റോമർ 12:11 “ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ”
ഒരിക്കൽ ഒരു ശമര്യസ്ത്രീയോട് യേശു സംസാരിക്കുകയും, അവൾ യേശുവിൽ വിശ്വസിക്കുകയും ചെയ്തപ്പോൾ ആദ്യം ചെയ്തത് പട്ടണത്തിൽ പോയി യേശുവിനെക്കുറിച്ച് അനേകരോട് സാക്ഷ്യം പറയുകയായിരുന്നു. അങ്ങനെ അവൾ പറഞ്ഞ സാക്ഷ്യം നിമിത്തം പട്ടണത്തിലെ അനേകർ കർത്താവിൽ വിശ്വസിക്കുവാൻ ഇടയായിത്തീർന്നു (യോഹ. 4:39).
അന്നേ ദിവസം ഏകദേശം അതേ സമയത്ത് യേശുവിൻ്റെ അടുക്കൽനിന്ന് ശമര്യ
പട്ടണത്തിലേക്ക് പോയ രണ്ടു കൂട്ടരെ ഈ വചനഭാഗത്ത് നമുക്കു കാണുവാൻ കഴിയും. ഒന്ന്; യേശുവിൻ്റെ ശിഷ്യന്മാരും. രണ്ട്; യേശു മിശിഹ ആണ് എന്നു തിരിച്ചറിഞ്ഞ ശമര്യസ്ത്രീയും. യേശുവിൻ്റെ ശിഷ്യന്മാർ ആരും പട്ടണത്തിൽചെന്ന് യേശുവിനെക്കുറിച്ച് സാക്ഷ്യം പറയുകയോ, ആരെയും യേശുവിൻ്റെ അടുക്കൽ കൊണ്ടുവരികയോ ചെയ്തില്ല. എന്നാൽ ആ ശമര്യസ്ത്രീ പട്ടണത്തിൽ നിന്ന് മടങ്ങിവന്നത് വലിയകൂട്ടം ആളുകളെയും കൂട്ടികൊണ്ടായിരുന്നു.
പട്ടണത്തിൽനിന്നു മടങ്ങിവന്ന ശിഷ്യന്മാർ അവർ കൊണ്ടുവന്ന ആഹാരം യേശുവിനു ഭക്ഷിപ്പാൻ കൊടുത്തപ്പോൾ അവരോട് കർത്താവ് പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു “..നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്കു ഉണ്ട്..” (വാക്യം 4:32)
(ഇതുകേട്ടപ്പോൾ മറ്റാരെങ്കിലും വന്ന് ചിലപ്പോൾ കർത്താവിന് ആഹാരം കൊടുത്തിരിക്കും എന്ന് ശിഷ്യന്മാർ പരസ്പരം പറഞ്ഞു). ശരിയാണ് യേശുവിനുവേണ്ട ആഹാരം, ആ പട്ടണത്തിലെ ജനങ്ങൾ മിശിഹയെ വിശ്വസിക്കണം എന്നായിരുന്നു. ആ ആഹാരം ശമര്യസ്ത്രീ യേശുവിനു കൊണ്ടുവന്നു കൊടുത്തപ്പോൾ. ശിഷ്യന്മാർ കൊണ്ടുവന്ന ആഹാരം (ഭക്ഷണ പാനീയങ്ങൾ) യേശുവിന് ആവശ്യമില്ലായിരുന്നു.
നമ്മുടെ വിശ്വാസജീവിതത്തിൽ പലപ്പോഴും സംഭവിക്കാറുള്ള ഒരു കുറവിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. ഈ ലോകത്തിലെ (ഭക്ഷണ പാനീയങ്ങളല്ല) യേശുവിനു വേണ്ടത്, നശിച്ചുപോകുന്ന ആത്മാക്കളുടെ രക്ഷയാണ് എന്നു തിരിച്ചറിയുവാൻ അന്ന് ശിഷ്യന്മാർക്ക് കഴിയാതിരുന്നതുപോലെ ഇന്നും അനേകർക്ക് കഴിയാതെ പോകുന്നു. ലോകമോഹങ്ങളിൽഇടറി യേശുവിനെ അറിഞ്ഞ നാളുകളിൽ അഥവാ രക്ഷിക്കപ്പെട്ട നാളുകളിൽ ഉണ്ടായിരുന്ന ഉത്സാഹവും എരിവും നാളുകൾ കഴിയുന്തോറും കുറഞ്ഞുപോയിരിക്കുന്നു. യേശുവിനെ മശീഹ എന്നു തിരിച്ചറിഞ്ഞപ്പോൾ ആ ശമര്യസ്ത്രീക്ക് ഉണ്ടായ സന്തോഷവും പ്രത്യാശയും, യേശുവിൻ്റെ ശിഷ്യന്മാർ എന്ന പദവിയിലെത്തിയപ്പോൾ നഷ്ടം വന്നുവോ?
ഇന്നത്തെ വിശ്വാസ സമൂഹത്തിൽ / വിശ്വാസ ജീവിതത്തിൽ നമുക്കു ലഭിക്കുന്ന അംഗീകാരങ്ങളും പദവികളും ഒന്നും ആദ്യസ്നേഹത്തിൻ്റെ അനുഭവങ്ങൾക്ക് (എരിവിനും, ഉത്സാഹത്തിനും) കുറവു വരുവാൻ കാരണമാകരുതേ എന്ന് നമുക്കു പ്രാർത്ഥിക്കാം.
നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ട നമ്പർ: 7000477047, 9589741414. വചനമാരി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ആഗ്രഹിക്കുന്നവർ 7898211849 എന്ന നമ്പർ സേവ് ചെയ്ത് ഞങ്ങൾക്ക് ഒരു മെസ്സേജ് അയക്കുക.