1 യോഹ. 4:4 “.. *നിങ്ങിലുള്ളവൻ* ലോകത്തിൽ ഉള്ളവനെക്കാൾ *വലിയവനല്ലോ* ”
യേശു ആരിലും വലിയവൻ ആകുന്നു. ഈ സത്യം ഉൾക്കൊള്ളുവാനോ അംഗീകരിക്കുവാനോ ഒരുകാലത്ത് ന്യായശാസ്ത്രിമാർക്കും, മതനേതാക്കൾക്കും, ചില പാരമ്പര്യ വിശ്വാസികൾക്കും കഴിഞ്ഞിരുന്നില്ല അല്ലെങ്കിൽ അവർ അതിന് തയ്യാറായില്ല എന്ന് വേദപുസ്തകം പഠിക്കുമ്പോൾ നമുക്ക് കാണുവാൻ സാധിക്കും. അവരുടെ പാരമ്പര്യ വിശ്വാസത്തിൽ യേശുവിനെക്കാൾ വലിയവരാണ് എന്നു കരുതി ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരുന്ന പല പേരുകളും (വ്യക്തികളും)
അവർക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് ആ പേരുകൾ പലതും വേദപുസ്തകത്തിൽ എടുത്തു പറഞ്ഞുകൊണ്ട്, യേശു അവരിലും വലിയവനാണ് എന്ന് അവരെ ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചത്. എന്നിട്ടും അവർ അത് അംഗീകരിക്കാൻ തയ്യാറായില്ല എന്നു മാത്രമല്ല, യേശു അബ്രാഹാമിനെക്കാൾ വലിയവനാണ് എന്നു കേട്ടപ്പോൾ അവർ യേശുവിനെ കല്ലെറിഞ്ഞുകൊല്ലാൻവരെ ഒരിക്കൽ ഒരുങ്ങി എന്നു കാണാം യോഹ. 8:53..59.
ഇന്നും ക്രിസ്തീയ നാമധാരികളായ ചില ആളുകളുണ്ട്, അവർ ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകിയിരിക്കുന്നത് യേശുവിനല്ല. മറ്റാരെയൊക്കെയോ യേശുവിനെക്കാൾ വലിയവർ എന്ന് കരുതി ബഹുമാനിച്ചുപോരുകയാണ്.
യേശുവിൻ്റെ ശുശ്രൂഷാകാലത്ത് യെഹൂദാ വിശ്വാസികളായ പാരമ്പര്യ ഭക്തന്മാർ തങ്ങൾക്ക് ശ്രേഷ്ഠന്മാരായി കരുതിയിരുന്ന ചില വ്യക്തികളുണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനി അവരുടെ പിതാവായ അബ്രാഹാമായിരുന്നു. എന്നാൽ യേശു അബ്രാഹാമിലും വലിയവനാണ് എന്നു പറഞ്ഞപ്പോൾ അവർ അത് അംഗീകരിക്കാൻ തയ്യാറായില്ല.
അടുത്തതായി അവർക്ക് ഏറ്റവും ആരാധ്യവ്യക്തി മോശെയായിരുന്നു. എന്നാൽ യേശു മോശെയിലും വലിയവനാണ് എന്നു പറഞ്ഞപ്പോൾ അവർ അംഗീകരിച്ചില്ല എബ്രാ. 3:3
യേശു പ്രവാചകന്മാരിൽ വലിയവൻ. മത്തായി 11:9
യേശു യോനയിലും വലിയവൻ. മത്തായി 12:41
യേശു ദൈവദൂതന്മാരെക്കാൾ വലിയവൻ. എബ്രായ. 1:4
യേശു ശലോമോനിലും വലിയവൻ. മത്തായി 14:42
യേശു ദൈവാലയത്തേക്കാൾ വലിയവൻ. മത്തായി 12:6
അവർക്കിതൊന്നും അംഗീകരിക്കാൻ കഴിഞ്ഞില്ല. കാരണം അവരുടെ പാരമ്പര്യ വിശ്വാസം വിട്ടുകളയുവാൻ അവർ ഒരുക്കമായിരുന്നില്ല. എന്നാൽ ചിലർ ആ സത്യം ബോധ്യപ്പെട്ടിട്ടും തങ്ങളുടെ നേട്ടങ്ങൾക്കും സ്വാർത്ഥതാൽപ്പര്യങ്ങൾക്കും വേണ്ടി മന:പൂർവ്വം യേശു വലിയവനാണ് എന്ന് അംഗീകരിക്കാൻ മടിച്ചു എന്നു മാത്രമല്ല മറ്റുള്ളവരെ അതിൽനിന്ന് തടയുകയും ചെയ്തു.
എന്നാൽ പിന്നീട് അവർക്കതിന് വലിയ വില കൊടുക്കേണ്ടിവന്നു എന്നതിന് ചരിത്രം സാക്ഷി. ഒരിക്കൽ യെഹൂദന്മാരുടെ ചോരപ്പുഴ ഒഴുകിയ തെരുവുകളും, വീഥികളും, തടങ്കൽപാളയങ്ങളും ഇന്ന് ലോകത്തിനുമുമ്പിൽ ചരിത്രസ്മാരകങ്ങളായി നിലകൊള്ളുന്നുവല്ലോ.
തങ്ങളാണ് വലിയവർ എന്നും ശ്രേഷ്ഠർ എന്നും യോഗ്യർ എന്നും കരുതി അതു സ്ഥാപിക്കാൻവേണ്ടി ലോകത്തിൽ വലിയ പരാക്രമങ്ങൾ നടത്തിയവർ എല്ലാം ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിൽ വെറും ശേഷിപ്പുകളായി അവശേഷിക്കുമ്പോൾ, ബേത്തേ്ളഹെമിലെ പുൽത്തൊട്ടിയിൽപിറന്ന് സ്നേഹംകൊണ്ടും ത്യാഗംകൊണ്ടും ലോകത്തെ കീഴടക്കിയവൻ, തള്ളപ്പെട്ടവരേയും, ഉപേക്ഷിക്കപ്പെട്ടവരേയും, പാപികളേയും കുഷ്ഠരോഗികളെയുംവരെ ഒരുപോലെ അരികെ ചേർത്തു നിർത്തിയവൻ… *യേശു അന്നും ഇന്നും എന്നും വലിയൻ തന്നെ* . സ്തോത്രം, ഹല്ലേലൂയ്യാ !
(അവനൊപ്പം പറയാനൊരാളുമില്ല
അവനെപ്പോലാരാധ്യനാരുമില്ല …)
ലോകത്തിൽ ഉള്ളവനെക്കാൾ വലിയവൻ നമ്മളിലുണ്ട്. യേശുവിനുവേണ്ടി ഹൃദയംതുറന്നുകൊടുത്തപ്പോൾ, “..ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു..” (ഗലാ. 2:20) എന്ന തീരുമാനമെടുത്തപ്പോൾ, യേശു കർത്താവ് നമ്മുടെ ഹൃദയത്തിൽ വാസം ചെയ്യുവാനാരംഭിച്ചിരിക്കുന്നു.
ആകയാൽ നാം ഒന്നുകൊണ്ടും ഭയപ്പെടേണ്ട, വലിയവൻ നമ്മോടൊപ്പമുണ്ട്. വിശ്വസിക്കുന്നവർക്ക് ആമേൻ പറയാം.
ഒരു നല്ലദിനം ആശംസിച്ചുകൊണ്ട്,
വചനമാരിയിൽ നിന്നും,
ഷൈജു പാസ്റ്റർ (9424400654)
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7898211849, 7000477047, 9589741414