പുതുമാസ സന്ദേശം

October-2024

വിശ്വസിക്കുന്നവരുടെ ചില ബലഹീന കരങ്ങളോട്ചേർത്ത് യേശു കർത്താവ് കരംവെക്കുവാൻ പോകുകയാണ്. ഈ ലോകത്തിൻ്റെ കണ്ണുകൾക്ക് അതു കാണുവാൻ കഴിയില്ല. എന്നാൽ അത്ഭുതമായി, അടയാളമായി അതു വെളിപ്പെടും. ഒന്നിനും കൊള്ളാത്തവൻ, വീടിനു ഗുണമില്ലാത്തവൻ, കാശിനു ഗതിയില്ലാത്തവൻ.. എന്നൊക്കെ കരുതി സഹോദരന്മാർ തള്ളിക്കളഞ്ഞ യോസേഫ് എന്ന പാഴ്വൃക്ഷത്തെ ഫലപ്രദമായോരു വൃക്ഷമാക്കിയവൻ്റെ കരം ഇന്നു നമുക്കുവേണ്ടിയും പ്രവർത്തിക്കാൻ ശക്തമാണ്.


       ഉല്പ. 49:22..24 “യോസേഫ് ഫലപ്രദമായോരു വൃക്ഷം തന്നേ;... *അവൻ്റെ ഭുജം യാക്കോബിൻ വല്ലഭൻ്റെ കയ്യാൽ ബലപ്പെട്ടു;* യിസ്രായേലിൻ്റെ പാറയായ ഇടയൻ്റെ നാമത്തിൽ തന്നേ”
       സംഭവിക്കാൻ ഒരു സാധ്യതയുമില്ല എന്ന് സമൂഹം കരുതുന്ന ചില കാര്യങ്ങൾ അപ്രതീക്ഷിതമായി ചില ആളുകളുടെ ജീവിതത്തിൽ സംഭവിക്കുന്നതു കാണുമ്പോൾ സാധാരണയായി ജനങ്ങൾ പറയുന്ന ഒരു അഭിപ്രായമാണ്; ‘നല്ല സ്വാധീനമുള്ള ആരോ അവൻ്റെ പുറകിലുണ്ട്’ എന്ന്. അതുപോലെ, നടക്കാൻ ഒരു സാധ്യതയുമില്ല എന്ന് ലോകം വിധി എഴുതിയ ചില കാര്യങ്ങൾ ദൈവമക്കളുടെ ജീവിതത്തിൽ നടക്കുന്നതു
കാണുമ്പോൾ, അവർക്ക് ലോകത്തോടു പറയുവാനുള്ള ഉത്തരമാണ് ഈ തിരുവചനം.
      ഒരിക്കൽ സ്വന്ത സഹോദരങ്ങളാൽ തള്ളപ്പെട്ട്, കുടുംബത്തിൽ നിന്നും ദേശത്തുനിന്നും പാലായനം ചെയ്യേണ്ടി വന്ന യോസേഫ്; പിന്നീട് പട്ടിണികൊണ്ട് പൊറുതിമുട്ടിയ അതേ സഹോദരങ്ങൾക്ക് ഫലപ്രദമായ ഒരു വൃക്ഷമായി തീർന്നതിനു കാരണം, ശക്തമായ ഒരു കരം യോസഫിൻ്റെ കരത്തോടു കൂടെ ഉണ്ടായിരുന്നതുകൊണ്ടാണ്. ആരും കാണാത്ത ആ ഭുജം യാക്കോബിൻ വല്ലഭൻ്റെ കരമായിരുന്നു എന്നാണ് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത്.
     ആരാണ് യാക്കോബിൻ്റെ വല്ലഭൻ എന്ന് യെശ. 60:16 വാക്യത്തിൽ നമുക്കു കാണാം; (“..യഹോവയായ ഞാൻ നിൻ്റെ രക്ഷകൻ എന്നും യാക്കോബിൻ്റെ വല്ലഭൻ നിൻ്റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും”)
നമ്മുടെ ബലഹീന കരങ്ങളെ ശക്തമാക്കുന്നതും, നമ്മുടെ കുറവുകളും ഇല്ലായ്മകളും പരിഹരിക്കുന്നതും, നമുക്കു അസാധ്യമായവ സാധ്യമാക്കി തരുന്നതും, നമുക്കു സ്വപ്നം കാണാൻപോലും യോഗ്യതയില്ലാത്തവ പലതും ദാനമായി തരുന്നതും മറ്റാരുമല്ല, നമ്മുടെ രക്ഷകനും വീണ്ടെടുപ്പുകാരനുമായ കർത്താവായ യേശു ക്രിസ്തു തന്നെ. ഹല്ലേലൂയ്യ !
      ചില ബലഹീന കരങ്ങളിൽ യേശുകർത്താവിൻ്റെ കരംവെച്ചപ്പോൾ സംഭവിച്ചത് എന്താണ് എന്ന് നമ്മൾ തിരുവചനത്തിൽ വായിക്കുന്നുണ്ടല്ലോ, അവയിൽ ഒന്നുരണ്ടെണ്ണം മാത്രം ഞാൻ ഓർമ്മിപ്പിക്കാം;
ചില രോഗികൾ സൗഖ്യമായി: മർക്കൊ. 6:5,
കുരുടൻ കാഴ്ചപ്രാപിച്ചു: മർക്കൊ. 8:23,
ചിലർ അനുഗ്രഹിക്കപ്പെട്ടു: മർക്കൊ. 10:16,
ചില ബന്ധനങ്ങൾ അഴിഞ്ഞു: ലൂക്കൊ. 13:12.
     2024 നവംബർ മാസത്തിൽ പരിശുദ്ധാത്മാവിന് നൽകുവാനുള്ള വാഗ്ദത്ത സന്ദേശം ഇതാണ്; വിശ്വസിക്കുന്നവരുടെ ചില ബലഹീന കരങ്ങളോട്ചേർത്ത് യേശു കർത്താവ് കരംവെക്കുവാൻ പോകുകയാണ്. ഈ ലോകത്തിൻ്റെ കണ്ണുകൾക്ക് അതു കാണുവാൻ കഴിയില്ല. എന്നാൽ അത്ഭുതമായി, അടയാളമായി അതു വെളിപ്പെടും. ഒന്നിനും കൊള്ളാത്തവൻ, വീടിനു ഗുണമില്ലാത്തവൻ, കാശിനു ഗതിയില്ലാത്തവൻ.. എന്നൊക്കെ കരുതി സഹോദരന്മാർ തള്ളിക്കളഞ്ഞ യോസേഫ് എന്ന പാഴ്വൃക്ഷത്തെ ഫലപ്രദമായോരു വൃക്ഷമാക്കിയവൻ്റെ കരം ഇന്നു നമുക്കുവേണ്ടിയും പ്രവർത്തിക്കാൻ ശക്തമാണ്. സ്തോത്രം !

വിശ്വസിക്കുന്നവർക്ക് ഈ സന്ദേശത്തിൽ കരങ്ങൾവെച്ച് ‘ആമേൻ’ പറയാം.
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ, ഭോപ്പാൽ
മൊ. 9424400654


പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 7000477047, 9589741414, 07554297672

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*