“..എല്ലാവരുടെയും കണ്ണു അവങ്കൽ പതിഞ്ഞിരുന്നു”

November-2023

യേശുവിനെ നോക്കിയാൽ ജീവിതത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും നടക്കും !       യേശുവിനെ നോക്കുന്നതിൽ നിന്ന് നമ്മുടെ കണ്ണുകളെ തടയുവാൻ, യേശുവിങ്കൽ നിന്ന് നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരുപിടി വ്യക്തികളും വസ്തുവകകളും നമുക്കു ചുറ്റും ഉണ്ടാകാം. അവരുടെ ആരുടെയും ഉപദേശങ്ങളിലും ന്യായങ്ങളിലും ആലോചനകളിലും വീണുപോകരുത്. അവർ ആരൊക്കെയാണ്, അവ എന്തെല്ലാമാണ് എന്ന് ഓരോന്നും ഞാൻ ഇവിടെ പറയേണ്ട കാര്യമില്ലല്ലോ ! നമ്മുടെ കണ്ണുതുറന്ന്, ഹൃദയദൃഷ്ടികൾ തുറന്ന് കാൽവറി ക്രൂശിലേക്ക് മാത്രം നോക്കുക. ഈ ദിവസം ഒരു വിടുതലിൻ്റെ ദിവസമായിരിക്കും.


       എബ്രായർ 12 :2 “"വിശ്വാസത്തിൻ്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക;..”

       ഏതു സാഹചര്യത്തിൽ, ഏതു സമയത്ത്, ആരെ നോക്കണമെന്ന് വ്യക്തമായ ധാരണ ഉള്ളവർക്കു മാത്രമേ ജീവിതത്തിൽ വിജയിക്കുവാൻ സാധിക്കുകയുള്ളൂ. ഈ വിഷയത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം വിശുദ്ധ വേദപുസ്തകം നമുക്കു നൽകുന്നുണ്ട്.ഏതു അവസ്ഥയിലും ഏതു സമയത്തും ഒരു ദൈവപൈതലിൻ്റെ നോട്ടം കർത്താവിൽ മാത്രമായിരിക്കണം. അതുകൊണ്ടുള്ള അനുഗ്രഹം തിരിച്ചറിഞ്ഞ ദാവീദ് ഇപ്രകാരമാണ് തൻ്റെ സങ്കീർത്തനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്; “ഞാൻ യഹോവയെ എപ്പോഴും എൻ്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എൻ്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല” (സങ്കീ. 16:8). പിമ്പിലുള്ളതെല്ലാം മറന്ന് തൻ്റെ മുമ്പിലുള്ള ക്രിസ്തുയേശുവിനെ നോക്കിക്കൊണ്ട് ലാക്കിലേക്ക് ഓടുകയാണ് താൻ എന്ന് അപ്പൊ. പൌലൊസ് പറയുന്നു (ഫിലി. 3:14).

       ദൈവമായ കർത്താവിനെ നോക്കിക്കൊണ്ട് വിശ്വാസ യാത്രചെയ്യുന്ന ഒരു ദൈവപൈതലിൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന മൂന്നു കാര്യങ്ങൾ വേദപുസ്തകത്തിൽ നിന്ന് ഞാൻ ഓർമ്മിപ്പിക്കാം;
*(1) അവരുടെ മുഖം ലജ്ജിച്ചുപോകയില്ല*.
സങ്കീർ. 34:5 "അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല".
      ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധികളെ നേരിട്ടാലും ഒട്ടും ഭയപ്പെടാതെ കർത്താവിനെ മാത്രം നോക്കിയാൽ. ആ പ്രതിസന്ധികളെ തരണം ചെയ്യുവാൻ അവിടുന്ന് നമുക്കു കൃപ തരികയും, നമ്മെ ലജ്ജയ്ക്ക് ഏൽപ്പിക്കാതെ അന്തസ്സോടും അഭിമാനത്തോടും തല ഉയർത്തിപ്പിടിച്ച് ജീവിക്കുവാൻ അവസരം ഉണ്ടാക്കുകയും ചെയ്യും.

*(2) അവർ ജീവിക്കും* (താമ്രസർപ്പത്തെ (ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ) നോക്കിയവർ ജീവിക്കും)
സംഖ്യ. 21:9 (“മോശെ താമ്രംകൊണ്ടു ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പം ആരെയെങ്കിലും കടിച്ചിട്ടു അവൻ *താമ്രസർപ്പത്തെ നോക്കിയാൽ ജീവിക്കും*”)
      മോശെ മരുഭൂമിയിൽ കൊടിമരത്തിന്മേൽ തൂക്കിയ ആ താമ്രസർപ്പം, കാൽവറിയിലെ മരക്കുരിശിൽ തൂക്കപ്പെട്ട യേശു കർത്താവിന് നിഴലാണ് എന്ന് യോഹന്നാൻ 3 :14 15 വചനത്തിൽ വായിക്കുന്നുണ്ട്. (“മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ”)
ആയുസ്സിന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞു എന്ന് ഡോക്ടർമാർ പറഞ്ഞേക്കാം, കയ്യിലിരിക്കുന്ന ലാബ് റിപ്പോർട്ടുകൾ അതു സാക്ഷ്യപ്പെടുത്തിയേക്കാം. എന്നാൽ ദൈവം തരുന്ന ആയുസ്സിൻ്റെ നാളുകളെല്ലാം യഹോവയുടെ പ്രവർത്തികളെ വർണ്ണിക്കുവാൻ ഞാൻ ജീവനോടിരിക്കുമെന്ന് വേദപുസ്തകം പറയുന്നു; (സങ്കീർ. 118:17).
      അതുകൊണ്ട് ലോകത്തിൻ്റെ ജ്ഞാനികൾ പറയുന്നത് വിശ്വസിക്കാതെ വേദപുസ്തകം പറയുന്നത് നമുക്കു വിശ്വസിക്കാം. കാൽവറിയിലെ ക്രൂശിൽ തൂക്കപ്പെട്ട യേശുവിനെ നോക്കാം, ഭൂമിയിലെ ആയുസ്സു തികയ്ക്കുക മാത്രമല്ല, നാം നിത്യജീവൻ പ്രാപിക്കുന്നതിനും അതു കാരണമാകും.

*(3 ) അവരുടെ ജീവിതത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും നടക്കും*.
    ലൂക്കൊസ് 4:20 “..എല്ലാവരുടെയും കണ്ണു അവങ്കൽ പതിഞ്ഞിരുന്നു”
മർക്കൊസ് 1:37 "അവനെ കണ്ടപ്പോൾ: എല്ലാവരും നിന്നെ അന്വേഷിക്കുന്നു (നോക്കുന്നു) എന്നു പറഞ്ഞു"
      യേശുവിനെ നോക്കിയാൽ അവരുടെ സകല ആവശ്യങ്ങളും അവൻ നിറവേറ്റുമെന്ന് ആ ജനക്കൂട്ടത്തിന് അറിയാമായിരുന്നു. കാരണം അവർക്ക് സൗഖ്യമുണ്ടായി, അവർക്ക് കാഴ്ച ലഭിച്ചു, അവർക്ക് കേൾവി ലഭിച്ചു, അവർക്ക് ആഹാരം ലഭിച്ചു, അവർ ജീവൻ്റെ മൊഴികൾ കേട്ടു… കുഷ്ഠരോഗികളെയും മാറാവ്യാധിക്കാരെയും യേശു തന്നോടു ചേർത്തു നിറുത്തി. അങ്ങനെ അവർക്ക് പരിഗണന ലഭിച്ചു, അവർക്ക് ആശ്വാസവും സമാധാനവും ലഭിച്ചു. അതുകൊണ്ട് അവരെല്ലാം യേശുവിനെ നോക്കി.

ഇന്നും യേശുവിനെ നോക്കിയാൽ ജീവിതത്തിൽ (ഇവ എല്ലാം )അത്ഭുതങ്ങളും അടയാളങ്ങളും നടക്കും സ്തോത്രം !

      പ്രിയരേ, ഇന്നു യേശുവിനെ നോക്കുന്നതിൽ നിന്ന് നമ്മുടെ കണ്ണുകളെ തടയുവാൻ, യേശുവിങ്കൽ നിന്ന് നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരുപിടി വ്യക്തികളും വസ്തുവകകളും നമുക്കു ചുറ്റും ഉണ്ടാകാം. അവരുടെ ആരുടെയും ഉപദേശങ്ങളിലും ന്യായങ്ങളിലും ആലോചനകളിലും വീണുപോകരുത്. അവർ ആരൊക്കെയാണ്, അവ എന്തെല്ലാമാണ് എന്ന് ഓരോന്നും ഞാൻ ഇവിടെ പറയേണ്ട കാര്യമില്ലല്ലോ ! നമ്മുടെ കണ്ണുതുറന്ന്, ഹൃദയദൃഷ്ടികൾ തുറന്ന് കാൽവറി ക്രൂശിലേക്ക് മാത്രം നോക്കുക. ഈ ദിവസം ഒരു വിടുതലിൻ്റെ ദിവസമായിരിക്കും.

*പ്രാർത്ഥിക്കാം*
      പിതാവായ ദൈവമേ, അങ്ങയുടെ പ്രിയപുത്രനെ എനിക്കുവേണ്ടി കാൽവറിയിൽ ഒരു യാഗമായി ഏൽപ്പിച്ചുതരുവാൻ അവിടുത്തേക്ക് മനസ്സായതോർത്ത് നന്ദിയോടെ സ്തോത്രം ചെയ്യുന്നു. കാൽവറി ക്രൂശിൽ ഉയർത്തപ്പെട്ട യേശുവിനെ ഹൃയദൃഷ്ടിയിൽ കണ്ടുകൊണ്ട് അവിടുത്തെ സന്നിധയിൽ താഴ്മയോടെ എന്നെ സമർപ്പിക്കുന്നു. യേശുവിനെ നോക്കിയവർ പ്രകാശിതരായതുപോലെ, യേശുവിനെ നോക്കിയവരുടെ ജീവിതങ്ങൾ അനുഗ്രഹസമ്പൂർണ്ണമായതുപോലെ എന്റെ ജീവിതത്തിലും അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതിന്നായി ഞാനും കാത്തിരിക്കുന്നു.
യേശുവിൻ്റെ നാമത്തിൽ പ്രാർത്ഥന കൈക്കൊള്ളേണമേ. *ആമേൻ*.

പ്രാർത്ഥനാപൂർവ്വം..
ഭോപ്പാലിലെ വചനമാരിയിൽനിന്നും,
ഷൈജു പാസ്റ്റർ (മൊ: 9424400654)


*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനല്‍കുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പില്‍ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവര്‍ക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9424400654, 7898211849, 9589741414, 7000477047

*വചനമാരിയുടെ വരിസംഖ്യ / സ്തോത്രക്കാഴ്ച അയക്കുന്നവരുടെ മാത്രം അറിവിലേക്ക്;*
VACHANAMARI
A/C No. 13500100172414, Federal Bank, M.P. Nagar, Bhopal
IFSC Code: FDRL0001350
*Googlepay Number*
9424400654
Paytm and Phonepay
7898211849
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ