അങ്ങോട്ടും ഇങ്ങോട്ടും നോക്കീ

April-2025

പ്രശ്നങ്ങൾ വരുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്ന ഒരു മോശെയെ അല്ല പിന്നീട് നമ്മൾ കാണുന്നത്. ദൈവത്തിങ്കലേക്ക് നോക്കിയ മോശെയെ ദൈവം ഒരു നേതാവാക്കി മാറ്റി. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ശ്രേഷ്ഠനായ ഒരു ലീഡർ. ദൈവത്തിൻ്റെ പ്രവാചകൻ. ഭൂതലത്തിലുള്ള സകലമനുഷ്യരിലും അതിസൌമ്യൻ. ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തൻ.. 


     പുറപ്പാട് 2:11,12 “..ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നതു കണ്ടു. അവൻ *അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ടു* ആരും ഇല്ലെന്നു കണ്ടപ്പോൾ..”
      ഒരിക്കൽ മോശെയുടെ ജീവിതത്തിൽ സംഭവിച്ച, മോശ മിസ്രയീമിൽനിന്ന് പ്രാണരക്ഷാർത്ഥം ഓടിപ്പോകുവാൻ ഇടയായ (കാരണമായ) സംഭവമാണ് ഈ വചനഭാഗത്ത് നമ്മൾ കാണുന്നത്. തൻ്റെ സഹഹോദരനോട് ഒരാൾ അന്യായം കാണിക്കുന്നതു കണ്ടപ്പോൾ, ഉപദ്രവിക്കുന്നതു കണ്ടപ്പോൾ മോശെ ആദ്യം ചെയ്ത കാര്യം *അങ്ങോട്ടും ഇങ്ങോട്ടും നോക്കുകയായിരുന്നു* . പലപ്പോഴും മനുഷ്യർക്ക് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു വീഴ്ചയാണ് ഇത്. ജീവിതത്തിൽ പ്രതികൂല സാഹചര്യങ്ങൾ വരുമ്പോൾ, എതിർപ്പുകളും ഉപദ്രവങ്ങളും ഉണ്ടാകുമ്പോൾ പ്രശ്ന പരിഹാരം തേടി നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കുവാനല്ല ദൈവം ആഗ്രഹിക്കുന്നത്.
     യെശ. 40:26 “നിൻ്റെ കണ്ണ് മേലോട്ട് ഉയർത്തി നോക്കുവിൻ..”. അങ്ങോട്ടും ഇങ്ങോട്ടും നോക്കിയാൽ ഒരു സഹായവും ലഭിക്കില്ല, ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. എന്നാൽ മേലോട്ട് കണ്ണുകൾ ഉയർത്തിയാൽ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽ നിന്ന് സഹായം ലഭിക്കും. ഒരു ദോഷവും തട്ടാതവണ്ണം ദൈവം പരിപാലിക്കും. ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടത്തിൽ ദൈവത്തിങ്കലേക്ക് നോക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയതുകൊണ്ട് മോശെക്ക് പിന്നീട് എന്തെല്ലാം കഷ്ട നഷ്ടങ്ങളാണ് ഉണ്ടായത് എന്ന് തുടർന്നുള്ള വാക്യങ്ങൾ വായിക്കുമ്പോൾ മനസ്സിലാകും. മിസ്രയീമിലെ പദവികളും സ്ഥാനമാനങ്ങളും തനിക്ക് നഷ്ടപ്പെട്ടു. രാജകീയ സുഖസൗകര്യങ്ങൾ ഇല്ലാതായി. മിദ്യാൻ ദേശത്തേക്ക് ഓടിപ്പോകേണ്ടി വന്നു. മിസ്രയീമ്യൻ്റെ സർവ്വസൈന്യാധിപനായി രാജകീയ പ്രൗഢിയോടെ നടന്നവൻ മരുഭൂമിയിലെ പൊള്ളുന്ന ചൂടേറ്റ് അമ്മായപ്പൻ്റെ ആടുകളെ മേയിച്ചുകൊണ്ട് നടന്നു. 
       അങ്ങനെ ഒരു ദിവസം ഹോരേബിൽവെച്ച് അവൻ ഒരു കാഴ്ചകണ്ടു, മുൾപടർപ്പു തീ പിടിച്ചു കത്തുന്നു പക്ഷേ അതു വെന്തുപോകുന്നതുമില്ല. അപ്പോൾ മോശെ അങ്ങോട്ടും ഇങ്ങോട്ടും നോക്കാതെ, ഓടിപ്പോകാതെ, “മുൾപടർപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു..പറഞ്ഞു” (പുറ. 3:3). അവിടെവെച്ച്  അവന്നു പ്രത്യക്ഷനായ ദൈവത്തിങ്കലേക്ക് അവൻ നോക്കിയതുകൊണ്ട് ദൈവം അവനെ വിളിച്ചു, ഒരു മഹാദൈൗത്യം അവനെ ഏൽപ്പിച്ചു. 
     പ്രശ്നങ്ങൾ വരുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്ന ഒരു മോശെയെ അല്ല പിന്നീട് നമ്മൾ കാണുന്നത്. ദൈവത്തിങ്കലേക്ക് നോക്കിയ മോശെയെ ദൈവം ഒരു നേതാവാക്കി മാറ്റി. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ശ്രേഷ്ഠനായ ഒരു ലീഡർ. ദൈവത്തിൻ്റെ പ്രവാചകൻ. ഭൂതലത്തിലുള്ള സകലമനുഷ്യരിലും അതിസൌമ്യൻ. ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തൻ.. 
     “..മിസ്രയീംദേശത്തു ഫറവോനോടും അവൻ്റെ സകല ഭൃത്യന്മാരോടും അവൻ്റെ സർവ്വദേശത്തോടും ചെയ്വാൻ യഹോവ മോശെയെ നിയോഗിച്ചയച്ച സകല അത്ഭുതങ്ങളും ഭുജവീര്യവും എല്ലായിസ്രായേലും കാൺകെ മോശെ പ്രവർത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാൽ യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല” (ആവ. 34:10..).
    ഇതുപോലുള്ള നിരവധി വിശേഷണങ്ങൾ നൽകിയാണ് വേദപുസ്തകം മോശെയെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. എന്താണ് ഇതിനു കാരണം ? മോശെ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നത് മതിയാക്കി ദൈവത്തിങ്കലേക്ക് മാത്രം നോക്കുവാൻ ആരംഭിച്ചതാണ് അതിന്നു കാരണം. സ്തോത്രം !
     ഭൂമിയിൽ തൻ്റെ ആയുസ്സുമുഴുവന്നും, അങ്ങോട്ടും ഇങ്ങോട്ടും നോക്കി ജീവിച്ച ധനവാനായ ഒരു മനുഷ്യനെക്കുറിച്ച് ലൂക്കൊ. 16 അധ്യായത്തിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്. അവൻ സമ്പത്തിലേക്ക് നോക്കി ജീവിച്ചു, അധികാരവും പദവിയും നോക്കി ജീവിച്ചു, ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം സുഖസമൃദ്ധി നോക്കി ജീവിച്ചു… അങ്ങനെ തനിക്കു ചുറ്റും മാത്രം നോക്കി ജീവിച്ച അവൻ ജീവിതത്തിൽ മേലോട്ട് നോക്കാൻ മാത്രം മറന്നുപോയി (കൂട്ടാക്കിയില്ല). പിന്നീട് മേലോട്ട് നോക്കിയപ്പോഴേക്കും വല്ലാതെ വൈകിപ്പോയിരുന്നു. ലൂക്കൊ. 16:23 .. പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ..”
      നമ്മുടെ കർത്താവിൻ്റെ പരസ്യശുശ്രൂഷയിൽ ഒരു മഹാത്ഭുതം ചെയ്യുന്നതിനുമുമ്പ്, മരിച്ച് നാലുനാളായി നാറ്റംവെച്ചുതുടങ്ങിയ ലാസറിൻ്റെ കല്ലറയുടെ വാതിക്കൽനിന്നുകൊണ്ട് അവിടുന്ന് ചെയ്തത് എന്താണ് എന്ന് അപ്പൊസ്തലനായ യോഹന്നാൻ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യോഹ. 11:41 “.. *യേശു മേലോട്ടു നോക്കി:* പിതാവേ, നീ എൻ്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നു.”
       യേശുകർത്താവ് മേലോട്ട് നോക്കി പിതാവിനോട് പ്രാർത്ഥിച്ചു. ലാസരേ, പുറത്തു വരിക എന്നു ഉറക്കെ വിളിച്ചു. മരിച്ചവൻ പുറത്തു വന്നു. 
      ഒരിക്കൽക്കൂടെ എൻ്റെ വാക്കുകൾ ആവർത്തിച്ചുകൊണ്ട് ഈ സന്ദേശം ഞാൻ അവസാനിപ്പിക്കട്ടെ. ജീവിതത്തിൽ ഒരു പ്രതിസന്ധിഘട്ടം വന്നപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയ മോശെയെ ദൈവത്തിന് ആവശ്യമില്ലായിരുന്നു. എന്നാൽ കത്തുന്ന മുൾപടർപ്പ്കണ്ട് ഓടിപ്പോകാതെ ദൈവസന്നിധിയിലേക്ക് നോക്കിയ മോശെയെ ദൈവം ഒരു മഹാഅത്ഭുതമാക്കി മാറ്റിയതുപോലെ, ഇന്നു നമ്മുടെ പ്രതിസന്ധികൾ എന്തുതന്നെയായാലും ഭയപ്പെടാതെ, മറ്റുള്ളവരെ നോക്കാതെ, കർത്താവിങ്കലേക്ക് മാത്രം കണ്ണുകൾ ഉയർത്തിയാൽ മതി ഒരു മഹാസാക്ഷ്യമാക്കി കർത്താവ് നമ്മുടെ ജീവിതവും മാറ്റും.  *ആമേൻ.*
പ്രാർത്ഥനയോടെ,
ഭോപ്പാലിലെ വചനമാരിയിൽനിന്നും 
ഷൈജു പാസ്റ്റർ (9424400654)
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7000477047, 9589741414

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.