*വായനാ ഭാഗം:* ഉല്പ. 30:1 “റാഹേൽ.. യാക്കോബിനോടു; എനിക്കു മക്കളെ തരേണം;.. എന്നു പറഞ്ഞു”
ഉല്പ. 30:22 ‘..ദൈവം (റാഹേലിൻ്റെ) അപേക്ഷ കേട്ടു അവളുടെ ഗർഭത്തെ തുറന്നു’
വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ഒരു തലമുറയെ കാണാനുള്ള ഭാഗ്യം ലഭിക്കാതെ എല്ലാവരുടെയും മുമ്പിൽ ഒരു നിന്ദാപാത്രമായി റാഹേലിന് ജീവിക്കേണ്ടിവന്നു. അവൾ തൻ്റെ സങ്കടം ആദ്യം പറഞ്ഞത് അവളുടെ ഭർത്താവായ യാക്കോബിനോടായിരുന്നു. എന്നാൽ ഭർത്താവിൽ നിന്ന് ആശ്വാസവാക്കുകൾ പ്രതീക്ഷിച്ചിരുന്ന അവൾക്ക് കേൾക്കേണ്ടിവന്നത് കോപത്തിൻ്റെ വാക്കുകളായിരുന്നു. (30:2 “അപ്പോൾ യാക്കോബിന് റാഹേലിനൊടു കോപം ജ്വലിച്ചു; നിനക്കു ഗർഭഫലം തരാതിരിക്കുന്ന ദൈവത്തിൻ്റെ സ്ഥാനത്തോ ഞാൻ എന്നു പറഞ്ഞു”).
യാക്കോബിന് റാഹേലിനോട് വലിയ സ്നേഹമായിരുന്നു എന്നാണ് 29:30 വചനത്തിൽ നമ്മൾ വായിക്കുന്നത്. എന്നാൽ അവളുടെ ഒരു സങ്കടം പറഞ്ഞപ്പോൾ സ്നേഹത്തോടിരുന്ന ആ ഭർത്താവിൻ്റെ ഭാവം മാറി.
നമ്മുടെ ജീവിതത്തിൽ കഷ്ടതയുടെ നാളുകൾ വരുമ്പോഴാണ് ഈ ലോകത്ത് നമ്മൾ ഏറ്റവും സ്നേഹിക്കയും കരുതുകയും ഒക്കെ ചെയ്യുന്നവരുടെ ശരിക്കുമുള്ള ഭാവം വെളിപ്പെടുന്നത്. ഒരു ആശ്വാസവാക്കെങ്കിലും പ്രതീക്ഷിക്കുന്നവരിൽ നിന്ന് പിന്നീട് നമ്മൾ കേൾക്കേണ്ടി വരുന്നത് ഹൃദയം തകരുന്ന വാക്കുകളായിരിക്കും. നമ്മുടെ കൂടെ നിൽക്കും എന്നു പ്രതീക്ഷിക്കുന്നവരായിരിക്കും പിന്നീട് ഏറ്റവും വലിയ എതിരാളിയായി മാറുന്നത്. ഒപ്പം ഉണ്ടാകും എന്നു പറയുന്നവരായിരിക്കും ആദ്യം കൈമലർത്തുന്നത്.
ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം പറഞ്ഞപ്പോൾ സ്വന്ത ഭർത്താവിൽ നിന്നുപോലും കോപത്തിൻ്റെ ആക്രോശം കേൾക്കേണ്ടി വന്നതുകൊണ്ട് ഇനിയും തൻ്റെ സങ്കടം മറ്റാരോടു പറഞ്ഞിട്ടും ഒരു പ്രയോജനവുമില്ല എന്ന് റാഹേലിനു മനസ്സിലായി. അവസാനം അവൾ ദൈവത്തോട് അപേക്ഷിച്ചു. അവളുടെ പ്രാർത്ഥനകേട്ട ദൈവം അവളോടു കോപിച്ചില്ല, അവൾ സഹോദരിയോട് അസൂയപ്പെട്ടതിന് അവളെ കുറ്റപ്പെടുത്തിയുമില്ല, ആ സങ്കടം കണ്ട ‘ദൈവം അവളുടെ ഗർഭത്തെ തുറന്നു’ എന്നാണ് വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ആദ്യമേ ദൈവത്തിൻ്റെ അടുക്കൽ സങ്കടം പറഞ്ഞിരുന്നെങ്കിൽ അവൾക്ക് ഇത്രയും പരിഹാസം ഏൽക്കേണ്ടി വരികയില്ലായിരുന്നു. ഒരു തലമുറക്കുവേണ്ടി ഇത്രയും നാൾ കാത്തിരിക്കേണ്ടിയും വരികയില്ലായിരുന്നു.
പലപ്പോഴും ഇതുപോലെ അബദ്ധങ്ങൾ പലർക്കും സംഭവിക്കാറുണ്ട്. തങ്ങളുടെ സങ്കടങ്ങൾ കർത്താവിൻ്റെ സന്നിധിയിൽ കൊണ്ടുവരേണ്ടതിനു പകരം, മറ്റിടങ്ങളിൽ പോകുകയും അവസാനം ലോകത്തിനുമുമ്പിൽ പരിഹാസപാത്രങ്ങളായി മാറുകയും ചെയ്യുന്നു.
ഈ ലോകത്ത് ഏറ്റവും പ്രിയരായി നമ്മൾ കരുതുന്നവരെല്ലാം നമ്മെ കരുതുന്നത് അതുപോലെ ആകണമെന്നില്ല. എന്നാൽ സ്വന്ത ജീവൻ നൽകി നിത്യ സ്നേഹത്താൽ നമ്മെ സ്നേഹിച്ച യേശു കർത്താവിന് നമ്മൾ ഏറ്റവും പ്രിയരാണ്. അതുകൊണ്ട് യേശുവിൻ്റെ അടുക്കൽ വരിക, യേശു കർത്താവിനോടു പറയുക, അവിടുന്ന് നമ്മുടെ സങ്കടത്തിന് പരിഹാരം വരുത്തും.
ഒരു നല്ല ദിനം ആശംസിച്ചുകൊണ്ട്
ക്രിസ്തുവിൽ സ്നേഹപൂർവ്വം…
ഷൈജു പാസ്റ്റർ
ഭോപ്പാൽ (9424400654)
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7898211849, 7000477047, 9589741414