വിശ്വാസത്താൽ അവർ ചെങ്കടൽ കടന്നു

February-2024

മിസ്രയീമ്യർ നോക്കിയപ്പോൾ കണ്ടത് ദൈവജനത്തിൻ്റെ കാല്ക്കീഴെ ഉണങ്ങിയ നിലം മാത്രമായിരുന്നു, അവരെ താങ്ങിനടത്തിക്കൊണ്ടിരുന്ന സർവ്വശക്തൻ്റെ ശാശ്വതഭുജങ്ങൾ കാണുവാനുള്ള വിശ്വാസകണ്ണുകൾ അവർക്കില്ലായിരുന്നു. ലോകമനുഷ്യരുടെ കണ്ണുകൾക്ക് കാണുവാൻ കഴിയാത്ത, സ്വർഗ്ഗത്തിലെ ദൈവത്തിൻ്റെ വീര്യഭുജങ്ങളിൽ അത്ഭുതകരമായി ഓരോ ദിവസവും നമ്മെ നടത്തിക്കൊണ്ടിരിക്കുന്ന ദൈവത്തിനു മഹത്വം കരേറ്റാം.


     എബ്രാ. 11:29 “വിശ്വാസത്താൽ അവർ കരയിൽ എന്നപോലെ ചെങ്കടലിൽ കൂടി നടന്നു. അതു മിസ്രയീമ്യർ ചെയ്വാൻ നോക്കീട്ടു മുങ്ങിപ്പോയി”
      വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ഒരു വലിയ വ്യത്യാസമാണ് ഈ വചനത്തിൽ നമ്മൾ കാണുന്നത്. വിശ്വാസത്താൽ ചിലർ ചെയ്യുന്ന കാര്യങ്ങൾ കണ്ട് മറ്റുചിലർ അത് അനുകരിക്കുവാൻ ശ്രമിക്കുകയും അമ്പേ പരാജയപ്പെടുകയും ചെയ്യുന്ന കാഴ്ചകൾ ഈ കാലത്തും നമ്മൾ കാണുന്നുണ്ട്.
മിസ്രയീമ്യർ നോക്കിയപ്പോൾ കണ്ടത്, ചെങ്കടൽ രണ്ടായി പിളർന്നിരിക്കുന്നതും അതിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടെ യിസ്രായേൽ ജനം കടന്നുപോകുന്നതും മാത്രമാണ്. എന്നാൽ അതിനപ്പുറമായ ചില കാഴ്ചകൾ കാണുവാനുള്ള വിശ്വാസം അവർക്കില്ലായിരുന്നതുകൊണ്ടാണ് അവർ ചെങ്കടലിൽ മുങ്ങിപ്പോയത്.
എന്തായിരുന്നു അവർ കാണാത്ത, വിശ്വാസികൾക്കു മാത്രം കാണുവാൻ കഴിയുന്ന ആ കാഴ്ച എന്നറിയാമോ ? വേദപുസ്തക വെളിച്ചത്തിൽ മൂന്നു കാര്യങ്ങൾ ഞാൻ ഓർമ്മിപ്പിക്കാം.


1) ആവർത്ത. 33:27 “പുരാതനനായ ദൈവം നിൻ്റെ സങ്കേതം കീഴെ ശാശ്വത ഭുജങ്ങൾ ഉണ്ടു..”
യെശ. 41:10 “..എൻ്റെ നീതിയുള്ള വലങൈ്കകൊണ്ടു ഞാൻ നിന്നെ താങ്ങും.”
     മിസ്രയീമ്യർ നോക്കിയപ്പോൾ കണ്ടത് ദൈവജനത്തിൻ്റെ കാല്ക്കീഴെ ഉണങ്ങിയ നിലം മാത്രമായിരുന്നു, അവരെ താങ്ങിനടത്തിക്കൊണ്ടിരുന്ന സർവ്വശക്തൻ്റെ ശാശ്വതഭുജങ്ങൾ കാണുവാനുള്ള വിശ്വാസകണ്ണുകൾ അവർക്കില്ലായിരുന്നു. ലോകമനുഷ്യരുടെ കണ്ണുകൾക്ക് കാണുവാൻ കഴിയാത്ത, സ്വർഗ്ഗത്തിലെ ദൈവത്തിൻ്റെ വീര്യഭുജങ്ങളിൽ അത്ഭുതകരമായി ഓരോ ദിവസവും നമ്മെ നടത്തിക്കൊണ്ടിരിക്കുന്ന ദൈവത്തിനു മഹത്വം കരേറ്റാം.

2) യെശ. 43:2 “നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിൻ്റെ മീതെ കവികയില്ല; നീ തീയിൽകൂടി നടന്നാൽ വെന്തുപോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല”
     വാഗ്ദത്തങ്ങളിൽ വിശ്വസ്തനായ ദൈവം തൻ്റെ ജനത്തിനു നൽകിയിരിക്കുന്ന വാഗ്ദത്തമാണ് ഇത്. നിത്യനായ ദൈവത്തിൻ്റെ വാഗ്ദത്തങ്ങളും നിത്യമാണ്. അബ്രാഹാമിൻ്റെ സന്തതികൾ ചെങ്കടലിൽകൂടെ കടന്നത് വിശ്വാസത്താലായിരുന്നു എന്ന് എബ്രാ. 11:29 വചനത്തിൽ നമ്മൾ വായിച്ചുവല്ലോ. ആ വാഗ്ദത്തവും വിശ്വാസവും അവരെ ചെങ്കടൽ കടത്തിയപ്പോൾ അവ ഇല്ലാതിരുന്ന മിസ്രയീമ്യർ ചെങ്കടലിൽ മുങ്ങിപ്പോയി. ഇന്നും വിശ്വാസത്താൽ അബ്രാഹാമിൻ്റെ വാഗ്ദത്തം ലഭിച്ച ദൈവപൈതലിനെ മുക്കിക്കളയുവാൻ ഒരു വെള്ളത്തിനും കഴികയില്ല. സ്തോത്രം !

3) മത്തായി 14:31 “യേശു ഉടനെ കൈ നീട്ടി അവനെ (പത്രൊസിനെ) പിടിച്ചു..”
     പത്രൊസിൻ്റെ കയ്യിൽ യേശു പിടിച്ചതുകൊണ്ട് അവൻ കടലിൽ മുങ്ങിപ്പോയില്ല. സമുദ്രത്തിലെ വെള്ളത്തിൻ മുകളിൽകൂടെ നടക്കുവാനും, സമുദ്രത്തിനകത്തെ ഉണങ്ങിയ നിലത്തുകൂടെ നടക്കുവാനും യേശുവിൻ്റെ കരങ്ങൾ പിടിച്ചാൽ മതി.
ഈ മർമ്മം വിശ്വസിക്കുന്നവർക്ക് മാത്രം വെളിപ്പെട്ടിരിക്കുന്നു. ഇന്നും അതു മനസ്സിലാക്കാത്തവർ മിസ്രയേമ്യർക്ക് സമമാണ്. ‘മിസ്രയീമ്യർ ചെയ്വാൻ നോക്കീട്ടു മുങ്ങിപ്പോയി’ എന്ന വചനംപോലെ ഇന്നും ചിലർ മുങ്ങിക്കൊണ്ടിരിക്കുന്നു. എന്നാൽ ദൈവത്തിൻ്റെ വാഗ്ദത്തം ലഭിച്ചവർ ഈ ലോകത്തിലെ പരീക്ഷകളിലും ശോധനകളിലും മുങ്ങിപ്പോകാതെ, യേശു കരം പിടിച്ചു നടത്തുന്നു. സ്തോത്രം !

*സ്തോത്ര പ്രാർത്ഥന*
സ്വർഗ്ഗീയ പിതാവാം ദൈവമേ, ഈ ലോകയാത്രയിൽ മുങ്ങിപ്പോകാതവണ്ണം വാഗ്ദത്തങ്ങൾ നൽകി എന്നെയും കുടുംബത്തെയും കരംപിടിച്ച് വിശ്വസ്തതയോടെ നടത്തുന്നതിന് നന്ദി പറയുന്നു. നന്ദി കർത്താവേ, അവിടുത്തെ സ്നേഹകരുതലിന് ഒരായിരം നന്ദി.


അനുഗ്രഹിക്കപ്പെട്ട ഒരു ദിനം ആശംസിച്ചുകൊണ്ട്,
ഭോപ്പാലിൽ നിന്ന് വചനമാരി ടീം.

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*

വിലകൊടുത്തവർ

മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ ചെയ്തവർ. മറ്റുള്ളവരെക്കാൾ കൂടുതൽ വിശ്വാസ തീക്ഷ്ണത കാണിച്ചവർ. ശാസനകൾ വകവെക്കാതെ യേശുവിനെ വിളിച്ചു കരഞ്ഞവർ. ദേശത്തിൻ്റെ അതിർകടന്നും കർത്താവിൻ്റെ അടുക്കൽ വരുവാൻ ധൈര്യം കാണിച്ചവർ. *വിശ്വാസത്തിനുവേണ്ടി വിലകൊടുത്തവർ കർത്താവിൽനിന്നു അനുഗ്രഹങ്ങളും വിടുതലും പ്രാപിച്ചു*.      ആകയാൽ പ്രിയരേ, സാഹചര്യങ്ങളെ ഭയക്കാതെ, നിയന്ത്രണങ്ങളെ പേടിക്കാതെ, ശാസനകളെ മുഖവിലക്കെടുക്കാതെ, പരിധികളെ ഗൗനിക്കാതെ… വിശ്വാസത്തോടെ യേശുകർത്താവിൻ്റെ അടുക്കലേക്ക് വരിക. നിനക്കുവേണ്ടിമാത്രം വ്യത്യസ്തമായ ചിലത് കർത്താവ് ചെയ്യും ആമേൻ