മത്തായി 2:6 “യെഹൂദ്യദേശത്തിലെ ബേത്ത്ളേഹെമേ, നീ യെഹൂദ്യപ്രഭുക്കന്മാരിൽ *ഒട്ടും ചെറുതല്ല;* എൻ്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽ നിന്നു പുറപ്പെട്ടുവരും’ എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.”
നമ്മുടെ കർത്താവായ യേശു ക്രിസ്തുവിൻ്റെ ജനനത്തിനു നൂറ്റാണ്ടുകൾക്കു മുമ്പ് ദൈവത്തിൻ്റെ പ്രവാചകനായ മീഖാവിൽക്കൂടെ അരുളിച്ചെയ്തിരിക്കുന്ന ഈ പ്രവചന വാക്യം, പുതിയ നിയമ സുവിശേഷ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിനു പുറകിൽ
ഒളിഞ്ഞിരിക്കുന്ന ഒരു മർമ്മമുണ്ട്. അതു മനസ്സിലാക്കണമെങ്കിൽ മീഖാ 5:2 വാക്യം കൂടെ ഇതിനോടു ചേർത്ത് വായിക്കണം.
“നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ *ചെറുതായിരുന്നാലും* യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും;..”
ഈ രണ്ടു വാക്യങ്ങളും ശ്രദ്ധിച്ചു വായിച്ചാൽ ഒരു പൊരുത്തക്കേട് ഉള്ളതായി മനസ്സിലാകും. മീഖാ പ്രവാചകൻ പറയുന്നത് ബേത്ത്ളേഹേമേ *നീ ചെറുതായിരുന്നാലും* എന്നാണ്. എന്നാൽ ഈ വാക്യത്തെ ഉദ്ധരിച്ചുകൊണ്ട് പുതിയ നിയമത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ബേത്ത്ളേഹേമേ *നീ ഒട്ടും ചെറുതല്ല* എന്നുമാണ്. അതായത്, ലോക രക്ഷിതാവായ യേശു ക്രിസ്തുവിൻ്റെ ജനനത്തിങ്കൽ ഒരു ദേശത്തിനു ലഭിച്ച അംഗീകാരത്തിലേക്കും വിശേഷതയിലേക്കുമാണ് ഈ വാക്യം വിരൽ ചൂണ്ടുന്നത്. സ്തോത്രം !
ഒന്നുകൂടെ വ്യക്തമായി പറഞ്ഞാൽ, യേശു കർത്താവ് ജനിക്കുന്ന ദേശം എത്ര ചെറുതായാലും, എത്ര പിൻതള്ളപ്പെട്ടതായാലും, എത്ര അവഗണിക്കപ്പെട്ടതായാലും, നാഥൻ്റെ ജനനത്തോടെ അതിൻ്റെ യശസ്സ് ഉയരും, അതിൻ്റെ കീർത്തി വർദ്ധിക്കും, അതിൻ്റെ മാറ്റു കൂടും. ഇത് ഒരു ദേശത്തിൻ്റെ മാത്രം കാര്യമല്ല. യേശു കർത്താവ് ജനിക്കുന്ന ജീവിതങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്. ഒരിക്കൽ അവർ തള്ളപ്പെട്ടവരാകാം, മാറ്റി നിർത്തപ്പെട്ടവരാകാം, അവഗണിക്കപ്പെട്ടവരാകാം, ഉപേക്ഷിക്കപ്പെട്ടവരാകാം, വെറുക്കപ്പെട്ടവരാകാം, ഒറ്റപ്പെടപ്പെട്ടവരാകാം, കഴിവില്ലാത്തവരാകാം, ഗുണമില്ലാത്തവരാകാം, മെനയില്ലാത്തവരാകാം, പരിഷ്കാരമില്ലാത്തവരാകാം, യോഗ്യതയില്ലാത്തവരാകാം, ഗതിയില്ലാത്തവരാകാം…പക്ഷേ, യേശു കർത്താവ് അവരുടെ ഹൃദയങ്ങളിൽ ജനിക്കുന്ന നിമിഷം അവരുടെ തലവരമാറും. ഒരിക്കൽ ‘ചെറുതെന്നു’ പറഞ്ഞ ബേത്ത്ളേഹേമിനെ, യേശു നാഥൻ്റെ ജനനം ‘ഒട്ടും ചെറുതല്ല’ എന്നു മാറ്റിപ്പറയിച്ചതുപോലെ, യേശു ജനിക്കുന്ന ജീവിതങ്ങളുടെയും കുടുംബങ്ങളുടെയും അവസ്ഥ മാറും.
ലോക ജനത യേശു നാഥൻ്റെ ജന്മദിനം ആഘോഷിക്കുന്ന ഈ വേളയിൽ, യേശു രക്ഷകൻ എല്ലാവരുടെയും ഹൃദയങ്ങളിൽ ജനിക്കട്ടെ എന്നും, ആ ജീവിതങ്ങളിൽ സമ്പൂർണ്ണ പരിവർത്തനം ഉണ്ടാകട്ടെ എന്നും നമുക്ക് ആഗ്രഹിക്കാം, ആത്മാർത്ഥമായി പ്രാർത്ഥിക്കാം.
എല്ലാവർക്കും ആശംസകളോടെ,
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7898211849, 7000477047, 9589741414,
(വചനമാരി മാസിക വരിസംഖ്യ പുതുക്കുവാനും, വചനമാരി സുവിശേഷപ്രവർത്തനങ്ങൾക്ക് സ്തോത്രക്കാഴ്ച നൽകുവാനും ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ: 9424400654, 7898211849)