ഒരു
വ്യക്തിയോട് എന്നെ നല്ലവൻ എന്നു വിളിക്കുന്നത് എന്ത് ? എന്നു ചോദിച്ച കർത്താവ് മറ്റൊരു കൂട്ടരോട് ‘ഞാൻ നല്ല’ വനാണ് എന്നു പറയുന്നത് എന്തുകൊണ്ടാണ് ? ന്യായമായ ഈ ചോദ്യം ആരുടെയും ഉള്ളിൽ തോന്നാവുന്നതാണല്ലോ.
ഈ ചോദ്യത്തിനുള്ള ഉത്തരം തേടി വലിയ ഗവേഷണം ഒന്നും നടത്തേണ്ട കാര്യമില്ല. യേശു കർത്താവ് ആരോടാണ് സംസാരിക്കുന്നത് എന്നു പരിശോധിച്ചാൽ മാത്രം മതി. ഒരു പ്രമാണി വന്ന് യേശുവിനെ നല്ലവൻ എന്നു വിളിക്കുന്നതിനു പുറകിൽ അവന് മറ്റു ചില ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നു. അതു മനസ്സിലാക്കിയതുകൊണ്ടാണ് കർത്താവ് അവനോട് എന്നെ നീ നല്ലവൻ എന്നു വിളിക്കണ്ട എന്ന അർത്ഥത്തിൽ ഉത്തരം നൽകിയത്. കാരണം അവൻ ഒരിക്കലും കർത്താവിൻ്റെ വാക്കുകൾ അനുസരിക്കുന്നവനല്ലായിരുന്നു. അവൻ്റെ മുട്ടുകുത്തലും പ്രാർത്ഥനയും ഒക്കെ വെറും പ്രഹസനവും മറ്റുള്ളവരുടെ മുമ്പിൽ വെറും അഭിനയവും മാത്രമായിരുന്നു. മറ്റുള്ളവരോട് കരുതലോ സ്നേഹമോ ദയയോ ഇല്ലാതിരുന്ന ഒരു കപടഭക്തനായിരുന്നു അവൻ. അവൻ്റെ ഉള്ള് അറിഞ്ഞ കർത്താവ് അവനെ പരീക്ഷിക്കാനായി അവനോട് ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ, അവൻ്റെ ശരിക്കുമുള്ള സ്വഭാവം വെളിപ്പെട്ടു. അവൻ കർത്താവിനെ അനുസരിക്കാൻ തയ്യാറായില്ല എന്നു മാത്രമല്ല, ഉടനെതന്നെ യേശുവിനെ ഉപേക്ഷിച്ച് അവൻ സ്ഥലം വിടുകയും ചെയ്തു (മർക്കൊ. 10:22, മത്തായി 19:22).
യേശു കർത്താവിൻ്റെ അടുക്കൽ വന്ന് അവിടുത്തോടൊപ്പം സഞ്ചരിച്ചുവന്ന ധനവാന്മാർ നിരവധിപേർ ഉണ്ടായിരുന്നു. ഒരു വാക്യം മാത്രം ഞാൻ ഓർമ്മപ്പെടുത്താം ലൂക്കൊ. 8:1.. “അനന്തരം അവൻ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു. അവനോടുകൂടെ പന്തിരുവരും അവൻ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൗഖ്യെം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും ഹെരോദാവിൻ്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവർക്കു ശുശ്രൂഷ ചെയ്തു പോന്ന മറ്റു പല സ്ത്രികളും ഉണ്ടായിരുന്നു.”
യോഹന്നയും ശൂശന്നയും ഒക്കെ മഹാധനികരായ സ്ത്രീകളായിരുന്നു എന്നാണ് വചനത്തിൽ കാണുന്നത്, അവർ യേശുവിനെ അനുഗമിച്ചിരുന്നു. എന്നാൽ അവരോടാരോടും നിങ്ങളുടെ സമ്പത്ത് വിറ്റ് ദരിദ്രർക്ക് കൊടുക്കുവാൻ കർത്താവ് ആവശ്യപ്പെട്ടില്ലല്ലോ, പിന്നെ ആ പ്രമാണിയോട് മാത്രം “നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക;” എന്നു കർത്താവ് പറയാനുണ്ടായ കാരണം എന്തായിരുന്നു ?.
തൻ്റെ സമ്പത്ത് തനിക്കുമാത്രം (എൻ്റെ സ്വത്ത്, എൻ്റെ കഴിവ്, എൻ്റെ ബലം, എൻ്റെ ഇഷ്ടം..) എന്ന ഇടുങ്ങിയ മനസ്സോടെ ജീവിച്ച ആ പ്രമാണിയെപ്പോലെയല്ലായിരുന്നു ഈ ധനികരായിരുന്ന സഹോദരിമാർ. അവർ തങ്ങളുടെ വസ്തുവകകൊണ്ട് ശുശ്രൂഷ ചെയ്യുന്നവരായിരുന്നു. അതുകൊണ്ട് സ്വർഗ്ഗരാജ്യത്തിൽ കടക്കുവാൻ ആ ധനം അവർക്ക് തടസ്സമായിരുന്നില്ല. എന്നാൽ ദൈവരാജ്യത്തിന് പ്രയോജനപ്പെടാത്ത ധനംകൊണ്ട് ജീവിക്കുന്നവർക്ക് (പ്രമാണിമാർക്ക്) ഒരിക്കലും യേശുവിൻ്റെ രാജ്യത്തിൽ പ്രവേശിക്കുവാൻ കഴിയില്ല.
അക്കൂട്ടർക്ക് നല്ലവനായിരിക്കാൻ യേശു ഒരിക്കലും ഇഷ്ടപ്പെടുകയുമില്ല.
എന്നാൽ യേശുവിൻ്റെ ശബ്ദം കേൾക്കുന്ന, യേശുവിനെ അനുഗമിക്കുന്ന, യേശു പേർചൊല്ലി വിളിക്കുന്ന ആടുകൾക്ക് അവിടുന്ന് എന്നും നല്ലവനായിരിക്കും. കാരണം ആ ആടുകളെ യേശു എന്ന നല്ല ഇടയൻ തൻ്റെ ജീവനെക്കാളും അധികം സ്നേഹിക്കുന്നു. അവരെ സൂക്ഷിച്ച് പരിപാലിക്കുന്നു. അവരെ മേച്ചിൽപുറങ്ങളിലേക്ക് നടത്തുന്നു. ചെന്നായ്ക്കളിൽ നിന്നും വിരോധികളിൽനിന്നും സംരക്ഷിക്കുന്നു. തൻ്റെ ആടുകൾക്ക് അവൻ നിത്യജീവൻ കൊടുക്കുന്നു. സ്തോത്രം !
യേശുവിനെ നല്ലവൻ എന്നുവിളിച്ചുകൊണ്ട് സോപ്പിടാൻ വന്ന ആ പ്രമാണിക്ക് അവസാനം നിരാശനായി മടങ്ങേണ്ടി വന്നു. കാരണം ഇതുപോലുള്ള കപടമുഖക്കാരുടെ വാക്കുകളിൽ ഒന്നും വീഴുന്നവനല്ല നമ്മുടെ കർത്താവ്. ഈ ലോകത്തിലെ പ്രമാണിമാർക്ക് നല്ലവരായി നിൽക്കുന്ന നിരവധി ആൾ ദൈവങ്ങൾ ഇന്നുണ്ട്. അതിൽ ക്രിസ്തീയ നാമധാരികളും ഉണ്ടാകാം. പ്രമാണിമാർ കൊടുക്കുന്ന ബഹുമാനങ്ങൾ മേടിച്ചുകൊണ്ട്, അവരുടെ ഇഷ്ടത്തിനും താൽപ്പര്യൾക്കും കുടപിടിക്കുന്ന മതനേതാക്കന്മാരും ഉണ്ടാകാം. യേശു കർത്താവിനെ അവർക്ക് കിട്ടില്ല.
*യേശു നമുക്ക് നല്ലവനാണ്* കാരണം നാം അവിടുത്തെ ആടുകളാണ്. നമ്മുടെ ആവശ്യങ്ങളറിയുന്ന, നമ്മുടെ അവസ്ഥകൾ അറിയുന്ന, നമ്മുടെ സാഹചര്യങ്ങളറിയുന്ന (യോഹ. 10 :14 ) ആ നല്ല ഇടയൻ്റെ നമകൾ കാണുന്ന ദിവസങ്ങളായിരിക്കും ഇനിയുള്ള ദിവസങ്ങൾ. 2024 ജൂലൈ മാസത്തിലെ ഒന്നാം ദിവസം പരിശുദ്ധാത്മാവ് നമുക്കു തരുന്ന സന്ദേശമാണ് ഇത്.
യേശു നല്ലവൻ എനിക്കു യേശു നല്ലവൻ
നല്ല രക്ഷകൻ തൻ നാമം വാഴ്ത്തിപ്പാടും ഞാൻ
യേശു നല്ലവൻ അതേ എൻ യേശു നല്ലവൻ…
ആർക്കൊക്കെയാണ് യേശു നല്ലവൻ ? യേശു നമുക്ക് നല്ലവനാകകൊണ്ടുള്ള അനുഗ്രഹങ്ങൾ എന്തെല്ലാമാണ് ? ഈ ധ്യാന സന്ദേശത്തിൻ്റെ മൂന്നാം ഭാഗം അടുത്ത ദിവസം അയക്കുന്നതായിരിക്കും.
പ്രാർത്ഥനാ കൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ മൊബൈൽ: 9589741414, 9424400654, 7000477047 ഫോൺ: 07554297672