ഗിലെയാദിലെ യാബേശ് നിവാസികൾ

February-2024

ഒരിക്കൽ തെറ്റായ ഒരു തീരുമാനമെടുത്തതുകൊണ്ട് അവർ ശപിക്കപ്പെട്ടവരായി മാറി എങ്കിലും, ദൈവം നൽകിയ അവസരം പ്രയോജനപ്പെടുത്തി മടങ്ങി വന്നതുകൊണ്ട് അവർ അനുഗ്രഹിക്കപ്പെട്ടവരായി മാറി. ഒരിക്കൽ ‘ശപിക്കപ്പെട്ടവർ’ എന്നു വിളിച്ച ജനത്തെക്കൊണ്ടുതന്നെ ‘അനുഗ്രഹിക്കപ്പെട്ടവർ’ എന്നു വിളിപ്പിക്കുവാൻ ഇന്നും ദൈവത്തിനു കഴിയും.     ഒരിക്കൽ തള്ളിക്കളയുകയും അവഗണിക്കുകയും അവഹേളിക്കുകയും ചെയ്തവരെക്കൊണ്ടുതന്നെ ബഹുമാനവും ആദരവും നൽകി മാനിപ്പിക്കുവാൻ ഇന്നും കർത്താവിനു കഴിയും. ഇന്ന് കർത്താവിൻ്റെ സന്നിധിയിൽ താഴ്മയോടെ വരുമെങ്കിൽ, അവൻ നമ്മെ ഉയർത്തും


       വിശുദ്ധ വേദപുസ്തകത്തിൽ പരിശുദ്ധാത്മാവ് പ്രത്യേകം എടുത്തുപറഞ്ഞ് രേഖപ്പെടുത്തിയിരിക്കുന്ന ഒരു കൂട്ടരാണ് ഗിലെയാദിലെ യാബേശ് നിവാസികൾ. ന്യായാധിപന്മാരുടെ പുസ്തകത്തിൽ നിന്ന് ആരംഭിക്കുന്ന ഇവരുടെ ചരിത്രം, ഏതൊരു ദൈവഭക്തനെയും ഒന്ന് ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. തങ്ങളുടെ ഇടയിലെ നീചന്മാരായ ചില ആളുകൾ ചെയ്ത ഒരു മഹാപാപത്തെ അറിഞ്ഞിട്ടും, അതിൽ പങ്കാളികളായവരെ ശിക്ഷക്ക് ഏൽപ്പിച്ചുകൊടുക്കാതെ, അവരെ സംരക്ഷിക്കുവാൻ കൂട്ടുനിന്നവരോട് അനുകൂലിച്ച് മിസ്പയിൽ വിളിച്ചുകൂട്ടിയ സഭെക്കു വരാതെ ഒഴിഞ്ഞു നിന്നതുകൊണ്ട് ദൈവകോപത്തിന് ഇരയായിത്തീർന്ന ചരിത്രമാണ് ഇവരുടേത് (ന്യായാധി. 21:8).
      അവരുടെ തെറ്റായ ആ തീരുമാനം പിന്നീട് അനേകരുടെ മരണത്തിന് കാരണമായിത്തീർന്നു. അങ്ങനെ ഗിലെയാദിലെ യാബേശ് നിവാസികൾ പാപികളും ശപിക്കപ്പെട്ടവരുമായിത്തീർന്നു. എന്നാൽ കാലങ്ങൾക്കുശേഷം സ്വർഗ്ഗത്തിലെ ദൈവം ഗിലെയാദിലെ യാബേശ് നിവാസികളുടെ വീണ്ടെടുപ്പിനുവേണ്ടി ഒരു പദ്ധതി ഒരുക്കി. പാപിയായ മനുഷ്യനെ ദൈവം എന്നേക്കും തള്ളിക്കളയുന്നില്ല എന്നും, അവർക്ക് ഒരു അവസരംകൂടെ നൽകുവാൻ കരുണാസമ്പന്നനായ ദൈവത്തിന് മനസ്സുണ്ട് എന്നുമാണ് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത്. 1 ശമുവേൽ 11:1 മുതലുള്ള വചനഭാഗങ്ങൾ വായിക്കുമ്പോൾ യാബേശ് നിവാസികളുടെ രക്ഷക്കുവേണ്ടി ദൈവം ഒരുക്കിയ പദ്ധതി എന്തായിരുന്നു എന്ന് കാണുവാൻ കഴിയും.
അമ്മോന്യ സൈന്യത്തെ ദൈവം യാബേശ് നിവാസികൾക്കെതിരായി വരുത്തി. അങ്ങനെ വലിയ ഒരു സൈന്യം അവർക്കുനേരെ പാളയമിറങ്ങിയപ്പോൾ, അവർ എന്തു ചെയ്യേണ്ടൂ എന്നറിയാതെ വിഷമിച്ചു. അവരുടെ അഹങ്കാരവും ഗർവ്വും എല്ലാം മാറ്റിവെച്ച് യിസ്രായേലിലെ മറ്റു ഗോത്രക്കാരുടെ അടുക്കൽ സഹായം അഭ്യർത്ഥിച്ചുകൊണ്ട് അവർ ദൂതന്മാരെ പറഞ്ഞയച്ചു. അങ്ങനെ യഹോവയുടെ സഭയിലേക്ക് മടങ്ങി വരുവാൻ അവർ തയ്യാറായി.
        അങ്ങനെ അവർ ചെയ്തില്ലായിരുന്നു എങ്കിൽ, ദൈവം കൊടുത്ത അവസരം അവർ നഷ്ടപ്പെടുത്തി മടങ്ങി വന്നില്ലായിരുന്നു എങ്കിൽ എന്താകുമായിരുന്നു സ്ഥിതി ? അവർക്കെതിരായി വന്ന അമ്മോന്യ സൈന്യം അവരെ മുടിച്ചുകളയുമായിരുന്നു.
ദൈവം കൃപതോന്നി അവർക്കു വെച്ചുനീട്ടിയ അവസരം നഷ്ടപ്പെടുത്താതെ, മടങ്ങി വന്നതുകൊണ്ട് അവർക്കുണ്ടായ നന്മകൾ എന്തെല്ലാമായിരുന്നു എന്നറിയാമോ ?
1 ശമുവേൽ 11:9 വാക്യത്തിൽ വായിക്കുന്നത് ഇപ്രകാരമാണ് “നാളെ വെയിൽ മൂക്കുമ്പോഴേക്കു നിങ്ങൾക്കു രക്ഷ ഉണ്ടാകും.. എന്നു പറഞ്ഞു... അവർ സന്തോഷിച്ചു”
ശൌൽ ജനത്തെ കൂട്ടി അവർക്കുവേണ്ടി യുദ്ധം ചെയ്തു. അമ്മോന്യ സൈന്യത്തെ സംഹരിച്ചു (വാക്യം 11). അവരുടെ സങ്കടം മാറ്റി, അവരുടെ ദു:ഖം സന്തോഷമാക്കി മാറ്റി.
അവർക്ക് നഷ്ടപ്പെട്ട അഭിമാനവും പരിഗണനയും സ്ഥാനമാനവും മടക്കി ലഭിച്ചു.
     കാലങ്ങൾക്കുശേഷം യിസ്രായേലിൻ്റെ മഹാരാജാവായ ദാവീദ് രാജാവ്, ഗിലെയാദിലെ യാബേശ് നിവാസികളെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്; “…*നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ*” (2 ശമുവേൽ 2:5)
      ഒരിക്കൽ തെറ്റായ ഒരു തീരുമാനമെടുത്തതുകൊണ്ട് അവർ ശപിക്കപ്പെട്ടവരായി മാറി എങ്കിലും, ദൈവം നൽകിയ അവസരം പ്രയോജനപ്പെടുത്തി മടങ്ങി വന്നതുകൊണ്ട് അവർ അനുഗ്രഹിക്കപ്പെട്ടവരായി മാറി.
ഒരിക്കൽ ‘ശപിക്കപ്പെട്ടവർ’ എന്നു വിളിച്ച ജനത്തെക്കൊണ്ടുതന്നെ ‘അനുഗ്രഹിക്കപ്പെട്ടവർ’ എന്നു വിളിപ്പിക്കുവാൻ ഇന്നും ദൈവത്തിനു കഴിയും.
    ഒരിക്കൽ തള്ളിക്കളയുകയും അവഗണിക്കുകയും അവഹേളിക്കുകയും ചെയ്തവരെക്കൊണ്ടുതന്നെ ബഹുമാനവും ആദരവും നൽകി മാനിപ്പിക്കുവാൻ ഇന്നും കർത്താവിനു കഴിയും.


ഇന്ന് കർത്താവിൻ്റെ സന്നിധിയിൽ താഴ്മയോടെ വരുമെങ്കിൽ, അവൻ നമ്മെ ഉയർത്തും.

*സമർപ്പണ പ്രാർത്ഥന*
     മഹാപരിശുദ്ധനായ ദൈവമേ, എന്നോട് അരുളിച്ചെയ്ത ഈ ദൂതിനായി നന്ദി പറയുന്നു. ഗിലെയാദിലെ യാബേശ് നിവാസികളെപ്പോലെ എൻ്റെ ജീവിതത്തിലും ദൈവത്തിൽ നിന്ന് അകന്നുപോയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നു ഞാൻ സമ്മതിക്കുന്നു. എന്നോട് ദയതോന്നി അങ്ങയുടെ സന്നിധിയിൽ മടങ്ങിവരുവാൻ തന്ന ഈ അവസരത്തിനായി നന്ദി പറയുന്നു. എന്നെ സ്വീകരിച്ച് ദൈവീക നന്മകളും ഞാൻ നഷ്ടപ്പെടുത്തിയ അനുഗ്രങ്ങളും എനിക്ക് മടക്കിത്തരേണമേ,
യേശുവിൻ്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു. *ആമേൻ*
ദൈവം അനുഗ്രഹിക്കട്ടെ,

പ്രാർത്ഥനയോടെ,
ദൈവദാസൻ ഷൈജു ജോൺ
വചനമാരി, ഭോപ്പാൽ
(ഫോ: 9424400654, 7898211849)


*പ്രിയരേ*,
ഈ ആത്മീയ സന്ദേശം നിങ്ങൾക്ക് അനുഗ്രഹമായി എങ്കിൽ, ദയവായി മറ്റുള്ളവർക്കുകൂടി ഷെയർ ചെയ്താലും. ഈ വചനദൂത് ഏറ്റവും ആവശ്യമായ ചിലരിൽ എത്തുവാൻ അതു സഹായകമാകും. വചനമാരിയുടെ ആത്മീയ സന്ദേശങ്ങൾ തുടർന്നും ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ഷണിക്കുന്നു. കൂടാതെ ഈ സന്ദേശങ്ങളുടെ തർജ്ജമ ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലും അയക്കുന്നതുകൊണ്ട് മലയാളം വായിക്കുവാൻ അറിയാത്തവർക്കും ഇത് പ്രയോജനമാകുന്നു.
നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങളും ഭോപ്പാലിലുള്ള വചനമാരി പ്രയർ ഗ്രൂപ്പിൽ അറിയിക്കാവുന്നതാണ്
ഫോൺ: 7000477047, 9589741414, 07554297672
ഇ മെയിൽ: shaijujohn@gmail.com
വെബ്സൈറ്റ്: www.vachanamari.com

വചനമാരി മാസികയുടെ വരിസംഖ്യയും, സ്തോത്രക്കാഴ്ചകളും 9424400654 എന്ന Googlepay നമ്പറിലേക്കോ, 7898211849 എന്ന Phonepay നമ്പറിലേക്കോ അയക്കാവുന്നതാണ്.

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ