ഗദരദേശക്കാരും ഗെന്നേസരെത്തുദേശക്കാരും

February-2025

ഒരു കൂട്ടർ ഗദരദേശക്കാരെപ്പോലെ യേശു വിരോധികളാണ്. അവർ പല അതിർ വരമ്പുകളിട്ട് കർത്താവിനെ അകറ്റി നിറുത്തിയിരിക്കുകയാണ്. കർത്താവിനെ കൂടുതൽ അടുപ്പിച്ചാൽ തങ്ങളുടെ പല ബിസിനസ്സുകളും പിന്നെ നടക്കില്ല എന്ന് അവർക്കറിയാം. തങ്ങളുടെ പല പദ്ധതികളും പൊളിയും എന്നവർക്കറിയാം. എന്നാൽ രണ്ടാമത്തെ കൂട്ടർ അങ്ങനെയല്ല അവർ ഗെന്നേസരെത്തു ദേശക്കാരെപ്പോലെയാണ്. അവരുടെ കർത്താവിനെ അവർക്കറിയാം, കർത്താവിൻ്റെ സാന്നിദ്ധ്യം അവർക്ക് ആഘോഷമാണ്


     വി. മത്തായി എഴുതിയ സുവിശേഷത്തിൽ നിന്ന് രണ്ടു വാക്യങ്ങൾ നമുക്കു വായിക്കാം;
മത്താ. 8:34 “ഉടനെ പട്ടണം എല്ലാം പുറപ്പെട്ടു യേശുവിന്നു എതിരെ ചെന്നു; അവനെ കണ്ടാറെ *തങ്ങളുടെ അതിർ വിട്ടു പോകേണമെന്നു അപേക്ഷിച്ചു* ”
മത്താ. 14: 34.. “അവർ അക്കരയെത്തി, ഗെന്നേസരെത്തു ദേശത്തു ചെന്നു. *അവിടത്തെ ജനങ്ങൾ അവൻ ആരെന്നു അറിഞ്ഞു* ചുറ്റുമുള്ള നാട്ടിൽ എല്ലാം ആളയച്ചു ദീനക്കാരെ ഒക്കെയും അവൻ്റെ അടുക്കൽ കൊണ്ടുവന്നു”
     നമ്മുടെ കർത്താവിൻ്റെ പരസ്യശുശ്രൂഷയിൽ അവിടുന്ന് ശിഷ്യന്മാരോടൊപ്പം സന്ദർശിച്ചിട്ടുള്ള രണ്ടു പ്രദേശങ്ങളെക്കുറിച്ചാണ് ഈ വചനഭാഗങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്നാമത്തെ പ്രദേശം ഗദരദേശമാണ്. രണ്ടാമത്തെ പ്രദേശം ഗെന്നേസരെത്തു ദേശമാണ്. ഇവ രണ്ടും ഒരു ദേശം തന്നെയാണ് എന്ന് വാദിക്കുന്നവരും ഉണ്ട്. എന്നാൽ ഈ രണ്ടു പ്രദേശങ്ങൾ തികച്ചും വ്യത്യസ്തമാണ് എന്ന് ദൈവവചനവെളിച്ചത്തിൽ ബൈബിൾ ചരിത്രവും ഭൂമിശാസ്ത്രവും പഠിക്കുന്നവർക്ക് മനസ്സിലാകും.
      *ഒന്നാമത്തെ കൂട്ടർ,* *ഗദരദേശക്കാർ* യേശുവിനെ സ്വീകരിക്കാൻ തയ്യാറായില്ല എന്നു മാത്രമല്ല. അവർ കർത്താവിനോട് ദയവായി ഒന്നു പോയിത്തരുവാനാണ് ആവശ്യപ്പെട്ടത്. കാരണം അവർക്കു യേശുവിനെ വേണ്ടായിരുന്നു. അവർ കർത്താവിനെക്കുറിച്ച് കേൾക്കാത്തവരൊന്നുമായിരുന്നില്ല. അവിടുത്തെ ശ്രുതി ദേശമെങ്ങും പരന്നിരുന്നു എന്ന് മത്തായി 4:24 വാക്യങ്ങൾ ഒക്കെ വായിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാം. കർത്താവ് രക്ഷിക്കുന്നവനും സൗഖ്യമാക്കുന്നവനും, ഭൂതങ്ങളെ പുറത്താക്കുന്നവനുമാണ് എന്നൊക്കെ അവർക്ക് അറിയാമായിരുന്നു. എന്നിട്ടും, അവരുടെ ദേശത്ത് രോഗികളും ഭൂതബാധിതരും അനേകർ ഉണ്ടായിട്ടും അവർ കർത്താവിനോട് തങ്ങളുടെ അതിർ വിട്ടുപോകണമെന്നാണ് ആവശ്യപ്പെട്ടത്.
തങ്ങൾക്കും കർത്താവിനും മദ്ധ്യത്തിൽ അവർ *അതിർ* വരച്ചു. (പാരമ്പര്യത്തിൻ്റെ അതിർ, നിറത്തിൻ്റെ അതിർ, വലിപ്പ ചെറുപ്പങ്ങളുടെ അതിർ, സമ്പത്തിൻ്റെ അതിർ..) അവരുടെ ആ അതിരുകൾ നീക്കി യേശു കർത്താവിനെ സ്വീകരിക്കുവാൻ ഗദരദേശക്കാർ തയ്യാറല്ലായിരുന്നു. അവരുടെ രക്ഷയെക്കാളും, രോഗികളുടെ സൗഖ്യത്തെക്കാളും അവർക്ക് വലുത് അവരുടെ ചില അതിരുകളായിരുന്നു.
      *രണ്ടാമത്തെ കൂട്ടർ,* *ഗെന്നേസരെത്തു ദേശക്കാരാണ്*. കർത്താവ് അവരുടെ ദേശത്ത് എത്തിയപ്പോൾ അവർ ഹൃദയം തുറന്ന് അവിടുത്തെ സ്വീകരിച്ചു. അവിടുത്തെ ആദരിച്ചു. അതിരുകളൊന്നുമില്ലാതെ കർത്താവിൻ്റെ സന്ദർശനം അവർ ആഘോഷിച്ചു. മത്തായി 14:36 വാക്യത്തിൽ ഇപ്രകാരമാണ് എഴുതിയിരിക്കുന്നത്; “അവൻ്റെ വസ്ത്രത്തിൻ്റെ തൊങ്ങൽ മാത്രം തൊടുവാൻ അനുവാദം ചോദിച്ചു. തൊട്ടവർക്കു ഒക്കെയും സൗഖ്യെം വന്നു”. യേശു കർത്താവിൻ്റെ വസ്ത്രത്തിൻ്റെ തൊങ്ങൽ മാത്രം തൊട്ടാൽ മതി സൗഖ്യം കിട്ടും എന്ന് ആരാണ് അവരോട് പറഞ്ഞത് ?
     പന്ത്രണ്ടു വർഷമായി രക്തസ്രവരോഗമുള്ള ഒരു സ്ത്രീ യേശുകർത്താവിൻ്റെ വസ്ത്രത്തിൻ്റെ തൊങ്ങൽ തൊട്ട് സൗഖ്യമായ സംഭവം (മത്തായി 9:20..) ഗെന്നേസരെത്തു ദേശക്കാർ കേട്ടിരുന്നു. അതായത് അവർ തീക്ഷ്ണതയോടെ കർത്താവിനെ അറിയുന്നവരും അവിടുത്തെ വരവിനായി കാത്തിരുന്നവരുമായിരുന്നു. അവർ പ്രതീക്ഷിക്കാത്ത ഒരു ദിവസം കർത്താവ് അവരുടെ ദേശത്ത് എത്തിയപ്പോൾ സന്തോഷംകൊണ്ട് അവർ മതിമറന്നു. ചുറ്റുമുള്ള നാടുകളിലേക്കും വാർത്ത അയച്ചു. കേട്ടവർ കേട്ടവർ കർത്താവിൻ്റെ അരികിലേക്ക് ഒഴുകി എത്തി. അവിടുന്ന് ആരേയും നിരാശയോടെ അയച്ചില്ല, എല്ലാവരും സൗഖ്യമായി, അവരുടെ ദേശം അനുഗ്രഹിക്കപ്പെട്ടു.
     വാസ്തവത്തിൽ ഈ രണ്ടു ദേശക്കാർ രണ്ടു പ്രതീകങ്ങളാണ്. ഇവരുടെ സ്വഭാവം, പെരുമാറ്റം, ജീവിത രീതി, കാഴ്ചപ്പാടുകൾ എല്ലാം വ്യത്യസ്തമായിരുന്നു എന്നു കാണാം. ഇവരുടെ ജീവിതാവസ്ഥ എന്തായിരുന്നു എന്ന് കർത്താവ് അവരെ സന്ദർശിച്ചപ്പോൾ അവരുടെ പെരുമാറ്റത്തിൽ നിന്ന് വ്യക്തമാണ്. ഇന്നും ലോകത്ത് ഇതുപോലെ രണ്ടുതരം മനുഷ്യരുണ്ട്. ഒരു കൂട്ടർ ഗദരദേശക്കാരെപ്പോലെ യേശു വിരോധികളാണ്. അവർ പല അതിർ വരമ്പുകളിട്ട് കർത്താവിനെ അകറ്റി നിറുത്തിയിരിക്കുകയാണ്. കർത്താവിനെ കൂടുതൽ അടുപ്പിച്ചാൽ തങ്ങളുടെ പല ബിസിനസ്സുകളും പിന്നെ നടക്കില്ല എന്ന് അവർക്കറിയാം. തങ്ങളുടെ പല പദ്ധതികളും പൊളിയും എന്നവർക്കറിയാം. എന്നാൽ രണ്ടാമത്തെ കൂട്ടർ അങ്ങനെയല്ല അവർ ഗെന്നേസരെത്തു ദേശക്കാരെപ്പോലെയാണ്. അവരുടെ കർത്താവിനെ അവർക്കറിയാം, കർത്താവിൻ്റെ സാന്നിദ്ധ്യം അവർക്ക് ആഘോഷമാണ്, അഭിഷേകത്തിൽ നിറഞ്ഞ ആരാധനയും വിശുദ്ധിയോടെയുള്ള ജീവിതവുമാണ്. അവർ തങ്ങളുടെ നാഥൻ്റെ മഹത്വം ദേശമെങ്ങും കീർത്തിച്ചുകൊണ്ടിരിക്കും.
     രണ്ടു ദേശങ്ങൾ (1) *ഗദരദേശം*, (2) *ഗെന്നേസരെത്തു ദേശം* ഇതിൽ ഞാൻ ഏതു ദേശക്കാരനാണ് എന്ന ഒരു ചോദ്യം ഈ സന്ദേശം വായിക്കുന്ന നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ടിയിരിക്കുന്നു.
ഗെന്നേസരെത്തു ദേശക്കാരെപ്പോലെ നമുക്കും നമ്മുടെ കർത്താവിനെ സ്വീകരിക്കാം, സ്നേഹിക്കാം, കർത്താവിനായി ജീവിക്കാം;
         ഒരു നല്ലദിനം ആശംസിച്ചുകൊണ്ട്,
ഭോപ്പാലിലെ വചനമാരിയിൽനിന്നും,
ഷൈജു പാസ്റ്റർ (9424400654)
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7898211849, 7000477047, 9589741414
ദൈനംദിന ആത്മീയസന്ദേശങ്ങൾ ലഭിക്കുവാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാവുന്നതാണ്. ഈ സന്ദേശം മറ്റുള്ളവരുമായും ഷെയർ ചെയ്യുക.

വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/JaqhFgqRSauGZo6Mi5M1ss
വടക്കെ ഇൻഡ്യയിലെ സുവിശേഷപ്രവർത്തനങ്ങൾക്ക് കൈത്താങ്ങൽ നൽകുവാൻ ആഗ്രഹിക്കുന്നവരുടെ അറിവിലേക്കായി മധ്യപ്രദേശിലെ വചനമാരിയുടെ അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു
1) Bank A/C No. 13500100172414, VACHANAMARI, Federal Bank, M P Ngarag, Bhopal (IFSC : FDRL0001350)
2) Bank A/C No. 10020041096, SHAIJU JOHN, State Bank of India, Nayapura, Bhopal (IFSC : SBIN0010526)
GooglePay (UPI) No. 9424400654
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*