മത്തായി 8:10 “.. *ഇത്ര വലിയ വിശ്വാസം *..” , മർക്കൊ. 7:28 “.. *നിൻ്റെ വിശ്വാസം വലിയത്* ..”
വിശുദ്ധ വേദപുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന രണ്ടു വ്യക്തികളെക്കുറിച്ച്, അവരുടെ വിശ്വാസത്തെ സംബന്ധിച്ച് നമ്മുടെ കർത്താവ് പറഞ്ഞ അഭിപ്രായമാണ് ഈ രണ്ടു വാക്യങ്ങളിൽ പരാമർശിച്ചിരിക്കുന്നത്. ഒന്നാമത്തെ വ്യക്തി ഒരു ശതാധിപനാണ്. അദ്ദേഹം തൻ്റെ ബാല്യക്കാരനെ സൗഖ്യമാക്കണേ എന്ന അപേക്ഷയുമായാണ് യേശു കർത്താവിൻ്റെ അടുക്കൽ വന്നത്. രണ്ടാമത്തെ വ്യക്തി ഒരു കനാന്യസ്ത്രീയാണ്. അവളുടെ മകളെ സൗഖ്യമാക്കണം എന്ന അപേക്ഷയുമായാണ് അവരും കർത്താവിൻ്റെ അടുക്കൽ വന്നത്. ഇവർ രണ്ടുപേരുടെയും വാക്കുകളിൽ നിന്ന് കർത്താവ് അവരുടെ വിശ്വാസത്തിൻ്റെ അളവ് കൃത്യമായി മനസ്സിലാക്കി.
കർത്താവിൻ്റെ അടുക്കൽ വരുന്ന ഓരോരുത്തരുടെയും വാക്കുകളും പ്രവർത്തികളും ഒക്കെ അവിടുന്ന് കൃത്യമായി വിലയിരുത്തുന്നുണ്ട്. ലൂക്കൊസ് 6:45 വാക്യത്തിൽ കർത്താവ് ശിഷ്യന്മാരോട് പറയുന്ന വാക്കുകളിൽ അത് വ്യക്തമാണ്; “നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നതു.”
അതായത് യേശുകർത്താവിനോട് സംസാരിക്കുമ്പോൾ ആ ശതാധിപൻ്റെയും കനാന്യ സ്ത്രീയുടെയും ഹൃദയം വിശ്വാസത്തിൽ നിറഞ്ഞുകവിയുകയായിരുന്നു എന്നു സാരം. ഇന്ന് നമ്മൾ കർത്താവിനോട് പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ഹൃദയത്തിൻ്റെ അവസ്ഥ എന്താണ് എന്ന് വാസ്തവമായി ഒന്നു വിലയിരുത്തേണ്ടിയിരിക്കുന്നു.
ഒരു ദൈവപൈതലിൻ്റെ വാക്കിലും സംസാരത്തിലും നിറഞ്ഞു നിൽക്കേണ്ടതും പ്രകടമാകേണ്ടതുമായ ചില വലിപ്പങ്ങൾ ദൈവവചനത്തിൽനിന്ന് ഞാൻ ഓർമ്മിപ്പിക്കാം.
*1) വലിയ വിശ്വാസം* (മർക്കൊ. 7:28 “..നിൻ്റെ വിശ്വാസം വലിയത്..”)
*2) വലിയ രക്ഷ* (എബ്രാ. 2:4 ഇത്ര വലിയ രക്ഷ)
*3) ദൈവസ്നേഹത്തിൻ്റെ വലിപ്പം* (1 യോഹ. 3:1 കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു;)
*4) ക്രിസ്തു എന്ന വലിയ ധനം* (എബ്രാ. 11:26)
*5) കർത്താവിൻ്റെ വലിയ കരുണ* (ലൂക്കൊ. 1:58)
*6) വലിയ സമാധാനം* (മത്തായി 8:26)
*7) വലിയ പ്രതിഫലം* (ലൂക്കൊ. 6:23 “..നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വലിയത്..”)
വലിയ വീട്, വലിയ കാർ, വലിയ പാരമ്പര്യം, വലിയ ബാങ്ക് ബാലൻസ്, വലിയ ബന്ധങ്ങൾ, വലിയ സൗകര്യങ്ങൾ, വലിയ ഇടപാടുകൾ, വലിയ നേട്ടങ്ങൾ.. ഈ വക വലിപ്പങ്ങൾ പറഞ്ഞ് അഭിമാനിക്കയും അതിൽ അഹങ്കരിക്കുകയും ചെയ്യുന്നവർ ധാരാളം പേരുണ്ട്. എന്നാൽ ഒരു ദൈവപൈതലിനെ സംബന്ധിച്ച് അവൻ്റെ വലിപ്പവും പെരുപ്പവും ദൈവവചനത്തിലാണ്, പരിശുദ്ധാത്മാവിൽ അവർക്കു പതിച്ചു നൽകിയിരിക്കുന്ന തിരുവചന വാഗ്ദത്തങ്ങളാണ് അവരുടെ വലിപ്പത്തിന് ആധാരം. അവ കൈമുതലായിരിക്കുന്നവർ ഒന്നുകൊണ്ടും ഭാരപ്പെടേണ്ട.
ഒരു നല്ല ദിനം ആശംസിച്ചുകൊണ്ട്,
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ (9424400654)
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7898211849, 7000477047, 9589741414