അടങ്ങിനിന്ന് ദൈവപ്രവർത്തി കണ്ടുകൊൾക

September-2024

ചില ദുഷ്ടമനുഷ്യരുടെ വാക്കു കേട്ട് രാജാവ് ഒരു തീരുമാനമെടുത്തപ്പോൾ, ആ തീരുമാനം തൻ്റെ മരണത്തിനുപോലും കാരണമാകാം എന്നറിഞ്ഞിട്ടും, തൻ്റെ അധികാരമോ പദവിയോ സ്വാധീനശക്തിയോ ഉപയോഗിച്ച് ആ തീരുമാനത്തെ തടയുവാനോ, ചോദ്യം ചെയ്യുവാനോ അട്ടിമറിക്കുവാനോ ദാനിയേൽ തുനിഞ്ഞില്ല. മറിച്ച്, സർവ്വ കൃപാലുവായ കർത്താവിൻ്റെ സന്നിധിയിൽ മുട്ടുമടക്കുവാനാണ് ദാനിയേൽ എന്ന ദൈവപൈതൽ തീരുമാനിച്ചത്.


      1 ശമു.12:16 “… *നിന്നു യഹോവ നിങ്ങൾ കാൺകെ ചെയ്വാൻ പോകുന്ന ഈ വലിയ കാര്യം കണ്ടുകൊൾവിൻ.*”
     1 തെസ്സ. 4:12 “അടങ്ങിപ്പാർപ്പാനും… നിങ്ങളെ പ്രബോധിപ്പിക്കുന്നു”
    സങ്കീർ. 37:7 “യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു”
      ജീവിതത്തിലെ ചില സാഹചര്യങ്ങൾ വരുമ്പോൾ അഥവാ ചില പ്രതിസന്ധികളുടെ മുമ്പിൽ പെട്ടന്ന് പ്രകോപിതരാവുകയും, അമിതാവേശത്തിൽ പ്രതികരിച്ച് വലിയ പ്രശ്നങ്ങൾ വരുത്തിവെക്കുകയും ചെയ്യുന്ന ആളുകളെ നമ്മൾ കാണാറുണ്ട്. കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാതെ എടുത്തിചാടി തീരുമാനങ്ങൾ എടുത്ത് വെട്ടിലാകുന്നവർ പിന്നീട് അതിൽ പരിതപിക്കുമ്പോഴേക്കും വലിയ നഷ്ടങ്ങൾ കാണേണ്ടിവരും.
ഒരിക്കൽ ദാര്യാവേശ് എന്ന രാജാവ് ദൈവഭക്തനായ ദാനിയേലിന് വിരോധമായി രേഖ എഴുതിയപ്പോൾ (ദാനിയേൽ 6:10), ദാനിയേലിന് വേണമെങ്കിൽ രാജാവിനെ സ്വാധീനിച്ച് ആ രേഖ തിരുത്തി എഴുതിക്കാമായിരുന്നു. കാരണം ദാനിയേലും രാജാവും തമ്മിലുള്ള ബന്ധം (ഇരിപ്പുവശം) അത്ര നല്ലതായിരുന്നു. ദാനിയേൽ 6:3 വാക്യത്തിൽ നിന്ന് ദാര്യാവേശ് രാജാവിന് ദാനിയേലിനോട് എത്ര മതിപ്പുണ്ടായിരുന്നു എന്ന് വ്യക്തമാണ്. (“എന്നാൽ ദാനീയേൽ ഉൾകൃഷ്ടമാനസനായിരുന്നതുകൊണ്ടു അവൻ അദ്ധ്യക്ഷന്മാരിലും പ്രധാനദേശാധിപന്മാരിലും വിശിഷ്ടനായ്വിളങ്ങി; രാജാവു അവനെ സർവ്വരാജ്യത്തിന്നും അധികാരിയാക്കുവാൻ വിചാരിച്ചു”).
      മാത്രമല്ല താൻ എഴുതിയ കൽപ്പന ദാനീയേലിന് ദോഷമായി തീരുമെന്ന് ദാര്യാവേശ് രാജാവ് അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ അഥവാ ദാനിയേൽ ഒന്നുവന്ന് പറഞ്ഞിരുന്നെങ്കിൽ ആ കൽപ്പന *ഉറപ്പിക്കുന്നതിനുമുമ്പ്* ക്യാൻസൽ ചെയ്യുവാൻ രാജാവ് ആയിരംവട്ടം ഒരുക്കമായിരുന്നു എന്നാണ് 14 ാം വാക്യം വായിക്കുമ്പോൾ മനസ്സിലാകുന്നത് (“രാജാവു ഈ വാക്കു കേട്ടപ്പോൾ അത്യന്തം വ്യസനിച്ചു, ദാനീയേലിനെ രക്ഷിപ്പാൻ മനസ്സുവെച്ചു അവനെ രക്ഷിപ്പാൻ സൂര്യൻ അസ്തമിക്കുവോളം പ്രയത്നം ചെയ്തു”). അതു മാത്രമല്ല തനിക്കു പ്രിയപ്പെട്ട ദാനീയേലിനുവേണ്ടി തൻ്റെ തീരുമാനം താൻതന്നെ മാറ്റുവാൻ സാധ്യത ഉണ്ട് എന്നു സംശയമുണ്ടായിരുന്ന രാജാവ് തൻ്റെ മോതിരംകൊണ്ടും മഹത്തുക്കളുടെ മോതിരംകൊണ്ടും സിംഹങ്ങളുടെ ഗുഹ മുദ്ര ഇട്ടു എന്നാണ് തിരുവചനത്തിൽ കാണുന്നത്.
     ചില ദുഷ്ടമനുഷ്യരുടെ വാക്കു കേട്ട് രാജാവ് ഒരു തീരുമാനമെടുത്തപ്പോൾ, ആ തീരുമാനം തൻ്റെ മരണത്തിനുപോലും കാരണമാകാം എന്നറിഞ്ഞിട്ടും, തൻ്റെ അധികാരമോ പദവിയോ സ്വാധീനശക്തിയോ ഉപയോഗിച്ച് ആ തീരുമാനത്തെ തടയുവാനോ, ചോദ്യം ചെയ്യുവാനോ അട്ടിമറിക്കുവാനോ ദാനിയേൽ തുനിഞ്ഞില്ല. മറിച്ച്, സർവ്വ കൃപാലുവായ കർത്താവിൻ്റെ സന്നിധിയിൽ മുട്ടുമടക്കുവാനാണ് ദാനിയേൽ എന്ന ദൈവപൈതൽ തീരുമാനിച്ചത്.
     അതായത്, രേഖ എഴുതി എന്നു കേട്ട ദാനിയേൽ ആ രേഖ തിരുത്തിക്കുവാൻ രാജകൊട്ടാരത്തിലേക്ക് പോകാതെ, നേരെ തൻ്റെ *വീട്ടിൽ ചെന്ന്* മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിന്നു നേരെ തുറന്ന് താൻ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിൻ്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു (ദാനിയേൽ 6:10).
ദാനിയേൽ അങ്ങനെ ചെയ്തതുകൊണ്ട് എന്തു സംഭവിച്ചു ?
1) സിംഹങ്ങളുടെ ഗുഹയിൽ ദൈവദൂതനെ കാണുവാനുള്ള മഹാഭാഗ്യം ദാനീയേലിനുണ്ടായി
2) തനിക്കു വിരോധികളായിരുന്നവർ എന്നേക്കുമായി മാറ്റപ്പെട്ടു
3) താൻ മുഖാന്തിരം ദേശമെങ്ങും ദൈവനാമം മഹത്വപ്പെട്ടു.

    ജീവിതത്തിൽ പരീക്ഷകൾ വരുമ്പോൾ, സ്വയമാർഗ്ഗങ്ങൾ തേടി വളഞ്ഞവഴിയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ നോക്കിയാൽ വൻ പരാജയമായിരിക്കും ഫലം. ദാനീയേലിനെപ്പോലെ ഒന്നിനും എടുത്തു ചാടാതെ, അടങ്ങിനിന്നാൽ / ഒതുങ്ങിനിന്നാൽ ദൈവത്തിൻ്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തുകൊണ്ടിരുന്നാൽ, കർത്താവിൻ്റെ പ്രവർത്തി കാണുവാൻ നമുക്കും ഭാഗ്യം ഉണ്ടാകും.

ഈ വചനങ്ങളാൽ ദൈവം അനുഗ്രഹിക്കട്ടെ,
പ്രാർത്ഥനയോടെ വചനമാരിയിൽ നിന്നും
ഷൈജു Pr. (Mob: 9424400654)


പ്രാർത്ഥനാ കൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ മൊബൈൽ: 9589741414, 7898211849, 7000477047 ഫോൺ: 07554297672
വചനമാരി ആത്മീയ സന്ദേശങ്ങൾ വായിക്കുവാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക: vachanamari.com

വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/HwaXJ8wgGPU9IVSjqBfGkK

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.