ഇന്നത്തെ തിരുവചനധ്യാനത്തിനായി രണ്ടു വാക്യങ്ങൾ നമുക്കു വായിക്കാം.
*ലൂക്കൊ. 15:12,13* “.. ഇളയവൻ അപ്പനോടു: അപ്പാ, വസ്തുവിൽ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവൻ അവർക്കു മുതൽ പകുത്തുകൊടുത്തു. ഏറെനാൾ കഴിയുംമുമ്പെ ഇളയമകൻ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുർന്നടപ്പുകാരനായി ജീവിച്ചു, വസ്തു നാനാവിധമാക്കിക്കളഞ്ഞു.”
*ആവർത്ത. 21:18* .. “അപ്പൻ്റെയോ അമ്മയുടെയോ വാക്കു കേൾക്കാതെയും അവർ ശാസിച്ചാലും അനുസരിക്കാതെയുമിരിക്കുന്ന ശഠനും മത്സരിയുമായ മകൻ ഒരുത്തന്നു ഉണ്ടെങ്കിൽ അമ്മയപ്പന്മാർ അവനെ പിടിച്ചു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതിൽക്കലേക്കു കൊണ്ടുപോയി:.. പട്ടണക്കാർ എല്ലാവരും അവനെ കല്ലെറിഞ്ഞുകൊല്ലേണം…”
വിശുദ്ധ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ധൂർത്തു പുത്രനെക്കുറിച്ച് നമുക്കറിയാമല്ലോ. അപ്പൻ്റെ സ്വത്തിൽ പങ്കുവാങ്ങിച്ച് പുറപ്പെട്ടുപോയി ഒരു ദുർനടപ്പുകാരനായി ജീവിച്ച് എല്ലാം നഷ്ടപ്പെടുത്തിയവൻ. ആ ഇളയമകൻ്റെ സ്വഭാവത്തെക്കുറിച്ച് നന്നായി അറിയാമായിരുന്ന പിതാവ് എന്തുകൊണ്ടാണ് അവൻ ചോദിച്ചപ്പോൾതന്നെ മറുത്തൊന്നും പറയാതെ മുതൽ പകുത്തുകൊടുത്തത് എന്ന് ഈ വചനഭാഗം വായിക്കുമ്പോൾ പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. എന്നാൽ ആവർത്തനപുസ്തകത്തിലെ ചില ഭാഗങ്ങൾ വായിച്ചപ്പോഴാണ് എൻ്റെ ഈ സംശയത്തിനുള്ള ഉത്തരം എനിക്ക് ലഭിച്ചത്. യഹോവയായ ദൈവം മോശെ മുഖാന്തിരം യിസ്രായേൽ ജനത്തിന് നൽകിയ ചട്ടങ്ങളും പ്രമാണങ്ങളും അവർ കൃത്യമായി പാലിച്ചിരുന്നു. അപ്പനും മക്കളും തമ്മിൽ സ്വത്തുവിഷയത്തിൽ കുടുംബത്തിൽ തർക്കമുണ്ടായാൽ, വാദപ്രതിവാദമുണ്ടായാൽ എന്തു ചെയ്യണമെന്ന് ആ പ്രമാണങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആ വിഷയം മൂപ്പന്മാരുടെ അടുക്കൽ അറിയിക്കേണ്ടിയും അവർ വിട്ടുവീഴ്ച ഒന്നും ചെയ്യാതെ ആ മകനെ കല്ലെറിഞ്ഞു കൊല്ലുകയും ചെയ്യേണ്ടി വരും. (ആവർ. 21:16.. “അവൻ തൻ്റെ സ്വത്തു പുത്രനന്മാർക്കു ഭാഗിച്ചുകൊടുക്കുമ്പോൾ..”).
ആ ചട്ടത്തെക്കുറിച്ചും പ്രമാണത്തെക്കുറിച്ചും നല്ല ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ് ഇളയമകൻ പങ്കുചോദിച്ചു വന്നപ്പോൾ, അവനതെല്ലാം കൊണ്ടുപോയി നശിപ്പിച്ചുകളയും എന്നറിയാമായിരുന്നിട്ടും സ്നേഹവനായ ആ പിതാവ് മറുത്തൊന്നും പറയാതെ, ഒരു തർക്കത്തിനും അവസരമുണ്ടാക്കാതെ തൻ്റെ സ്വത്തിൻ്റെ പങ്ക് ഇളയമകന് പകുത്തുകൊടുത്തത്. കാരണം ആ പിതാവിന് സ്വത്തിനെക്കാളും വലുതായിരുന്നു തൻ്റെ മകൻ്റെ ജീവൻ. അവൻ സ്വത്തുകൊണ്ടുപോയാലും അത് നാനാവിധമാക്കിയാലും സാരമില്ല, ഒരു നാൾ ജീവനോടെ മടങ്ങി വന്നാൽ മാത്രം മതി എന്ന പ്രതീക്ഷയോടെ ആ പിതാവ് മകനുവേണ്ടി കാത്തിരുന്നു. പിന്നീട് എല്ലാം നഷ്ടപ്പെടുത്തി ആ മകൻ മടങ്ങിവന്നപ്പോൾ അപ്പൻ എന്താണ് ചെയ്തത്, (ലൂക്കൊ. 15:20 “ദൂരത്തു നിന്നു തന്നേ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവൻ്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.”).
ഇന്ന് ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്.
ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”
സ്വർഗ്ഗീയ പിതാവിൻ്റെ നമ്മോടുള്ള സ്നേഹം എത്ര വലുതാണ് എന്ന് ഈ ഉപമയിലൂടെ യേശുകർത്താവ് നമ്മെ പഠിപ്പിച്ചു. ആ ദൈവസ്നേഹത്തിൽ വസിക്കുവാൻ ആഗ്രഹിക്കുന്നവർ; മാതാപിതാക്കളെ സ്നേഹിക്കും ബഹുമാനിക്കും, അവരെ കരുതും ശുശ്രൂഷിക്കും…
കർത്താവ് നമ്മെ സഹായിക്കട്ടെ,
പ്രാർത്ഥനയോടെ,
ഭോപ്പാലിലെ വചനമാരിയിൽനിന്നും
ഷൈജു പാസ്റ്റർ (9424400654)
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7000477047, 9589741414