2 രാജാ. 7:1 “..നാളെ ഈ നേരത്തു ശമര്യയുടെ പടിവാതിൽക്കൽ ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും ശേക്കലിന്നു രണ്ടു സെയാ യവവും വില്ക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു..”
പഴയ കാലത്ത് ജനങ്ങളുടെ പ്രധാന ആഹാരമായിരുന്നു കോതമ്പും യവവും എന്ന് വേദപുസ്തകത്തിൽ നിന്ന് നമുക്കു കാണുവാൻ കഴിയും. ഇവ രണ്ടും നിലത്ത് കൃഷി ചെയ്യുകയും വെവ്വേറെ കൊയ്യുകയുമായിരുന്നു എന്നും മനസ്സിലാക്കാം (രൂത്ത് 2:23). എന്നാൽ യവം കോതമ്പിനെക്കാളും വില കുറഞ്ഞതും, മനുഷ്യരെപ്പോലെ മൃഗങ്ങൾക്കും ഭക്ഷിപ്പാൻ നൽകിയിരുന്നതുമായ ധാന്യമായിരുന്നു എന്ന് വചനത്തിൽ കാണുന്നു (1 രാജാ. 4:28). ഒരുപിടി യവം എന്നു പറഞ്ഞാൽ അത് അക്കാലത്ത് എത്ര നിസ്സാരമായിരുന്നു എന്ന് യെഹ. 13:19 വചനഭാഗത്തും നമ്മൾ വായിക്കുന്നുണ്ട്.
പഴയ നിയമത്തിൽ ഒരിടങ്ങഴി കോതമ്പിൻ്റെ പകുതി വില മാത്രമേ യവത്തിന് ഉണ്ടായിരുന്നുള്ളൂ, എങ്കിൽ പുതിയ നിയമത്തിലേക്ക് വരുമ്പോൾ അതിൻ്റെ വില പിന്നെയും കുറവായിരുന്നു എന്ന് വെളിപ്പാടു പസ്തകത്തിൽ നമ്മൾ വായിക്കുന്നു (വെളി. 6:6 “ഒരു പണത്തിന്നു ഒരിടങ്ങഴി കോതമ്പു; ഒരു പണത്തിന്നു മൂന്നിടങ്ങഴി യവം;..”).
വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ കണക്കുകൾ എല്ലാം മനസ്സിൽവെച്ചുകൊണ്ട് ഒരു വചനഭാഗം കൂടെ നമുക്കു പരിശോധിക്കാം; യോഹ. 6:9 “ഇവിടെ ഒരു ബാലകൻ ഉണ്ടു; അവൻ്റെ പക്കൽ അഞ്ചു *യവത്തപ്പവും* രണ്ടു മീനും ഉണ്ടു; എങ്കിലും ഇത്രപേർക്കു അതു എന്തുള്ളു എന്നു പറഞ്ഞു.”
നമ്മുടെ കർത്താവിൻ്റെ പരസ്യ ശുശ്രൂഷയിൽ, അവിടുന്ന് ചെയ്ത അത്ഭുത പ്രവർത്തികളിൽ, നാലു സുവിശേഷങ്ങളിലും ഒരുപോലെ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവമാണല്ലോ അഞ്ചു അപ്പവും രണ്ടു മീനും ആയിരങ്ങൾക്ക് അനുഗ്രഹിച്ച് നൽകിയതും അവർ എല്ലാവരും ഭക്ഷിച്ച് തൃപ്തരായതിനു ശേഷം പന്ത്രണ്ടു കൊട്ട ശേഷിപ്പിച്ചതുമായ സംഭവം; മത്താ. 14:13.., മർക്കൊ. 6:31…, ലൂക്കൊ. 9:12…, യോഹ. 6:1... ഈ നാലു സുവിശേഷങ്ങളും പരിശോധിച്ചാൽ അപ്പൊ. യോഹന്നാൻ മാത്രമാണ് ആ അപ്പം യവത്തിൻ്റെതായിരിന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി കാണുന്നത്. യോഹന്നാൻ്റെ സുവിശേഷത്തിൻ്റെ മാത്രം ഒരു പ്രത്യേകതയാണ് ഇത്. കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വസ്തുതകൾ പഠിച്ച് കൃത്യമായി രേഖപ്പെടുത്തുവാൻ അപ്പൊ. യോഹന്നാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നു കാണാം. അതുകൊണ്ടാണ് മറ്റു ശിഷ്യന്മാർ വ്യക്തമാക്കാതിരുന്ന ഒരു കാര്യം, ആ ബാലകൻ്റെ കയ്യിൽ ഉണ്ടായിരുന്നത് അഞ്ചു *യവത്തപ്പമായിരുന്നു* എന്നും, ബാക്കി ശേഷിപ്പിച്ചത് പന്ത്രണ്ടു കൊട്ട *യവത്തപ്പമായിരുന്നു* എന്നും താൻ സ്പഷ്ടമായി രേഖപ്പെടുത്തിയത്.
*ഈ ആത്മീയ മർമ്മം ഇന്ന് നമുക്കു നൽകുന്ന സന്ദേശമെന്താണ് ?*
യവത്തിൻ്റെ അപ്പംമാത്രം ഭക്ഷിപ്പാൻ ശേഷി ഉണ്ടായിരുന്ന ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു ആ ബാലൻ. തൻ്റെ ഇല്ലായ്മയിൽ നിന്നും, ശേഷിയിൽ നിന്നും ഒരു മടിയും കൂടാതെ കർത്താവിനു കൊടുക്കുവാൻ ആ ബാലൻ തയ്യാറായി.
ലോക ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുവാൻ പോകുന്ന ഒരു മഹാഅത്ഭുതം യേശു കർത്താവ് ചെയ്യുന്നത്, (അഞ്ചപ്പവും രണ്ടുമീനുംകൊണ്ട് ആയിരങ്ങളെ പോഷിപ്പിക്കുന്നത്) സമ്പന്നരുടെ ആഹാരമായ കോതമ്പുമാവിൻ്റെ അപ്പംകൊണ്ടാകരുത്, എളിയവരുടെ ആഹാരമായ യവമാവിൻ്റെ അപ്പംകൊണ്ടായിരിക്കണമെന്നത് സ്വർഗ്ഗത്തിൻ്റെ പദ്ധതിയായിരുന്നു.
കോതമ്പ് യിസ്രായേൽ ജനമായിരുന്നു എങ്കിൽ, യവം ജാതികളിൽ നിന്നും ഗോത്രങ്ങളിൽ നിന്നും ദൈവകൃപയാലും മഹാദയയാലും വിളിക്കപ്പെട്ട നാം ഓരോരുത്തരുമാണ്. ആ ബാലൻ കൊടുത്ത യവത്തിൻ്റെ അപ്പം കരങ്ങളിൽ എടുത്ത് അനുഗ്രഹിച്ചതുപോലെ, ലോകത്തിൽ ബലഹീനരും പാപികളും, തള്ളപ്പെട്ടവരുമായിരുന്ന നമ്മെ ഓരോരുത്തരെയും കരുണയുള്ള നാഥൻ കരങ്ങളിൽ എടുത്ത് മാനിച്ചിരിക്കയാണ്. സ്തോത്രം ! ഹല്ലേലൂയ്യാ..
യാക്കോബ് 2:5 “..ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നേ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിൻ്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ?..”
1 കൊരി. 1:27,28 “ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു… ദൈവം ലോകത്തിൽ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു;”
ഇതു വിശ്വസിക്കുന്നവർ ഒരു നിമിഷം ഈ സന്ദേശത്തിൽ കരങ്ങൾവെച്ച് നന്ദിയോടെ കർത്താവിനെ സ്തുതിച്ചാട്ടെ !
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ, ഭോപ്പാൽ (Mob. 9424400654)
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ (വചനമാരി മാസിക വരിസംഖ്യ പുതുക്കുവാനും, വചനമാരി സുവിശേഷപ്രവർത്തനങ്ങൾക്ക് സ്തോത്രക്കാഴ്ച നൽകുവാനും ആഗ്രഹിക്കുന്നവർക്കും ബന്ധപ്പെടാവുന്നതാണ്): 7898211849, 7000477047, 9589741414, 07554297672
വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
wa.me/917898211849