മത്തായി 14:18 “ *അതു ഇങ്ങു കൊണ്ടു വരുവിൻ* എന്നു അവൻ പറഞ്ഞു”
യേശു കർത്താവിൻ്റെ ശിഷ്യന്മാരുടെ കയ്യിലൊതുങ്ങാത്ത ഒരു വിഷയത്തെ സംബന്ധിച്ച് കർത്താവ് പറയുന്ന കാര്യമാണ് ഈ വാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ അടങ്ങിയ ഒരു വൻ ജനക്കൂട്ടം ശിഷ്യന്മാരുടെ മുമ്പിൽ വിശന്നിരിക്കുമ്പോൾ, അവർക്കു കൊടുക്കാനായി ശിഷ്യന്മാരുടെ കൈയ്യിൽ ഉള്ളത് അഞ്ചു അപ്പവും രണ്ടു മീനും മാത്രം. എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്ന ശിഷ്യന്മാരോടായി കർത്താവ് പറഞ്ഞു *‘അതു ഇങ്ങു കൊണ്ടു വരുവിൻ’*.
ജീവിതത്തിലെ ചില വിഷയങ്ങളുടെ മുമ്പിൽ എന്തു ചെയ്യണമെന്നറിയാതെ പകെച്ചു നിൽക്കേണ്ടി വരുന്ന ചില സന്ദർഭങ്ങളുണ്ട്. നമ്മുടെ കയ്യിൽ ഒതുങ്ങാത്ത, നമ്മുടെ ഉറക്കം കെടുത്തുന്ന, നമ്മുടെ സ്വൈര്യം കളയുന്ന ചില വിഷയങ്ങൾ. ഓക്കുന്തോറും ഒരെത്തും പിടിയും കിട്ടാത്ത, മന:സ്സമാധാനം നഷ്ടപ്പെടുത്തുന്ന ചില കാര്യങ്ങൾ. ഞാൻ ഈ സന്ദേശം എഴുതിക്കൊണ്ടിരിക്കുമ്പോൾ ഒരു സഹോദരൻ എന്നെ ഫോണിൽ വിളിച്ച് അദ്ദേഹത്തിൻ്റെ മകൻ്റെ പരീക്ഷാറിസൾട്ടിനെക്കുറിച്ച് പറഞ്ഞു, ഒരു വിഷയം മാത്രം ജയിച്ചു, മറ്റെല്ലാ വിഷയങ്ങൾക്കും തോറ്റുപോയി. മകൻ പറഞ്ഞാൽ ഒരു തരി അനുസരിക്കില്ല, എപ്പൊഴും മൊബൈലിൽ, അല്ലെങ്കിൽ ടെലിവിഷൻ്റെ മുമ്പിലാണ്. മറ്റൊരു സഹോദരി പറഞ്ഞ വിഷയം, അവരുടെ ഭർത്താവ് ഗൾഫിലാണ്, നിർമ്മാണ മേഖലയിൽ തൊഴിൽ ചെയ്യുന്നു ആറുമാസമായി ശമ്പളം കിട്ടുന്നില്ല. അവിടെ ഭർത്താവും പട്ടിണിയിലാണ്, ഇവിടെ ഞങ്ങളുടെ കാര്യവും കഷ്ടത്തിലാണ്, കൂടാതെ വലിയ കട ബാധ്യതയുമുണ്ട്.
ഇതുപോലെ നിരവധി വിഷയങ്ങൾ, ചിലരുടെ രോഗാവസ്ഥകൾ.. ഇവയുടെ എല്ലാം മുമ്പിൽ നിസ്സഹായരായി പകെച്ചു നിൽക്കുമ്പോൾ, യേശു കർത്താവ് പറയുന്നു, *‘ആ വിഷയം ഇങ്ങു കൊണ്ടു വരുവിൻ’*. ശിഷ്യന്മാർ യേശു പറഞ്ഞതുപോലെ ചെയ്തു. അവരുടെ വിഷയം കർത്താവിൻ്റെ കൈയ്യിൽ കൊടുത്തു. യോഹ. 6:11, ലൂക്കൊ. 9:16, മർക്കൊ. 6:41 മുതലായ വാക്യങ്ങൾ വായിക്കുമ്പോൾ അവിടെയെല്ലാം പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്ന ഒരു വാക്കുണ്ട്; ‘*എടുത്തു’* എന്നാണ് ആ വാക്ക്. യേശു കർത്താവ് ആവശ്യപ്പെട്ടതുപോലെ അവർ വിഷയം യേശു നാഥൻ്റെ കയ്യിൽ സമർപ്പിച്ചപ്പോൾ, *അതു കർത്താവ് ഏറ്റെടുത്തു*. നൂറ്റാണ്ടുകൾക്കു മുമ്പ് ദൈവത്തിൻ്റെ പ്രവാചകനായ യെശയ്യാവ് ഇപ്രകാരമാണ് പ്രവചിച്ചിരിക്കുന്നത്; മത്തായി 8:17 (യെശ. 53:4) ‘അവൻ *നമ്മുടെ ബലഹീനതകളെ എടുത്തു* വ്യാധികളെ ചുമന്നു..’
നമ്മുടെ ബലഹീന അവസ്ഥകളെല്ലാം യേശുവിൻ്റെ കയ്യിൽ സമർപ്പിക്ക, അവിടുന്ന് അതു എടുക്കുവാൻ ഇന്നും വിശ്വസ്തനാണ്. ഒരിക്കൽ ചന്ദ്രരോഗം പിടിച്ച ഒരു മകന് സൗഖ്യം നൽകണേ എന്ന അപേക്ഷയുമായി അവൻ്റെ പിതാവ് ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടു വന്നു. എന്നാൽ അവർക്ക് അവനെ സൗഖ്യം വരുത്തുവാൻ കഴിഞ്ഞില്ല. അപ്പോൾ ആ പിതാവ് യേശുവിനോട് വിഷയം പറഞ്ഞു; അതിനു യേശു കർത്താവ് പറഞ്ഞ മറുപടി ‘.. *അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ* ’ (മത്തായി 17:17) എന്നാണ്. ഏതു വിഷയവും യേശുകർത്താവിൻ്റെ അടുക്കലാണ് കൊണ്ടുചെല്ലേണ്ടത്.
മർക്കൊ. 1:32, 2:3, ലൂക്കൊ. 4:40, 18:40, മത്തായി 12:22, 15:30, 9:2, 4:24… മുതലായ നിരവധി വാക്യങ്ങൾ എല്ലാം പരിശോധിച്ചാൽ അവിടെയെല്ലാം പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്ന ഒരു വാക്കുണ്ട്; *‘അവന്റെ അടുക്കൽ കൊണ്ടുവന്നു’* എന്നാണ് ആ വാക്ക്. നാനാവ്യാധിക്കാരെ, ദീനക്കാരെ, ഊമാരെ, കരുടരെ, ഭൂതഗ്രസ്തരെ,.. എല്ലാവരെയും ‘യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു’. അവിടുന്ന് എല്ലാവരുടെയും വിഷയൾ ‘എടുത്തു’
എന്നാൽ യേശു എടുക്കണമെങ്കിൽ ഒരു പ്രധാന നിബന്ധന ഉണ്ട്. അതുകൂടെ തിരുവചനത്തിൽനിന്ന് ഓർമ്മിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. മർക്കൊ. 9:36, ലൂക്കൊ. 9:47 “ഒരു ശിശുവിനെ *‘എടുത്തു’* അവരുടെ നടുവിൽ നിറുത്തി..”. മത്തായി 18:4 “..ഈ ശിശുവിനെപ്പോലെ *തന്നെത്താൻ താഴ്ത്തുന്നവൻ* ..”.
*താഴ്മയാണ് യേശു നമ്മെ എടുക്കുവാനുള്ള യോഗ്യത*. തലക്കനവും ഞാനെന്ന ഭാവവും, പൊങ്ങച്ചവും വീമ്പുപറച്ചിലും, തന്നിഷ്ടവും, താന്തോന്നിത്തരവും, ഗർവ്വും അഹങ്കാരവും, … ഒക്കെ അവസാനിപ്പിച്ച് ഒരു ശിശുവിൻ്റെ നിർമ്മലതയോടെ യേശുവിൻ്റെ അടുക്കൽ വന്നാൽ, നിശ്ചയമായും അവിടുന്ന് നമ്മെ ഏറ്റെടുക്കും, നമ്മുടെ വിഷയങ്ങൾക്ക് പരിഹാരം തരും.
ഈ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ, *ആമേൻ*
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ (9424400654)
വചനമാരി, ഭോപ്പാൽ
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Mob: 7898211849, 9589741414, 7000477047 Ph: 0755 4297672