2 ദിനവൃ. 24:22 “..യഹോവ നോക്കി ചോദിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു” (“May the LORD see this and call you to account”)
ഒരു ചതിയുടെ അന്ത്യത്തിൽ ചതിക്കപ്പെട്ട വ്യക്തിയുടെ നാവിൽനിന്ന് അവസാനം പറഞ്ഞ വാക്കുകൾ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്. മലയാളഭാഷയിൽ ഇത് ഒന്നുകൂടെ തെളിച്ചുപറഞ്ഞാൽ *‘നിങ്ങൾ ഈ ചെയ്തതിന് ദൈവം കണക്കുചോദിച്ചുകൊള്ളും’* എന്നാണ് ഇതിൻ്റെ അർത്ഥം.
വേദപുസ്തകം ആദിയോടന്തം പരിശോധിക്കുമ്പോൾ നിഷ്കളങ്കരും നിർദോഷികളും നിരപരാധികളുമായ ചിലരെ, അവരുടെ ഏറ്റവും വേണ്ടപ്പെട്ടവർതന്നെ ചതിച്ച് ഇല്ലാതാക്കുന്ന സംഭവങ്ങൾ നമുക്കു കാണുവാൻ കഴിയും.
കയീൻ തൻ്റെ അനുജനായ ഹാബെലിനെ കൊല്ലണമെന്ന പ്ലാൻ തയ്യാറാക്കിയായിരുന്നു അവനെ വയലിലേക്ക് വിളിച്ചുകൊണ്ടുപോയി അവിടെവെച്ച് കൊന്നത് (ഉല്പ. 4:8).
യോസേഫിനെ കൊന്നുകളയണമെന്നായിരുന്നു ചതിയന്മാരായ അവൻ്റെ സഹോദരന്മാരുടെ പ്ലാൻ. യോസേഫിൻ്റെ അങ്കി ആടിൻ്റെ രക്തത്തിൽ മുക്കി യോസേഫിനെ ഒരു ദുഷ്ടമൃഗം തിന്നുകളഞ്ഞു എന്നുപറഞ്ഞ് അവരുടെ അപ്പനെയും അവർ വഞ്ചിച്ചു (ഉല്പ. 37:33).
ഫെലിസ്ത്യപ്രഭുക്കന്മാരുടെ കയ്യിൽനിന്ന് പണംവാങ്ങി ദെലീല ശിംശോനെ ചതിച്ചു. അവനെ അവർ പിടിച്ചുകൊണ്ടുപോയി കണ്ണുകുത്തിപ്പൊട്ടിച്ച് തടവിലാക്കി (ന്യായാ. 16:21).
ശൌൽ സ്നേഹം നടച്ച് ദാവീദിനെ തൻ്റെ അരമനയിൽ വിളിപ്പിച്ച് അവൻ കിന്നരം വായിച്ചുകൊണ്ടിരിക്കുമ്പോൾ അവനെ കുന്തംകൊണ്ട് കുത്തിക്കൊല്ലുവാൻ ശ്രമിച്ചു (1 ശമു. 19:10).
ദാവീദ് ഉൗരീയാവിനെ ചതിച്ചു കൊന്നു (2 ശമു. 11:17).
ആഹാബ് രാജാവ് പ്രവാചകനായ മീഖായാവിനെ ചതിയിലൂടെ കുടുക്കി കഠിനതടവിലാക്കി (1 രാജാ. 22:27).
നമ്മുടെ കർത്താവിനെ അവിടുത്തെ ശിഷ്യനായ യൂദാ ചുംബനം നൽകി ശത്രുക്കൾക്ക് ഒറ്റികൊടുത്തു (ലൂക്കൊ. 22:47).
ഏറ്റവും പ്രിയപ്പെട്ടവരാൽ ചതിക്കപ്പെട്ട് യാതന അനുഭവിക്കേണ്ടിവരികയും മരണപ്പെടുകയും ചെയ്തവരുടെ ചരിത്രം വേദപുസ്തകതാളുകളിൽ ഇനിയുമുണ്ട്. എന്നാൽ ഈ ചതിച്ചവർക്കെല്ലാം പിന്നീട് എന്തു സംഭവിച്ചു ? ജീവിതത്തിൽ അവർ എന്തു നേടി ?
ആരെയും ചതിച്ചും വഞ്ചിച്ചും ജീവിതത്തിൽ എന്തൊക്കെയോ നേടാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതൊരു മിഥ്യാധാരണ മാത്രമാണ്. കാരണം സ്വർഗ്ഗത്തിലെ ദൈവം അതിന് കണക്കുചോദിക്കാതെ വിടില്ല. മറ്റുള്ളവരെ കുടുക്കാൻ നടക്കുന്നവർ ഒരുനാൾ ദൈവത്തിൻ്റെ കുടുക്കിൽ വീഴും, ആ വീഴ്ച ഭയാനകമായിരിക്കും.
മുകളിൽ സൂചിപ്പിച്ചിരിക്കുന്ന സംഭവവും അതുതന്നെയാണ് പഠിപ്പിക്കുന്നത്. യോവാശ് യിസ്രായേലിൻ്റെ രാജാവായി അധികാരം ഏറ്റപ്പോൾ ദൈവപ്രസാദമുള്ള കാര്യങ്ങൾ ചെയ്തു എങ്കിലും പിന്നീട് അവൻ ദൈവസന്നിധിയിൽനിന്ന് അകന്നുപോയി. അപ്പോൾ ദൈവം അവരെ മടക്കി വരുത്തുവാൻ തന്റെ പ്രവാചകന്മാരെ എഴുന്നേൽപ്പിക്കയും അവരോട് അരുളപ്പാടുകൾ അറിയിക്കുകയും ദൈവസന്നിധിയിലേക്ക് മടങ്ങിവരുവാൻ ആലോചന അറിയിക്കുകയും ചെയ്തെങ്കിലും അവർ അതൊന്നും ചെവിക്കൊണ്ടില്ല (2 ദിനവൃ. 24:19).
പിന്നീട് ദൈവം സെഖര്യാവിനെ എഴുന്നേൽപ്പിച്ചു. ദൈവത്തിൻ്റെ ആത്മാവിനാൽ അവൻ ജനത്തോട് മടങ്ങിവരുവാൻ ആവശ്യപ്പെട്ടു. എന്നാൽ അവർ ദൈവത്തിങ്കലേക്ക് മടങ്ങി വരുവാൻ തയ്യാറായില്ല എന്നുമാത്രമല്ല, അവൻ്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, ദൈവത്തിൻ്റെ ആലയത്തിൻ്റെ പ്രാകാരത്തിൽവെച്ച് യോവാശ്രാജാവിൻ്റെ കൽപ്പനപ്രകാരം അവർ സെഖര്യാവിനെ കല്ലെറിഞ്ഞു. അങ്ങനെ അവൻ അവിടെവെച്ച് മരിക്കുമ്പോൾ പറഞ്ഞ വാക്കുകളാണ്, ‘നിങ്ങൾ ഈ ചെയ്തതിന് ദൈവം കണക്കുചോദിച്ചുകൊള്ളും’ എന്ന്.
ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.
അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും.
എന്നാൽ തെറ്റുകളും കുറവുകളുമെല്ലാം സമ്മതിച്ച് മാനസാന്തരപ്പെട്ട് മടങ്ങിവന്ന ദാവീദിനോട് കരുണകാണിച്ച കർത്താവ് ഇന്നും ജീവിക്കുന്നു. അതുകൊണ്ട് കർത്താവ് തരുന്ന അവസരം നഷ്ടപ്പെടുത്താതെ ചതിയും വഞ്ചനയും ഗ്രൂപ്പിസവും എല്ലാം ഉപേക്ഷിച്ച് കൃപയിലേക്ക് മടങ്ങിവരിക.
കർത്താവിൻ്റെ വേലയിൽ
ഷൈജു പാസ്റ്റർ (9424400654)
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7000477047, 9589741414