ലൂക്കൊസ് 19:13 “..ഞാൻ വരുവോളം വ്യാപാരം ചെയ്തു കൊൾവിൻ..”
പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന അദ്ധ്വാന ശീലരെയാണ് എക്കാലവും ദൈവത്തിന് ഇഷ്ടം. കർത്താവ് അവരെ തേടി കണ്ടെത്തും എന്നിട്ട് അവരിൽക്കൂടെ ദൈവീക പദ്ധതികൾ തികച്ചെടുക്കും. എന്നാൽ വെറുതെ ഇരിക്കുന്ന അലസരെ ദൈവത്തിന് വെറുപ്പാണ്. ദൈവം അവരെ ഒന്നും ഭരമേൽപ്പിക്കയുമില്ല.
ചില ആളുകളെ നമുക്കറിയാമല്ലോ, അവർക്ക് ശരീരമനങ്ങി ഒരു ജോലിയും ചെയ്യുന്നതിൽ താൽപ്പര്യമില്ല. കുടുംബത്തിലെ ഉത്തരവാദിത്തങ്ങളിൽ നിന്നുപോലും അവർ സൂത്രത്തിൽ ഒഴിഞ്ഞുനിൽക്കും. ചില കുടുംബങ്ങളിലെ സ്ഥിതി മഹാകഷ്ടമാണ്. വീട്ടിലെ ചെലവ്, മക്കളുടെ പഠിത്തം എല്ലാം ഒരാൾ മാത്രം ചുമക്കുന്ന അവസ്ഥയ്ക്ക് പുറമെ, സ്വന്തം ചെലവുകൾക്കുവരെ കൈനീട്ടാൻ ഒരു നാണവുമില്ലാത്ത അലസന്മാരെയും കൂടെ പോറ്റേണ്ടി വരുന്നു. അവർ ഒരു ജോലിക്ക് പോയാൽതന്നെ, അത് ആത്മാർത്ഥതയോടെ ചെയ്യാനോ, അതിൽ ഒന്നു പിടിച്ച് നിൽക്കാനോ അവർക്ക് കഴിയില്ല. എന്തെങ്കിലും മുടന്തൻ കാരണങ്ങൾ പറഞ്ഞ് പകുതിക്ക് ഇട്ടിട്ട് പോരും. അവർക്കുവേണ്ടിയാണ് 2 തെസ്സ. 3:10 വാക്യം ബൈബിളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത്, “*വേല ചെയ്യാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുത്..*”
ഇതുപോലുള്ള വിഷയങ്ങൾ പ്രാർത്ഥനയ്ക്കുവേണ്ടി അനേക ആളുകൾ, അവരുടെ തുണകളെക്കുറിച്ചും (മക്കളെക്കുറിച്ചും) സങ്കടത്തോടെ പറയുന്നത് കേട്ടതിൻ്റെ വെളിച്ചത്തിലാണ് ഞാൻ ഇത് എഴുതുന്നത്.
നല്ല കഴിവും, യോഗ്യതയും, ആരോഗ്യവുമുള്ള യൗവ്വനക്കാർപോലും മടിയന്മാരായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്നു നമ്മൾ കണ്ടുവരുന്നത്. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് മുതലായ സമൂഹമാദ്ധ്യമങ്ങളുടെ അമിത ഉപയോഗം അവരുടെ വിലപ്പെട്ട സമയം അപഹരിക്കുന്നു. മാത്രമല്ല, അലസരായ അനേക യൗവ്വനക്കാരെ ഇന്ന് ബാധിച്ചിരിക്കുന്ന മറ്റൊരു ഭയാനക വിപത്താണ് മയക്കുമരുന്നുകൾ ഉപയോഗിക്കാൻ ആരംഭിക്കുന്നത്. ചിലർ ഒരു നേരംപോക്കിനുവേണ്ടി, മറ്റു ചിലർ കൂട്ടുകാർക്ക് കമ്പനികൊടുക്കാൻവേണ്ടി, വേറെ ചിലർ വേണ്ടതിലും അധികം പണം കയ്യിലുള്ളതുകൊണ്ട്..,.. ഒരു പുകയിൽനിന്ന് ആരംഭിക്കുന്ന ശീലം അല്ലെങ്കിൽ ഒരു ബിയർ ഗ്ലാസ്സിൽനിന്ന് തുടങ്ങുന്ന ഹരം അവസാനം അവരെ കൊണ്ടുചെന്നെത്തിക്കുന്നത് അതിമാരകമായ മയക്കുമരുന്നുകളുടെ ആസക്തിയിലേക്കാണ്. പല പ്രലോഭനങ്ങൾ നൽകിയും, കപടസ്നേഹം നടിച്ചും ഇവരെ ഈ ദുശ്ശീലങ്ങളിലേക്ക് എത്തിക്കുന്നതിനുവേണ്ടി ധാരാളം സാത്താൻ്റെ ഏജന്റുമാർ ചുറ്റും കറങ്ങിനടക്കുന്നുണ്ട്.
ജീവിതത്തിലെ അലസതയാണ് ഒരുപരിധിവരെ ഇതിനെല്ലാം കാരണം എന്ന് മനസ്സിലാക്കാം. പഠനത്തിൽ / ജോലിയിൽ പ്രവൃത്തിമേഖലയിൽ മടിയന്മാരാകുന്നവരുടെ പിന്നാലെ അവരെ തകർക്കാൻ സാത്താൻ കൂടും. ഒരിക്കൽ ദാവീദ് അലസനായി തൻ്റെ മാളികയുടെ മട്ടുപ്പാവിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരിക്കുമ്പോഴാണ് സാത്താൻ അവൻ്റെ മനസ്സിളക്കിയത് (അലസമനസ്സ് സാത്താൻ്റെ പണിപ്പുരയാണല്ലോ) 2 ശമുവേൽ 11:2. അപ്പോൾ അവൻ ചെയ്ത മഹാപാപം തലമുറകളോളം അവൻ്റെ നിന്ദക്ക് കാരണമായിത്തീർന്നു.
വൻകാര്യങ്ങൾ ചെയ്യുന്നതിനുവേണ്ടി ദൈവം തിരഞ്ഞെടുത്ത ഭക്തന്മാരെല്ലാം അദ്ധ്വാനശീലരായിരുന്നു എന്നു ബൈബിളിൽ കാണാം. യോസേഫ്, ദാവീദ്, എലീശാ, മോശെ, ഗിദെയോൻ, നെഹമ്യാവ്.. ഇവരെല്ലാം ആത്മാർത്ഥതയോടെ തങ്ങളുടെ ജോലികളിൽ മുഴുകിയിരിക്കുമ്പോഴായിരുന്നു ദൈവം ഇവരിൽ പ്രസാദിച്ചത്. (1 രാജാ 19:19, ആമോസ് 7:15, പുറപ്പാട് 31:4, നെഹ. 1:11, …). മുക്കുവ ജോലി ചെയ്തിരുന്നവരെയും, ചുങ്കം പിരിച്ചുനടന്നവരെയും യേശു കർത്താവ് തൻ്റെ പ്രിയ ശിഷ്യന്മാരാക്കി (മത്തായി 4:18.., 9:9).
ഇന്നും കർത്താവിന് പ്രിയം ഉത്സാഹികളെയും അദ്ധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയുമാണ്.
അലസന്മാരെയും, മടിയന്മാരെയും, സമയംകൊല്ലികളെയും, നേരംപോക്കുന്നവരെയും, മന്ദഗതിയന്മാരെയും… സാത്താൻ കുഴിയിൽ ചാടിക്കുവാൻ നോക്കിയിരിക്കുന്നുണ്ട്.
സത്യംപറഞ്ഞാൽ പലപ്പോഴും പ്രാർത്ഥനയ്ക്കോ, ആരാധനയ്ക്കോ, കൂട്ടായ്മകൾക്കോ, തിരുവചനം വായിക്കുന്നതിനോ ഒക്കെ നമ്മുക്കു കഴിയാതിരിക്കുന്നത് ഈ അലസത ഒരു കാരണമാകാറില്ലേ ?
ആകയാൽ പ്രിയരേ, മടിയന്മാരാകാതെ, ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞിരിക്കാതെ നമ്മുടെ വിലപ്പെട്ട സമയങ്ങൾ തക്കത്തിൽ ഉപയോഗിക്കാം, കർത്താവ് വരുവോളം വ്യാപാരം ചെയ്യുന്നവരാകാം. ദൈവം കൃപ തരുമാറാകട്ടെ,
*സമർപ്പണ പ്രാർത്ഥന*
സ്വർഗ്ഗീയ പിതാവേ, തിരുവചനങ്ങൾക്കായി നന്ദി പറയുന്നു. സമാധാനമില്ലാത്ത ഈ ലോകത്തിൽ ജീവിക്കുമ്പോൾ പലപ്പോഴും അലസതയുടെ സ്വഭാവം എൻ്റെ ജീവിതത്തിലും കടന്നു വരാറുണ്ട് എന്നു ഞാൻ സമ്മതിക്കുന്നു. എൻ്റെ കുറവുകളെ ക്ഷമിക്കേണമേ, അലസതകൾ വെടിഞ്ഞ് കൂടുതൽ എരിവോടും ശുഷ്കാന്തിയോടും കൂടെ എൻ്റെ പ്രവൃത്തികൾ ചെയ്യുവാൻ കൃപ തരേണമേ. കർത്താവിന് പ്രസാദമായി ജീവിക്കുവാൻ എന്നെ സമർപ്പിക്കുന്നു, യേശുവിൻ്റെ നാമത്തിൽ *ആമേൻ*
പ്രാർത്ഥനയോടെ,
ഭോപ്പാലിലെ വചനമാരിയിൽനിന്ന്
ഷൈജു ബ്രദർ (Mob: 9424400654)
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായും കൃമമായും ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047