2 രാജാക്കന്മാ 2:11
“അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു കയറി”
ഏലിയാ പ്രവാചകനെ ദൈവം സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുന്ന വചനഭാഗമാണ് ഇത്. വേദപുസ്തകം പഠിക്കുമ്പോൾ മരണം കാണാതെ സ്വർഗ്ഗത്തിലേക്ക് കയറിപ്പോകുന്ന രണ്ടുപേരെ മാത്രമാണ് നമ്മൾ കാണുന്നത്. അതിൽ ഒന്നാമത്തെ വ്യക്തി ഹാനോക്ക് ആണ് എന്ന് ഉൽപ്പത്തി 5:24 വാക്യത്തിൽ വായിക്കുന്നുണ്ട്. ഹാനോക്കിനെ ദൈവം സ്വർഗ്ഗത്തിലേക്ക് എടുത്തുകൊണ്ടുപോകാനുള്ള കാരണം ഒറ്റവാക്കിൽ ഈ വേദഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്; “ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു..” എന്നാണ്. തങ്ങളുടെ ജീവകാലമൊക്കെയും അവർ ദൈവത്തോടുകൂടെ വിശ്വസ്തരായി നടന്നതുകൊണ്ടാണ് ദൈവം അവരെ മരണം കാണാൻ അനുവദിക്കാതെ സ്വർഗ്ഗത്തിലേക്ക് എടുത്തത്.
ഏലിയാവ് നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു എന്ന് യാക്കോബ് 5:17 വാക്യത്തിൽ വായിക്കുന്നുണ്ട്. ഒരു സാധാരണ മനുഷ്യന്റെ സ്വഭാവം ഏലിയാവിൽ ഉണ്ടായിരുന്നത് എന്തായിരുന്നു എന്ന് 1 രാജാക്ക. 19:4 വാക്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കർമ്മേൽ പർവ്വതത്തിൽവെച്ച് ദൈവം ഏലിയാവിന്റെ ബലി സ്വീകരിക്കുകയും, അവിടെ ബാലിൻ്റെ പ്രവാചകന്മാർ തോറ്റുപോകുകയും ചെയ്തതിനെത്തുടർന്ന് ഏലിയാവ് അവരെ പിടിക്കുകയും കീശോൻ തോട്ടിന്നരികെ കൊണ്ടുപോയി അവരെ വെട്ടിക്കൊന്നു കളയുകയും ചെയ്ത വാർത്ത ഈസേബെൽ കേട്ടപ്പോൾ. അവൾ ഒരു ദൂതനെ ഏലിയാവിൻ്റെ അടുക്കൽ അയച്ച് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അവനെ കൊന്നുകളയുമെന്ന് അറിയിച്ചു. ഇതുകേട്ട് ഈസേബെലിനെ പേടിച്ച് ഏലിയാവ് ബേർശേബ മരുഭൂമിയിലേക്ക് ഓടിപ്പോയി. അവിടെ ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ആഗ്രഹിച്ചു. 'എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ' എന്നാണ് അവൻ ദൈവത്തോട് അപേക്ഷിച്ചത്.
ഒരു സാധാരണ മനുഷ്യൻ്റെ സ്വഭാവമാണ് ഇവിടെ ഏലിയാവിൽ നമ്മൾ കാണുന്നത്. ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ, രോഗത്താൽ ക്ലേശപ്പെടുമ്പോൾ, കൊന്നുകളയുമെന്നും ഇല്ലാതാക്കിക്കളയുമെന്നും പറഞ്ഞ് ശത്രുക്കൾ പുറകെ വരുമ്പോൾ, പലവിധ പോരാട്ടങ്ങളാൽ ശ്വാസംമുട്ടുമ്പോൾ…. എനിക്കിനി ജീവിക്കണ്ട, മരിച്ചാൽ മതി… എന്നു ജീവിതത്തിൽ ഒരിക്കലെങ്കിലും ചിന്തിക്കാത്തവർ / പറയാത്തവർ ആരുണ്ട് ?
എന്നാൽ ഒരു ലോകമനുഷ്യൻ പറയുന്നതുപോലെയല്ല ഒരു ദൈവപൈതൽ അതു പറയുമ്പോൾ സംഭവിക്കുന്നത്. സ്വർഗ്ഗത്തിലെ ദൈവത്തെ ആ വാക്കുകൾ എത്രത്തോളം അസ്വസ്ഥമാക്കുന്നുണ്ട് എന്ന് ഏലിയാവിൻ്റെ ജീവിതത്തിൽ നിന്ന് മനസ്സിലാക്കുവാൻ കഴിയും. നിരാശനായി ഇരുന്ന ഏലിയാവിൻ്റെ അടുക്കൽ തന്റെ ദൂതനെ അയച്ച് ആശ്വസിപ്പിക്കുക മാത്രമല്ല ദൈവം ചെയ്തത്. ‘എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ’ എന്നു പറഞ്ഞ ഏലിയാവിൻ്റെ പ്രാണൻ എടുക്കാതെതന്നെ അവനെ സ്വർഗ്ഗത്തിൽ കൊണ്ടുപോകണമെന്ന് ആ ദിവസം ദൈവഹൃദയത്തിൽ ഒരു തീരുമാനമെടുത്തു എന്നു കരുതാം. സ്തോത്രം !
ചില മനുഷ്യർ നമുക്കു ദോഷം ചെയ്യാൻ ആഗ്രഹിക്കുമ്പോൾ, അല്ലെങ്കിൽ നമ്മുടെ കയ്യിൽനിന്ന് എന്തെങ്കിലും കവർന്നിടുക്കുവാൻ ശ്രമിക്കുമ്പോൾ, ആ കാര്യം നമ്മുടെ നാവുകൊണ്ടുതന്നെ പറയിച്ച്, അവ തട്ടിയെടുക്കാൻ കാണിക്കുന്ന കുരുട്ടുബുദ്ധി കാണാറുണ്ടല്ലോ ! നീ പറഞ്ഞിട്ടാണ് ഞാനിത് ചെയ്യുന്നത് എന്നു പറഞ്ഞ് പിന്നീട് ആ കുറ്റം നമ്മുടെതലയിൽ തന്നെ കെട്ടിവെക്കാറുമുണ്ട്.
ചില വിഷമഘട്ടങ്ങളിൽ സങ്കടത്തിൽനിന്ന് നാം പറയുന്ന ഒരു വാക്കിൽ പിടിച്ച് നമ്മെ ക്രൂശിക്കാൻ ഈ ലോകത്തിൽ അനേകരുണ്ടാകും. എന്നാൽ സ്വർഗ്ഗത്തിലെ ദൈവം അങ്ങനെയല്ല, നമ്മൾ ഹൃദയംനുറുങ്ങി സങ്കടത്തോടെ പറയുന്ന ഓരോ വാക്കുകളും നമുക്കുവേണ്ടിയുള്ള നന്മയുടെ പദ്ധതികളാക്കിമാറ്റുന്ന ദൈവസ്നേഹം എത്ര വലുതാണ്.
പ്രിയരേ, ഏലിയാവിൻ്റെ സങ്കടംകണ്ട് അവനുവേണ്ടി ഒരു മഹാപദ്ധതി തന്റെ ഹൃദയത്തിൽ കരുതിയ കർത്താവ് നമ്മുടെ വഷമങ്ങൾകണ്ട് ചില കാര്യങ്ങൾ ഒരുക്കുന്നുണ്ട്. വിശ്വസിക്കുന്നവർക്ക് ഈ സന്ദേശത്തിൽ കരങ്ങൾവെച്ച് പ്രാർത്ഥിക്കാം
സ്വർഗ്ഗീയ പിതാവേ, എന്നോട് അരുളിച്ചെയ്ത ഈ സന്ദേശം ഞാൻ ഏറ്റെടുക്കുന്നു. ഏലിയാവിൻ്റെ സങ്കടംകണ്ട് ദൈവദൂതനെ അയച്ച് അവനെ ബലപ്പെടുത്തുകയും ആഹാരം നൽകി ഏറെദൂരം സഞ്ചരിക്കുവാൻ കൃപനൽകി, ഒരു മഹാപദ്ധതി അവനുവേണ്ടി ഒരുക്കിയതുപോലെ എൻ്റെ ജീവിതത്തിലും കൃപ പകരേണമേ, സങ്കടകയങ്ങളിൽ നിന്ന് എന്നെ കയറ്റി കർത്താവിനോടുകൂടെ ഇനിയും ഏറെദൂരം ജീവിത യാത്രചെയ്യുവാൻ സഹായിക്കേണമേ
യേശുവിൻ്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു. 'ആമേൻ'.