10 ഔഷധങ്ങൾ (ഭാഗം.2)

October-2024

നമ്മുടെ കർത്താവ് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നത്, “…ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു” ഈ ലോകം തരുന്നത് എന്തുതന്നെയായാലും കാര്യമാക്കണ്ട, അതുകണ്ട് വിഷമിക്കയും വേണ്ട, അതു ഓർത്ത് ഹൃദയം കലങ്ങയുമരുത്. കർത്താവ് തരുന്നത് അതിമഹത്തരവും ശ്രേഷ്ഠവുമായതുമായിരിക്കും. വിലമതിക്കാനാകാത്ത ഒരു സമ്മാനം സ്വർഗ്ഗം നമുക്കു തന്നിട്ടുണ്ട്, സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്ന വചനം. വിശുദ്ധ തിരുവെഴുത്തുകൾ. അവ വായിക്കാം ധ്യാനിക്കാം. ജീവവചനം നമ്മുടെ മുറിവുകളെ പൊറുപ്പിക്കും. സ്തോത്രം !


    “.. നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു.” (I pray that all may go well with you and that you may be in good health... 3 യോഹ. 2)
     ദൈവജനം ശുഭമായും സുഖമായും ഇരിക്കേണമെന്നുള്ളത് ദൈവഹിതമാണ്. എന്നാൽ നമ്മുടെ ശരീരവും മനസ്സും ഒരുപോലെ മുറിപ്പെടുത്തുന്ന നിരവധി അനുഭവങ്ങൾ ഈ ലോകജീവിതത്തിൽ ഉണ്ടാകുന്നുണ്ട്. അങ്ങനെയുള്ള ചില മുറിവുകൾ ഉണക്കുവാനുള്ള മരുന്ന് വൈദ്യശാസ്ത്രത്തിലില്ല, എന്നാൽ വേദപുസ്തകത്തിലുണ്ട്. ആ ഔഷധങ്ങളെക്കുറിച്ചാണല്ലോ നമ്മൾ ധ്യാനിച്ചുകൊണ്ടിരിക്കുന്നത്, ഒന്നാമതായി നമ്മൾ വായിച്ചത് സദൃശ്യ. 3:7,8 വാക്യങ്ങളാണ് “യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക. അതു നിൻ്റെ നാഭിക്കു ആരോഗ്യവും അസ്ഥികൾക്കു തണുപ്പും ആയിരിക്കും”
                  ഇന്ന് രണ്ടാമത്തെ വിഷയം ചിന്തിക്കാം
*2) ദൈവവചനം മുറിവുകളെ പൊറുപ്പിക്കുന്നു.* (സദൃശ്യ. 4:20..)
         “എൻ്റെ വചനങ്ങൾക്കു ശ്രദ്ധതരിക; എൻ്റെ മൊഴികൾക്കു നിൻ്റെ ചെവി ചായിക്ക. അവ നിൻ്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു; നിൻ്റെ ഹൃദയത്തിൻ്റെ നടുവിൽ അവയെ സൂക്ഷിച്ചുവെക്കുക. അവയെ കിട്ടുന്നവർക്കു അവ ജീവനും അവരുടെ സർവ്വദേഹത്തിന്നും സൗഖ്യെവും ആകുന്നു.”
ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകളെക്കാൾ വേദന നൽകുന്നത് പലപ്പോഴും നമ്മുടെ ഹൃദയത്തിലുണ്ടാകുന്ന മുറിവുകളാണല്ലോ. അതു പെട്ടെന്ന് പൊറുക്കുവാനും പ്രയാസമാണ്. ഞാൻ ഈ സന്ദേശം എഴുതിക്കൊണ്ടിരുന്നപ്പോൾ എൻ്റെ ഫോണിൽ ഒരു അമ്മച്ചി വിളിച്ച് ചില പ്രാർത്ഥനാ വിഷയങ്ങൾ പറഞ്ഞു. അക്ഷരാർത്ഥത്തിൽ അവർ കരയുകയായിരുന്നു. അവർക്ക് മൂന്നു മക്കളാണ്, രണ്ടു പെൺമക്കളുടെയും വിവാഹം കഴിഞ്ഞു അവർ സുഖമായി കഴിയുന്നു. മകൻ്റെ വിവാഹവും കഴിഞ്ഞു, മരുമകളെ അവർ സ്വന്തം മക്കളെക്കാൾ കരുതി സ്നേഹിച്ചു. എന്നാൽ ആ മരുമകൾക്ക് ഈ അപ്പച്ചനും അമ്മച്ചിയും ഒരു അധികപ്പറ്റായിട്ടാണ് തോന്നിയത്. വാക്കുകൾകൊണ്ടും പ്രവർത്തികൾകൊണ്ടും അവൾ അവരെ വേദനിപ്പിച്ചുകൊണ്ടിരുന്നു. അവസാനം അവരെ ഉപേക്ഷിച്ച് ഭർത്താവിനെയുംകൂട്ടി വേറെ താമസം തുടങ്ങി. ഭാര്യയുടെ വാക്കുകേട്ട് ആ മകൻ ഈ മാതാപിതാക്കളെ ഇപ്പോൾ തിരിഞ്ഞുനോക്കാറില്ല. 77 വയസ്സുള്ള ഇവർക്ക് ശരീരത്തിൽ വലിയ രോഗങ്ങൾ ഒന്നുമില്ല, പക്ഷേ മനസ്സ് വല്ലാതെ മുറിപ്പെട്ടിരിക്കുകയാണ്. ഈ മുറിവ് അവരുടെ സ്വസ്ഥത കളഞ്ഞു, അവരുടെ ഉറക്കം നഷ്ടപ്പെടുത്തി, ജീവിക്കാനുള്ള ആശ ഇല്ലാതാക്കി.
ഇതുപോലെ മുറിപ്പെട്ട അവസ്ഥയിൽ ജീവിക്കുന്ന നിരവധി പേരുണ്ട്. പ്രിയപെട്ടവരെ നഷ്ടമായവർ, വഞ്ചിക്കപ്പെട്ടവർ, ചതിക്കപ്പെട്ടവർ.....
          ഈ ലോകത്തെ വൈദ്യന്മാർക്ക് ഇവരുടെ ഹൃദയത്തിലെ മുറിവുകൾ പൊറുപ്പിക്കാൻ കഴിയില്ല, എന്നാൽ ദൈവവചനത്തിന് കഴിയും. വേദപുസ്തകം വായിക്കുന്തോറും ധ്യാനിക്കുന്തോറും ഈ മുറിവുകൾക്ക് ആശ്വാസം ലഭിക്കും. അതുകൊണ്ടാണ് സങ്കീർ. 107:20 വചനത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്, “അവൻ തൻ്റെ വചനത്തെ അയച്ചു അവരെ സൗഖ്യെമാക്കി; അവരുടെ കുഴികളിൽനിന്നു അവരെ വിടുവിച്ചു.”
ലോകം നമ്മെ കുഴികളിൽ ചാടിക്കും, എന്നാൽ ദൈവവചനം നമ്മെ കുഴികളിൽനിന്ന് വിടുവിക്കും.

ലോകം നമ്മെ രോഗിയാക്കി തളർത്തിക്കളയും, എന്നാൽ ദൈവചനം നമ്മെ ബലപ്പെടുത്തും എഴുന്നേൽപ്പിക്കും

ലോകം നമ്മെ ശിക്ഷിക്കും മുറിവേൽപ്പിക്കും, എന്നാൽ ദൈവവചനം നമ്മെ രക്ഷിക്കും, മുറിവുകൾ പൊറുപ്പിക്കും

ലോകം നമ്മെ നിന്ദിക്കും പരിഹസിക്കും, എന്നാൽ ദൈവവചനം നമ്മുടെ കണ്ണുനീർതുടയ്ക്കും ആശ്വസിപ്പിക്കും

     അതുകൊണ്ടാണ് നമ്മുടെ കർത്താവ് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നത്, “…ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു”
ഈ ലോകം തരുന്നത് എന്തുതന്നെയായാലും കാര്യമാക്കണ്ട, അതുകണ്ട് വിഷമിക്കയും വേണ്ട, അതു ഓർത്ത് ഹൃദയം കലങ്ങയുമരുത്. കർത്താവ് തരുന്നത് അതിമഹത്തരവും ശ്രേഷ്ഠവുമായതുമായിരിക്കും.
വിലമതിക്കാനാകാത്ത ഒരു സമ്മാനം സ്വർഗ്ഗം നമുക്കു തന്നിട്ടുണ്ട്, സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്ന വചനം. വിശുദ്ധ തിരുവെഴുത്തുകൾ. അവ വായിക്കാം ധ്യാനിക്കാം. ജീവവചനം നമ്മുടെ മുറിവുകളെ പൊറുപ്പിക്കും. സ്തോത്രം !

ഈ വചനങ്ങളാൽ ദൈവം അനുഗ്രഹിക്കട്ടെ,
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ വചനമാരി, ഭോപ്പാൽ
9424400654

ഈ സന്ദേശത്തിൻ്റെ അടുത്ത ഭാഗം ഉടനെ അയക്കുന്നതായിരിക്കും. പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 7000477047, 9589741414, 07554297672.

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ