2 ദിനവൃ. 34:31 “രാജാവു തൻ്റെ സ്ഥാനത്തു നിന്നുകൊണ്ടു താൻ യഹോവയെ അനുസരിക്കയും; അവൻ്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിച്ചു നടക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിൻ്റെ വചനങ്ങൾ ആചരിക്കയും ചെയ്യുമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു.”
യോശീയാവ് എന്ന രാജാവ് സർവ്വശക്തനായ ദൈവമുമ്പാകെ എടുത്ത ഒരു ഉടമ്പടിയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. താൻ ഇപ്രകാരം ഒരു തീരുമാനം എടുക്കുവാനുണ്ടായ
സാഹചര്യം ഈ അധ്യായത്തിൻ്റെ തുടക്കംമുതൽ വായിക്കുമ്പോൾ മനസ്സിലാകും. ദേശവും ജനവുമെല്ലാം ദൈവത്തിൻ്റെ പ്രമാണങ്ങളെ മറന്നു ജീവിച്ച ഒരു കാലം, ആ കാലത്ത് ദൈവത്തിൻ്റെ ആലയം കേടുപാടുകൾ സംഭവിച്ചും അടഞ്ഞും കിടന്നിരുന്നു ദൈവത്തിൻ്റെ നിയമങ്ങളും കൽപ്പനകളും ന്യായപ്രമാണങ്ങളും ആരും ഓർക്കുന്നപോലുമുണ്ടായിരുന്നില്ല.
എന്നാൽ തനിക്കു മുമ്പുണ്ടായിരുന്ന പല രാജാക്കന്മാർ ചെയ്തതുപോലെ ദൈവത്തെ മറന്നു ജീവിക്കാൻ യോശീയാവ് തയ്യാറായില്ല. തൻ്റെ പതിനാറാമത്തെ വയസ്സിൽ അവൻ ദാവീദിൻ്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി. അടഞ്ഞുകിടന്ന ദൈവാലയം തുറന്ന് കേടുപാടുകൾ തീർത്ത് ശുദ്ധീകരിക്കുവാൻ ആരംഭിച്ചു. കാര്യപ്രാപ്തിയുള്ള ആളുകളെ ആലയത്തിൻ്റെ പണികൾക്കായി നിയോഗിച്ചു. അങ്ങനെ ദൈവാലയം വെടിപ്പാക്കിക്കൊണ്ടിരിക്കുമ്പോഴാണ് പൊടിപിടിച്ചു കിടന്നിരുന്ന ന്യായപ്രമാണപുസ്തകം അവർ കണ്ടെത്തിയത്. ആ പുസ്തകം രാജാവ് വായിച്ചുകേട്ടു (വാക്യം 34:19 “ന്യായപ്രമാണത്തിലെ വാക്യങ്ങളെ കേട്ടിട്ടു രാജാവ് വസ്ത്രം കീറി”). ദൈവത്തിൻ്റെ പ്രമാണങ്ങൾ എന്താണ് എന്നും, ആ ദൈവകൽപ്പനകളിൽ നിന്നും തങ്ങൾ എത്ര അകന്നു പോയിരിക്കുന്നു എന്നും തിരിച്ചറിഞ്ഞപ്പോൾ രാജാവ് തന്നെത്താൻ ദൈവസന്നിധിയിൽ താഴ്ത്തി വസ്ത്രംകീറി ദൈവത്തോട് കരയുവാൻ ആരംഭിച്ചു.
അതിനുശേഷം യോശീയാരാജാവ് സകല ജനത്തെയും ദൈവാലയത്തിൽ വിളിച്ചുവരുത്തി അവരുടെ മുമ്പിൽവെച്ച് എടുത്ത ഒരു പ്രതിജ്ഞയാണ് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇനിയും ദൈവത്തെ മറന്ന് ജീവിക്കരുത് എന്നു അവർ തീരുമാനിച്ചു. യഹോവയ്ക്ക് അനിഷ്ടമായവ ഒന്നും ചെയ്യുകയില്ല എന്നും അന്യദൈവങ്ങളെയും വിഗ്രഹങ്ങളെയും നമസ്കരിക്കില്ലെന്നും ആരാധിക്കില്ലെന്നും അവർ ഉറപ്പിച്ചു. മുഹൂർത്തം നോക്കുന്നവരുടെയും, ആഭിചാരം ചെയ്യുന്നവരുടെയും അടുക്കൽ പോകുന്നതും അവർ അവസാനിപ്പിച്ചു.
ഒരു രാജാവിൻ്റെ പദവിയും എല്ലാ അധികാരവും തൻ്റെ കയ്യിലുണ്ടായിരുന്നിട്ടും, പിതാവിനെപ്പോലെ മേല്ക്കുമേൽ അകൃത്യങ്ങൾ ചെയ്ത് (33:23) തോന്നിയതുപോലെ ജീവിക്കുവാൻ സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും. പാപത്തിൻ്റെ ചെളിക്കുഴിയിൽ വീഴാതെ, ലോകമോഹങ്ങൾക്ക് അടിമപ്പെട്ടുപോകാതെ, തൻ്റെ യൗവ്വനപ്രായത്തിൽ തന്നെ ദൈവഭയഭക്തിയിൽ ജീവിക്കുവാൻ തീരുമാനമെടുത്ത യോശീയാവിൻ്റെ ഈ സ്വഭാവം ഇന്നത്തെ തലമുറയും ഒന്നു മനസ്സിലാക്കിയിരുന്നെങ്കിൽ, ദൈവവചനം വായിച്ചപ്പോൾ തൻ്റെ ജീവിതം ദൈവത്തിൽ നിന്ന് എത്ര അകന്നുപോയിരിക്കുന്നു എന്നു തിരിച്ചറിഞ്ഞ് ദൈവസന്നിധിയിൽ കരയുവാൻ യോശീയാവ് മനസ്സുകാണിച്ചതുപോലെ ഇന്നത്തെ തലമുറയും ദൈവപ്രമാണങ്ങളിലേക്ക് ഒന്നു മടങ്ങി വന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
2024 വർഷം നമ്മെ വിട്ടു കടന്നുപോകയാണല്ലോ! ഒരു പുതിയ വർഷത്തിലേക്ക് നമ്മൾ പ്രവേശിക്കുന്ന ഈ സമയത്ത് യോശീയാവിനെപ്പോലെ ദൈവസന്നിധിയിൽ ഒരു തീരുമാനമെടുക്കുവാൻ നമുക്കു കഴിയുമോ? പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പുതിയ വർഷത്തിൽ ദൈവത്തിൻ്റെ വചനങ്ങൾ അനുസരിച്ചു ജീവിക്കുമെന്ന ഒരു തീരുമാനം എടുക്കുമെങ്കിൽ, 2025 വർഷംമുഴുവനും ദൈവത്തിൻ്റെ നീതിയും വിശ്വസ്തതയും കുടുംബത്തിലും തലമുറകളിലും കാണുവാൻ ഇടയാകും. ആമേൻ
പ്രാർത്ഥനാ അനുഗ്രഹങ്ങളോടെ,
വചനമാരിയിൽ നിന്നും,
ഷൈജു പാസ്റ്റർ (9424400654)
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7898211849, 7000477047, 9589741414
(വചനമാരി സുവിശേഷപ്രവർത്തനങ്ങൾക്ക് സ്തോത്രക്കാഴ്ച നൽകുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ: 9424400654, 7898211849)