ദൈവജനമായ യിസ്രായേൽ മക്കൾ ഏറ്റവും അധികം ബഹുമാനിക്കയും ഭയഭക്തിയോടും ആദരവോടുംകൂടെ കടന്നുവരികയും ആരാധന കഴിക്കയും ചെയ്തു വന്നിരുന്ന ഇടമായിരുന്നു അവരുടെ എല്ലാമായ ദൈവാലയം. ആ ആലയത്തിന് എന്തെങ്കിലും സംഭവിച്ചാൽ അവർക്കുണ്ടായ ദു:ഖം എത്ര അധികമായിരുന്നു എന്ന് വേദപുസ്തക വാക്യങ്ങളിൽ നിന്ന് നമുക്കു മനസ്സിലാക്കുവാൻ കഴിയും. (സങ്കീ.137:1.. “ബാബേൽ നദികളുടെ തീരത്തു ഞങ്ങൾ ഇരുന്നു, സീയോനെ ഓർത്തപ്പോൾ ഞങ്ങൾ കരഞ്ഞു. അതിൻ്റെ നടുവിലെ
അലരിവൃക്ഷങ്ങളിന്മേൽ ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു. ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവർ: സീയോൻ ഗീതങ്ങളിൽ ഒന്നു ചൊല്ലുവിൻ എന്നു പറഞ്ഞു.. ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ? യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലങൈ്ക മറന്നു പോകട്ടെ..”)
സമാഗമന കൂടാരത്തിൽ നിന്നാരംഭിച്ച് മഹാജ്ഞാനിയായ ശലോമോൻ രാജാവ് ഏറ്റവും മനോഹരമായി പണികഴിപ്പിച്ച ആലയത്തിൻ്റെ സമർപ്പിണത്തിങ്കൽ രാജാവ് പറഞ്ഞ വാക്കുകളിൽ ചിലത് ഇപ്രകാരമായിരുന്നു; “..ഈ ആലയത്തിൽവെച്ചു നിന്നോടു പ്രാർത്ഥിക്കയും യാചിക്കയും ചെയ്താൽ നീ സ്വർഗ്ഗത്തിൽ കേട്ടു..” (1 രാജാ 8:31..) “ഓരോരുത്തൻ താന്താൻ്റെ മനപീഡ അറിഞ്ഞു ഈ ആലയത്തിങ്കലേക്കു കൈ മലർത്തുകയും ചെയ്താൽ നീ നിൻ്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേട്ടു..” (1 രാജാ 8:38..)
ദൈവജനത്തിൻ്റെ പ്രയാസ പ്രതികൂല സമയങ്ങളിൽ, വേദന സങ്കടനാളുകളിൽ യഹോവയുടെ ആലയത്തിലേക്ക് വന്നു പ്രാർത്ഥിച്ചാൽ സ്വർഗ്ഗത്തിലെ ദൈവം അതുകേട്ട് വിടുതൽ നൽകും എന്ന വാക്കുകൾ അവർ ഹൃദയത്തിൽ ഏറ്റെടുത്തു. അവരത് ജീവിതത്തിൻ്റെ അനുഭവമാക്കി, തങ്ങളുടെ തലമുറകൾക്ക് അത് പകർന്നുകൊടുത്തു.
അങ്ങനെ ദൈവഭക്തരായ രാജാക്കന്മാരും സാധാരണക്കാരും ഒരുപോലെ അവരുടെ വിഷയങ്ങളുമായി യഹോവയുടെ ആലയത്തിലേക്കു വന്നു. അപ്രകാരം വന്ന ഹിസ്കീയാ രാജാവിനെക്കുറിച്ചായിരുന്നല്ലോ കഴിഞ്ഞഭാഗം നമ്മൾ ചിന്തിച്ചത്. അശ്ശൂർ രാജാവും സൈന്യവും തനിക്കെതിരായി വന്നപ്പോൾ, തന്നെ അപകീർത്തിപ്പെടുത്തുന്ന എഴുത്തുമായി അവൻ ദൈവാലയത്തിൽ വന്ന് സ്വർഗ്ഗത്തോട് സങ്കടം പറഞ്ഞു. സ്വർഗ്ഗം ആ രാത്രിയിൽ ഹിസ്കീയാ രാജാവിൻ്റെ വിഷയത്തിൽ ഇടപെട്ടു, ഒരു ദൂതനെ അയച്ച് അശ്ശൂർ പാളയത്തിലെ ഒരു ലക്ഷത്തി എൺപത്തയ്യായിരം പേരെ ഇല്ലാതാക്കി (2 രാജാ.19:35).
യഹോവയുടെ ആലയത്തിലേക്ക് വിഷയവുമായി വന്ന മറ്റൊരു രാജാവിനെക്കുറിച്ച് ഇന്ന് നമുക്കു ചിന്തിക്കാം. 2 ദിനവൃ. 20:5 യെഹോശാഫാത്തിനെതിരായി ശത്രു രാജാക്കന്മാർ എഴുന്നേൽക്കയും അവർ എല്ലാവരുംകൂടെ സംഘടിച്ച് ഒരു വലിയ സൈന്യവുമായി യുദ്ധത്തിന് വരുന്നതും അറിഞ്ഞപ്പോൾ യെഹോശാഫാത്ത് ഓടിച്ചെന്നത് യഹോവയുടെ ആലയത്തിലേക്കായിരുന്നു. അവൻ ജനങ്ങളെയെല്ലാം ആലയത്തിലേക്കു വിളിച്ചുവരുത്തി. അവരെല്ലാവരും ദൈവസന്നിധിയിൽ വീണു നമസ്കരിച്ചു. ദൈവത്തോടു തങ്ങളുടെ സങ്കടം പറഞ്ഞു. അപ്പോൾ യഹോവയുടെ ആത്മാവ് യഹസീയേലിൻ്റെ മേൽവന്നു അവരോട് പ്രവചിച്ച് പറഞ്ഞത്; ‘ *ഈ വലിയ സൈന്യത്തെ നിമിത്തം ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിൻ്റെതത്രേ* .’
ദൈവാലോചനകേട്ട ജനമെല്ലാം ധൈര്യപ്പെട്ട് ദൈവത്തെ പാടി സ്തുതിപ്പാൻ ആരംഭിച്ചു. അന്ന് അവർക്കുവേണ്ടി സ്വർഗ്ഗത്തിലെ ദൈവം ശത്രുക്കളോട് യുദ്ധം ചെയ്തു. ശത്രുക്കളെയെല്ലാം പരാജയപ്പെടുത്തി (20:22 ‘അവർ തോറ്റുപോയി). എങ്ങനെ അതു സാധിച്ചു എന്ന് വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് (സെഖ. 4:6 .. സൈന്യത്താലല്ല, ശക്തിയാലുമല്ല, എൻ്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു) ഹല്ലേലൂയ്യ !
ഇന്നും ഒരു ദൈവഭക്തൻ്റെ മുമ്പിൽ അവൻ്റെ സകല പ്രശ്നപരിഹാരത്തിനും ഉള്ള മാർഗ്ഗം വിഷയവുമായി ദൈവത്തിൻ്റെ ആലയത്തിലേക്കു വരികയാണ്. *പുതിയ നിയമ വിശ്വാസിയുടെ ആലയം ഏതാണ്* എന്ന് നമ്മുടെ കർത്താവിൻ്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. പഴയ നിയമ ഭക്തന്മാർ വാസ്തവത്തിൽ ആലയത്തിൻ്റെ നിഴൽ മാത്രമേ കണ്ടിരുന്നുള്ളൂ. അതിൻ്റെ പൊരുൾ *നമ്മുടെ കർത്താവായ യേശുക്രിസ്തുവാണ്* . യോഹ.2:19.. യേശു കർത്താവ് തന്നെയാണ് നമ്മുടെ ആലയം. സ്തോത്രം !
പഴയ നിയമ ഭക്തന്മാർ നിഴലായ അവരുടെ ആലയത്തെ അത്രമാതം സ്നേഹിച്ച് കരുതിയിരുന്നെങ്കിൽ, പൊരുളായി ലോകത്തിൽ വെളിപ്പെട്ട ദൈവപുത്രനെ, നമ്മുടെ കർത്താവിനെ നമ്മൾ എത്ര അധികം സ്നേഹിക്കണം, ബഹുമാനിക്കണം, ആരാധിക്കണം ?
യേശുനാഥൻ്റെ അരികെ വരിക. ഏതു വിഷയവുമായി വരിക, അവിടുത്തെ സന്നിധിയിൽ പരിഹാരമുണ്ട്.
ഒരു നല്ലദിനം ആശംസിച്ചുകൊണ്ട്
ഭോപ്പാലിലെ വചനമാരിയിൽനിന്നും
ഷൈജു പാസ്റ്റർ (9424400654)
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7898211849, 7000477047, 9589741414