2 രാജാ. 19:14 “ഹിസ്കീയാവു ദൂതന്മാരുടെ കയ്യിൽനിന്നു എഴുത്തു വാങ്ങിവായിച്ചു: ഹിസ്കീയാവു യഹോവയുടെ ആലയത്തിൽ ചെന്നു *യഹോവയുടെ സന്നിധിയിൽ അതു വിടർത്തി* .”
ഒരിക്കൽ അശ്ശൂർ രാജാവ് എഴുതിയ ഒരു എഴുത്ത് ഹിസ്കീയാ രാജാവിൻ്റെ കയ്യിൽ ലഭിക്കുവാൻ ഇടയായി. ആ എഴുത്തിൽ ഉണ്ടായിരുന്ന വിഷയങ്ങൾ ഹിസ്കീയാ രാജാവിൻ്റെ സ്വസ്ഥതയെ കെടുത്തുന്നവയായിരുന്നു. തന്നെ അപമാനിച്ചുകൊണ്ടും, ഭീഷണിപ്പെടുത്തിക്കൊണ്ടും, യിസ്രായേലിൻ്റെ ദൈവത്തെ
ദുഷിച്ചുകൊണ്ടുമെഴുതിയ ആ എഴുത്തു വായിച്ചപ്പോൾ ഒരു രാജാവെന്ന നിലയിൽ തന്ത്രപരമായ തീരുമാനം എടുക്കുവാനോ, അശ്ശൂർ രാജാവിനെതിരെ ഒരു യുദ്ധപ്രഖ്യാപനം നടത്തുവാനോ അല്ല ഹിസ്കീയാ രാജാവ് തുനിഞ്ഞത്. തൻ്റെ മന്ത്രിമാരെയോ, സൈന്യാധിപന്മാരെയോ വിളിച്ച് കത്തിലെ വിഷയം ചർച്ച ചെയ്യുകയോ അല്ല ഹിസ്കീയാ രാജാവ് ചെയ്തത്. തൻ്റെ കയ്യിൽ നിന്ന് വെള്ളിയും പൊന്നും വാങ്ങി സമാധാന ഉടമ്പടി ഉണ്ടാക്കിയിട്ട് അതിൽ വിശ്വസ്തത കാണിക്കാതെ ഒരു സൈന്യത്തെയും കൂട്ടി തൻ്റെ രാജ്യത്തെ ആക്രമിക്കുവാൻ വരുന്ന അശ്ശൂർ രാജാവിൻ്റെ വിഷയം തനിക്കു കൈകാര്യം ചെയ്യുവാൻ കഴിയുന്നതല്ല എന്നും അത് തൻ്റെ കയ്യിൽ ഒതുങ്ങുന്നതല്ല എന്നും തിരിച്ചറിഞ്ഞ ഹിസ്കീയാ രാജാവ് ഏറ്റവും ബുദ്ധിപരമായ ഒരു തീരുമാനം എടുത്തു. ആ എഴുത്തുമായി അവൻ യഹോവയുടെ ആലയത്തിലേക്ക് ഓടിച്ചെന്നു യഹോവയുടെ സന്നിധിയിൽ അതു വിടർത്തി.
നമ്മുടെ ജീവിതത്തിൽ ഇതുപോലെ പല അനുഭവങ്ങളും നമുക്ക് ഉണ്ടായി എന്നു വരാം. നമ്മുടെ ഹൃദയത്തെ മുറിപ്പെടുത്തുന്ന ചില വിഷയങ്ങൾ, നമ്മുടെ ജീവിതംതന്നെ തകർത്തുകളയുവാൻ പോന്നതായ ചില വിഷയങ്ങളുമായി നമ്മെ അപമാനിക്കുവാനും താറടിക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് ദുഷ്പ്രചരണ തന്ത്രങ്ങളുമായി (അശ്ശൂർ രാജാവിനെപ്പോലെ) ചില കൂട്ടർ നമുക്കു ചുറ്റും വട്ടംചുറ്റുമ്പോൾ നാം എന്തു ചെയ്യും ? ആരോടു പറയും ? നമ്മുടെ സങ്കടവുമായി ആരുടെ അടുത്തുപോകും ?
നാഴികയ്ക്ക് നാൽപ്പതുവട്ടം നിറം മാറുന്ന നേതാക്കന്മാരുടെ അടുത്താണോ പോകേണ്ടത് ?
കയ്യിൽ കിട്ടിയാൽ കൊത്തിപ്പറിക്കാൻ തക്കംനോക്കിയിരിക്കുന്ന കഴുകന്മാരുടെ അടുത്താണോ പോകേണ്ടത് ?
മധുര വാക്കുകൾ പറഞ്ഞ് ആശ്വസിപ്പിക്കുന്നതായി ഭാവിക്കയും, തിരിഞ്ഞുനിന്ന് ചതിക്കുഴി വെട്ടാൻ മടിയില്ലാത്തവരുടെ അടുത്താണോ പോകേണ്ടത് ?
ദൈവമക്കളായ നമ്മുടെ സങ്കടം പറയാൻ ഒരേ ഒരിടമേ ഉള്ളൂ. *യഹോവയുടെ ആലയം* അഥവാ *ദൈവത്തിന്റെ ഭവനം* അഥവാ *ദൈവത്തിൻ്റെ സന്നിധി*. ഈ സത്യം തിരിച്ചറിഞ്ഞ ഹിസ്കീയാ രാജാവ് ആ കത്തുമായി യഹോവയുടെ ആലയത്തിലേക്ക് ഓടിച്ചെന്നു അതു വിടർത്തി. തൻ്റെ സങ്കടം ദൈവത്തോടു പറഞ്ഞു.
യെഹെ. 2:9 “അവൻ അതിനെ എൻ്റെ മുമ്പിൽ വിടർത്തി: അതിൽ അകത്തും പുറത്തും എഴുത്തുണ്ടായിരുന്നു; വിലാപങ്ങളും സങ്കടവും കഷ്ടവും അതിൽ എഴുതിയിരുന്നു.”
വിലാപത്തിൻ്റെ വിഷയങ്ങൾ, സങ്കട വിഷയങ്ങൾ, കഷ്ടപ്പാടിൻ്റെ വിഷയങ്ങൾ… നമ്മുടെ വിഷയങ്ങൾ എന്തുമാകട്ടെ ദൈവത്തിൻ്റെ ആലയത്തിലേക്ക് അവ കൊണ്ടു വരിക അതു വിടർത്തി ദൈവത്തോട് വിഷയം പറയുക.
യഹോവയുടെ ആലയത്തിലേക്ക് സങ്കടവുമായി വന്ന ഹിസ്കീയാവ് ദൈവത്തോട് പറഞ്ഞവാക്കുകളുടെ ചുരുക്കം ഇപ്രകാരമായിരുന്നു; “…ഞങ്ങളെ അവൻ്റെ കയ്യിൽനിന്നു രക്ഷിക്കേണമേ” (2 രാജാ. 19:19). കർത്താവിൻ്റെ സന്നിധിയിൽ ‘രക്ഷിക്കണേ’ എന്ന അപേക്ഷയുമായി വരുന്ന അവിടുത്തെ മക്കളെ അവിടുന്ന് കൈവിടുമോ ? ആ പ്രാർത്ഥന സ്വർഗ്ഗം കേൾക്കാതിരിക്കുമോ ? ആ സങ്കടം കർത്താവ് കാണാതിരിക്കുമോ ? ഒരിക്കലുമില്ല !
ഹിസ്കീയാ രാജാവിൻ്റെ വിഷയം കൈകാര്യം ചെയ്യാൻ സ്വർഗ്ഗത്തിലെ ദൈവം തൻ്റെ ദുതനെ അയച്ചു (2 രാജാ. 19:35 “അന്നു രാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ടു..”).
ഒരു നല്ലദിനം ആശംസിച്ചുകൊണ്ട്
ഭോപ്പാലിലെ വചനമാരിയിൽനിന്നും
ഷൈജു പാസ്റ്റർ (9424400654)
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 9589741414, 07554297672, 7898211849, 7000477047