ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങും

October-2024

ദൈവത്തെയും ദൈവമക്കളെയും നിന്ദിക്കുന്നവരോട് സ്വർഗ്ഗത്തിൽനിന്ന് ദൈവം ഇടപെടും, അവരെ പരിഹസിക്കുന്നവരോട് ദൈവം കണക്കുചോദിക്കും. അവരെ വീഴ്ത്താൻ കുഴികുഴിക്കുന്നവർ അതിൽ വീഴും. അത് ജീവിതത്തിൽ ബോധ്യപ്പെട്ട ദാവീദ് രാജാവ് ഇപ്രകാരം പാടി; “..അവർ എൻ്റെ കാലടികൾക്കു ഒരു വലവിരിച്ചു, ..; അവർ എൻ്റെ മുമ്പിൽ ഒരു കുഴി കുഴിച്ചു; അതിൽ അവർ തന്നെ വീണു… ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും” (സങ്കീർ. 57:6,7).


     സങ്കീ. 9:15,16 “ജാതികൾ തങ്ങൾ ഉണ്ടാക്കിയ കുഴിയിൽ താണു പോയി; അവർ ഒളിച്ചുവെച്ച വലയിൽ അവരുടെ കാൽ തന്നേ അകപ്പെട്ടിരിക്കുന്നു. യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു.
       നല്ല സാക്ഷ്യത്തോടും ദൈവഭക്തിയോടുംകൂടെ ജീവിക്കുന്ന വിശ്വാസികളെ എങ്ങനെയെങ്കിലും കുഴിയിൽ വീഴിക്കണമെന്ന ഗൂഢലക്ഷ്യത്തോടെ കരുക്കൾ നീക്കുന്ന ദുഷ്ടമനുഷ്യർ ഇന്നും നമുക്ക് ചുറ്റുമുണ്ട്. അനേക മാതാപിതാക്കൾ തങ്ങളുടെ മക്കളെക്കുറിച്ച് വേവലാധിപ്പെടുന്ന ഒരു വിഷയമാണ് ഇത്. ശുദ്ധമനസ്സോടെ ജീവിതം നയിക്കുന്ന യൗവ്വനക്കാരെ വലവീശിപ്പിടിച്ച് അവരെ പാട്ടിലാക്കി ലഹരിക്കും മറ്റും അടിമകളാക്കുവാൻ ശ്രമിക്കുന്ന കള്ളകൂട്ടുകാരുടെ വിഷയം, നമ്മൾ പ്രാർത്ഥനയോടെ ദൈവകരങ്ങളിൽ സമർപ്പിച്ചാൽ മതി ഇക്കൂട്ടരോട് സ്വർഗ്ഗത്തിലെ ദൈവം തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
      ഈ വിഷയത്തെ സംബന്ധിച്ച് ഭക്തനായ ഇയ്യോബ് ഇപ്രകാരമാണ് പറയുന്നത്; “ഞാൻ കണ്ടേടത്തോളം അന്യായം ഉഴുതു കഷ്ടത വിതെക്കുന്നവർ അതു തന്നേ കൊയ്യുന്നു. ദൈവത്തിൻ്റെ ശ്വാസത്താൽ അവർ നശിക്കുന്നു; അവൻ്റെ കോപത്തിൻ്റെ ഊത്തിനാൽ മുടിഞ്ഞുപോകുന്നു.” (ഇയ്യോബ് 4:8,9)
      ദുഷ്ടൻ ദൈവമക്കൾക്ക് വിരോധമായി കൈചലിപ്പിക്കുമ്പോൾ, ആ കൈയ്യുടെ പ്രവൃത്തിയാൽതന്നെ അവനെ കുടുക്കുവാൻ പദ്ധതി ഒരുക്കുന്ന ദൈവമാണ് നമ്മുടെ ദൈവം; സ്തോത്രം !

wa.me/919424400654    wa.me/919424400654
      ചില വർഷങ്ങൾക്കുമുമ്പ് ഭോപ്പാലിൽ എനിക്കുണ്ടായ ഒരു അനുഭവം ഞാൻ ഓർക്കുന്നുണ്ട്. എൻ്റെ അക്കൗണ്ടുള്ള ബാങ്കിൽ ഒരു വിവരം തിരക്കാനായി ഒരു ദിവസം ഞാൻ ചെന്നപ്പോൾ ആ ബാങ്കിലെ ഒരു ഓഫീസർ എന്നോട് മോശമായി സംസാരിക്കുവാൻ ഇടയായി. എൻ്റെ അക്കൗണ്ടിൽ നിന്ന് എ.ടി.എം. കാർഡുമുഖേന ഒറ്റതവണ ഞാൻ പിൻവലിച്ച ഒരു തുക, രണ്ടുതവണ പിൻവലിച്ചതായി പാസ്സുബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടപ്പോൾ ആ വിവരം അവരെ ധരിപ്പിക്കുന്നതിനുവേണ്ടിയാണ് അന്ന് ഞാൻ ബാങ്കിൽ പോയത്. ആ ബാങ്കിൻ്റെ കൗണ്ടറിലിരുന്ന ഉദ്യോഗസ്ഥനോട് ഞാൻ കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോഴായിരുന്നു, ഇതെല്ലാം ശ്രദ്ധിച്ച് പുറകിലിരുന്ന ഒരു ഓഫീസർ ചാടി എഴുന്നേറ്റ് എൻ്റെ നേരെ കൈചൂണ്ടികൊണ്ട് ഹിന്ദിയിൽ, 'നിങ്ങൾ ക്രിസ്താനികളെല്ലാം കള്ളന്മാരും, നുണയന്മാരും, ശല്യക്കാരുമാണ്, നിങ്ങൾ ക്രിസ്താനികളെ കാണുന്നതുതന്നെ എനിക്ക് വെറുപ്പാണ്…..' എന്നെല്ലാം പറയുവാൻ തുടങ്ങി.
     ഒരു പ്രകോപനവും കൂടാതെയുള്ള ഇദ്ദേഹത്തിൻ്റെ ഉറക്കെയുള്ള ശകാരവർഷം കേട്ട് ബാങ്കിലുണ്ടായിരുന്നവരെല്ലാം അമ്പരന്നുപോയി. ഒരു നിമിഷം പതറിയെങ്കിലും അയാളുടെ വാക്കുകൾ എന്നെ ചൊടിപ്പിച്ചു. ഇതെല്ലാംകേട്ടുകൊണ്ടിരുന്ന മാനേജരുടെ ക്യാബിനിലേക്ക് ഞാൻ കയറിച്ചെന്നു. ഒരു ബാങ്കുദ്യോഗസ്ഥന് യോജിക്കാത്ത വാക്കുകളാണ് അദ്ദേഹം പറഞ്ഞത് എന്നും ഒരു ചെറിയ കാര്യത്തിന് ക്രിസ്താനികളെ മുഴുവനും അധിക്ഷേപിച്ചത് ശരിയായില്ല എന്നും ഞാൻ പറഞ്ഞു. നല്ലവനായ ആ മാനേജർ എന്നെ പറഞ്ഞ് ശാന്തനാക്കി ഇരുത്തിയശേഷം കാര്യം തിരക്കി. ഉണ്ടായ സംഭവം ഞാൻ അദ്ദേഹത്തോട് വിശദമായി പറഞ്ഞു.
     അക്കൗണ്ട് പരിശോധിച്ചശേഷം അദ്ദേഹം എന്നോട് ഒരു ദിവസംകൂടി കാത്തിരിക്കുവാൻ ആവശ്യപ്പെട്ടു. ബാങ്കിൻ്റെ സെർവറിൽ എന്തെങ്കിലും പിശകുണ്ടായാൽ അടുത്ത ദിവസം മുംബൈയിൽ നിന്ന് ശരിയായി വരാറുണ്ട് എന്നും പറഞ്ഞു. നിസ്സാരമായ ഈ ഒരു കാര്യത്തിനുവേണ്ടി നിങ്ങളുടെ ഓഫീസർ അങ്ങനെ സംസാരിച്ചത് എന്തുകൊണ്ടാണ് എന്ന് ചോദിക്കണം എന്ന് ഞാൻ മാനേജരോട് ആവശ്യപ്പെട്ടു. എന്നെ അവിടെ ഇരുത്തിക്കൊണ്ടുതന്നെ മാനേജർ അദ്ദേഹത്തെ ക്യാബിനിലേക്ക് വിളിപ്പിച്ചു. അതേ ദേഷ്യഭാവത്തോടെ തന്നെ ആ ഓഫീസർ മാനേജരുടെ മുറിയിലേക്കും കയറിവന്നു. എന്നെ കണ്ടമാത്രയിൽ സ്വബോധം നഷ്ടപ്പെട്ടവനെപ്പോലെ പിന്നെയും അതേ ശകാരം തുടങ്ങി, മാനേജർ അദ്ദേഹത്തെ ശാന്തനാക്കുവാൻ ശ്രമിച്ചെങ്കിലും അയാൾ അനുസരിച്ചില്ല, ക്യാബിന്റെ കതക് വലിച്ചടച്ച് അയാൾ ഇറങ്ങിപ്പോയി. താങ്കളുടെ മുമ്പിൽവെച്ച് ഈ നടന്നത് എന്താണ്? ഒരു മാനേജരായ താങ്കളുടെ അവസ്ഥകണ്ട് എനിക്ക് ദു:ഖമുണ്ട് എന്നു പറഞ്ഞുകൊണ്ട് മാനേജരുടെ മുറിയിൽനിന്ന് ഞാനും ഇറങ്ങിപ്പോന്നു.
    ഈ സംഭവം നടക്കുന്ന സമയത്ത് ഞങ്ങൾ താമസിച്ചുകൊണ്ടിരുന്നത് ഭോപ്പാലിലെ കട്ടാരഹിൽസ് എന്ന സ്ഥലത്തായിരുന്നു. അവിടെ ഞങ്ങൾക്ക് ഏറ്റവും പ്രിയരായ ജോൺസൻ എന്ന സഹോദരനും കുടുംബവും അയൽവാസികളായിട്ടുണ്ടായിരുന്നു. അന്നു രാത്രിയിൽ അവരുടെ കാർ ഒരു അപകടത്തിൽപെട്ടു. ആ വലിയ അപകടത്തിൽ വാഹനം ഓടിച്ചിരുന്ന ജോൺസൻ സഹോദരൻ്റെ കൈഒടിഞ്ഞു എങ്കിലും കൃപയാൽ ജോളി സഹോദരിക്കും മക്കൾക്കും ഒന്നും സംഭവിച്ചില്ല. ഭോപ്പാലിലുള്ള ഫ്രാക്ചർ ഹോസ്പിറ്റലിൽ സഹോദരനെ അഡ്മിറ്റുചെയ്തു. അടുത്ത ദിവസം കൈക്ക് ഒരു ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ പറഞ്ഞു. അന്ന് രാത്രിയിൽ ഞാനും പാസ്റ്റർ പ്രിൻസ് എന്ന ഒരു സുഹൃത്തുമായിരുന്നു ആശുപത്രിയിൽ ജോൺസൻ സഹോദരന് കൂട്ടിരുന്നത്.
      അങ്ങനെ രാത്രിയിൽ ആശുപത്രിയിൽ ഇരിക്കുമ്പോഴും ആ പകൽ ബാങ്കിൽ നടന്ന സംഭവം എന്നെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. ദൈവനാമത്തെയും ദൈവജനത്തെയും നിന്ദിച്ച ആ ബാങ്ക് ഓഫീസർക്ക് എതിരെ ന്യായമായ ഒരു പരാതി അദ്ദേഹത്തിൻ്റെ മേലുദ്യോഗസ്ഥർക്ക് കൊടുക്കണമെന്ന് എനിക്ക് തോന്നി. രാത്രി ഒരുമണിയായപ്പോൾ ഭോപ്പാൽ ഫ്രാക്ചർ ഹോസ്പിറ്റലിനു സമീപമുള്ള എ.ടി.എം ൽ നിന്ന് എൻ്റെ എ.ടി.എം കാർഡ് ഉപയോഗിച്ച് അല്പം പണം എടുക്കുവാൻ ഞാൻ ശ്രമിച്ചു. എൻ്റെ സംശയം തെറ്റിയില്ല, ബാങ്ക് മാനേജരുടെ മുറിയിൽനിന്ന് എൻ്റെ എ.ടി.എം കാർഡ് ബ്ലോക്ക് ചെയ്യും എന്നു ഭീഷണിപ്പെടുത്തി ഇറങ്ങിപ്പോയ ആ ഓഫീസർ പറഞ്ഞതുപോലെ ചെയ്തിരിക്കുന്നു. ‘താങ്കളുടെ കാർഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു' എന്നു രേഖപ്പെടുത്തിയ ഒരു സ്ലിപ് രാത്രി ഒരുമണിക്ക് എ.ടി.എം ൽ നിന്ന് എനിക്ക് ലഭിച്ചു. അതു ഞാൻ കയ്യിൽ സൂക്ഷിച്ചുവെച്ചു.
     ഞാൻ ബാങ്കിൽ ചെന്നതും അവിടെവച്ച് ഉണ്ടായതുമായ സംഭവങ്ങൾ എല്ലാം വിശദമായി ഒരു പരാതിയായി എഴുതി, മാനേജരുടെ മുമ്പിൽ ഉണ്ടായ സംഭവവും പരാതിയിൽ പ്രത്യേകം രേഖപ്പെടുത്തി. അതിൻ്റെ കൂടെ അന്ന് സുഹൃത്തിനുണ്ടായ കാർ അപകടത്തെക്കുറിച്ചും, രാത്രിയിൽ ആശുപത്രിയിലെ ഓപ്പറേഷനുവേണ്ടി എ.ടി.എം ൽ നിന്ന് രൂപാ എടുക്കുവാൻ ശ്രമിച്ചപ്പോൾ ഓഫീസർ പ്രതികാരം കാണിച്ച് കാർഡ് ബ്ലോക്കു ചെയ്തതുകൊണ്ട് രാത്രി ഒരു മണിക്ക് ഉണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ചും പരാതിയിൽ പ്രത്യേകം എഴുതി, തെളിവിനായി 'കാർഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു' എന്ന് രാത്രി ഒരു മണിക്ക് സമയം രേഖപ്പെടുത്തിയ ഒരു സ്ലിപും, ഒപ്പം ഡോക്ടറുടെ ഒരു കത്തും, ആ പരാതിക്കൊപ്പംവെച്ച് അടുത്ത ദിവസം ഞാൻ ബാങ്കിൽ ചെന്നു. എന്നെ കണ്ടമാത്രയിൽ ആ ഓഫീസർ കസേരയിൽ നിന്ന് എഴുന്നേറ്റ് എല്ലാവരും കേൾക്കെ എന്നോടു ക്ഷമപറഞ്ഞു. എന്നാൽ അദ്ദേഹത്തെ ഗൗനിക്കാതെ ഞാൻ നേരെ മാനേജരുടെ മുറിയിലേക്കാണ് ചെന്നത്. ഓഫീസർ എന്നോട് ക്ഷമചോദിക്കുന്നത് ശ്രദ്ധിച്ചുനിന്ന മാനേജർ സന്തോഷത്തോടെ, എൻ്റെ അക്കൗണ്ടിൽ നിന്ന് അധികമായി പിൻവലിച്ച തുക മുംബൈയിൽ നിന്ന് തിരിച്ചുവന്നുവെന്നും അറിയിച്ചു.
      എല്ലാം കേട്ട് അദ്ദേഹത്തോട് ഒരു മറുപടിയും പറയാതെ ഞാൻ കൊണ്ടുവന്ന പരാതി അദ്ദേഹത്തിൻ്റെ കയ്യിൽകൊടുത്തു. പരാതിയുടെ ഒരു കോപ്പി എനിക്ക് ഒപ്പിട്ട് തരണമെന്നും ആവശ്യപ്പെട്ടു. (പരാതിയുടെ കോപ്പികൾ ബാങ്കിൻ്റെ ഹെഡ് ഓഫീസിലേക്കും, ബാങ്കിംഗ് ഓബുഡ്സ് മാനും അയക്കുന്നതായും അതിൽ ഞാൻ കുറിച്ചിരുന്നു) ആ പരാതി വായിച്ച ഉടനെ അദ്ദേഹം അതുമായി ആ ഓഫീസറുടെ അടുത്തേക്ക് പോകുന്നതു കണ്ടു. അല്പം കഴിഞ്ഞ് മാനേജരും ആ ഓഫീസറും മറ്റൊരു ഓഫീസറും എൻ്റെ അടുത്തുവന്നു. ഓഫീസറുടെ അഹങ്കാരമെല്ലാം പമ്പകടന്നിരുന്നു. ഒരു മനുഷ്യൻ താഴാവുന്നത്രയും താഴ്ന്ന് അദ്ദേഹം എന്നോടു ക്ഷമചോദിച്ചു. മാനേജരും മറ്റു സ്റ്റാഫും ഈ പരാതി ദയവായി പിൻവലിക്കണമെന്ന് എന്നോട് അഭ്യർത്ഥിച്ചു. ദൈവത്തെയും ദൈവജനത്തെയും നിന്ദിച്ചതിന് അദ്ദേഹം മാപ്പുപറഞ്ഞു. ഇനി ഒരിക്കലും താൻ ക്രിസ്തുവിനെ നിന്ദിക്കില്ല എന്നു പറഞ്ഞതു കേട്ടപ്പോൾ അദ്ദേഹത്തോട് ക്ഷമിച്ച് പരാതി മടക്കിവാങ്ങി ഞാൻ ബാങ്കിൽനിന്ന് ഇറങ്ങിവന്നു.
      ദൈവത്തെയും ദൈവമക്കളെയും നിന്ദിക്കുന്നവരോട് സ്വർഗ്ഗത്തിൽനിന്ന് ദൈവം ഇടപെടും, അവരെ പരിഹസിക്കുന്നവരോട് ദൈവം കണക്കുചോദിക്കും. അവരെ വീഴ്ത്താൻ കുഴികുഴിക്കുന്നവർ അതിൽ വീഴും. അത് ജീവിതത്തിൽ ബോധ്യപ്പെട്ട ദാവീദ് രാജാവ് ഇപ്രകാരം പാടി; “..അവർ എൻ്റെ കാലടികൾക്കു ഒരു വലവിരിച്ചു, ..; അവർ എൻ്റെ മുമ്പിൽ ഒരു കുഴി കുഴിച്ചു; അതിൽ അവർ തന്നെ വീണു… ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും” (സങ്കീർ. 57:6,7).

ഈ വചനങ്ങളാൽ ദൈവം അനുഗ്രഹിക്കട്ടെ,

പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ വചനമാരി, ഭോപ്പാൽ
9424400654

പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 7000477047, 9589741414, 07554297672.

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.