഷമിക്കേണമേ, അങ്ങയുടെ വചനങ്ങളിൽ പ്രത്യാശവെച്ച് വാഗ്ദത്തനിവർത്തികൾക്കായി ഞാൻ ക്ഷമയോടെ കാത്തിരിക്കുന്നു. കർത്താവിലുള്ള എൻ്റെ പ്രത്യാശയ്ക്ക് ഭംഗം വരികയില്ല എന്നു ഞാൻ ഉറച്ചിരിക്കുന്നു. അങ്ങയുടെ കൃപ നൽകേണമേ. യേശുവിൻ്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു ‘ആമേൻ’
പ്രാർത്ഥനയോടെ,
ഭോപ്പാലിലെ വചനമാരിയിൽനിന്ന്
ഷൈജു ബ്രദർ (Mob: 9424400654)