രാത്രി മുഴുവനും പ്രവർത്തിക്കുന്ന ദൈവം

January-2024

ചെങ്കടലിനും മിസ്രയീം സൈന്യത്തിനും മദ്ധ്യത്തിൽ അകപ്പെട്ട യിസ്രായേൽ ജനം എന്തുചെയ്യണമെന്നറിയാതെ ആ രാത്രിയിൽ പകച്ചു നിന്നപ്പോൾ, അവരുടെ ദൈവം സ്വർഗ്ഗത്തിൽ വെറുതെ ഇരിക്കുകയായിരുന്നില്ല. തൻ്റെ മക്കൾക്കുവേണ്ടി അന്നു രാത്രി മുഴുവനും സ്വർഗ്ഗം ഉണർന്നു പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് തിരുവചനത്തിൽ വായിക്കുന്നത്


     പുറപ്പാട് 14:21 “..യഹോവ അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻ കാറ്റുകൊണ്ടു കടലിനെ പിൻവാങ്ങിച്ചു ഉണങ്ങിയ നിലം ആക്കി .…”
സങ്കീർത്തനങ്ങൾ 121:3,4
'..നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല. യിസ്രായേലിൻ്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.;

       ചെങ്കടലിനും മിസ്രയീം സൈന്യത്തിനും മദ്ധ്യത്തിൽ അകപ്പെട്ട യിസ്രായേൽ ജനം എന്തുചെയ്യണമെന്നറിയാതെ ആ രാത്രിയിൽ പകച്ചു നിന്നപ്പോൾ, അവരുടെ ദൈവം സ്വർഗ്ഗത്തിൽ വെറുതെ ഇരിക്കുകയായിരുന്നില്ല. തൻ്റെ മക്കൾക്കുവേണ്ടി അന്നു രാത്രി മുഴുവനും സ്വർഗ്ഗം ഉണർന്നു പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് തിരുവചനത്തിൽ വായിക്കുന്നത്.
      അടുത്ത ഒരു പ്രഭാതം കാണുവാൻ തങ്ങൾ ജീവനോടെ ഉണ്ടായിരിക്കുമോ എന്ന പ്രാണഭയത്താൽ ദൈവമക്കൾ കരഞ്ഞുകൊണ്ടു നിൽക്കുമ്പോൾ, അവരുടെ തടസ്സങ്ങളെ നീക്കുവാനും അവരുടെ ശത്രുക്കളെ ഇല്ലാതാക്കുവാനുമുള്ള പദ്ധതികൾ സ്വർഗ്ഗത്തിൽ ദൈവം ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു.


ഇതുപോലുള്ള പരീക്ഷയുടെ ഇരുണ്ട രാത്രികൾ നമ്മുടെ ജീവിതത്തിൽ കടന്നു വരുമ്പോൾ, പ്രത്യാശയുടെയും ദൈവപ്രവർത്തിയുടെയും നല്ല ദിനങ്ങൾ ഒരുക്കി അത്ഭുതകരമായി നമ്മെ നടത്തുവാൻ രാത്രി മുഴുവനും ഉണർന്നു പ്രവർത്തിക്കുന്ന ഒരു സ്വർഗ്ഗം നമുക്കുമുണ്ട് എന്ന് മറന്നുപോകരുത്.
ഹേശേയ 7:6 വചനത്തിൽ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത് ‘അവരുടെ അപ്പക്കാരൻ രാത്രി മുഴുവനും ഉറങ്ങുന്നു’ ഇവിടെ പറയുന്ന അപ്പക്കാരൻ മറ്റാരുമല്ല, ദുഷ്ടത പ്രവർത്തിക്കുന്നവരുടെ നേതാവായ സാത്താൻ തന്നെ. അവരുടെ നേതാവ് ഉറങ്ങുന്നതുകൊണ്ട് ദുഷ്ടന്മാരുടെ നാളുകൾ കഷ്ടതയും ദുരിതങ്ങളും നിറഞ്ഞവയായിരിക്കും.                   ഒരിക്കൽ ബാലിൻ്റെ പ്രവാചകന്മാർ രാവിലെ മുതൽ ഉച്ചവരെ വിളിച്ചപേക്ഷിച്ചിട്ടും ഒരു ഉത്തരവും അവർക്ക് ലഭിച്ചില്ല എന്നു കണ്ട ഏലീയാവ് അവരെ കളിയാക്കി പരിഹസിച്ചു പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു. നിങ്ങളുടെ ദേവൻ ചിലപ്പോൾ ഉറങ്ങുകയായിരിക്കാം അതുകൊണ്ട് ഇനിയും ഉറക്കെ വിളിക്ക. പക്ഷേ അവർ എത്ര വിളിച്ചിട്ടും ഫലമുണ്ടായില്ല, അവരുടെ ദേവൻ അവരുടെ രക്ഷയ്ക്ക് എത്തിയില്ല (1 രാജാ 18:27).

പ്രിയരേ, നമ്മുടെ ദൈവം അങ്ങനെയല്ല, നമ്മെ കാക്കുന്നവൻ മയങ്ങുകയില്ല ഉറങ്ങുകയുമില്ല. സ്തോത്രം !
ഇന്നു രാത്രിയിലും അവൻ നമുക്കുവേണ്ടി വിടുതലിൻ്റെ പദ്ധതികൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്.
വിശ്വസിക്കുന്നവർക്ക് ‘ആമേൻ’ പറയാം.

ദൈവം നിങ്ങളെ അനുഗ്രഹിക്കേണ്ടതിനായി പ്രാർത്ഥിച്ചുകാണ്ട്
ഭോപ്പാലിലെ വചനമാരിയിൽനിന്നും
ബ്രദർ ഷൈജു ജോൺ (9424400654)

Tags :
ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.