സോർ സീദോനിൽ യേശുകർത്താവിൻ്റെ പാദംപതിഞ്ഞപ്പോൾ

February-2025

നിൻ്റെ പാട്ടുകളുടെ ഘോഷം ഞാൻ ഇല്ലാതാക്കും; നിൻ്റെ വീണകളുടെ നാദം ഇനി കേൾക്കയുമില്ല. ഞാൻ നിന്നെ വെറുമ്പാറയാക്കും; നീ വലവിരിപ്പാനുള്ള സ്ഥലമായ്തീരും; നിന്നെ ഇനി പണികയില്ല;..” (യെഹ. 26:13,14) എന്ന ശാപവാക്കുകളോടെ ഒരിക്കൽ ദൈവം തള്ളിക്കളഞ്ഞ സോർ സീദോൻ മണ്ണിലേക്ക് പരമപരിശുദ്ധനായ ദൈവപുത്രൻ്റെ, യേശുകർത്താവിൻ്റെ വിശുദ്ധപാദങ്ങൾ പതിഞ്ഞപ്പോൾ സംഭവിച്ചത് എന്താണ് എന്ന് മത്തായി 15:21.. വചനങ്ങളിൽ വായിക്കുന്നുണ്ട്.


മത്തായി 15:21 “യേശു അവിടം വിട്ടു; *സോർ സീദോൻ എന്ന പ്രദേശങ്ങളിലേക്കു വാങ്ങിപ്പോയി* ”
     യേശുകർത്താവിൻ്റെ യാത്രയിൽ അവിടുന്ന് കടന്നുചെന്ന ഒരു പ്രദേശത്തെക്കുറിച്ചാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. കാലങ്ങളായി സോർ സീദോൻ പ്രദേശങ്ങൾ വേറിട്ടു കിടക്കുകയായിരുന്നു എന്ന് ബൈബിൾ ചരിത്രം പഠിക്കുമ്പോൾ നമുക്കു മനസ്സിലാകും. യെഹസ്കേൽ പ്രവചനം 26,27,28 അധ്യായങ്ങൾ ഒരു തവണ എങ്കിലും വായിച്ചിട്ടുവേണം യേശുകർത്താവിൻ്റെ ഈ സന്ദർശനത്തെക്കുറിച്ച് നമ്മൾ വിലയിരുത്തേണ്ടത്.
     ഈ പ്രദേശങ്ങളെ സംബന്ധിച്ച് മറ്റൊരവസരത്തിൽ കർത്താവ് പറയുന്ന ഒരു അഭിപ്രായം മത്തായി 11:21 വാക്യത്തിൽ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത് “കോരസീനേ, നിനക്കു ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്കു ഹാ കഷ്ടം; നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു.”
     ഒരിക്കൽ ദൈവകോപത്തിൻ്റെ പാനപാത്രം കുടിക്കേണ്ടി വന്ന പ്രദേശമായിരുന്നു സോർ സീദോൻ എന്ന് യിരെമ്യാവ് പ്രവചനത്തിൽ വായിക്കുന്നു (യിരെ. 25:17,22), അവർ ദൈവജനത്തിൻ്റെ കഷ്ടതയും ദൈവമക്കളുടെ വേദനയുംകണ്ട് സന്തോഷിച്ചവരാണ്, യെരുശലേം തകർന്നുപോയി എന്നുപറഞ്ഞ് അവർ ആഘോഷിച്ചപ്പോൾ സ്വർഗ്ഗത്തിലെ ദൈവത്തിൻ്റെ വിരോധികളായി സോർ സീദോൻ നിവാസികൾ മാറി എന്നാണ് തിരുവചനത്തിൽ എഴുതിയിരിക്കുന്നത്. യെഹ.26:2,3
(യെരൂശലേമിനെക്കുറിച്ചു: നന്നായി, ജാതികളുടെ വാതിലായിരുന്നവൾ തകർന്നുപോയി; അവർ എങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവൾ ശൂന്യമായ്തീർന്നിരിക്കയാൽ ഞാൻ നിറയും എന്നു സോർ പറയുന്നതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: *സോരേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു;..* )
     ചുരുക്കിപ്പറഞ്ഞാൽ, നൂറ്റാണ്ടുകൾ ദൈവത്തിൻ്റെ വിരോധികളായി ശപിക്കപ്പെട്ട കൂട്ടരായി ജീവിച്ചിരുന്നവരായിരുന്നു സോർ സീദോൻ നിവാസികൾ എന്നു മനസ്സിലാക്കാം. എങ്കിലും ഇവരെ എന്നേക്കും തള്ളിക്കളയുവാൻ കർത്താവിനു മനസ്സായില്ല. അവർക്കുവേണ്ടി ഒരു പദ്ധതി ഒരുക്കി അവരുടെ മാനസാന്തരത്തിനായി സ്വർഗ്ഗം കാത്തിരുന്നു.
     ഒരു ദിവസം യേശുകർത്താവ് തൻ്റെ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നപ്പോൾ ഒരു കാഴ്ചകണ്ടു. ആ കാഴ്ച എന്തായിരുന്നു എന്ന് ലൂക്കൊ 6:17 വാക്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. “അവൻ അവരോടു കൂടെ ഇറങ്ങി സമഭൂമിയിൽ നിന്നു; അവന്റെ ശിഷ്യന്മാരുടെ കൂട്ടവും യെഹൂദ്യയിൽ എല്ലാടത്തുനിന്നും യെരൂശലേമിൽ നിന്നും സോർ സീദോൻ എന്ന സമുദ്രതീരങ്ങളിൽ നിന്നും അവൻ്റെ വചനം കേൾപ്പാനും രോഗശാന്തി കിട്ടുവാനും വന്ന ബഹു പുരുഷാരവും ഉണ്ടായിരുന്നു.”
     യേശുകർത്താവിനെക്കുറിച്ച് കേട്ടറിഞ്ഞ് അവൻ്റെ വചനം കേൾപ്പാനും വിടുതൽ നേടുന്നതിനുംവേണ്ടി സോർ സീദോൻ നിവാസികളും കർത്താവിൻ്റെ അടുക്കൽ വന്നിരിക്കുകയാണ്. അവരുടെ ഗർവ്വും അഹങ്കാരവും ഒക്കെ വെടിഞ്ഞ് കർത്താവിനെ തേടി അവർ വന്നപ്പോൾ സ്വർഗ്ഗം അവരോട് കരുണ കാണിച്ചു. കർത്താവിൻ്റെ അടുക്കൽ വരുന്നവരെ അവിടുന്ന് ഒരുനാളും ഉപേക്ഷിക്കയില്ലല്ലോ. സ്തോത്രം !
സോർ സീദോൻ നിവാസികളെ കർത്താവ് സൗഖ്യമാക്കി അവരിൽ അശുദ്ധാത്മാക്കൾ ബാധിച്ചവരെ വിടുവിച്ചു. മാത്രമല്ല, ശപിക്കപ്പെട്ട ആ ദേശത്തേക്ക് പോകുവാൻതന്നെ യേശുകർത്താവ് തീരുമാനിച്ചു.
    “നിൻ്റെ പാട്ടുകളുടെ ഘോഷം ഞാൻ ഇല്ലാതാക്കും; നിൻ്റെ വീണകളുടെ നാദം ഇനി കേൾക്കയുമില്ല. ഞാൻ നിന്നെ വെറുമ്പാറയാക്കും; നീ വലവിരിപ്പാനുള്ള സ്ഥലമായ്തീരും; നിന്നെ ഇനി പണികയില്ല;..” (യെഹ. 26:13,14) എന്ന ശാപവാക്കുകളോടെ ഒരിക്കൽ ദൈവം തള്ളിക്കളഞ്ഞ സോർ സീദോൻ മണ്ണിലേക്ക് പരമപരിശുദ്ധനായ ദൈവപുത്രൻ്റെ, യേശുകർത്താവിൻ്റെ വിശുദ്ധപാദങ്ങൾ പതിഞ്ഞപ്പോൾ സംഭവിച്ചത് എന്താണ് എന്ന് മത്തായി 15:21.. വചനങ്ങളിൽ വായിക്കുന്നുണ്ട്.
    സോർ സീദോൻ ദേശങ്ങൾക്ക് പിന്നീട് സംഭവിച്ചത് എന്താണ് എന്നും തിരുവചനതാളുകളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പൊ. പ്ര. 21:3,4 “കുപ്രോസ് ദ്വീപു കണ്ടു അതിനെ ഇടത്തുപുറം വിട്ടു സുറിയയിലേക്കു ഓടി സോരിൽ വന്നിറങ്ങി; കപ്പൽ അവിടെ ചരക്കു ഇറക്കുവാനുള്ളതായിരുന്നു; ഞങ്ങൾ ശിഷ്യന്മാരെ കണ്ടെത്തി, ഏഴുനാൾ അവിടെ പാർത്തു. അവർ പൌലൊസിനോടു യെരൂശലേമിൽ പോകുരുതു എന്നു ആത്മാവിനാൽ പറഞ്ഞു.”
*മൂന്നുവെളിപ്പാടുകളാണ് ഈ വാക്യം നമുക്കു തരുന്നത്*
1) കപ്പൽ ചരക്കുകൾ വന്നിറങ്ങുന്ന, വലിയ ബിസിനസ്സുകൾ നടക്കുന്ന ഒരു സമ്പന്ന നഗരമായി സോർ സീദോൻ മാറി
2) സോർ സീദോൻ പ്രദേശങ്ങളിൽ ദൈവസഭയ്ക്ക് വലിയ വളർച്ച ഉണ്ടായി
3) അപ്പൊസ്തലനായ പൌലൊസിനോടുപോലും ആത്മാവിൽ ആലോചന പറയുന്ന അഭിഷക്തന്മാർ സോർ സീദോനിൽ നിന്ന് ഉണ്ടായി.
     ശപിക്കപ്പെട്ടുകിടന്ന ഒരു ദേശത്തിലെ നിവാസികൾ മാനസാന്തരപ്പെട്ട് യേശുകർത്താവിനെ അന്വേഷിച്ചുവന്നപ്പോൾ സ്വർഗ്ഗം അവരെ എപ്രകാരമാണ് മാനിച്ചത് എന്നു നോക്കിയാട്ടെ. *സോർ സീദോൻ നിവാസികൾ സഭാചരിത്രത്തിൽ ഒരു പാഠമാണ്, പൂർണ്ണഹൃദയത്തോടെ കർത്താവിനെ അന്വേഷിക്കുന്നവരുടെ ചരിത്രം ഇന്നും സ്വർഗ്ഗം മാറ്റി എഴുതും എന്നുള്ളതിന്റെ ഉത്തമപാഠം.*
      യേശുകർത്താവിൻ്റെ അടുക്കൽ വരിക, അവിടുന്ന് ഒരു സാക്ഷ്യ ചരിത്രമാക്കി മാറ്റും.
ഒരു നല്ലദിനം ആശംസിച്ചുകൊണ്ട്,
ഭോപ്പാലിലെ വചനമാരിയിൽനിന്നും
ഷൈജു പാസ്റ്റർ (9424400654)
(വചനമാരി, ഭോപ്പാൽ)
ഇതുപോലുള്ള ആത്മീയ സന്ദേശങ്ങൾ അടങ്ങിയ വചനമാരി മാസിക ലഭിക്കുവാൻ ഞങ്ങളുമായി ബന്ധപ്പെടുക. വാർഷിക വരിസംഖ്യ 200 രൂപാ മാത്രം. (വരിസംഖ്യ അടക്കുവാൻ ഈ കോഡ് സ്കാൻ ചെയ്താൽ മതിയാകും. (UPI Phone No. 7898211849). വരിസംഖ്യ അടച്ച് നിങ്ങളുടെ വിലാസം ഈ വാട്സ്ആപ്പ് നമ്പറിൽ അയച്ചുതന്നാൽ മതിയാകും.
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*

വിലകൊടുത്തവർ

മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ ചെയ്തവർ. മറ്റുള്ളവരെക്കാൾ കൂടുതൽ വിശ്വാസ തീക്ഷ്ണത കാണിച്ചവർ. ശാസനകൾ വകവെക്കാതെ യേശുവിനെ വിളിച്ചു കരഞ്ഞവർ. ദേശത്തിൻ്റെ അതിർകടന്നും കർത്താവിൻ്റെ അടുക്കൽ വരുവാൻ ധൈര്യം കാണിച്ചവർ. *വിശ്വാസത്തിനുവേണ്ടി വിലകൊടുത്തവർ കർത്താവിൽനിന്നു അനുഗ്രഹങ്ങളും വിടുതലും പ്രാപിച്ചു*.      ആകയാൽ പ്രിയരേ, സാഹചര്യങ്ങളെ ഭയക്കാതെ, നിയന്ത്രണങ്ങളെ പേടിക്കാതെ, ശാസനകളെ മുഖവിലക്കെടുക്കാതെ, പരിധികളെ ഗൗനിക്കാതെ… വിശ്വാസത്തോടെ യേശുകർത്താവിൻ്റെ അടുക്കലേക്ക് വരിക. നിനക്കുവേണ്ടിമാത്രം വ്യത്യസ്തമായ ചിലത് കർത്താവ് ചെയ്യും ആമേൻ