ഉണങ്ങുന്നവരും തളിർക്കുന്നവരും

June-2024

ഒരിക്കൽ യേശു കർത്താവ് ആ ശമര്യ സ്ത്രീയോട് പറഞ്ഞ വാക്കുകളാണ് ഇത്. കർത്താവ് കൊടുക്കുന്ന വെള്ളം എന്താണ് എന്ന് തുടർന്നുള്ള വചനങ്ങളിൽ വായിക്കുന്നുണ്ട്. വാക്യം 24 “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം” അതായത്, സത്യദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോഴാണ് നനവോടെ ഇരിക്കുവാൻ സാധിക്കുന്നത്. ആരാധനയുടെ നനവ് ഇല്ല എങ്കിൽ ജീവിതം ഉണങ്ങിപ്പോകും. ഇന്ന് അനേക ജീവിതങ്ങളിൽ കാണുന്ന ഉണക്കിന് കാരണം ആത്മാവിലും സത്യത്തിലുമുള്ള ആരാധന ഇല്ലാത്തതാണ്. മടങ്ങി വരുവാൻ, കർത്താവ് തരുന്ന വെള്ളം കുടിപ്പാൻ (ആത്മാവിൽ നിറയുവാൻ) നനവോടെ ഇരിപ്പാൻ യേശു കർത്താവ് ക്ഷണിക്കുന്നു.


      വിശുദ്ധ വേദപുസ്തകത്തിൽ പല ആവർത്തി രേഖപ്പെടുത്തിയിരിക്കുന്ന ഈ രണ്ടു വാക്കുകളും മനുഷ്യ ജീവിതവുമായി ബന്ധപ്പെടുത്തി വിചിന്തനം ചെയ്യുമ്പോൾ ഇവയുടെ അർത്ഥങ്ങൾക്കും ഉപരിയായ ചില ആശയങ്ങൾ അഥവാ ചില ആത്മീയ ചിന്തകൾ നമുക്കു ദർശിക്കുവാൻ കഴിയും.
      സാധാരണയായി കർഷകർ തങ്ങളുടെ കാർഷിക വിളകൾക്ക്, പ്രത്യേകിച്ചും ഏലക്കയും കുരുമുളകും പോലുള്ള കൃഷികൾക്ക് നാശം സംഭവിക്കുവാനുള്ള ഒരു പ്രധാന കാരണമായി പറയാറുള്ളത്, അവയ്ക്ക് ഉണക്കുതട്ടി അഥവാ വാട്ടംതട്ടി എന്നാണ്. നന്നായി ഫലം തന്നുകൊണ്ടിരുന്നവയ്ക്ക് ഉണക്കു തട്ടിയാൽ ഫലം ഉണ്ടാകില്ല എന്നുമാത്രമല്ല അവ എന്നേക്കും നശിച്ചുപോകുന്നതിനും കാരണമായിത്തീരും.
       അതുപോലെ മനുഷ്യ ജീവിതത്തിലും സംഭവിക്കുന്ന ചില വാട്ടങ്ങളെക്കുറിച്ചും, ഉണക്കു തട്ടുന്ന അനുഭവങ്ങളെക്കുറിച്ചും, തളിർക്കുന്ന അനുഭവങ്ങളെക്കുറിച്ചും അവയുടെ കാരണങ്ങളെക്കുറിച്ചും തിരുവചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്ന മനുഷ്യനെക്കുറിച്ച്, അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും എന്നാണ് ഒന്നാമത്തെ സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നത്.
എന്നാൽ ഇതിന് നേരെ വിപരീതമായ ചില ജീവിതങ്ങളുണ്ട് വാടിയും ഉണങ്ങിയും ഇരിക്കുന്നവർ, സന്തോഷം നഷ്ടപ്പെട്ടിരിക്കുന്നവർ, ചെയ്യുന്നതൊന്നും സാധിക്കാത്തവർ. ഭാഗ്യമില്ലാത്ത ഇൗ ജീവിത അവസ്ഥയ്ക്കുള്ള കാരണങ്ങൾ വചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ ചിലത് ഞാൻ ഓർമ്മിപ്പിക്കാം.


*1) ഇയ്യോബ് 8:12,13 ദൈവത്തെ മറന്നു ജീവിക്കുന്നവരുടെ ജീവിതം ഉണങ്ങിപ്പോകും.*
പച്ചയായിരിക്കുമ്പോൾ തന്നെ അവ വാടുന്നു എന്നാണ് ഈ വചനത്തിൽ കാണുന്നത്. അതായത് ജീവിത സാഹചര്യങ്ങളെല്ലാം നന്നായി തോന്നുമെങ്കിലും, ആരോഗ്യവും സമ്പത്തിനുമൊന്നും കുറവില്ല എന്നു പുറമെ തോന്നുമെങ്കിലും. ദൈവത്തെ മറന്നുള്ള ജീവിതമാണ് എങ്കിൽ ഉള്ളിൽ വാട്ടം ആരംഭിച്ചിട്ടുണ്ട്, അതു പുറമെ വെളിപ്പെടാൻ അധിക സമയം എടുക്കുകയില്ല.

*2) മത്തായി 13:6 വേരില്ലാത്തവ ഉണങ്ങിപ്പോകും.*
ഇയ്യോബ് 18:16 ൽ വായിക്കുന്നത് കീഴെ വേർ ഉണങ്ങിപ്പോകുമ്പോൾ മേലെ കൊമ്പ് വാടിപ്പോകും എന്നാണ്. അതായത് മേലെ പച്ചപ്പായി നിൽക്കണമെങ്കിൽ കീഴെ വേരുണങ്ങാതെ സൂക്ഷിക്കണം എന്നു സാരം. മേലെ എല്ലാം പച്ചപ്പാണല്ലോ, നല്ല ജോലിയുണ്ട്, ബാങ്ക് ബാലൻസുണ്ട്, മക്കളുണ്ട് നന്നായി പഠിക്കുന്നുണ്ട്, സമൂഹത്തിൽ മാന്യമായ സ്ഥാനമുണ്ട്, ആരോഗ്യമുണ്ട്, കാര്യങ്ങളെല്ലാം ഭംഗിയായി പോകുന്നുണ്ട്. മേലെ എല്ലാം പച്ചപ്പായി ഇരിക്കുന്നു. എങ്കിൽ കീഴെ വേർ ഉണങ്ങിപ്പോകാതെ സൂക്ഷിച്ചോണം. കൊലൊ. 2:6,7 വചനത്തിൽ ഇപ്രകാരമാണല്ലോ വായിക്കുന്നത്; “ആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവൻ്റെ കൂട്ടായ്മയിൽ നടപ്പിൻ; അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.”
എഫെ. 3:17 ൽ വായിക്കുന്നത് ക്രിസ്തുവിനെ ഹൃദയത്തിൽ സ്വീകരിച്ച് സ്നേഹത്തിൽ വേരൂന്നണം എന്നാണ്.

*3) ലൂക്കൊസ് 8:6 നനവില്ലായ്കയിൽ ഉണങ്ങിപ്പോകും.*
നമ്മുടെ ജീവിതം നനവോടെ ഇരിക്കണമെങ്കിൽ എന്തു ചെയ്യണം ? രണ്ടു കാര്യങ്ങൾ വേദപുസ്തകത്തിൽ നിന്ന് ഓർമ്മിപ്പിക്കാം;
*ഒന്ന്:*
യോഹ.4:14 വചനത്തിൽ യേശുകർത്താവ് ഇപ്രകാരം പറഞ്ഞു “ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും”
ഒരിക്കൽ യേശു കർത്താവ് ആ ശമര്യ സ്ത്രീയോട് പറഞ്ഞ വാക്കുകളാണ് ഇത്. കർത്താവ് കൊടുക്കുന്ന വെള്ളം എന്താണ് എന്ന് തുടർന്നുള്ള വചനങ്ങളിൽ വായിക്കുന്നുണ്ട്. വാക്യം 24 “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം”
അതായത്, സത്യദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോഴാണ് നനവോടെ ഇരിക്കുവാൻ സാധിക്കുന്നത്. ആരാധനയുടെ നനവ് ഇല്ല എങ്കിൽ ജീവിതം ഉണങ്ങിപ്പോകും. ഇന്ന് അനേക ജീവിതങ്ങളിൽ കാണുന്ന ഉണക്കിന് കാരണം ആത്മാവിലും സത്യത്തിലുമുള്ള ആരാധന ഇല്ലാത്തതാണ്. മടങ്ങി വരുവാൻ, കർത്താവ് തരുന്ന വെള്ളം കുടിപ്പാൻ (ആത്മാവിൽ നിറയുവാൻ) നനവോടെ ഇരിപ്പാൻ യേശു കർത്താവ് ക്ഷണിക്കുന്നു.
*രണ്ട്:*
യെശ. 58:10,11 “വിശപ്പുള്ളവനോടു നീ താല്പര്യം കാണിക്കയും കഷ്ടത്തിൽ ഇരിക്കുന്നവന്നു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ നിൻ്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിൻ്റെ അന്ധകാരം മദ്ധ്യാഹ്നം പോലെയാകും. യഹോവ നിന്നെ എല്ലയ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിൻ്റെ വിശപ്പു അടക്കി, നിൻ്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും.”
മറ്റുള്ളവരോട്, ദരിദ്രരോട്, രോഗികളോട്, വിശപ്പുള്ളവരോട്, കഷ്ടത്തിലും വേദനയിലും സങ്കടത്തിലും ഇരിക്കുന്നവരോട് ദയ കാണിക്കുമെങ്കിൽ, ക്രിസ്തുവിൻ്റെ സ്നേഹത്താൽ അവരെ കരുതുമെങ്കിൽ, ദൈവം തരുന്ന നന്മയാൽ അവരെയും സഹായിക്കുമെങ്കിൽ, എളിയവരായ ദൈവവേലക്കാരെ ആദരിക്കുമെങ്കിൽ… സ്വർഗ്ഗത്തിലെ ദൈവം നിങ്ങളെ നനവുള്ള തോട്ടംപോലെയും വറ്റിപ്പോകാത്ത നീരുറവുപോലെയും ആക്കും;
*ഉണങ്ങിപ്പോകുവാൻ ദൈവം അനുവദിക്കില്ല.*

*പ്രാർത്ഥനയോടെ,*
ഭോപ്പാൽ വചനമാരി ടീം.

പ്രാർത്ഥനാ കൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ മൊബൈൽ: 9589741414, 9424400654, 7000477047 ഫോൺ: 07554297672

*കുറിപ്പ്:*
ഇൗ ധ്യാന സന്ദേശത്തിന്റെ രണ്ടാം ഭാഗം അടുത്ത ദിവസം അയക്കുന്നതായിരിക്കും.

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.