യോഹന്നാൻ 4:50 “യേശു അവനോടു: “പൊയ്ക്കൊൾക; നിൻ്റെ മകൻ ജീവിച്ചിരിക്കുന്നു” എന്നു പറഞ്ഞു. യേശു പറഞ്ഞ വാക്കു വിശ്വസിച്ചു ആ മനുഷ്യൻ പോയി.”
യേശു കർത്താവ് ഗലീലയിലെ കാനാവിൽ രണ്ടാമതു സന്ദർശിച്ചപ്പോൾ ഉണ്ടായ ഒരു സംഭവമാണ് ഈ വചനഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു രാജ ഭൃത്യൻ്റെ മകൻ രോഗിയായി കിടക്കുകയായിരുന്നു. യേശു കാനാവിൽ വന്നിട്ടുണ്ട് എന്ന അറിവുകിട്ടിയപ്പോൾ തൻ്റെ മകനെ സൗഖ്യമാക്കണം എന്ന അപേക്ഷയുമായി ആ രാജ ഭൃത്യൻ യേശുവിൻ്റെ അടുക്കൽ വന്നു. എന്നാൽ അവൻ്റെ ആവശ്യത്തോടുള്ള കർത്താവിൻ്റെ പ്രതികരണം തികച്ചും നിരാശാജനകമായിരുന്നു. “യേശു അവനോടു: “നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല ” എന്നു പറഞ്ഞു” (വാക്യം 48).
ഈ വാക്കുകൾ കേട്ട് നിരാശനായി മടങ്ങിപ്പോകാതെ, തൻ്റെ മകനുവേണ്ടി അവൻ പിന്നെയും യേശുവിനോട് അപേക്ഷിക്കുന്നതായി കാണാം. അപ്പോഴാണ് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകൾ, ‘പൊയ്ക്കൊൾക; നിൻ്റെ മകൻ ജീവിച്ചിരിക്കുന്നു’ എന്ന് യേശു അവനോട് പറഞ്ഞത്.
എന്തുകൊണ്ടാണ് കർത്താവ് ആദ്യം അവനോട് നീരസം കാണിച്ചത് ? അവനോട് അതൃപ്തിയോടെ സംസാരിച്ചത് ? അവൻ്റെ വിഷയത്തിൽ ഇടപെടാതിരുന്നത് ?
എന്തുകൊണ്ടാണ് അവൻ രണ്ടാമത് അപേക്ഷിച്ചപ്പോൾ മാത്രം കർത്താവ് അവൻ്റെ മകനെ സൗഖ്യമാക്കിയത് ?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ആ രാജ ഭൃത്യൻ്റെ വാക്കുകളിൽനിന്നുതന്നെ വ്യക്തമാണ്. അവൻ്റെ ആദ്യത്തെ അപേക്ഷയിൽ ഇല്ലാത്ത ഒരു കാര്യം രണ്ടാമത്തെ അപേക്ഷയിൽ നമ്മൾ കാണുന്നുണ്ട്. അതായത്, അവൻ യേശുവിനെ ‘ *കർത്താവേ*’ എന്നു വിളിച്ചുകൊണ്ടാണ് രണ്ടാമത് അപേക്ഷിക്കുന്നത് എന്നു കാണാം. യേശുവിൻ്റെ ഹൃദയം അലിയുവാൻ ‘കർത്താവേ’ എന്ന ആ ഒറ്റ വിളി മതിയായിരുന്നു.
ഇന്നും കർത്താവ് നമ്മുടെ ആ വിളിക്കുവേണ്ടിയാണ് കാത്തിരിക്കുന്നത്.
യേശുവിനെ നമ്മൾ ‘ *കർത്താവേ*’ എന്നു വിളിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിൻ്റെ പൂർണ്ണ അധികാരമാണ് അവിടുത്തേക്ക് നൽകുന്നത്. അപ്രകാരം യേശുവിനെ കർത്താവും രക്ഷിതാവുമായി അംഗീകരിക്കുകയും, അവൻ്റെ കൽപ്പനകൾ അനുസരിക്കുകയും ‘എൻ്റെ കർത്താവേ’ എന്ന് നുറുങ്ങിയ ഹൃദയത്തോടെ വിളിക്കുകയും ചെയ്താൽ ഏതു പ്രശ്നത്തിനും വിടുതലുണ്ട്, ഏതു രോഗത്തിനും സൗഖ്യമുണ്ട്, ഏതു പ്രതിസന്ധിക്കും പരിഹാരമുണ്ട്. സ്തോത്രം !
2 തെസ്സ. 3:3 “കർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടൻ്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും”
*സമർപ്പിച്ച് പ്രാർത്ഥിക്കാം*
കർത്താവേ, അവിടുത്തെ വചനങ്ങൾക്കായി സ്തോത്രം ചെയ്യുന്നു. എൻ്റെ ജീവിതത്തിൻ്റെ പൂർണ്ണ അധികാരം ഞാൻ അങ്ങേക്കായി സമർപ്പിക്കുന്നു. അവിടുന്ന് നല്ലവനും വിശ്വസ്തനും വാക്കുമാറാത്തവനും മഹാദയാലുവുമായിരിക്കയാൽ ഞാൻ അങ്ങയെ സ്തുതിക്കുന്നു. ദുഷ്ടൻ്റെ കയ്യിൽ അകപ്പെടാതവണ്ണം, അനർത്ഥമായതൊന്നും സംഭവിക്കാതവണ്ണം, വീഴാതവണ്ണം, തളരാതവണ്ണം, തകരാതവണ്ണം, താഴാതവണ്ണം ഞങ്ങളെ കരുതേണമേ. *ആമേൻ*
പ്രാർത്ഥനയോടെ,
Pr ഷൈജു ജോൺ
വചനമാരി, ഭോപ്പാല്‍ (7898211849)
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനല്‍കുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പില്‍ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവര്‍ക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9424400654, 7898211849, 9589741414, 7000477047