രണ്ടു വാക്യങ്ങൾ തിരുവചനത്തിൽനിന്നു വായിക്കാം;
(1) മർക്കൊ. 5:28 “അവൻ്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ രക്ഷപ്പെടും എന്നു പറഞ്ഞു പുരുഷാരത്തിൽകൂടി പുറകിൽ വന്നു അവൻ്റെ വസ്ത്രം തൊട്ടു. ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു;..”
(2) അപ്പൊ. പ്രവ. 5:15,16 “..പത്രൊസ് കടന്നുപോകുമ്പോൾ അവൻ്റെ നിഴൽ എങ്കിലും അവരിൽ വല്ലവരുടെയുംമേൽ വീഴേണ്ടതിന്നു വീഥികളിൽ വിരിപ്പിന്മേലും കിടക്കമേലും കിടത്തും… അവർ എല്ലാവരും സൗഖ്യം പ്രാപിക്കയും ചെയ്യും”
വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന രണ്ടു വ്യത്യസ്ത സംഭവങ്ങളാണ് ഈ വാക്യങ്ങളിൽ വായിക്കുന്നത്. *ഒന്നാമതായി* കാണുന്നത് യേശു കർത്താവ് കടന്നുപോകുമ്പോൾ അവിടുത്തെ വസ്ത്രത്തിൽ തൊട്ട് വിശ്വാസത്താൽ സൗഖ്യം പ്രാപിച്ച ഒരു സ്ത്രീയെ സംബന്ധിച്ചാണ്.
*രണ്ടാമതായി* വായിക്കുന്നത്, യേശു കർത്താവിനെ തള്ളിപ്പറയുകയും, കർത്താവിൻ്റെ ക്രൂശീകരണശേഷം തൻ്റെ വലയുമെടുത്ത് മീൻ പിടിക്കുവാൻ പോയ പത്രൊസിൻ്റെ ശുശ്രൂഷയിൽ പിന്നീട് സംഭവിച്ച കാര്യമാണ്.
യേശുകർത്താവിൻ്റെ വസ്ത്രത്തിൽ *ഒരു സ്ത്രീ* വിശ്വാസത്തോടെ തൊട്ടതുകൊണ്ടാണ് അവളുടെ രക്തസ്രവം സൗഖ്യമായത്. എന്നാൽ പത്രൊസിൻ്റെ നിഴൽമാത്രം വീണാൽ മതിയായിരുന്നു *അനേക രോഗികൾ* സൗഖ്യമാകുവാൻ. യേശു കർത്താവിനെക്കാൾ വലിയ അത്ഭുത പ്രവൃത്തിയാണല്ലോ അപ്പൊ. പത്രൊസിൻ്റെ ശുശ്രൂഷയിൽ ഉണ്ടായത്. ഇത്ര വലിയ അത്ഭുതങ്ങളും അടയാളങ്ങളും നടക്കുവാനുണ്ടായ കാരണമെന്തായിരുന്നു ?
യേശു കർത്താവ് യെരുശലേമിൻ്റെ വീഥിയിലൂടെ സഞ്ചരിക്കുമ്പോൾ ‘ദാവീദു പുത്രന്നു ഹോശന്നാ’ എന്നാർത്തുകൊണ്ട് പുരുഷാരം തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു എന്നാണ് വചനത്തിൽ വായിക്കുന്നത് മത്തായി 21:8. എന്നാൽ ആ വസ്ത്രം വിരിച്ചവരാരും സൗഖ്യമായി എന്ന് വേദപുസ്തകത്തിൽ എങ്ങും രേഖപ്പെടുത്തിയതായി കാണുന്നില്ല. അതായത്, യേശു കർത്താവിൻ്റെ ശുശ്രൂഷയിൽപോലും സംഭവിക്കാത്ത കാര്യം കർത്താവിൻ്റെ ശിഷ്യനായ പത്രൊസിൻ്റെ ശുശ്രൂഷയിൽ എങ്ങനെ സംഭവിച്ചു ?
ഈ ചോദ്യങ്ങൾക്കും സംശയത്തിനുമുള്ള ഉത്തരം കർത്താവ് തന്നെ പറഞ്ഞിട്ടുണ്ട്, “..ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിൻ്റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യും” യോഹ. 14:12
സ്നാപക യോഹന്നാൻ യേശു കർത്താവിനെ ഗലീലയിലെ യോർദ്ദാൻ നദിയിൽ സ്നാനപ്പെടുത്തുമ്പോൾ ‘പ്രാവെന്നപോലെ ഇറങ്ങി’ (മത്തായി 3:16) വന്ന ദൈവാത്മാവ്, കർത്താവിൻ്റെ സ്വർഗ്ഗാരോഹണശേഷം പെന്തെകൊസ്തുനാളിൽ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്നത് പ്രാവെന്നപോലെ ആയിരുന്നില്ല. അപ്പൊ. പ്ര. 2:1..
“പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തൻ്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി“
അതുകൊണ്ടാണ് കർത്താവ് ഒരിക്കൽ തൻ്റെ ശിഷ്യന്മാരോട് ഇപ്രകാരം പറഞ്ഞത്, “എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു *നിങ്ങൾക്കു പ്രയോജനം* ; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും” (യോഹ. 16:7).
ഒരിക്കൽ പ്രാവെന്നപോലെ യേശു കർത്താവിൻ്റെമേൽ ഇറങ്ങിവന്ന പരിശുദ്ധാത്മാവ് അഗ്നിജ്വാലപോലെ അപ്പൊസ്തലന്മാരുടെമേൽ ഇറങ്ങിവന്നപ്പോൾ വലിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നു. ആത്മാവിൻ്റെ അഭിഷേകം പത്രൊസിനെ പുതിയ ശുശ്രൂഷകനാക്കി മാറ്റി. അപ്പൊ. പ്രവ. 2:43.
ഇന്നും പരിശുദ്ധാത്മാവിൻ്റെ സാന്നിധ്യം വെളിപ്പെടുന്നിടത്ത് വൻകാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. അഭിഷേകത്തിൻ്റെ ശുശ്രൂഷ ചെയ്യുന്നവരിൽക്കൂടി അത്ഭുതങ്ങളും അടയാളങ്ങളും നടന്നുകൊണ്ടിരിക്കുന്നു. “..സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും” എന്നാണ് ലൂക്കൊസ് 11:13 വാക്യത്തിൽ വായിക്കുന്നത്.
ആകയാൽ ചോദിക്കുന്നവരുടെമേൽ, കാത്തിരിക്കുന്നവരുടെമേൽ സ്വർഗ്ഗത്തിലെ ദൈവം പകർന്നുനൽകുന്ന പരിശുദ്ധാത്മാവിനെ പ്രാപിക്കുക. ജീവിതത്തിൽ ഒരു സമ്പൂർണ്ണ പരിവർത്തനമുണ്ടാകുവാൻ അഭിഷേകം ഇടയാക്കും. എഫെ. 1:19 ൽ വായിക്കുന്നതുപോലെ “..അവൻ്റെ ബലത്തിൻ വല്ലഭത്വത്തിൻ്റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവൻ്റെ ശക്തിയുടെ അളവറ്റ വലിപ്പം..” നമ്മുടെ ജീവിതത്തിൽ വെളിപ്പെടുവാൻ ഇടയാകും. സ്തോത്രം ! ഹല്ലേലൂയ്യ !
പ്രാർത്ഥനയോടെ
ഷൈജു പാസ്റ്റർ (9424400654)
(വചനമാരി ടീം. ഭോപ്പാൽ)
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7000477047, 9589741414