ഉല്പത്തി 29:31 “ലേയ അനിഷ്ടയെന്നു യഹോവ കണ്ടപ്പോൾ അവളുടെ ഗർഭത്തെ തുറന്നു..”
എല്ലാം കാണുന്ന ഒരു ദൈവം ഉണ്ട്. യാക്കോബ് ലേയയെ വിവാഹം കഴിച്ച് സന്തോഷത്തോടുകൂടെ ഏഴുവർഷം ജീവിച്ചു. എന്നാൽ പിന്നീട് റാഹേലിനെ വിവാഹം കഴിച്ചപ്പോൾ യാക്കോബിന് ലേയയോടുള്ള സ്നേഹം കുറയുവാൻ ഇടയായി. ലേയ യാക്കോബിന് പിന്നീട് അനിഷ്ടയായി എന്നാണ് വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആരും അവളുടെ സങ്കടം കണ്ടില്ല എങ്കിലും അവളുടെ ദൈവത്തിന് അതു കാണാതിരിക്കാൻ കഴിഞ്ഞില്ല.
“യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.” സദൃശ്യ. 15:3
ചിലർ കരുതുന്നതുപോലെ, ദൈവം ഒന്നും കാണാതിരിക്കുകയോ അറിയാതിരിക്കുകയോ അല്ല. ഇടപെടേണ്ട സമയത്ത് ദൈവം സ്വർഗ്ഗത്തിൽ നിന്ന് ഇടപെടും. ഭർത്താവിൻ്റെ കണ്ണിൽ ഒരു അനിഷ്ടയായി മാറിയെങ്കിലും, സൃഷ്ടാവിൻ്റെ കണ്ണിൽ അവൾ പ്രിയപ്പെട്ടവളായിരുന്നു എന്ന് ചരിത്രം തെളിയിക്കുന്നുണ്ട്.
വെളി. 5:5 “..യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിൻ്റെ വേരുമായവൻ..”. ദൈവപുത്രനും, നമ്മുടെ രക്ഷകനും വീണ്ടെടുപ്പുകാരനുമായ യേശു ക്രിസ്തു ഈ ഭൂമിയിൽ പിറന്നത് ലേയയുടെ പുത്രനായ യെഹൂദയുടെ ഗോത്രത്തിലായത് അവിചാരിതമായിട്ടല്ലായിരുന്നു. എല്ലാവരുടെയും കണ്ണിൽ ലേയ ഒരു അനിഷ്ടയായിരുന്നു എങ്കിലും ദൈവത്തിൻ്റെ ദൃഷ്ടിയിൽ അവൾ എത്രമാത്രം ശ്രേഷ്ഠയായിരുന്നു എന്നുള്ളതിൻ്റെ തെളിവാണ് അത്.
മറ്റൊരു കാര്യം നമ്മൾ മനസ്സിലാക്കേണ്ടത്, റാഹേലിൻ്ത്രയും സൗന്ദര്യമില്ലാതിരുന്നതുകൊണ്ടാണല്ലോ യാക്കോബിൻ്റെ കണ്ണിൽ ലേയ അനിഷ്ടയായി തോന്നിയത്. എന്നാൽ ഏകദേശം ആയുസ്സിൻ്റെ അവസാനംവരെ ഈ ലേയയായിരുന്നു യാക്കോബിൻ്റെ കൂടെ ഉണ്ടായിരുന്നത് (ഉല്പ. 49:31). റാഹേൽ വഴിയിൽവെച്ച് മരിച്ചുപോയിരുന്നു (ഉല്പ. 35:18).
ശരീരത്തിൻ്റെ രൂപവും ഭംഗിയും സൗന്ദര്യവുമൊക്കെ ഇത്രയുമേ ഉള്ളൂ, ജീവിതയാത്രയിൽ അതു ഇല്ലാതാകും. എന്നാൽ ദൈവത്തിൻ്റെ കൃപ ലഭിച്ചവർ നന്മ പ്രാപിക്കും. റാഹേൽ വഴിയിൽവെച്ച് മരിച്ചുപോകയും അവളുടെ ശരീരം വഴിയരുകിൽ അടക്കുകയും ചെയ്തപ്പോൾ, ലേയ കനാൻ ദേശത്ത് എത്തി മരിക്കയും അവളുടെ ശരീരം അബ്രാഹാമിൻ്റെയും സാറായുടെയും കല്ലറയിൽ അടക്കുകയും ചെയ്തു. പിന്നീട് ആ കല്ലറയിൽതന്നെ യാക്കോബിനെയും അടക്കി.
ഒരിക്കൽ യാക്കോബ് അനിഷ്ട എന്ന് എണ്ണിയ ആ ലേയയുടെ കല്ലറയിൽതന്നെ അവനെയും അടക്കുക എന്നുള്ളത് ദൈവനീതിയായിരുന്നു.
ലോകത്തിൻ ദൃഷ്ടിയിൽ ഞാൻ
ഒരു ഭോഷനായ് തോന്നിയാലും
ദൈവത്തിൻ ദൃഷ്ടിയിൽ ഞാൻ
എന്നും ശ്രേഷ്ഠനായ് മാറിടുന്നു ….
എല്ലാം കാണുന്ന ഒരു ദൈവമുണ്ട് എന്നും അതുകൊണ്ട് ഒന്നും കണ്ട് നിഗളിക്കണ്ട എന്നും മനുഷ്യനെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് ലേയയുടെ ഈ ചരിത്രം തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ലോകം തരുന്ന സൗന്ദര്യവും സമ്പത്തും സ്ഥാനമാനങ്ങളും ഒക്കെ ഇതുപോലെയാണ്. നിലനിൽപ്പില്ല. എന്നാൽ കർത്താവ് തരുന്നത് ഉത്തമമായിരിക്കും, അതുകൊണ്ട് കർത്താവിൻ്റെ സന്നിധിയിൽ താഴ്മയോടെ ഇരിക്ക.
ഈ വചനങ്ങളാൽ കർത്താവ് നമ്മെ അനുഗ്രഹിക്കട്ടെ,
പ്രാർത്ഥനയോടെ, വചനമാരിയിൽ നിന്നും,
ഷൈജു പാസ്റ്റർ (9424400654)
നിഷ സിസ്റ്റർ (7898211849)
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7000477047, 9589741414
വചനമാരിയിൽ നിന്നുള്ള അനുഗ്രഹ സന്ദേശങ്ങൾ കൃത്യമായി ലഭിക്കുവാൻ ഞങ്ങളുടെ ഈ ഫോൺ നമ്പറുകൾ നിങ്ങളുടെ മൊബൈൽ ഫോണിൽ ഇപ്പോൾതന്നെ സേവ് ചെയ്യുക 9424400654, 7898211849, 9589741414, 7000477047
വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക