മത്തായി 15:22 “ *ആ ദേശത്തു നിന്നു* ഒരു കനാന്യസ്ത്രീ വന്നു..”
ഈ വാക്യത്തിൻ്റെ ചില (ഇംഗ്ലീഷ്) പരിഭാഷകൾ പരിശോധിച്ചാൽ, ആ ദേശത്തിൻ്റെ അതിർകടന്ന് ഒരു കനാന്യസ്ത്രീ വന്നു എന്ന അർത്ഥത്തിലാണ് ഈ വാക്യം രേഖപ്പെടുത്തിയിരിക്കുന്നത് എന്നു കാണുവാൻ സാധിക്കും. (And behold, a Canaanitish woman came out from those borders) എന്നാണ് American Standard Version, English Revised Version മുതലായ തർജ്ജമകളിൽ എഴുതിയിരിക്കുന്നത്. Borders എന്നും Territory എന്നും
Boundaries എന്നുമൊക്കെയുള്ള പദങ്ങൾ മറ്റു ചില പരിഭാഷകളിലും കാണുന്നുണ്ട്.
ആ ദേശത്തിൻ്റെ അതിർകടന്ന് യേശുവിൻ്റെ അടുക്കൽ ഒരു കനാന്യസ്ത്രീ വന്നു എന്നോ.
ആ ദേശത്തിൻ്റെ കെട്ടുപാടുകൾ പൊട്ടിച്ച് യേശുവിൻ്റെ അടുക്കൽ ഒരു കനാന്യസ്ത്രീ വന്നു എന്നോ.
ആ ദേശത്തിൻ്റെ നിയന്ത്രണങ്ങൾ മറികടന്ന് യേശുവിൻ്റെ അടുക്കൽ ഒരു കനാന്യസ്ത്രീ വന്നു എന്നോ.
ആ ദേശത്തിൻ്റെ അതിർവരമ്പുകൾ (അതിർത്തിരേഖകൾ) താണ്ടി യേശുവിൻ്റെ അടുക്കൽ ഒരു കനാന്യസ്ത്രീ വന്നു എന്നോ.
വ്യക്തതയോടുകൂടെ എഴുതിയിരുന്നെങ്കിൽ, ആ കനാന്യസ്ത്രീ ചെയ്തത് ഒരു ചെറിയ കാര്യമായിരുന്നില്ല എന്ന് അതു വായിക്കുന്നവർക്ക് കൂടുതൽ ബോധ്യപ്പെടുമായിരുന്നു. അവളുടെ ദേശവും, ആ ദേശം അവൾക്കു ചുറ്റുംതീർത്ത നിയമങ്ങളും നിയന്ത്രണങ്ങളുമൊന്നും യേശുവിൻ്റെ അടുക്കൽ വരുന്നതിൽനിന്ന് അവളെ തടയുവാൻ പര്യാപ്തമായിരുന്നില്ല. ആ കനാന്യസ്ത്രീക്ക് യേശുവിലുള്ള വിശ്വാസം അത്ര വലുതായിരുന്നു. അതുകൊണ്ടാണ് കർത്താവ് അവളുടെ വിശ്വാസത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞത് “സ്ത്രീയേ, നിൻ്റെ വിശ്വാസം വലിയതു..”
പ്രാർത്ഥനയ്ക്കു പോകരുത്. കൂട്ടായ്മകൾക്കും ആരാധനയ്ക്കും പോകരുത്. സുവിശേഷംപറയാൻ പോകരുത്. പാട്ടുപാടരുത്. ഉപദേശം പറയരുത്... എന്നൊക്കെയുള്ള ചില നിബന്ധനകൾ ചിലരുടെ മുമ്പിൽവെക്കുമ്പോൾ അവരതുകേൾക്കാതെ കൈകൊട്ടിപാടി ആത്മാവിൽ നിറഞ്ഞ് ദൈവത്തെ ആരാധിക്കുന്നതിനും. എരിവോടെ സുവിശേഷം പറയുന്നതിനും ഒക്കെ കാരണം അവർക്ക് യേശുവിലുള്ള വിശ്വാസം അത്ര തീക്ഷ്ണമായതുകൊണ്ടാണ്. സ്തോത്രം !
സുവിശേഷവിരോധികൾ ആരെങ്കിലും ഒരു പരാധി എഴുതികൊടുത്താൽ അറസ്റ്റുചെയ്യാമെന്നും ജാമ്യം ലഭിക്കാതെ ജയിലിൽ കിടക്കേണ്ടി വരാമെന്നും അറിയാമായിരുന്നിട്ടും, ഇന്നും വടക്കെ ഇൻഡ്യയിലെ സുവിശേഷകരായ ഞങ്ങൾ സധൈര്യം സുവിശേഷവേല ചെയ്തുകൊണ്ടിരിക്കുന്നതിൻ്റെ കാരണം യേശുകർത്താവിലുള്ള വലിയ വിശ്വാസവും, ആത്മാക്കളെക്കുറിച്ചുള്ള ഭാരവുമാണ്.
ദൈവസഭയ്ക്ക് എതിരായി ഉണ്ടാക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും ഒക്കെ അവരെ യേശുകർത്താവിൽനിന്ന് അകറ്റുകയല്ല കൂടുതൽ വിശ്വാസതീക്ഷ്ണതയുള്ളവരാക്കുകയാണ് എന്നതിന് എക്കാലവും ചരിത്രം സാക്ഷി.
ഇനിയും നിരവധി ഉദാഹരണങ്ങൾ വേദപുസ്തകത്തിൽ കാണുവാൻ സാധിക്കും. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ ചെയ്തവർ. മറ്റുള്ളവരെക്കാൾ കൂടുതൽ വിശ്വാസ തീക്ഷ്ണത കാണിച്ചവർ. ശാസനകൾ വകവെക്കാതെ യേശുവിനെ വിളിച്ചു കരഞ്ഞവർ. ദേശത്തിൻ്റെ അതിർകടന്നും കർത്താവിൻ്റെ അടുക്കൽ വരുവാൻ ധൈര്യം കാണിച്ചവർ. *വിശ്വാസത്തിനുവേണ്ടി വിലകൊടുത്തവർ കർത്താവിൽനിന്നു അനുഗ്രഹങ്ങളും വിടുതലും പ്രാപിച്ചു*.
ആകയാൽ പ്രിയരേ, സാഹചര്യങ്ങളെ ഭയക്കാതെ, നിയന്ത്രണങ്ങളെ പേടിക്കാതെ, ശാസനകളെ മുഖവിലക്കെടുക്കാതെ, പരിധികളെ ഗൗനിക്കാതെ… വിശ്വാസത്തോടെ യേശുകർത്താവിൻ്റെ അടുക്കലേക്ക് വരിക. നിനക്കുവേണ്ടിമാത്രം വ്യത്യസ്തമായ ചിലത് കർത്താവ് ചെയ്യും ആമേൻ !
ഒരു നല്ലദിനം ആശംസിച്ചുകൊണ്ട്,
ഭോപ്പാലിലെ വചനമാരിയിൽനിന്നും
ഷൈജു പാസ്റ്റർ (9424400654)
(വചനമാരി, ഭോപ്പാൽ)