“നീ ഏറ്റവും പ്രിയനാകയാൽ നിൻ്റെ യാചനകളുടെ ആരംഭത്തിങ്കൽ തന്നേ കല്പന പുറപ്പെട്ടു, നിന്നോടു അറിയിപ്പാൻ ഞാൻ വന്നുമിരിക്കുന്നു;..” (ദാനീയേൽ 9:23)
‘ഏറ്റവും പ്രിയൻ’ എന്ന് സംബോധന ചെയ്തുകൊണ്ടാണ് ദൈവത്തിൻ്റെ ദൂതൻ ദാനീയേലിൻ്റെ അടുക്കൽവന്ന് ഈ ദൈവീക സന്ദേശം അറിയിക്കുന്നത്. ഒന്നുകൂടെ വ്യക്തമായിപറഞ്ഞാൽ സ്വർഗ്ഗത്തിലെ ദൈവത്തിന് ദാനീയേൽ ഏറ്റവും പ്രിയനായതുകൊണ്ടാണ് അവൻ്റെ പ്രാർത്ഥനകൾക്കും യാചനകൾക്കും ദൈവസന്നിധിയിൽനിന്ന് ഉടനടി മറുപടി ഉണ്ടായത്.
നമ്മുടെ
കർത്താവായ യേശുക്രിസ്തുവിനെ പിതാവായ ദൈവം പ്രിയപുത്രൻ എന്നു വിളിച്ചതുപോലെ, ദൈവത്തിന് ഏറ്റവും പ്രിയൻ എന്ന വിശേഷണം നൽകി ദാനീയേലിനെയും വിളിച്ചിരിക്കുന്നു. മർക്കൊസ് 1:11, 9:7, 12:6,10 ഈ മൂന്നു വചനങ്ങളിലും പിതാവായ ദൈവം യേശുകർത്താവിനെ പ്രിയപുത്രൻ എന്നു മൂന്നു പ്രാവശ്യം വെളിപ്പെടുത്തിയതുപോലെ, ദാനീയേൽ 9:23, 10:11, 10:19 എന്നീ വാക്യങ്ങളിലും പരിശുദ്ധാത്മാവ് ദാനീയേലിനെയും മൂന്നു തവണ ഏറ്റവും പ്രിയൻ എന്നാണ് വിളിച്ചിരിക്കുന്നത്.
*ദൈവത്തിന് ഏറ്റവും പ്രിയനായിരിക്കുവാൻ ദാനീയേലിന് എങ്ങനെ സാധിച്ചു ?*
ഈ ചോദ്യത്തിനുള്ള ഉത്തരം ഒരു വലിയ പുസ്തകമായി വിശദീകരിച്ച് എഴുതുവാനും സാധിക്കും, ഒറ്റ വാചകത്തിൽ പറയുവാനും സാധിക്കും. ദാനീയേൽ 6:22 വാക്യത്തിൽ രാജാവിനോട് പറയുന്ന ഉത്തരം ശ്രദ്ധിച്ചാൽ ആ ഒറ്റവാക്ക് ഏതാണെന്ന് നമുക്കു കാണുവാൻ കഴിയും. “സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു *എൻ്റെ ദൈവം* തൻ്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു;..”
തികഞ്ഞ അന്തസ്സോടും നിറഞ്ഞ അഭിമാനത്തോടുംകൂടെ ‘എൻ്റെ ദൈവം’ എന്നു പറഞ്ഞുകൊണ്ട് സ്വർഗ്ഗത്തിലെ ദൈവത്തെ നെഞ്ചോട് ചേർത്തുപിടിച്ച ദാനീയേൽ ദൈവത്തിന് ഏറ്റവും പ്രിയനായി മാറിയതിനു കാരണം, ദാനീയേലിന് തൻ്റെ ദൈവം ഏറ്റവും പ്രിയനായതുകൊണ്ടാണ്. അതായത്, ദാനീയേൽ ദൈവത്തിന് പ്രഥമ സ്ഥാനം നൽകിയതുകൊണ്ട്, ദൈവം ദാനീയേലിന് അതിലും വലിയ സ്ഥാനം (ഏറ്റവും പ്രിയൻ) നൽകി. ദാീയേലിൻ്റെ പ്രാർത്ഥനയ്ക്ക് പ്രഥമ പരിഗണന നൽകി. സ്തോത്രം !
തനിക്കു പ്രിയമായിരുന്ന ചില കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് ഭക്തനായ ദാവീദ് തൻ്റെ സങ്കീർത്തനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്;
സങ്കീ. 26:8 “യഹോവേ, നിൻ്റെ ആലയമായ വാസസ്ഥലവും നിൻ്റെ മഹത്വത്തിൻ്റെ നിവാസവും *എനിക്കു പ്രിയമാകുന്നു*.”
സങ്കീ. 119:97 “നിൻ്റെ ന്യായപ്രമാണം *എനിക്കു എത്രയോ പ്രിയം* ;..”
സങ്കീ. 119:47 “നിൻ്റെ കല്പനകളിൽ പ്രമോദിക്കുന്നു; അവ *എനിക്കു പ്രിയമായിരിക്കുന്നു*.”
സങ്കീ. 119:140 “നിൻ്റെ വചനം അതിവിശുദ്ധമാകുന്നു; അതുകൊണ്ടു *അടിയന്നു അതു പ്രിയമാകുന്നു*”
സങ്കീ. 40:8 “എൻ്റെ ദൈവമേ, നിൻ്റെ ഇഷ്ടം ചെയ്വാൻ *ഞാൻ പ്രിയപ്പെടുന്നു;* ...”
സങ്കീ. 119:167 “എൻ്റെ മനസ്സു നിൻ്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ *എനിക്കു അത്യന്തം പ്രിയമാകുന്നു*.”
ഇതുപോലെ ദൈവീക വിഷയങ്ങൾ നമുക്കു പ്രിയമാകുന്നു എങ്കിൽ നമ്മൾ ദൈവത്തിന് ഏറ്റവും പ്രിയരായിത്തീരും. നമ്മുടെ പ്രാർത്ഥനകൾക്കും യാചനകൾക്കും പ്രഥമ പരിഗണന ലഭിക്കും.
ഈ വചനങ്ങളാൽ ദൈവം അനുഗ്രഹിക്കട്ടെ,
പ്രാർത്ഥനയോടെ വചനമാരിയിൽ നിന്നും
ഷൈജു Pr. (9424400654)
പ്രാർത്ഥനാ കൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ മൊബൈൽ: 9589741414, 7898211849, 7000477047 ഫോൺ: 07554297672
വചനമാരി ആത്മീയ സന്ദേശങ്ങൾ വായിക്കുവാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക: vacahanamari . com