10 ഔഷധങ്ങൾ (ഭാഗം.3)

October-2024

ഞാനും ആ ബിരിയാണി ചലഞ്ചിൻ്റെ ഭാഗമാകുന്നതുകണ്ട അദ്ദേഹം എന്നോട് ഒരു ചോദ്യം ചോദിച്ചു. പാസ്റ്റർ എന്തിനാണ് ബിരിയാണി ചലഞ്ചിൻ്റെ ഭാഗമായത്, രോഗിയായ ആ ചെറുപ്പക്കാരനുവേണ്ടി പ്രാർത്ഥിച്ചാൽമാത്രം പോരായിരുന്നോ ? അദ്ദേഹത്തോടുള്ള എൻ്റെ മറുപടി ഒരു ചിരിയിൽ മാത്രം ഞാൻ കടിച്ചൊതുക്കി.       വിശുദ്ധിയുടെ മുഖംമൂടി അണിഞ്ഞ് വീണുകിടക്കുന്നവരെകാണുമ്പോൾ മുഖംതിരിക്കുന്നതല്ല വിശ്വാസി ജീവിതം, അവരുടെ അടുക്കൽചെന്ന് അവരെ ചേർത്തു നിറുത്തുന്നതിലാണ് ദൈവം പ്രസാദിക്കുന്നത്.


     “.. നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു.” (I pray that all may go well with you and that you may be in good health... 3 യോഹ. 2)
    രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുകയാണ് വേണ്ടത് എന്ന് അറിവുള്ളവർ പറയാറുണ്ടല്ലോ. വേദപുസ്തകവും അതുതന്നെയാണ് പഠിപ്പിക്കുന്നത്. ആരോഗ്യ ബോധമുള്ള (Health Conscious) ഒരു തലമുറയാണ് ഇന്നുള്ളത്. അവർ ഭക്ഷണം ക്രമീകരിച്ചും, വ്യായാമങ്ങൾ ചെയ്തും ഒക്കെ തങ്ങളുടെ ആരോഗ്യം സംരക്ഷിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് കാണാം. ഇഷ്ടപ്പെട്ട ആഹാരവും, വിനോദങ്ങളും, മറ്റു ശീലങ്ങളും ഒക്കെ ഉപേക്ഷിച്ച്, വലിയ വില കൊടുത്തുകൊണ്ടാണ് അവർ തങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നത്.
     അതുപോലെ ആത്മീയ ജീവിതത്തിൽ നമ്മൾ ശുഭമായും സുഖമായും ഇരിക്കേണ്ടതിനുവേണ്ടി ചിട്ടയായ ചില ശീലങ്ങൾ അഥവാ ചില ജീവിതശൈലി ഉള്ളവരായിരിക്കേണ്ടതും അനിവാര്യമാണ്. അതിനുവേണ്ട ഉപദേശങ്ങൾ പരിശുദ്ധാത്മാവ് തിരുവചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ ചിലതാണല്ലോ നമ്മൾ ധ്യാനിച്ചുകൊണ്ടിരിക്കുന്നത്. രണ്ടു വിഷയങ്ങൾ കഴിഞ്ഞു ഇന്ന് മൂന്നാമത്തെ വിഷയം പരിശോധിക്കാം;
*3) ഔദാര്യമനസ്സ് മുറിവുകൾക്ക് പൊറുതി നൽകും*. യെശ. 58:7,8
     “…വിശപ്പുള്ളവന്നു നിൻ്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിൻ്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിൻ്റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ? അപ്പോൾ നിൻ്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിൻ്റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും; നിൻ്റെ നീതി നിനക്കു മുമ്പായി നടക്കും; യഹോവയുടെ മഹത്വം നിൻ്റെ പിമ്പട ആയിരിക്കും.”
മുഖത്തിൻ്റെ ചർമ്മം ചുളിയാതെയും ഇരുളാതെയും, എപ്പോഴും മിനുസമുള്ളതായും തിളക്കമുള്ളതായും ഇരിക്കേണ്ടതിനുവേണ്ടി എന്തെല്ലാം സൗന്ദര്യവർദ്ധക ക്രീമുകളും ഫെയ്സ് വാഷുകളുമാണ് ഇന്ന് മാർക്കറ്റിലുള്ളത് എന്നു കണ്ടാൽ നമ്മൾ അമ്പരന്നു പോകും. ബ്യൂട്ടി പാർലറുകൾ മാത്രമല്ല പ്ലാസ്റ്റിക് സർജറികൾ ചെയ്യുന്ന ബ്യൂട്ടി ക്ലിനിക്കുകളുടെ എണ്ണവും ഓരോദിവസവും കൂടി വരികയാണ്.
മുഖം ശോഭയോടെ ഇരിക്കുവാൻ, മനസ്സും ശരീരവും ശുഭമായും സുഖമായും ഇരിക്കുവാൻ ദൈവവചനം തരുന്ന ഒരു ഹെൽത് ടിപ്പാണ് മുകളിലെ വാക്യത്തിൽ എഴുതിയിരിക്കുന്നത്. നമ്മുടെ സഹജീവികളോട് കരുണയുള്ളവരായിരിക്ക. വീണുകിടക്കുന്നവരെ താങ്ങിനിർത്തുക, വിശപ്പുള്ളവരെ കണ്ടാൽ അപ്പം കൊടുക്ക, സാധുക്കളോട് ദയ കാണിക്ക. നമ്മുടെ മുമ്പിൽ കൈനീട്ടുന്നവരെകണ്ടാൽ ഒഴിഞ്ഞുമാറരുത്. പ്രതീക്ഷയോടെ നമ്മുടെ മുഖത്തു നോക്കുന്നവരെ നിരാശപ്പെടുത്തരുത്. രത്തൻ നവൽ ടാറ്റ എന്ന മനുഷ്യസ്നേഹി ചെയ്ത സൽപ്രവർത്തികളെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ ധാരാളം കേട്ടവരാണല്ലോ. അദ്ദേഹത്തെപ്പോലെ വാരിക്കൊടുക്കുവാൻ നമ്മുടെ കയ്യിൽ ഇല്ലായിരിക്കാം, പക്ഷേ നമ്മുടെ പരിധിയിൽ നിന്നുകൊണ്ട് ആവാമല്ലോ.
     കഴിഞ്ഞ ഒരു മാസംമുമ്പ് ഞാൻ കേരളത്തിൽപോയപ്പോൾ ഞങ്ങളുടെ നാട്ടിൽ രോഗിയായ ഒരു ചെറുപ്പക്കാരൻ്റെ ചികിത്സക്കുവേണ്ട പണം സമാഹരിക്കുവാൻ അവിടെ ഉള്ളവർ ഒരു ബിരിയാണി ചലഞ്ച് നടത്തുന്നത് കാണുവാൻ ഇടയായി. ഞാനും സന്തോഷത്തോടെ അതിൽ സഹകരിച്ചു. ഈ സമയത്ത് എൻ്റെ സുഹൃത്തായ ഒരു ദൈവദാസനും ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു. ഞാനും ആ ബിരിയാണി ചലഞ്ചിൻ്റെ ഭാഗമാകുന്നതുകണ്ട അദ്ദേഹം എന്നോട് ഒരു ചോദ്യം ചോദിച്ചു. പാസ്റ്റർ എന്തിനാണ് ബിരിയാണി ചലഞ്ചിൻ്റെ ഭാഗമായത്, രോഗിയായ ആ ചെറുപ്പക്കാരനുവേണ്ടി പ്രാർത്ഥിച്ചാൽമാത്രം പോരായിരുന്നോ ? അദ്ദേഹത്തോടുള്ള എൻ്റെ മറുപടി ഒരു ചിരിയിൽ മാത്രം ഞാൻ കടിച്ചൊതുക്കി.
      വിശുദ്ധിയുടെ മുഖംമൂടി അണിഞ്ഞ് വീണുകിടക്കുന്നവരെകാണുമ്പോൾ മുഖംതിരിക്കുന്നതല്ല വിശ്വാസി ജീവിതം, അവരുടെ അടുക്കൽചെന്ന് അവരെ ചേർത്തു നിറുത്തുന്നതിലാണ് ദൈവം പ്രസാദിക്കുന്നത്. നമ്മുടെ വെളിച്ചം ചുറ്റും ഉഷസ്സുപോലെ പ്രകാശിക്കട്ടെ, കർത്താവിൻ്റെ മഹത്വം നമ്മിൽകൂടെ ദേശത്ത് വെളിപ്പെടട്ടെ, ആത്മീയരായും ഔദാര്യമനസ്സുള്ളവരായും ജീവിക്കുമ്പോഴാണ് അതു സാധിക്കുന്നത്.
അപ്രകാരം ചെയ്യുമ്പോൾ നമ്മുടെ നീതി നമുക്കു മുമ്പായി നടക്കും.


ഈ വചനങ്ങളാൽ ദൈവം അനുഗ്രഹിക്കട്ടെ,
*പ്രാർത്ഥനയോടെ,*
ഷൈജു പാസ്റ്റർ വചനമാരി, ഭോപ്പാൽ
9424400654

ഈ സന്ദേശത്തിൻ്റെ അടുത്ത ഭാഗം ഉടനെ അയക്കുന്നതായിരിക്കും. പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 7000477047, 9589741414, 07554297672.

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ