റോമർ 8:37 “നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു.”
ഒരു ദൈവപൈതലിൻ്റെ ജീവിതത്തിൽ എല്ലാത്തിനും മുഖാന്തരമായി ഒരുവൻ ഉണ്ട്, അത് മറ്റാരുമല്ല നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തു തന്നെ. നമ്മുടെ കർത്താവ് മുഖാന്തരമായി നമുക്കു വാഗ്ദത്തം ചെയ്തിരിക്കുന്ന നിരവധി അനുഗ്രഹങ്ങൾ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ നിന്ന് ഏഴു അനുഗ്രഹങ്ങൾ ഈ ഫെബ്രുവരി മാസത്തേക്കുവേണ്ടി ദൈവാത്മാവ് എൻ്റെ
ഹൃദയത്തിൽ പ്രകാശിപ്പിച്ചത് ഇവിടെ കുറിക്കുന്നു.
*1) യേശുക്രിസ്തു മുഖാന്തരം പൂർണ്ണജയം*. (1 കൊരി. 15:57 “നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം“)
വാർഷിക പരീക്ഷ എഴുതുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി പരിശുദ്ധാത്മാവ് തരുന്ന ഒരു വാഗ്ദത്തമായി ഇതു ഏറ്റെടുത്തുകൊൾക. നിങ്ങളുടെ കഴിവുകളും ബുദ്ധിയും മുഖാന്തരമല്ല, നിങ്ങൾ പഠിക്കുന്ന സ്കൂളും ട്യൂഷനും മുഖാന്തരമല്ല, നിങ്ങളെ പഠിപ്പിക്കുന്ന അധ്യാപകരും ഗൈഡുകളും മുഖാന്തരമല്ല, നിങ്ങളുടെ അദ്ധ്വാനവും പ്രയത്നവും മുഖാന്തരമല്ല… നിങ്ങൾക്കുവേണ്ടി ജീവൻ നൽകി നിങ്ങളെ സ്നേഹിക്കുന്നവൻ മുഖാന്തരം നിങ്ങൾ ആഗ്രഹിക്കുന്ന പൂർണ്ണജയം നിങ്ങൾ പ്രാപിക്കും. ആമേൻ
*2) യേശുക്രിസ്തു മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.* (ഫിലി. 4:13 “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു“)
എനിക്കു കഴിയില്ല, എനിക്ക് പ്രാപ്തിയില്ല, എനിക്ക് ബുദ്ധിയില്ല, എന്നെക്കൊണ്ട് ഒക്കില്ല, ഞാൻ വിചാരിച്ചാൽ നടക്കില്ല, എന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ല,…. മടിയന്മാരുടെയും പരാജിതരുടെയും നാവിൽനിന്നു വരുന്ന വാക്കുകളാണ് ഇത്. എന്നാൽ കർത്താവിൽ പ്രത്യാശവെച്ചിരിക്കുന്ന ഒരു ദൈവപൈതൽ പറയേണ്ട വാക്കുകളാണ് ഈ വാക്യത്തിലൂടെ പരിശുദ്ധാത്മാവ് നമ്മെ പഠിപ്പിക്കുന്നത്. *യേശുക്രിസ്തു മുഖാന്തരം* എനിക്കു സാധിക്കും, യേശുക്രിസ്തു മുഖാന്തരം ഞാൻ ജയിക്കും, യേശുക്രിസ്തു മുഖാന്തരം ഞാൻ നേടും, യേശുക്രിസ്തു മുഖാന്തരം എനിക്കു ലഭിക്കും, യേശുക്രിസ്തു മുഖാന്തരം ഞാൻ സൗഖ്യമാകും, യേശുക്രിസ്തു മുഖാന്തരം ഞാൻ ജീവിക്കും.… സ്തോത്രം !
*3) യേശുക്രിസ്തു മുഖാന്തരം എല്ലാ നന്മയും. (എബ്രായ. 13:21 “..എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തുമുഖാന്തരം നമ്മിൽ നിവർത്തിക്കുമാറാകട്ടെ;..”)
മാതാപിതാക്കൾ മുഖാന്തരം / മക്കൾ മുഖാന്തരം / ജോലി മുഖാന്തരം / ബിസിനസ്സ് മുഖാന്തരമായി.... നമുക്കു ലഭിക്കുന്ന നന്മകൾക്ക് ഒക്കെ എത്ര ആയുസ്സുണ്ട് എന്ന് അറിയില്ലല്ലോ. അതുകൊണ്ടാണ് ഭക്തന്മാർ ഇപ്രകാരം പാടിയത്.. (എൻ്റെ കർത്താവേ, എൻ്റെ യഹോവേ, നീ ഒഴികെ എനിക്കൊരു നന്മയുമില്ല…) ഹല്ലേലൂയ്യാ !
*4) യേശുക്രിസ്തു മുഖാന്തരം ആരോഗ്യവും ആയുസ്സും* (അപ്പൊ. പ്രവ. 3:16 “അവൻ്റെ നാമത്തിലെ വിശ്വാസത്താൽ അവൻ്റെ നാമം തന്നേ നിങ്ങൾ കാൺകയും അറികയും ചെയ്യുന്ന ഇവൻ ബലം പ്രാപിപ്പാൻ കാരണമായി തീർന്നു; അവൻ മുഖാന്തരമുള്ള വിശ്വാസം ഇന്നു നിങ്ങൾ എല്ലാവരും കാൺകെ ഈ ആരോഗ്യം വരുവാൻ ഹേതുവായി തീർന്നു.”)
മനുഷ്യൻ്റെ ആയുസ്സും ആരോഗ്യവും ഇരിക്കുന്നത് അവരെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ കഴിവിലും അവർ ചികിത്സ തേടുന്ന ആശുപത്രിയുടെ വലിപ്പത്തിലുമാണ് എന്നു വിശ്വസിക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത് എന്നോർക്കണം. എന്നാൽ ഇവിടെ വെറും ഒരു ഭിക്ഷക്കാരൻ പറയുന്നത് യേശുക്രിസ്തുവിലുള്ള വിശ്വാസം മുഖാന്തരമാണ് തനിക്ക് ആരോഗ്യവും സൌഖ്യവും ലഭിച്ചത് എന്നാണ്. അതുകൊണ്ട് നമ്മൾ കഴിക്കുന്ന പോഷകാഹാരങ്ങളല്ല, നമ്മുടെ വ്യായാമ ശീലങ്ങളുമല്ല നമുക്ക് ആരോഗ്യവും ബലവും നൽകുന്നത് കർത്താവിലുള്ള വിശ്വാസം മുഖാന്തരമാണ് എന്ന വെളിപ്പാട് ലഭിച്ചവർ ഭാഗ്യവാന്മാർ.
*5) യേശുക്രിസ്തു മുഖാന്തരം ഞാൻ രക്ഷപെടും* (എബ്രാ. 7:25 “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു“)
യേശുക്രിസ്തു മുഖാന്തരം നമുക്കു ലഭിക്കുന്ന ആത്മാവിൻ്റെ രക്ഷ മാത്രമല്ല, ഈ ഭൂമിയിലെ നമ്മുടെ ജീവിതം പച്ചപിടിപ്പിക്കുവാനും മുഖാന്തരമായി നമുക്കു യേശു കർത്താവുണ്ട്. മനുഷ്യർ ഇന്ന് പല മുഖാന്തരങ്ങളിൽക്കൂടെ അവരുടെ ജീവിതം ഒന്നു രക്ഷപെടുത്താൻവേണ്ടി ശ്രമിക്കുന്നത് നമ്മൾ കാണാറുണ്ടല്ലോ. പിന്നീട് വലിയ പരാജയങ്ങൾ അവർക്ക് നേരിടേണ്ടതായി വരുന്നു. എന്നാൽ ജീവിതത്തിൽ വേണ്ട വാസ്തവമായ പച്ചപ്പും ഉന്നതിയും യേശുക്രിസ്തു മുഖാന്തരമേ ലഭിക്കയുള്ളൂ.
*6) യേശുക്രിസ്തു മുഖാന്തരം സമാധാനം* (കൊലൊ. 1:20 “അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി,..”)
*7) യേശുക്രിസ്തു മുഖാന്തരം നിത്യജീവൻ* (റോമർ 5:21 “..കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവന്നായി വാഴേണ്ടതിന്നു തന്നേ.”)
ജീവിതത്തിലെ ചില മുഖാന്തരങ്ങളുടെ കണക്കുകൾ എണ്ണിപറഞ്ഞ് അഭിമാനിക്കുന്ന ധാരാളം ആളുകളെ നമുക്കു ചുറ്റും കാണുവാൻ കഴിയും. ചിലർ അതിനെ അവരുടെ ഭാഗ്യം എന്നും തലവര എന്നുമൊക്കെ പറഞ്ഞ് അഭിമാനിക്കുമ്പോൾ. ഒരു ദൈവപൈതൽ എന്നും അഭിമാനമായി കാണുന്നതും പ്രശംസിക്കുന്നതും അവരുടെ സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും ഉറവിടമായ (മുഖാന്തരമായ) യേശു കർത്താവിനെയാണ്.
“..യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1 കൊരി. 8:6)
“..നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നാം ദൈവത്തിൽ പ്രശംസിക്കയും ചെയ്യുന്നു.” (റോമർ 5:11)
യേശു കർത്താവ് മുഖാന്തരമായി പ്രശംസിക്കത്തക്ക, അഭിമാനിക്കത്തക്ക നിരവധി നന്മകൾ ഈ ഫെബ്രുവരി മാസത്തിൽ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകും, വിശ്വാസത്തോടെ *ആമേൻ* പറയാം.
*പ്രാർത്ഥനയോടെ,*
ഷൈജു പാസ്റ്റർ (7898211849)
*പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ:* 07554297672, 7898211849, 7000477047, 9589741414