ദൈവമേ , എന്തു ചെയ്യും ?* (2 ദിനവൃ. 20:12)
ജീവിതത്തിൽ പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ, മുമ്പിൽ ഒരു മാർഗ്ഗവും കാണാതിരിക്കുമ്പോൾ,.. ഏതു മനുഷ്യനും അവസാനം ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത്. ഈ തിരുവചനഭാഗത്തും നമ്മൾ അതുതന്നെയാണ് കാണുന്നത്. യെഹൂദാരാജാവായ യെഹോശാഫാത്തിനെതിരെ ഒരു വലിയ സൈന്യം ആക്രമിക്കുവാൻ വന്നപ്പോൾ, തൻ്റെ സൈന്യബലംകൊണ്ട് അവരെ ചെറുക്കുവാൻ കഴിയില്ലെന്നു കണ്ടപ്പോൾ അവൻ സർവ്വശക്തനായ ദൈവത്തിൻ്റെ സന്നിധിയിൽ വന്ന് തൻ്റെ അവസ്ഥ പറഞ്ഞു. താൻ *എന്തു ചെയ്യേണ്ടു ?* എന്നു ചോദിച്ചു.
നമ്മുടെ കയ്യിൽ ഒതുങ്ങാത്ത ഒരു വിഷയം ജീവിതത്തിൽ വരുമ്പോൾ, അതു മനുഷ്യരുടെ മുമ്പിൽ കൊണ്ടുചെല്ലാതെ, ദൈവസന്നിധിയിൽ സമർപ്പിച്ച്, നുറുങ്ങിയ ഹൃദയവുമായി, ‘കർത്താവേ, ഞാൻ എന്തു ചെയ്യും ?’ എന്ന് ചോദിക്കുമെങ്കിൽ, സ്വർഗ്ഗം ആ വിഷയത്തിൽ ഇടപെടും. ആ പ്രശ്നത്തിന് പരിഹാരം ഉണ്ടാകും.
യെഹോശാഫാത്തിൻ്റെ കാര്യത്തിലും നമ്മൾ അതുതന്നെയാണ് കാണുന്നത്. ദൈവം ഇടപെട്ട് ശത്രുക്കുടെമേൽ അവന് ജയം നൽകി. (വാക്യം 30 “ഇങ്ങനെ അവൻ്റെ ദൈവം ചുറ്റും വിശ്രാമം നല്കിയതുകൊണ്ട് യെഹോശാഫാത്തിൻ്റെ രാജ്യം സ്വസ്ഥമായിരുന്നു”)
ജീവിതത്തിൽ ഇതുപോലെ ഒരു പ്രതിസന്ധി നേരിട്ട മറ്റൊരു രാജാവിനെക്കുറിച്ചും ദിനവൃത്താന്തങ്ങളുടെ പുസ്തകത്തിൽ പരിശുദ്ധാത്മാവ് ഖേപ്പെടുത്തിയിട്ടുണ്ട്. ഫെലിസ്ത്യർ ശൌലിനെതിരെ വന്നപ്പോൾ, ‘ദൈവമേ ഞാൻ എന്തു ചെയ്യേണ്ടു’ എന്നു പറഞ്ഞുകൊണ്ട് അവൻ ദൈവസന്നിധിയിൽ അഭയം പ്രാപിക്കാതെ, അവൻ വെളിച്ചപ്പാടത്തിയുടെ അടുക്കൽചെന്ന് അരുളപ്പാട് ചോദിക്കകൊണ്ട് മരിക്കേണ്ടി വന്നു. (1 ദിനവൃ. 10:13).
രണ്ടു രാജാക്കന്മാർ അവരുടെ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളിൽ സ്വീകരിച്ച രണ്ടു വ്യത്യസ്ത മാർഗ്ഗങ്ങളാണ് ഇൗ തിരുവചന ഭാഗങ്ങളിൽ നമ്മൾ കാണുന്നത്. ഒരാൾ ദൈവത്തിൻ്റെ സന്നിധിയിൽ വിഷയം കൊണ്ടുവന്നപ്പോൾ, മറ്റൊരാൾ വിഷയവുമായി വെളിച്ചപ്പാടത്തിയുടെ അടുക്കലേക്കു പോയി. ദൈവസന്നിധിയിൽ സമർപ്പിച്ചതിന് ദൈവം പരിഹാരം വരുത്തി. മനുഷ്യൻ്റെ മുമ്പിൽ പോയവന് മരണ ശിക്ഷ ഏൽക്കേണ്ടി വന്നു.
പ്രിയരേ, ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ തളർന്നുപോകരുത്. മനുഷ്യരുടെ അടുക്കൽ വിഷയപരിഹാരത്തിന് മാർഗ്ഗങ്ങൾ തേടി അലയാതെ. *‘കർത്താവേ, ഞാൻ എന്തു ചെയ്യേണ്ടു’* എന്നു ചോദിച്ചുകൊണ്ട് യേശുവിൻ്റെ അരികൽ വരിക. നാഥൻ വിഷയത്തിൽ ഇടപെടും പരിഹാരം വരുത്തും.
ഒരു നല്ല ദിനം ആശംസിച്ചുകൊണ്ട്,
വചനമാരിയിൽ നിന്ന്
ഷൈജു പാസ്റ്റർ (ഭോപ്പാൽ)
(മൊ. 9424400654, 7898211849)
വചനമാരി പ്രാർത്ഥനാ മുറിയിലേക്ക് വിഷയങ്ങൾ അറിയിക്കുവാൻ വിളിക്കേണ്ട നമ്പർ: 7000477047, 9589741414, 07554297672