“അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിൻ്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു:” അപ്പൊ. പ്രവ. 7:55
സ്തെഫാനോസ് എന്ന ഭക്തൻ സ്വർഗ്ഗത്തിലേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ചയാണ് ഇത്. എപ്പോഴാണ് താൻ സ്വർഗ്ഗത്തിലേക്ക് തൻ്റെ കണ്ണുകൾ ഉയർത്തിയത് എന്ന് ഇതിന് തൊട്ടു മുകളിലുള്ള വാക്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (വാക്യം 54 “.. അവർ കോപപരവശരായി അവൻ്റെ നേരെ പല്ലു കടിച്ചു”).
വിരോധികൾ
അവൻ്റെ നേരെ പല്ലുകടിച്ചപ്പോൾ ആ ദൈവഭക്തൻ സ്വർഗ്ഗത്തിലേക്ക് നോക്കുകയായിരുന്നു ചെയ്തത്. അപ്പോൾ ദൈവമഹത്വം അവന് വെളിപ്പെട്ടു. സ്തോത്രം !
ദൈവമക്കളുടെ വിശ്വാസജീവിതത്തിനു നേരെ വരുന്ന ഏതു പ്രതിസന്ധികൾക്കും ഉള്ള എക്കാലത്തെയും പരിഹാരം സ്വർഗ്ഗത്തിലേക്ക് നമ്മുടെ കണ്ണുകൾ ഉയർത്തുകയാണ്. നമ്മുടെ *നേരെ* വരുവാൻ സാധ്യതയുള്ള നിരവധി പ്രതികൂലങ്ങളെക്കുറിച്ച് വേദപുസ്തകം നമുക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്; ചിലത് മാത്രം ഞാൻ ഓർമ്മിപ്പിക്കാം.
*1) നേരെ കള്ളസാക്ഷികളെ നിർത്തി* (മർക്കൊ14:56)
*2) നേരെ പിറുപിറുത്തു* (മത്തായി 20:11, അപ്പൊ. പ്ര. 6:1)
*3) നേരെ അന്യായം ബോധിപ്പിച്ചു* (അപ്പൊ. പ്രവ. 25:2)
*4) നേരെ പകവെച്ചു* (മർക്കൊസ് 6:19)
*5) നേരെ എഴുന്നേറ്റു* (മർക്കൊ.13:12, അപ്പൊ. 18:12)
*6) നേരെ കുതികാൽ ഉയർത്തി* (യോഹ. 13:18)
*7) നേരെ പാഞ്ഞു വന്നു* (അപ്പൊ.പ്രവ. 7:57)
*8) നേരെ ഇളക്കി വഷളാക്കി* (അപ്പൊ.പ്രവ. 14:2)
*9) നേരെ ഉപദ്രവമുണ്ടാക്കി* (അപ്പൊ.പ്രവ. 13:50)
*10) നേരെ കൂട്ടുകെട്ടുണ്ടാക്കി* (അപ്പൊ.പ്രവ. 20:3)
ദൈവ ഭക്തരുടെ വിശ്വാസജീവിതത്തിനു നേരെ വന്ന പ്രശ്നങ്ങളെക്കുറിച്ച് ഇതുപോലെ ഇനിയും അക്കമിട്ടെഴുതുവാൻ നിരവധിയുണ്ട്. *നേരെ വന്ന* പ്രതികൂലങ്ങളെ ഒക്കെയും അവർ തരണം ചെയ്തത് അവരുടെ സ്വന്ത ശക്തിയാലോ സാമർത്ഥ്യത്താലോ അല്ലായിരുന്നു. സ്വർഗ്ഗത്തിലേക്ക് നോക്കിയവർ ദൈവമഹത്വം കാണുവാൻ ഇടയായി.
ഈ ദിവസവും ദൈവാത്മാവിന് നമ്മെ ഓർമ്മിപ്പിക്കാനുള്ളത് ഇതുതന്നെയാണ്. *ആരെല്ലാം നമുക്ക് നേരെ വന്നാലും, എന്തെല്ലാം പ്രശ്നങ്ങൾ നമുക്ക് നേരെ വന്നാലും* ഭയപ്പെടാതെ സ്വർഗ്ഗത്തിലേക്ക് കണ്ണുകളെ ഉയർത്തുക മാത്രം ചെയ്യുക. നിശ്ചയമായും നമ്മുടെ വിഷയത്തിന്മേൽ ദൈവമഹത്വം വെളിപ്പെടും.
ഒരു വാക്യംകൂടെ ഓർമ്മിപ്പിച്ചുകൊണ്ട് ഈ വാഗ്ദത്ത സന്ദേശം ഞാൻ അവസാനിപ്പിക്കട്ടെ.
യോഹന്നാൻ 11:4 “യേശു അതു കേട്ടിട്ടു: ഈ ദീനം മരണത്തിന്നായിട്ടല്ല, ദൈവപുത്രൻ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിൻ്റെ മഹത്വത്തിന്നായിട്ടത്രേ എന്നു പറഞ്ഞു.”
ഈ ദീനം അഥവാ ഈ പ്രശ്നം, ഈ പ്രതികൂലം, ഈ വിഷയം, ഈ പോരാട്ടം, ഈ അവഗണന, ഈ അന്യായം, ഈ ഉപദ്രവം, ഈ വേദന, ഈ തോൽവി, ഈ നഷ്ടം, ഈ പോര്, ഈ വീഴ്ച ….
നമ്മുടെ ജീവിതത്തിൽ വെളിപ്പെടാൻ പോകുന്ന ദൈവനാമമഹത്വത്തിനായിട്ടാണ്. സ്തോത്രം !