സൂത്രങ്ങൾ !

February-2025

“അവൻ ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; അവരുടെ കൈകൾ കാര്യം സാധിപ്പിക്കയുമില്ല” ഇയ്യോബ് 5:12. മനുഷ്യൻ എത്ര വലിയ സൂത്രപണികൾ ഒപ്പിച്ചാലും, ഒരു സമയമാകുമ്പോൾ ദൈവം സ്വർഗ്ഗത്തിൽനിന്ന് ഇടപെടും കാരണം, “..ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു” സഭാപ്ര. 5:8. എല്ലാം കണ്ടുകൊണ്ടിരിക്കുന്ന, സദാ ജാഗരിച്ചുകൊണ്ടിരിക്കുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ട് സ്തോത്രം !.


     സഭാപ്രസം. 7:29 “.. ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; അവരോ *അനേകം സൂത്രങ്ങളെ* അന്വേഷിച്ചുവരുന്നു”
      ഒരിക്കൽ ഒരു യോഗ്യതാ പരീക്ഷ എഴുതിയ രണ്ടു വ്യക്തികൾക്ക് ഒരേ മാർക്ക് ലഭിക്കുക ഉണ്ടായി. എങ്കിലും അതിൽ ഒരാൾ വിജയിച്ചതായി പ്രഖ്യാപിച്ചപ്പോൾ മറ്റെയാൾ അതിൻ്റെ കാരണം തിരക്കി. അപ്പോൾ വിധികർത്താക്കൾ രണ്ടുപേരുടെയും ഉത്തരപേപ്പറുകൾ കാണിച്ചുകൊടുത്തു. അവ രണ്ടിലും ഒരേ രീതിയിലാണ് ഉത്തരങ്ങൾ എഴുതിയിരുന്നത്. എന്നാൽ അവസാനത്തെ ചോദ്യത്തിനുള്ള ഉത്തരം മാത്രം എഴുതിയതിൽ ഒരു വ്യത്യാസമുണ്ടായിരുന്നു. ഒന്നാമത്തെ വ്യക്തിയുടെ ഉത്തരപേപ്പറിൽ എഴുതിയിരുന്നത് ‘എനിക്ക് അനുവദിച്ച സമയം അവസാനിച്ചതുകൊണ്ട് ഈ ചോദ്യത്തിനുള്ള ഉത്തരം ഞാൻ എഴുതുന്നില്ല’ എന്നായിരുന്നു. രണ്ടാമത്തെ വ്യക്തിയുടെ ഉത്തരപേപ്പറിലും ഇതേപോലെ ആയിരുന്നു എഴുതിയിരുന്നത് എങ്കിലും അതിൽ ഒരു ചെറിയ വ്യത്യാസമുണ്ടായിരുന്നു. ‘എനിക്ക് അനുവദിച്ച സമയം അവസാനിച്ചതുകൊണ്ട് ഈ ചോദ്യത്തിനുള്ള ഉത്തരം ‘ഞാനും’ എഴുതുന്നില്ല’ എന്നായിരുന്നു അത്.
അതായത് ഒന്നാമത്തെ വ്യക്തിയുടെ ഉത്തരപേപ്പർ നോക്കിയാണ് രണ്ടാമത്തെ വ്യക്തി ഉത്തരങ്ങൾ എഴുതിയിരുന്നത് എന്നു സാരം. ഈ ചെറിയ വാക്ക് കൊണ്ടു അതു കണ്ടുപിടിക്കുവാൻ കഴിഞ്ഞു. മനുഷ്യൻ എത്രയൊക്കെ ഒളിപ്പിക്കാൻ ശ്രമിച്ചാലും, കുറുക്കുവഴികൾ തേടിയാലും അവൻ്റെ സൂത്രങ്ങളും കള്ളക്കളികളുമെല്ലാം ഒരു ദിവസം പിടിക്കപ്പെടും.
      നേരായ മാർഗ്ഗത്തിലൂടെ ജീവിക്കേണ്ടതിനു പകരം മനുഷ്യൻ സൂത്രങ്ങൾ കണ്ടെത്തി മറ്റുള്ളവരെ വഞ്ചിച്ച് അവരുടെ നന്മ കൈക്കലാക്കി ജീവിക്കുന്ന കാഴ്ചകളാണല്ലോ ഇന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. എന്നാൽ അവയ്ക്കൊന്നും അധികം ആയുസ്സില്ല എന്നും ഒരുനാൾ പിടിക്കപ്പെടുമെന്നും ഈ സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു. ദൈവവചനത്തിൽ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത് “അവൻ ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; അവരുടെ കൈകൾ കാര്യം സാധിപ്പിക്കയുമില്ല” ഇയ്യോബ് 5:12.
മനുഷ്യൻ എത്ര വലിയ സൂത്രപണികൾ ഒപ്പിച്ചാലും, ഒരു സമയമാകുമ്പോൾ ദൈവം സ്വർഗ്ഗത്തിൽനിന്ന് ഇടപെടും കാരണം, “..ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു” സഭാപ്ര. 5:8. എല്ലാം കണ്ടുകൊണ്ടിരിക്കുന്ന, സദാ ജാഗരിച്ചുകൊണ്ടിരിക്കുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ട് സ്തോത്രം !.
     സൂത്രത്തിൽ കാശുണ്ടാക്കി, സമ്പത്ത് സ്വരുക്കൂട്ടി അഹങ്കരിച്ച് ജീവിക്കുന്ന ചില ആളുകളെ കണ്ട്; അവരെ ഒന്നും ആരും പിടിക്കുന്നില്ലല്ലോ, അവർക്കൊന്നും ഒരു കുഴപ്പവും സംഭവിക്കുന്നില്ലല്ലോ എന്ന് ചിലർ കരുതാറുണ്ട് /പറയാറുണ്ട്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ. സഭാപ്ര. 9:10 വാക്യത്തിൽ ഇപ്രകാരമാണ് എഴുതിയിരിക്കുന്നത്; “ചെയ്വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക. നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല”. ചുരുക്കിപ്പറഞ്ഞാൽ, സൂത്രപ്പണികളുടെ എല്ലാം അവസാനം അഥവാ സൂത്രങ്ങൾ ചെയ്തുകൊണ്ട് ജീവിക്കുന്നവരുടെ എല്ലാം അവസാനം പാതാളമാണ്, നിത്യനരകമാണ് എന്നു സാരം.
     കർത്താവിൻ്റെ വിശ്വസ്ത സാക്ഷികളായി മറ്റുള്ളവർക്ക് നന്മകൾ ചെയ്തുകൊണ്ട് നേരായ മാർഗ്ഗത്തിലൂടെ ജീവിച്ച് സ്വർഗ്ഗരാജ്യത്തിൽ എത്തുക എന്നുള്ളതായിരിക്കണം ഒരു ദൈവഭക്തൻ്റെ ലക്ഷ്യം. അതുകൊണ്ട് ഇതുപോലുള്ള സൂത്രങ്ങളിൽ നിന്നും സൂത്രശാലികളിൽ നിന്നും നമുക്ക് ഒഴിഞ്ഞിരിക്കാം. പകുതി വില, ഇരട്ടി ലാഭം.. എന്നിങ്ങനെയുള്ള മോഹന വാഗ്ദാനങ്ങളിലും പ്രലോഭന വാക്കുകളിലും, കണ്ണഞ്ചിപ്പിക്കുന്ന പരസ്യവാചകങ്ങളിലൊന്നും വീണുപോകാതെ പരിജ്ഞാനത്തോടെ ജീവിക്കുവാൻ വേണ്ട ദൈവകൃപക്കായി സ്വർഗ്ഗീയ പിതാവിനോട് പ്രാർത്ഥിക്കാം.

ഒരു നല്ലദിനം ആശംസിച്ചുകൊണ്ട്,
ഭോപ്പാലിലെ വചനമാരിയിൽ നിന്നും
ഷൈജു പാസ്റ്റർ (9424400654)


പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7898211849, 7000477047, 9589741414

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ