കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ ധ്യാനിച്ചുവരുന്ന ഈ വിഷയത്തോടുള്ള ബന്ധത്തിൽ, ജീവിതത്തിലെ ചില മേഖലകളിൽ നേരിടാൻ സാധ്യതയുള്ള ഉണക്കിന് / വരൾച്ചയ്ക്ക് കാരണമാകാവുന്ന ആറു വിഷയങ്ങൾ തിരുവചന വെളിച്ചത്തിൽ നമ്മൾ മനസ്സിലാക്കിയല്ലോ. ഇന്ന് ഏഴാമത്തെ വിഷയം പരിശോധിക്കാം.
*7) യെശ. 27:11 ദൈവത്തിൻ്റെ കരുണ ലഭിക്കാത്തവരും, ദൈവകൃപ നഷ്ടപ്പെടുന്നവരും ഉണങ്ങിപ്പോകും.*
ചില ജീവിതങ്ങളിൽ വാട്ടവും ഉണക്കും തട്ടിയിരിക്കുന്നതിനുള്ള കാരണം അവർക്ക് കരുണയും ദൈവകൃപയും നഷ്ടപ്പെട്ടിരിക്കുന്നതുകൊണ്ടാണ്. അപ്പൊ. പൌലൊസ് തീത്തൊസിനോട് പറയുന്നത് ഇപ്രകാരമാണ് “അവൻ നമ്മെ നാം ചെയ്ത നീതിപ്രവർത്തികളാലല്ല, തൻ്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു” (തീത്തൊ. 3:5). യാഗത്തിലല്ല, കരുണയിൽ അത്രേ കർത്താവ് പ്രസാദിക്കുന്നത് (മത്തായി 12:7). അതായത് കർത്താവിൻ്റെ കരുണ ലഭിക്കാതെ എത്ര നീതിപ്രവർത്തികൾ ചെയ്താലും ഒരു രക്ഷയുമില്ല, കരുണയില്ലാത്ത ഹൃദയവുമായി എത്ര (സ്തോത്ര)യാഗങ്ങൾ അർപ്പിച്ചാലും ദൈവം പ്രസാദിക്കില്ല.
ആർക്കാണ് കരുണ ലഭിക്കുക എന്ന് കർത്താവ് പറഞ്ഞിട്ടുണ്ട്. കരുണയുള്ളവർ ഭാഗ്യവാന്മാർ അവർക്ക് കരുണ ലഭിക്കും മത്തായി 5:7. ദൈവത്തെ ഭയപ്പെട്ടു ജീവിക്കുന്നവർക്ക് കരുണ ലഭിക്കും ലൂക്കൊസ് 1:50. ദൈവത്തിൻ്റെ പ്രമാണങ്ങൾ അനുസരിച്ച് ജീവിക്കുന്നവർക്ക് കരുണ ലഭിക്കും ഗലാത്യ. 6:16.
കർത്താവേ, എന്നോടു കരുണ തോന്നേണമേ, എന്നു ഹൃദയനുറുക്കത്തോടു പ്രാർത്ഥിച്ചവരോടെല്ലാം കർത്താവ് കരുണ കാണിക്കുന്നു.
കുരുടന്മാരോട് കരുണ കാണിച്ചു മത്താ. 9:27, ലൂക്കൊ. 18:38, മർക്കൊ. 10:47
കുഷ്ഠരോഗികളോട് കരുണ കാണിച്ചു ലൂക്കൊ. 17:13
മക്കളില്ലാത്തവളോട് കരുണ കാണിച്ചു ലൂക്കൊ. 1:58
ഭൂതഗ്രസ്തനോട് കരുണ കാണിച്ചു മർക്കൊ. 5:19
ചന്ദ്രരോഗിയോട് കരുണ കാണിച്ചു മത്താ. 17:15
അങ്ങനെ ജീവിതത്തിലെ നാനാമേഖലയിലുള്ളവർ, പലവിധ രോഗികൾ, വിവിധങ്ങളായ സങ്കട കയങ്ങളിൽ ജീവിച്ചിരുന്നവർ, സമൂഹത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ടവർ.. കർത്താവിനോട് കരുണയ്ക്കായി യാചിച്ചപ്പോൾ സർവ്വകൃപാലുവായ യേശു കർത്താവ് അവരോടെല്ലാം കരുണ കാണിച്ചു.
റോമർ 9:16 “അതുകൊണ്ട് ഇച്ഛിക്കുന്നവനുമല്ല, ഓടുന്നവനുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നത്”
അതുകൊണ്ട് ദൈവകൃപയും കരുണയും ലഭിച്ചില്ലെങ്കിൽ ജീവിതത്തിൽ ഒന്നും സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞു അതിനായി യാചിക്കുക. അല്ലെങ്കിൽ കുടുംബവും തലമുറയും ഉണങ്ങിപ്പോകും.
*8) യെശ. 33:8,9 ദൈവത്തോടുള്ള ഉടമ്പടികൾ ലംഘിച്ചാൽ ഉണങ്ങിപ്പോകും*
ദൈവമക്കളെന്ന് അവകാശപ്പെടുന്നവരുടെപോലും ജീവിതത്തിൽ വാട്ടവും വല്ലാത്ത ഒരു ഉണക്കും നേരിടുന്നതിൻ്റെ മറ്റൊരു കാരണമാണ് ഇത്. കർത്താവുമായി ചെയ്തിരിക്കുന്ന ഉടമ്പടികളിലേക്ക് മടങ്ങി വന്നില്ലെങ്കിൽ ഇനി ഒരു തളിർപ്പിനുള്ള സാധ്യത ഇല്ല. പുറ. 23:32 ൽ യഹോവയായ ദൈവം തൻ്റെ ജനത്തിന് നല്കുന്ന ശക്തമായ ഒരു മുന്നറിയിപ്പ് നമ്മൾ വായിക്കുന്നുണ്ട്. “അവരോടു എങ്കിലും അവരുടെ ദേവന്മാരോടു എങ്കിലും നീ ഉടമ്പടി ചെയ്യരുത്”. ഇന്ന് അന്യ ദൈവങ്ങളോടും അവരുടെ ദല്ലാളുമാരോടും എന്തു ഉടമ്പടികളിലും നിർലോഭമായി ഏർപ്പെടുന്ന സഭാ നേതാക്കന്മാരും മേലദ്ധ്യക്ഷന്മാരും ആത്മീയഗോളത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന ഉണക്കിൻ്റെ കാരണങ്ങൾ തേടി വേറെങ്ങും പോകേണ്ട, വേദപുസ്തക ഉപദേശങ്ങളിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയാൽ മതി.
എബ്രാ. 13:20 കർത്താവായ യേശു ക്രിസ്തുവിൻ്റെ രക്തത്താൽ ദൈവം മനുഷ്യനോട് ചെയ്തിരിക്കുന്ന നിത്യ നിയമത്തിൻ്റെ ഉടമ്പടിയുടെ ഭാഗമായി ദൈവത്തിൻ്റെ മക്കളും നിത്യജീവന് അവകാശികളുമായി തീർന്നിരിക്കുന്ന നമ്മുക്ക് ഇനി വേറെ ഒരു ഉടമ്പടിയുടെ ആവശ്യമില്ല. കുഞ്ഞാടിൻ്റെ രക്തത്തിൻ ഉടമ്പടിയിൽ നിന്ന് മാറിപ്പോയാൽ, ഇത്ര വലിയ രക്ഷയിൽ നിന്ന് പിന്മാറിപ്പോയാൽ / അന്യദൈവങ്ങളോട് ഉടമ്പടി ചെയ്താൽ ജീവിതം ഉണങ്ങിപ്പോകുവാൻ ഇടയാകും. യെഹ.17:19 “അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; എന്നാണ, അവൻ ധിക്കരിച്ചിരിക്കുന്ന എൻ്റെ സത്യവും ലംഘിച്ചിരിക്കുന്ന എൻ്റെ ഉടമ്പടിയും ഞാൻ അവൻ്റെ തലമേൽ വരുത്തും”.
*9) യെശ. 15:6, 22:11, യിരെ.48:1,29 ഗർവ്വം, അഹമ്മതി, നിഗളം, ഉന്നതഭാവം ജീവിതത്തിൽ ഉണ്ടായാൽ ഉണങ്ങിപ്പോകും.*
മോവാബിനെക്കുറിച്ചുള്ള പ്രവചനമാണ് മുകളിലുള്ള വാക്യങ്ങളിൽ നമ്മൾ കാണുന്നത്. അവരുടെ കുറവുകളെ ചൂണ്ടിക്കാണിച്ചുകൊണ്ട്, നിമ്രീമിലെ ജലാശയങ്ങൾ വരണ്ടിരിക്കുന്നതുകൊണ്ട് പുല്ലുണങ്ങിയും ഇളമ്പുല്ലുവാടിയിയും പച്ചയായതൊക്കെയും ഇല്ലാതെയായിരിക്കുന്ന അവസ്ഥകളും രേഖപ്പെടുത്തിക്കൊണ്ട് ഇന്നത്തെ തലമുറകൾക്കും തരുന്ന ഒരു പ്രവചനമുന്നറിയിപ്പാണ് ഇത്.
മോവാബ് സ്വരൂപിച്ച സമ്പത്തും അവർ സംഗ്രഹിച്ചു വെച്ച നിക്ഷേപങ്ങളും അലരിത്തോട്ടിന്നരികത്തേക്ക് കൊണ്ടു പോകുന്നു എന്നാണ് വായിക്കുന്നത്. അങ്ങനെ ബാബേൽ പ്രവാസത്തിലേക്ക് പോയവർ അടിമവേല ചെയ്ത് അന്യദേശത്ത് പാർക്കേണ്ടി വന്നു.
അഹങ്കാരം മനുഷ്യൻ്റെ തലയ്ക്കുപിടിച്ചാൽ അവൻ എന്തൊക്കെയാണോ ചെയ്തുകൂട്ടുന്നത്. പണം, സമ്പത്ത്, സ്ഥാനമാനങ്ങൾ ഒക്കെ നേടുന്നതിനുവേണ്ടി നേരായ മാർഗ്ഗങ്ങൾ വിട്ട് വളഞ്ഞ വഴികൾ തേടി, അന്തസ്സും അഭിമാനവും പണയംവെച്ച് വെട്ടിപ്പിടിക്കുന്നവയെല്ലാം അവസാനം അന്യർ വന്ന് കയ്യടക്കുമെന്ന പാഠമാണ് ബാബേൽ പ്രവാസം പഠിപ്പിക്കുന്നത്. അഹമ്മതിയും നിഗളമൊന്നും ദൈവം അധികകാലം വെച്ചുപൊറുപ്പിക്കില്ല. പച്ചപ്പുകൾ ആദ്യം വാടും, ഉണങ്ങും പിന്നെ കരിയും.
നമ്മുടെ ഹൃദയപലകയിൽ എക്കാലവും ഓർമ്മയോടെ സൂക്ഷിക്കേണ്ട ഒരു വേദഭാഗം ഓർമ്മിപ്പിച്ചുകൊണ്ട് ഈ സന്ദേശം ഞാൻ അവസാനിപ്പിക്കുന്നു. യെഹ. 17 അദ്ധ്യായം മുഴുവനും വായിക്ക, അവസാന വാക്യം 24 ഓർത്തിരിക്ക;
“യഹോവയായ ഞാൻ ഉയരമുള്ള വൃക്ഷത്തെ താഴ്ത്തി താണിരുന്ന വൃക്ഷത്തെ ഉയർത്തുകയും പച്ചയായുള്ള വൃക്ഷത്തെ ഉണക്കി ഉണങ്ങിയ വൃക്ഷത്തെ തഴെപ്പിക്കയും ചെയ്തിരിക്കുന്നു എന്നു കാട്ടിലെ സകല വൃക്ഷങ്ങളും അറിയും; യഹോവയായ ഞാൻ അതു പ്രസ്താവിച്ചും അനുഷ്ഠിച്ചും ഇരിക്കുന്നു”
*പ്രാർത്ഥനയോടെ,*
ഷൈജു പാസ്റ്റർ, വചനമാരി ടീം. ഭോപ്പാൽ
പ്രാർത്ഥനാ കൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ മൊബൈൽ: 9589741414, 9424400654, 7000477047 ഫോൺ: 07554297672
വചനമാരിയിൽ നിന്നുള്ള അനുഗ്രഹ സന്ദേശങ്ങൾ കൃത്യമായി ലഭിക്കുവാൻ ഞങ്ങളുടെ ഈ ഫോൺ നമ്പറുകൾ നിങ്ങളുടെ മൊബൈൽ ഫോണിൽ ഇപ്പോൾതന്നെ സേവ് ചെയ്യുക 9424400654, 7898211849, 9589741414, 7000477047