സർവ്വശക്തനായ ദൈവം ഒരിക്കൽ മോശെയോട് തന്നെത്താൻ വെളിപ്പെടുത്തിയത് ഇപ്രകാരമാണ് വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്; “യഹോവ അവൻ്റെ മുമ്പാകെ കടന്നു ഘോഷിച്ചതു എന്തെന്നാൽ: യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുറ്റമുള്ളവനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദർശിക്കുന്നവൻ.” (And the LORD passed by before him, and proclaimed, The LORD, The LORD God, merciful and gracious, longsuffering, and abundant in goodness and truth,..)
ഇത് മറ്റാരും പറഞ്ഞ വാചകങ്ങളല്ല, കർത്താവ്തന്നെ മോശെയോട് പറഞ്ഞതാണ്. നമ്മുടെ ദൈവം എത്ര നല്ലവനും മഹോന്നതനും കരുണാമയനുമാണ് എന്ന് ഈ വാക്യങ്ങളിൽ നിന്ന് വ്യക്തമാണ്. എന്നാൽ കുറ്റംചെയ്യുന്നവർക്ക് താൻ നല്ലവനായിരിക്കില്ല എന്നും അവരുടെ തലമുറകളോടും അതിന് കണക്കുചോദിക്കുമെന്നും ഒരു മുന്നറിയിപ്പായി ദൈവം മോശെയോട് പറയാനും മറന്നില്ല.
ദൈവം ആർക്കൊക്കെ നല്ലവനായിരിക്കുമെന്ന് രേഖപ്പെടുത്തിയിരിക്കുന്ന മൂന്നു വാക്യങ്ങൾ ഞാൻ ഓർമ്മിപ്പിക്കാം.
*1) വിലാപങ്ങൾ 3:25 ദൈവത്തെ കാത്തിരിക്കുന്നവർക്കും ദൈവത്തെ അന്വേഷിക്കുന്നവർക്കും ദൈവം നല്ലവനായിരിക്കും.*
കാത്തിരിക്കുക ക്ഷമയോടിരിക്കുക വിശ്വാസം കൈവിടാതിരിക്കുക പ്രത്യാശയോടിരിക്കുക ഉണർന്നിരിക്കുക നിർമ്മദരായിരിക്കുക… ഇതൊക്കെ ഒരു ദൈവഭക്തൻ്റെ ജീവിതത്തിൽ നിന്ന് ദൈവം പ്രതീക്ഷിക്കുന്ന മനോഭാവങ്ങളാണ്. എടുത്തു ചാട്ടക്കാരെയും ക്ഷിപ്രകോപികളെയും ഇരുമനസ്സുള്ളവരെയും ഒക്കെ ദൈവം വെറുക്കുന്നു.
ഒരിക്കൽ ഒരു യിസ്രായേൽ രാജാവ് ഇപ്രകാരം പറയുക ഉണ്ടായി “… *ഞാൻ ഇനി യഹോവയെ കാത്തിരിക്കുന്നതു എന്തിന്നു* ...” (2 രാജാ 6:33)
ഇന്നും അനേക വിശ്വാസികൾ പോലും പറഞ്ഞു കേൾക്കുന്ന വാചകങ്ങളാണ് ഇത്. ഞാൻ ഇനി എന്തിന് ജീവിക്കണം ?, ഞാൻ ഇനി എന്തിന് പ്രതീക്ഷയോടിരിക്കണം ? ഞാൻ ഇനി എന്തിന് ബൈബിൾ വായിക്കണം പ്രാർത്ഥിക്കണം ? ഞാൻ ഇനി എന്തിന് ആരാധനക്ക് പോകണം ? ഞാൻ ഇനി എന്തിന് വിശ്വാസിയായിരിക്കണം ?...
യിസ്രായേൽ രാജാവിൻ്റെ ചോദ്യത്തിനുള്ള എലീശായുടെ മറുപടി എന്തായിരുന്നു എന്നറിയാമോ ? 2 രാജാ. 7:1 “അപ്പോൾ എലീശാ: യഹോവയുടെ അരുളപ്പാടു കേൾപ്പിൻ: നാളെ ഈ നേരത്തു ശമര്യയുടെ പടിവാതിൽക്കൽ ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും ശേക്കലിന്നു രണ്ടു സെയാ യവവും വില്ക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.”
ഞാൻ ഇനി യഹോവയെ കാത്തിരിക്കുന്നതു എന്തിന്നു എന്നു പറയുന്നവരാട് ദൈവത്തിനു പറയാനുള്ള മറുപടിയാണ് ഇത്. നാളെ ഒരു അത്ഭുതം സംഭവിക്കും, നാളെ ഒരു വിടുതൽ നടക്കും, നാളെ ഒരു പരിഹാരം ഉണ്ടാകും, നാളെ ഒരു റിസൾട്ടു കാണും..
ദൈവത്തിൻ്റെ നാളെ ക്കുവേണ്ടി കാത്തിരിക്കാൻ കഴിയാത്തവർ വിശ്വസിച്ച് കാത്തിരിക്കുന്നവരുടെ തിക്കിലും തിരക്കിലും പെട്ട് നാമാവശേഷമാകും.
*2) സങ്കീർ. 34:8 ദൈവത്തെ ശരണം പ്രാപിക്കുന്നവർക്ക് ദൈവം നല്ലവനായിരിക്കും.*
ശരണത്തിനുവേണ്ടി മനുഷ്യർ പുണ്യസ്ഥലങ്ങളിലേക്കും, പുണ്യാളന്മാരുടെ അടുക്കലേക്കും ഓടി നടക്കുമ്പോൾ ഈ വേദപുസ്തക വചനം അവർ മറന്നുപോകയാണ്. അവിടെയും എവിടെയും പോകാതെ, ആയിരിക്കുന്ന ഇടത്ത് മുഴങ്കാൽ മടക്കി സ്വർഗ്ഗത്തിലേക്ക് മനസ്സുയർത്തി, കർത്താവേ, ഞാൻ അവിടുത്തെ ശരണം പ്രാപിക്കുന്നു എന്ന് സമർപ്പിച്ചു പ്രാർത്ഥിക്കുമ്പോൾ. നിശ്ചയമായും കർത്താവിൻ്റെ നന്മ ജീവിതത്തിൽ വെളിപ്പെടും. ഒരു രക്ഷക്കും ഇനി സാധ്യത ഇല്ല എന്ന് വിധി എഴുതിയ വിഷയങ്ങളിൽ, ഒരു കൈപോലെ മേഘം വെളിപ്പെടും (1 രാജാ. 18:44), ആ കൈകൾ യേശുകർത്താവിൻ്റെ കരങ്ങളായിരിക്കും. അസാധ്യമായവ സാധ്യമാക്കുവാനുള്ള സാമർത്ഥ്യം ആ കരങ്ങൾക്കുണ്ട്. സ്തോത്രം !
*3) സങ്കീർ. 73:1 നിർമ്മല ഹൃദയമുള്ളവർക്ക് ദൈവം നല്ലവനായിരിക്കും*.
ഒരു മനുഷ്യൻ്റെ ജീവിതത്തോടുള്ള ബന്ധത്തിൽ ഏറ്റവും കപടവും വിഷമവുമുള്ള ഇടം ഹൃദയമാണ് എന്നാണ് യിരെ. 17:9 വാക്യത്തിൽ വായിക്കുന്നത്. അതിനു കാരണം അത് ഉള്ളിലിരിക്കുന്നതുകൊണ്ടും ആർക്കും കാണാൻ കഴിയാത്തതുകൊണ്ടുമാണ്. എന്നാൽ ഹൃദയത്തെ ശോധനചെയ്തു അന്തരംഗങ്ങളെ പരീക്ഷിച്ചറിയുന്ന ദൈവത്തിനു മുമ്പിൽ ഒന്നും ഒളിക്കുവാൻ കഴിയില്ലല്ലോ. നമ്മുടെ ഹൃദയം നിർമ്മലമാണോ അതോ ദോഷമുള്ളതാണോ എന്ന് ദൈവം മാത്രം അറിയുന്നു. നിർമ്മലമല്ലാത്ത ഹൃദയങ്ങളിൽ എന്തെല്ലാമാണ് മറഞ്ഞുകിടക്കുന്നത് എന്ന് മർക്കൊ. 7:21 വാക്യത്തിൽ യേശു കർത്താവ് പറയുന്നുണ്ട്. (അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു).
മത്തായി സുവിശേഷം 5:8 ൽ നിർമ്മലഹൃദയം എന്നാൽ ശുദ്ധിയുള്ള ഹൃദയമാണ് എന്നും അവർ ഭാഗ്യമുള്ളവരാണ് ദൈവത്തെ കാണും എന്നും രേഖപ്പെടുത്തിയിരിക്കുന്നു. സങ്കീർ. 24:5 ൽ നിർമ്മലഹൃദയമുള്ളവർ ദൈവത്തിൻ്റെ അനുഗ്രഹവും രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും എന്നും എഴുതിയിരിക്കുന്നു.
ആകയാൽ പ്രിയരേ, പ്രത്യാശ കൈവിടാതെ, ഹൃദയങ്ങളെ ശുദ്ധീകരിച്ച് നിർമ്മല ഹൃദയത്തോടെ കർത്താവിനെ മാത്രം ശരണമാക്കി കാത്തിരിക്ക. നമ്മുടെ കർത്താവ് നല്ലവനായി വെളിപ്പെടും.
*വിശ്വസിക്കുന്നവർക്ക് ആമേൻ പറയാം*.
അനുഗ്രഹ പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ & വചനമാരി ടീം
ഭോപ്പാൽ, മദ്ധ്യപ്രദേശ് (9424400654)
കർത്താവ് നല്ലവൻ ! ഇൗ ധ്യാന സന്ദേശത്തിൻ്റെ നാലാം ഭാഗം അടുത്ത ദിവസം അയക്കുന്നതായിരിക്കും.
പ്രാർത്ഥനാ കൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ മൊബൈൽ: 9589741414, 9424400654, 7000477047 ഫോൺ: 07554297672
വചനമാരി ആത്മീയ സന്ദേശങ്ങൾ വായിക്കുവാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക: www.vachanamari.com