ബാൽ ശാലീശയിൽനിന്നു ഒരാൾ വന്നു

October-2023

അറിയാത്ത ഒരിടത്തു നിന്ന് പ്രതീക്ഷിക്കാത്ത രീതിയിൽ ആവശ്യമായത് വരുന്നുണ്ട്, സകലവും നഷ്ടപ്പെട്ട, വരണ്ടുണങ്ങിയ, പ്രതീക്ഷയുടെ ഒരു നാമ്പു (പച്ചപ്പു പോലും കാണാനില്ല എന്നു കരുതുന്ന ഇടത്ത്, അപ്രതീക്ഷിതമായ ഒന്ന് സംഭവിക്കുവാൻ പോകുന്നു. ഒരിക്കലും നടക്കാൻ സാധ്യത ഇല്ല എന്ന് ലോകം വിലയിരുത്തുന്ന വിഷയത്തിൽ ലോകത്തിൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് കർത്താവിൻ്റെ വിടുതൽ കാണും. വിശ്വാസത്തോടും പ്രാർത്ഥനയോടും പ്രത്യാശയോടും കൂടെ അതിന്നായി കാത്തിരിക്കുക.


       2 രാജാക്കന്മാ 4:42 ...
“അനന്തരം ബാൽ ശാലീശയിൽനിന്നു ഒരാൾ ദൈവപുരുഷന്നു ആദ്യഫലമായിട്ടു ഇരുപതു യവത്തപ്പവും മലരും പൊക്കണത്തിൽ കൊണ്ടുവന്നു. ജനത്തിന്നു അതു തിന്മാൻ കൊടുക്ക എന്നു അവൻ കല്പിച്ചു. അതിന്നു അവന്റെ ബാല്യക്കാരൻ: ഞാൻ ഇതു നൂറു പേർക്കു എങ്ങനെ വിളമ്പും എന്നു പറഞ്ഞു. അവൻ പിന്നെയും: ജനത്തിന്നു അതു തിന്മാൻ കൊടുക്ക; അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. അങ്ങനെ അവൻ അവർക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്തു.”

      ദേശത്ത് വലിയ ഒരു ക്ഷാമം നേരിടുന്ന സമയത്ത്, ജനമെല്ലാം പട്ടിണികൊണ്ട് നട്ടം തിരിയുമ്പോൾ; ഇതാ, ബാൽ ശാലീശയിൽ നിന്ന് ഒരാൾ വരുന്നു. ആ വ്യക്തിയുടെ പേര് ബൈബിളിൽ എങ്ങും രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ആ വ്യക്തി വന്ന ഇടമായ ‘ബാൽ ശാലീശ’ എന്ന സ്ഥലത്തെ സംബന്ധിച്ചും ബൈബിളിൽ മറ്റെങ്ങും രേഖപ്പെടുത്തിയിരിക്കുന്നതായും കാണുന്നില്ല. അതായത് ചുരുക്കംപറഞ്ഞാൽ, *അറിയാത്ത ഒരു വ്യക്തി കേൾക്കാത്ത ഒരിടത്തുനിന്ന് പ്രതീക്ഷിക്കാത്ത ഒരു സമയത്ത് എലീശാ പ്രവാചകനും ജനത്തിനും വേണ്ട ആഹാരവുമായി വന്നു* എന്നു സാരം. എന്നാൽ എലീശാ പ്രവാചകൻ ബാല്യക്കാരനോട് പറയുന്ന വാക്കുകളിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. (ജനത്തിന്നു അതു തിന്മാൻ കൊടുക്ക; അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു) *ഇത് യഹോവയാൽ സംഭവിച്ചതാണ്* അഥവാ ജനത്തിൻ്റെ കഷ്ടത അറിഞ്ഞ്, കണ്ണുനീർ കണ്ട്, വിശപ്പ് മനസ്സിലാക്കി ദൈവം അയച്ച മനുഷ്യനായിരുന്നു അന്ന് അവിടെ വന്നത്. സ്തോത്രം !


‘ബാൽ ശാലീശ’ രണ്ടു വാക്കുകളാണ്. ഇതിൻ്റെ അർത്ഥം പരിശോധിച്ചാൽ; ബാൽ എന്ന വാക്കിൻ്റെ അർത്ഥം ലോർഡ് (ദൈവം) എന്നും ശാലോശ് എന്നാൽ മൂന്ന് എന്നുമാണ്. ആത്മീയമായി ചിന്തിച്ചാൽ ത്രീയേക ദൈവം വാണരുളുന്ന സ്വർഗ്ഗീയ സന്നിധിയിൽ നിന്നാണ് ഒരാൾ വന്നത് എന്നു സാരം.
        ഇന്നും ദൈവത്തിൻ്റെ കരുതൽ സ്വർഗ്ഗ സന്നിധിയിൽനിന്നും അവൻ്റെ മക്കളെ തേടിവരും. ദേശത്ത് ക്ഷാമം ഉണ്ടായപ്പോഴായിരുന്നു ജനത്തിനുവേണ്ടി ആഹാരവുമായി ദൈവം തൻ്റെ ദൂതനെ അയച്ചത്. ചിലപ്പോഴൊക്കെ ജീവിതത്തിലും ഇതുപോലെ ക്ഷാമത്തിൻ്റെ അനുഭവങ്ങൾ കടന്നുവരാം. ദേശത്തു മാത്രമല്ല ചിലരുടെ ജീവിതങ്ങളിലും വരൾച്ച അനുഭവപ്പെടാറുണ്ട്. പ്രതീക്ഷയായി കണ്ട് വളർത്തിയവ ഫലം നൽകാതിരിക്കുന്ന അവസ്ഥ. ഉറവുകൾ വറ്റുകയും പച്ചപ്പായിരുന്നവയെല്ലാം വാടുകയും ചെയ്യുന്ന അനുഭവങ്ങൾ. കുടുംബത്തിലെ സ്വസ്ഥതയും സമാധാനവും ആയിരിക്കാം അത്, മക്കളെക്കുറിച്ച് നമ്മൾ കണ്ട സ്വപ്നങ്ങൾ ആയിരിക്കാം, ഭാവിയുടെ സുരക്ഷ എന്നു കരുതി മിച്ചംവെച്ച സമ്പാദ്യമായിരിക്കാം, നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ആരോഗ്യമാകാം. കുടുംബത്തിൽ തലമുറയിൽ ജോലിയിൽ ബിസിനസ്സിൽ ആരോഗ്യത്തിൽ ഈ വാട്ടത്തിൻ്റെയും വരൾച്ചയുടെയും ലക്ഷണങ്ങൾ കാണുന്നുണ്ടോ ?


നിരാശപ്പെടണ്ടാ, നമ്മുടെ വിഷയത്തിൽ ദൈവം ഇടപെടും. എലീശായോട് ഒപ്പമുണ്ടായിരുന്ന ജനത്തിനുവേണ്ടിയായിരുന്നു ദൈവം കരുതൽ അയച്ചത്. നമ്മളും കർത്താവിനോട് ചേർന്നിരുന്നാൽ മതി അവൻ കരുതിക്കൊള്ളും. മർക്കൊസ് 8:2 വാക്യത്തിൽ യേശു കർത്താവ് ഇപ്രകാരമാണ് പറഞ്ഞത് “ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു എനിക്കു അവരോടു അലിവു തോന്നുന്നു”

ആകയാൽ പ്രിയരേ, അറിയാത്ത ഒരിടത്തു നിന്ന് പ്രതീക്ഷിക്കാത്ത രീതിയിൽ ആവശ്യമായത് വരുന്നുണ്ട്, സകലവും നഷ്ടപ്പെട്ട, വരണ്ടുണങ്ങിയ, പ്രതീക്ഷയുടെ ഒരു നാമ്പു (പച്ചപ്പു പോലും കാണാനില്ല എന്നു കരുതുന്ന ഇടത്ത്, അപ്രതീക്ഷിതമായ ഒന്ന് സംഭവിക്കുവാൻ പോകുന്നു. ഒരിക്കലും നടക്കാൻ സാധ്യത ഇല്ല എന്ന് ലോകം വിലയിരുത്തുന്ന വിഷയത്തിൽ ലോകത്തിൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് കർത്താവിൻ്റെ വിടുതൽ കാണും. വിശ്വാസത്തോടും പ്രാർത്ഥനയോടും പ്രത്യാശയോടും കൂടെ അതിന്നായി കാത്തിരിക്കുക.

*പ്രാർത്ഥിക്കാം*
സ്വർഗ്ഗീയ പിതാവേ, ഈ വാഗ്ദത്ത സന്ദേശത്തിനായി നന്ദി പറയുന്നു. ഏറെ നാളുകളായി അടിയൻ കാത്തിരിക്കുന്ന ചില വിഷയങ്ങൾക്കുള്ള മറുപടിയായി ഈ സന്ദേശം ഞാൻ ഏറ്റെടുക്കുന്നു. എൻ്റെ വിടുതലിനുവേണ്ടി സ്വർഗ്ഗം ഇടപെടുന്നതിനായി വിശ്വാസത്തോടും പ്രാർത്ഥനയോടും പ്രത്യാശയോടും കൂടെ ഞാൻ കാത്തിരിക്കുന്നു. യേശുവിൻ്റെ നാമത്തിൽ *ആമേൻ*

പ്രാർത്ഥനയോടെ,
ഭോപ്പാലിലെ വചനമാരിയിൽനിന്ന്
ഷൈജു ബ്രദർ (Mob: 9424400654)


*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായും, കൃമമായും ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414, 7000477047

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”