2 ശമുവേൽ 22:37 / സങ്കീർ. 18:36 “ഞാൻ കാലടി വെക്കേണ്ടതിന്നു *നീ വിശാലത വരുത്തി;* എൻ്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.”
ഒരു ദൈവപൈതലിൻ്റെ ജീവിതത്തിൽ വിശാലത കൊണ്ടുവരുന്നത് ദൈവമാണ്. അവർ കാലടി വെക്കുന്നിടത്ത് വിശാലത വരുത്തേണ്ടതിന്ന് ദൈവം അവരോടുകൂടെ ഉണ്ട്. എന്നാൽ മറ്റൊരു കൂട്ടരുമുണ്ട് അവർ കാലടി വെക്കുന്നിടത്ത് എന്തു സംഭവിക്കുമെന്ന് ഇയ്യോബ് 18:7 വാക്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് “അവൻ ചുറുക്കോടെ കാലടി വെക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; അവൻ്റെ സ്വന്ത ആലോചന അവനെ തള്ളിയിടും”. സ്വന്ത ആലോചനയിൽ നടക്കുന്നവർ അഥവാ അഹങ്കാരികളും നിഗളികളുമായവർ കാൽ വെക്കുന്ന ഇടം ഇടുങ്ങിപ്പോകും (പഴമക്കാർ പറയുന്നതുപോലെ ‘മുടിഞ്ഞുപോകും’).
അവൻ അല്ലെങ്കിൽ അവൾ വലതുകാൽവച്ച് വന്നു കയറിയപ്പോൾ മുതൽ ജീവിതത്തിൽ തുടങ്ങിയ നന്മയാണ് അല്ലെങ്കിൽ കഷ്ടതയാണ് ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ചില ആളുകൾ പലപ്പോഴും പറഞ്ഞുകേൾക്കാറുണ്ടല്ലോ. സ്വന്ത ആലോചനയിൽ നടക്കുന്നവർ കാലടി വെക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും എന്നും, എന്നാൽ ദൈവമക്കൾ കാലടി വെക്കുന്ന സ്ഥലത്തിന് വിശാലത വരും എന്നും വേദപുസ്തകം പറയുന്നു.
ദൈവമക്കൾ കാലടി വെക്കുന്ന ഇടം വിശാലമാകുന്നതിന് പല കാരണങ്ങൾ തിരുവചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്, അവയിൽ പ്രധാനപ്പെ *മൂന്നു കാരണങ്ങൾ ഞാൻ ഓർമ്മിപ്പിക്കാം*;
*1) സങ്കീർ. 118:5*, “ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി *എന്നെ വിശാലസ്ഥലത്താക്കി*” (സങ്കീർ 4:1“...ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ *നീ എനിക്കു വിശാലത വരുത്തി;* എന്നോടു കൃപതോന്നി എൻ്റെ പ്രാർത്ഥന കേൾക്കേണമേ”)
എത്ര ഞെരുക്കത്തിലിരിക്കുന്ന / ഇടുങ്ങിയിരിക്കുന്ന അവസ്ഥയായാലും, കർത്താവിനോട് പ്രാർത്ഥിക്കുന്ന ഒരു ദൈവപൈതൽ അവിടെ (കുടുംബത്ത്) കാലെടുത്തുവെച്ചാൽ പിന്നെ വിശാലതവരും. സ്തോത്രം !. ഒരു സംശയവും വേണ്ട, നിരവധി കുടുംബങ്ങളിലെ സാക്ഷ്യമാണ് ഇത്.
*2) സങ്കീർ. 119:45* “നിൻ്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ടു ഞാൻ വിശാലതയിൽ നടക്കും.”
ദൈവവചനം ധ്യാനിക്കുകയും, വചനം പ്രമാണിക്കുകയും, നാൾതോറും ദൈവവചനത്തിന്റെ ആലോചനയിൽ നടക്കുകയും ചെയ്യുന്നവരുടെ കാലടികൾ വിശാലത കൊണ്ടുവരും. കാരണം ദൈവവചനം സമൃദ്ധിയുടെ വചനമാണ്. നിർബ്ബലന്മാ ബലവാന്മാരും, അല്പബുദ്ധികളെ ജ്ഞാനികളും, വീണുകിടക്കുന്നവരെ എഴുന്നേൽപ്പിക്കയും, ബന്ധനത്തിൽ കിടക്കുന്നവരെ സ്വതന്ത്രരാക്കുകയും ചെയ്യുന്ന ജീവൻ്റെ വചനം പ്രമാണിക്കുന്നവർ കാലെടുത്തുവെച്ചാൽ അവിടെ വിശാലതവരും.
*3) 2 കൊരി. 6:13* “ഇതിന്നു പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിപ്പിൻ എന്നു ഞാൻ മക്കളോടു എന്നപോലെ നിങ്ങളോടു പറയുന്നു”
അപ്പൊ.പൌലൊസ് കൊരിന്തി സഭയോടു പറയുന്ന വാക്കുകളാണ് ഇത്. നിങ്ങൾ അവിശ്വാസികളുമായി ഇണയില്ലാപ്പിണ കൂടരുത്. നാം ദൈവത്തിൻ്റെ ആലയമായിരിക്കയാൽ വിഗ്രഹങ്ങളിൽ നിന്നും അന്യദൈവാരാധനയിൽ നിന്നും അകന്നിരിക്കണം. അപ്രകാരം വിശുദ്ധിയും വേർപാടും ഉള്ളവരായിരുന്നാൽ ദൈവം തരുന്ന പ്രതിഫലമാണ് വിശാലത. അങ്ങനെ വിശുദ്ധിയിലും വേർപാടിലും ജീവിക്കുന്നവർ കാലെടുത്തുവെക്കുന്നിടത്തും വിശാലത ഉണ്ടാകും.
ജീവിതത്തിൽ വലിയ ഞെരുക്കത്തിൻ്റെയും, ഇടുക്കത്തിൻ്റെയും അനുഭവങ്ങളിൽക്കൂടെ കടന്നുപോകുന്നവരായിക്കാം ഈ സന്ദേശം വായിക്കുന്ന ചിലർ. കാലെടുത്ത് വെച്ചാൽ ഗതിയുണ്ടാകില്ല എന്ന നിന്ദയും പരിഹാസവും കേട്ട് മനസ്സ് വേദനിച്ചിരിക്കുന്ന ചിലർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. ഞാൻ / എൻ്റെ മക്കൾ കയറിച്ചെല്ലുന്ന ഇടം വിശാലമാക്കണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തി ആകാം നിങ്ങൾ… ഈ സന്ദേശം നിങ്ങൾക്കുള്ളതാണ്. നമ്മൾ കാലടി വെക്കുന്ന ഇടം വിശാലത വരുത്തുമെന്ന് വാക്കുപറഞ്ഞ ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്. ഈ സന്ദേശത്തിലെ മൂന്നു ഉപദേശങ്ങൾ ഏറ്റെടുത്തുകൊൾക. പ്രാർത്ഥന, വചനധ്യാനം, വിശുദ്ധിയും വേർപാടും ഇവ ജീവിതത്തിൽ മുറുകെ പിടിച്ചുകൊൾക. ദൈവം നമ്മെ വിശാലതയിൽ നടത്തും.
*പ്രാർത്ഥിക്കാം*
സർവ്വശക്തനായ ദൈവമേ, എന്റെ ജീവിത സാഹചര്യങ്ങളും അവസ്ഥയും മനസ്സിലാക്കി ദൈവീക ആലോചനകൾ അറിയിക്കുന്നതിനായി നന്ദി പറയുന്നു. അങ്ങ് അരുളിച്ചെയ്ത വചനങ്ങൾ ഏറ്റെടുത്ത് ജീവിതത്തെ ക്രമീകരിക്കുവാൻ സഹായിക്കേണമേ. നിന്ദിക്കുന്നവരുടെയും പരിഹസിക്കുന്നവരുടെയും മുമ്പിൽ കർത്താവിൻ്റെ മഹിമ വെളിപ്പെടുത്തുന്ന സാക്ഷിയായി ജീവിക്കുവാൻ കൃപ നൽകേണമേ. കയ്പിൻ്റെ അനുഭവങ്ങളെയും, ഞെരുക്കത്തിൻ്റെ നാളുകളെയും മാറ്റി ജീവിതത്തിൽ സമൃദ്ധിയുടെ വാതിലുകൾ തുറക്കുന്ന സ്വർഗ്ഗീയ പിതാവിന് കോടി സ്തോത്ര യാഗങ്ങൾ അർപ്പിക്കുന്നു. യേശുവിൻ്റെ നാമത്തിൽ സ്വീകരിക്കേണമേ ‘ആമേൻ’
പ്രാർത്ഥനയോടെ,
ഭോപ്പാലിലെ വചനമാരിയിൽനിന്ന്
ഷൈജു ബ്രദർ (Mob: 9424400654)
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായും കൃമമായും ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047
വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക